മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Sunday, September 11, 2011

ഡോക്ടർ ലൗ - റിവ്യൂ



കോളേജ് ക്യാമ്പസ്സെന്നാൽ മലയാളം സിനിമയിൽ പ്രണയത്തിന്റെ മാത്രം ക്യാമ്പസ്സാണെന്നാണു. പുതിയ ഓണം റിലീസായ ഡോക്ടർ ലൗ എന്ന ചിത്രവും മറ്റൊന്നല്ല ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, ഇതിൽ പരസ്പരം പ്രണയിക്കാൻ കൊതിക്കുന്നവർക്ക് മീഡിയേറ്ററായി വർത്തിച്ച് അവരുടെ പ്രണയം പൂവണിയിക്കുന്ന ഒരു കൺസൾട്ടന്റിനെക്കുറിച്ചാണു പറയുന്നത്.

ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമാസ് ശക്തികുളങ്ങര നിർമ്മിച്ച് നവാഗതനായ കെ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ഭാവന, അനന്യ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ഡോക്ടർ ലൗ" മഹത്തായൊരു സിനിമയൊരുക്കുക എന്നതിനു പകരം ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമധുരമായ സംഭവങ്ങളാൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്ന നല്ലൊരു എന്റർടെയ്നർ ഒരുക്കുക എന്നതാണു ഇതിന്റെ പിന്നണിപ്രവർത്തകരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ആ ദൗത്യം 'ഡോ. ലൗ' ഭേദപ്പെട്ട രീതിയിൽ തന്നെ പ്രാവർത്തികമാക്കുന്നുണ്ട്. പുതിയ ക്യാമ്പസ്സ് പശ്ചാത്തലത്തിൽ കൊച്ചുകൊച്ചു നർമ്മ സംഭവങ്ങളുമായി അരങ്ങേറുന്ന ചിത്രം വളരെ ഗംഭീരവും കൂടുതൽ മിഴിവാർന്നതുമായ സിനിമാസ്വാദനമൊന്നും പകർന്നുതരുന്നില്ലെങ്കിലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല. സിനിമ കേവലം വിനോദം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള പ്രേക്ഷകനു ചിത്രം നല്ലൊരു എന്റർടെയ്നർ ആയേക്കാം.

പ്ലോട്ട് : ഒരു കോളേജ് ക്യാമ്പസ്സിലേക്ക് ഒരു പ്രണയദൗത്യവുമായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. പലരുടേയും പ്രണയം സഫലീകരിച്ച് കൊടുത്ത ആ ചെറുപ്പക്കാരനെ ക്യാമ്പസ്സ് കൂട്ടുകാർ 'റൊമാൻസ് കൺസൾട്ടന്റ്' ആക്കിത്തീര്ക്കുന്നു. കോളേജിലെ തന്റേടിയായ ഒരു പെൺകുട്ടിയുമായി തന്റെ കൂട്ടുകാരനെക്കൊണ്ട് പ്രണയിപ്പിക്കാനുള്ള തന്ത്രത്തിനിടയിൽ ആക്സ്മികമായ സംഭവവികാസങ്ങൾ ക്യാമ്പസ്സിൽ സംഭവിക്കുന്നു.

ഡോക്ടർ ലൗവിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

***************************************************************************************

ദീർഘകാലം മലയാള സിനിമയിൽ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച ബിജു അരൂക്കുറ്റിയാണു കെ.ബിജുവെന്ന പേരിൽ ഡോക്ടർ ലൗവിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഡയറക്ടറുടെ ആദ്യചിത്രമെന്ന നിലയിൽ വിലയിരുത്തുമ്പോൾ കെ.ബിജു അഭിനന്ദാർഹമായ കയ്യടക്കത്തോടേ ഒരു തുടക്കക്കാരന്റെ പാകപ്പിഴകളില്ലാതെ ചിത്രം അണിയിച്ചൊരുക്കി എന്ന് പറയാം. ആദ്യചിത്രമായതുകൊണ്ടാകാം ഒരു പക്ഷെ, ഗഹനമായ വിഷയമോ മറ്റു ആഖ്യാനരീതികളോ പിന്തുടരാതെ സാധാരണ പ്രേക്ഷക്നു രണ്ടു രണ്ടര മണിക്കൂർ തിയ്യറ്ററിൽ ആസ്വദിക്കാനാവുന്ന ക്യാമ്പസ്സ് പശ്ചാത്തലത്തിലൊരു ഹ്യൂമർ ചിത്രം അണിയിച്ചൊരുക്കിയത്. സംവിധാനത്തിൽ കെ. ബിജുവെന്ന സംവിധായകൻ മാർക്ക് വാങ്ങുന്നുവെങ്കിലും തിരക്കഥയുടെ കയ്യടക്കത്തിൽ പലയിടത്തും എഴുത്തുകാരൻ കൂടിയായ സംവിധായകനു പലപ്പോഴും കൈവിട്ട് പോകുന്നുണ്ട്, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ. അനാവശ്യമായ ചില സീനുകളും രണ്ടാം പകുതിയിൽ പ്രയോഗിച്ച ഫ്ലാഷ് ബാക്ക് /ഫ്ലാഷ് ഫോർവേഡ് ട്രീറ്റ്മെന്റും ഒഴിവാക്കുകയും ക്ലൈമാക്സിനു നല്ലൊരു പഞ്ച് കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ ചിത്രം ഇപ്പോഴുള്ളതിൽ നിന്നും കുറേക്കുടി മെച്ചപ്പെടുകയും ചെയ്തേനെ. എങ്കിലും തന്റെ ആദ്യ ചിത്രത്തിനു സൂപ്പർ താരങ്ങളടക്കമുള്ള വിലയുള്ള താരങ്ങളെ ഒഴിവാക്കി താരതമ്യേന പുതുമുഖങ്ങളും അധികം പോപ്പുലാരിറ്റി ഇല്ലാത്തതുമായ അഭിനേതാക്കളെ ഉപയോഗപ്പെടുത്തിയും പുളിച്ചു തികട്ടുന്ന ദ്വയാർത്ഥ-കോമഡി സീനുകൾ പാടെ ഒഴിവാക്കിയും, ഹീറോയിസത്തെ അകറ്റി നിർത്തിയും ഈ ഫെസ്റ്റിവൽ സമയത്ത് നല്ലൊരു എന്റർടെയ്നർ ഒരുക്കിയതിനു കെ ബിജുവിനെ അഭിനന്ദിക്കുന്നു (അല്പം പാകപ്പിഴകളുണ്ടെങ്കിലും)

അനിയത്തിപ്രാവിനുശേഷം മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി വന്ന കുഞ്ചാക്കോബോബൻ തുടർച്ചയായ ടൈപ്പ് വേഷങ്ങളൊടെ ഒതുങ്ങിപ്പോകുകയായിരുന്നു. പിന്നീട് ലാൽജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി'യിലെ പാലുണ്ണിയായി മടങ്ങി വന്നു. പിന്നീട് 'ട്രാഫിക്', 'റേസ്', 'സീനിയേർസ്' എന്നീ തുടർച്ചയായി വിജയചിത്രങ്ങൾ ചെയ്ത് മലയാളത്തിലെ തിരക്കുള്ള താരമായിത്തുടങ്ങുന്നു. ഡോക്ടർ ലൗവിലെ വിനയചന്ദ്രൻ എന്ന കഥാപാത്രം ചാക്കോച്ചന്റെ നല്ലൊരു പെർഫോർമൻസാണു. മുൻപത്തേതിൽ നിന്നു വ്യത്യസ്ഥമായി വളരെ ഫ്ലെക്സിബിളായി കോമഡിസീനുകളിലും മികച്ച പെർഫോർമസുമായി ചാക്കോച്ചൻ ഇതിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം അഭിനയിച്ച മറ്റു താരങ്ങളുടെ അഭിനയവും മികച്ചതു തന്നെയാണു. ഇതിൽ ഭഗത്, വിദ്യാഉണ്ണി, ഭാവന, അനന്യ, മണിക്കുട്ടൻ, രജിത് മേനോൻ എന്നിവരൊക്കെ തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.

ഡോക്ടർ ലൗവിനു ദ്രശ്യങ്ങളൊരുക്കിയ ഷാജി എന്ന ക്യാമറമാനും സംവിധായകനെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. സിനിമയുടേ ആമുഖം എന്ന നിലയിൽ കാണിക്കുന്ന ദ്ര്‍ശ്യങ്ങളും ക്യാമ്പസ്സിന്റെ ചടുലതയുമൊക്കെ ആവേശം കളയാതെ ഒപ്പിയെടുത്തിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം വർണ്ണാഭമായ കാമ്പസ്സിന്റെ നിറചാർത്തുകൾക്ക് ചേർന്നതായി. ശരത് വയലാർ എഴുതിയ ഗാനങ്ങൾക്ക് നവാഗതനായ വിനു തോമാസ് ഈണം നൽകിയ മൂന്നു ഗാനങ്ങളും ചിത്രീകരണവും ചിത്രത്തിനോട് ചേർന്നുനിൽക്കുന്നുണ്ട്.

#മൈനസ് പോയന്റ്സ് :-
സലീംകുമാറിന്റെ കഥാപാത്രം
ചിത്രത്തിന്റെ തുടക്കത്തിലെ ആമുഖം
പകുതിക്കു ശേഷമുള്ള ആഖ്യാന രീതി
ചില കഥാപാത്രങ്ങളുടെ അപൂർണ്ണമായ കഥാഗതിയും ഒഴിവാക്കാവുന്ന സീനുകളും
പ്രധാന കഥാപാത്ര സവിശേഷത എന്നതിനപ്പുറം മറ്റൊന്നും പറയാനില്ലാത്തത്.

#പ്ലസ് പോയന്റ്സ് :-
അഭിനേതാക്കളുടെ നല്ല പ്രകടനം.
ചെറിയ ട്വിസ്റ്റുകൾ ഉള്ള അപ്രതീക്ഷിത സംഭവങ്ങൾ
കോമഡി താരങ്ങളെ നിരത്തിയുള്ള വളിപ്പു കോമഡികൾ ഒഴിവാക്കിയതും ചിത്രത്തിനൊട് ചേർന്നു പോകുന്ന നർമ്മ മുഹൂർത്തങ്ങളും.
ഹീറോയിസം പൂർണ്ണമായും ഒഴിവാക്കിയത്.
നല്ല ഗാനങ്ങളും ചിത്രീകരണവും.

സംവിധായകൻ കെ. ബിജുവിനു ഇനിയും നല്ല ചിത്രങ്ങളൊരുക്കാൻ കഴിയുമെന്നതിനു 'ഡോ.ലൗ' ഒരു സൂചകമാകുന്നുണ്ട്. പക്ഷെ ആദ്യചിത്രത്തിൽ സംഭവിച്ച പാകപ്പിഴകളെ മനസ്സിലാക്കി ഒഴിവാക്കുകയും മലയാള സിനിമ ഇപ്പോൾ എത്തി നിൽക്കുന്ന മുന്നേറ്റത്തിന്റെ വേഗതയിലുള്ള വിഷയങ്ങളും ആഖ്യാന രീതികളേയും ഉൾക്കൊള്ളാനുമൊക്കെ ബിജു തയ്യാറായാൽ കഥയിലും ചിത്രീകരണത്തിലും കുറച്ചൊക്കെ പഴയ രീതികളുള്ള 'ഡോ. ലൗ' എന്ന ചിത്രത്തിനപ്പുറത്ത് പുതിയ സങ്കേതങ്ങളിലുള്ള നല്ല സിനിമകൾ കൂടുതൽ ഒരുക്കുവാൻ കെ.ബിജുവെന്ന സംവിധായകനു സാധിക്കും.

ഓണം പോലൊരു ഫെസ്റ്റിവൽ സീസണിൽ ഒരു ഫെസ്റ്റിവൽ മൂഡിൽ ആസ്വദിക്കാനുള്ള യൂത്തിനെ ലക്ഷ്യം വെച്ചുള്ള ഈ സിനിമ സ്വഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ കുറച്ചധികം പ്രേക്ഷകരെ രസിപ്പിക്കും എന്നതിൽ തർക്കമൊന്നുമില്ല. ഒരുപാട് വിലയിരുത്തലുകൾ ആവശ്യപ്പെടാത്ത സ്ക്രിപ്റ്റും സിനിമയുമെന്നതിനാലും ഒരു നവാഗതന്റെ സിനിമ എന്നതിനാലും വളരെ ക്രിട്ടിക്കലായൊരു നിരൂപണം ചിത്രം ആവശ്യപ്പെടുന്നില്ല.

*********************************
നാൻസിന്റെ റിവ്യൂവിനോടോപ്പം തന്നെ ഒരു പ്രേക്ഷകന്റെ അല്ലെങ്കിൽ കുറേയധികം ആളുകളുടെ ചില കമന്റ്സ് കൂടെ ഈ റിവ്യൂവിൽ ചേർക്കാതെ വയ്യ - പ്രത്യേകിച്ചും ഡോക്ടർ ലൗ എന്ന സിനിമയുടെ പ്രമോഷനിൽ ഏറെ പങ്കു വഹിച്ച അതിന്റെ ഓൺലൈൻ പോസ്റ്ററുകൾ..അത് തയ്യാറാക്കിയത് എം3ഡിബി അഡ്മിൻ ടീം അംഗമായ നന്ദകുമാറാണ്.നന്ദന്റെ ആദ്യത്തെ ഔദ്യോഗികമായ സിനിമാ സംരംഭമായിരുന്നു ഡോക്ടർ ലൗ.അതിനേപ്പറ്റി കൂടൂതൽ ഇവിടെ വായിക്കാം (എഴുതിയത് കിരൺ - എം3ഡിബി )

15 comments:

NANZ said...

ഡോക്ടർ ലൗ എന്ന മലയാളം ഓണം റിലീസ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി...

kARNOr(കാര്‍ന്നോര്) said...

റിവ്യൂ ബ്ലോഗിലാവുമ്പോള്‍ പോസ്റ്റര്‍ ഡിസൈനര്‍ - (നമ്മുടെ ബ്ലോഗര്‍) നന്ദന്റെ പേരുകൂടി പരാമര്‍ശിക്കണമായിരുന്നു. പുതുമയുള്ള പോസ്റ്റേഴ്സ് :)

Kiranz..!! said...

കാർന്നോരേ..കൊടുകൈ..തീർച്ചയായും അത് പരാമർശിക്കേണ്ടതായിരുന്നു.നന്ദകുമാർ നന്ദപർവ്വമാണ് ഇതിന്റെ ഓൺലൈൻ പ്രമോഷൻ ഡിസൈനുകൾ തയ്യാറാക്കിയത്. ഇവിടെയുണ്ട് അതിന്റെ കൂടുതൽ വിവരങ്ങൾ.

പകല്‍കിനാവന്‍ | daYdreaMer said...

നമ്മ നന്ദനേം സിനിമേല്‍ എടുത്തെടാ. :) അഭിനന്ദനങ്ങള്‍

Kiranz..!! said...

നന്ദന്റെ വർത്തമാനം പോസ്റ്റിനു താഴെ തൊട്ടു കൂട്ടാനായിച്ചേർത്തിട്ടുണ്ട്. എം3ഡിബിയുടെ ഡോക്ടർ ലൗഎന്ന എൻട്രിയിൽ സൈറ്റിലും :)

nikhimenon said...

saw this movie yest nite..
i wud say ts a disppointing one..
enikku athra entertaining ayi thoniyilla..
pinne kude irangya padangalekkal bhedam..dats all

jayanEvoor said...

പുതിയ സംരംഭങ്ങൾ വിജയിക്കട്ടെ!

ജോ l JOE said...

നന്ദന് അസോസിയേഷന്‍ മെമ്പര്‍ഷിപ് ഇല്ല എന്ന ഒറ്റക്കാരണത്താല്‍ കഴിവുണ്ടെങ്കിലും അവര്‍ ഈ ചിത്രം പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതില്‍ "കോളിന്‍സ് ലിയോഫില്‍ " എന്നതിന്റെ പേരിലാ പരസ്യകല ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. പക്ഷെ ഓണ്‍ ലൈന്‍ പ്രൊമോഷന്‍ നന്ദന്‍ മനോഹരമാക്കിത്തീര്‍ത്തു. നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ മുഴുവന്‍ നന്ദന്റെ പോസ്റ്ററുകള്‍ മാത്രം....നന്ദന് ഉടന്‍ തന്നെ സ്വന്തം ക്രെഡിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു.

Manoraj said...

ജോ പറഞ്ഞത് പോലെ നെറ്റില്‍ കണ്ട പോസ്റ്ററില്‍ നന്ദന്റെ പേരുകള്‍ കണ്ടു.. നന്ദ‌പര്‍‌വ്വത്തിന് ഒരു സിനിമാപര്‍‌വ്വം കൂടെയാവാന്‍ കഴിയട്ടെ എന്ന് ഹൃദയപൂര്‍‌വ്വം ആഗ്രഹിക്കുന്നു. സിനിമ കണ്ടില്ല.. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് ഒന്നും പറയാനില്ല.

yousufpa said...

നന്ദന്‌ ആത്മവിശ്വാസം നല്കിയ ഒരു പടം ആണ്‌ ഇത്.സ്വന്തം പേർ വെച്ചില്ലെങ്കിലും ഒരു എന്റ്റി എന്ന നിലയിൽ നന്ദൻ സഹകരിക്കുകയായിരുന്നു. നല്ല വർക്കുകളാണ്‌ ഓരോന്നും. പലതിലും കോളിന്‍സ് ലിയോഫില്‍ കൈകടഠിയിട്ടുണ്ടെന്നത് ഖേദകരം ആണ്‌. നന്ദന്‌ അസോസിയേഷന്‍ മെമ്പര്‍ഷിപ് കിട്ടുവാൻ അധികം താമസിയാതെ തന്നെ കഴിയട്ടെ എന്നാശംസിക്കുന്നു.

Ratheesh SR said...

*നന്ദന് അസോസിയേഷന്‍ മെമ്പര്‍ഷിപ് ഇല്ല എന്ന ഒറ്റക്കാരണത്താല്‍ കഴിവുണ്ടെങ്കിലും അവര്‍ ഈ ചിത്രം പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതില്‍ "കോളിന്‍സ് ലിയോഫില്‍ " എന്നതിന്റെ പേരിലാ പരസ്യകല ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്.*

ജോ, ഈ കോളിൻ ലിയോഫിൽ എന്ന വിദ്വാൻ അത്ര കൂതറയാണോ? നമ്മുടെ നന്ദന്റെ വർക്കിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ. അങ്ങിനെ എങ്കിൽ എന്ത് വിലകൊടുത്തും അത് എതിർക്കപ്പെടേണ്ടതാണ്.
നന്ദൻ ഇതിനെതിരെ പ്രതികരിച്ചില്ലേ?

nandakumar said...

Ratheesh SR

ജോ പറഞ്ഞതും രതീഷ് ഉന്നയിച്ചതുമൊക്കെ മനസ്സിലാക്കുന്നു. ഈ സിനിമയുടെ പ്രീ പ്രൊമോ& ഓണ്‍ലൈന്‍ ഡിസൈനിങ്ങാണ് ഞാന്‍ ചെയ്തിരിക്കുന്നത്. പ്രൊമോ ഡിസൈന്‍സ് കോളിന്‍സും. പ്രൊജക്റ്റിന്റെ തുടക്കത്തില്‍ നിരവധി കോണ്‍സെപ്റ്റ് ഡിസൈനുകള്‍ ഞാന്‍ ചെയ്തിരുന്നു. പൂജ ഇന്‍ വിറ്റേഷന്‍ മുതല്‍ ഓണ്‍ലൈന്‍ വരെ ആ ഡിസൈനുകളാണ് ഉപയോഗിച്ചത്. ചിത്രത്തിന്റെ റിലീസ് മുതലുള്ള പ്രൊമോഷനുകളില്‍ കോളിന്‍സ് ചെയ്ത വര്‍ക്കുകളാണ് ഉപയോഗിച്ചത് (ഞാന്‍ ചെയ്ത ഡിസൈന്‍സ് നല്ലതാണെന്ന അഭിപ്രായത്തില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ആ ഡിസൈന്‍സും ഒപ്പം ഉപയോഗിക്കുകയായിരുന്നു.)
ഇതെല്ലാം പരസ്പരം പറഞ്ഞിട്ടൂ തന്നെയാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രൊമോ ഡിസൈന്‍ കോണ്ട്രാക്റ്റ് കോളിന്‍സിനു തന്നെയാണ് കൊടൂത്തിരുന്നതും പ്രൊജക്റ്റ് തുടങ്ങിയതിനു ശേഷമാണ് ഞാനിതില്‍ ജോയിന്‍ ചെയ്യുന്നത്.

ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടാണ് എനിക്ക് പ്രൊമോഷണല്‍ ഡിസൈന്‍ ചെയ്യാന്‍ സാധിക്കാഞ്ഞതും എന്റെ പേര്‍ പോസ്റ്റര്‍ ടൈറ്റിലില്‍ വരാതിരുന്നതും. (സിനിമാ താങ്ക്സ് ക്രെഡിറ്റില്‍ എന്റെ പേര്‍ കൊടുത്തിട്ടുണ്ട്)

പരാതി ഉന്നയിക്കാന്‍ മാത്രമുള്ള പ്രശ്നങ്ങളൊന്നും ഇതില്‍ ഉണ്ടായിരുന്നില്ല എന്ന് അറിയിക്കട്ടെ.

നന്ദന്‍

|santhosh|സന്തോഷ്| said...

കൊള്ളാം എന്നൊന്നും പറയാനില്ല., കൂട്ടത്തില്‍ ഭേദം എന്നു വേണേല്‍ പറയാം. കുഞ്ചാക്കോ ബോബന്‍ പഴയതില്‍ നിന്നും നല്ല മാറ്റം ഉണ്ടായിട്ടുണ്ട്.

വിനയന്‍ said...

നന്ദേട്ടന്‍ ചെയ്ത സിനിമ, തരക്കേടില്ല എന്ന പൊതു അഭിപ്രായം , പിന്നെ ഭാവന ഇതൊക്കെ ആണ് സിനിമ കാണാന്‍ കാരണം. ഒരു മോശം സിനിമയെന്ന് പറയാന്‍ കഴിയില്ല എന്ന് മാത്രം. നാന്‍സ് എഴുതിയ പോലെ ട്വിസ്റ്റ്‌ ഒന്നും തോന്നിയില്ല( ഒരു ഫൈറ്റ്‌ സീന്‍ ഒഴിച്ച്. ആ സീന്‍ അങ്ങനെ വന്നത് കൊണ്ട് ആ വഴിക്ക് വരാമായിരുന്ന ഒരു ക്ലീഷെ ഒഴിവായിക്കിട്ടി). പിന്നെ കുഞ്ചാക്കോ ബോബനില്‍ ചില സീനുകളില്‍ പ്രിഥ്വി ചെയ്യാറുള്ള ഒരു കോമഡി രീതി കയറി വാരുന്നത് പോലെ കണ്ടു. അല്‍പ്പം ലാലിസവും. ബട്ട് സ്റ്റില്‍ ആളുടെ ഇതുവരെയുള്ള ഏറ്റവും നല്ല പെര്‍ഫോമന്‍സു ഇത് തന്നെ.

Anonymous said...

PLEASE SEE FILM CALLED HITCH