മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Thursday, June 30, 2011

ബോംബെ മാര്‍ച്ച് 12 - റിവ്യൂ














ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച് മമ്മൂട്ടിയും റോമയും പ്രധാന വേഷത്തിലഭിനയിക്കുന്ന ബോംബെ മാര്‍ച്ച് 12 എന്ന സിനിമയോടേ ബാബു ജനാര്‍ദ്ദന്‍ ആദ്യമായി സംവിധായകനുമായി.

പ്ലോട്ട് :- 1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

കഥാചുരുക്കം എം3ഡിബിയുടെ ഈ പേജില്‍ വായിക്കാം


കാലികമായ വിഷയം, അതിന്റെ റിയലിസ്റ്റിക്കായ രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ എടുത്ത തീരുമാനം അഭിനന്ദാര്‍ഹം. തീര്‍ത്തും പ്രസക്തമായ വിഷയവും അതിന്റെ കഥാ പശ്ചാത്തലവും അതിനെ വികസിപ്പിച്ചെടുത്തതുമൊക്കെ വളരെ നന്നായിരിക്കുന്നു. പക്ഷെ അത് മുഷിപ്പില്ലാതെ , പ്രേക്ഷകനു അനുഭവവേദ്യമാകുന്ന രീതിയില്‍ എഴുതി വെക്കാനും പറഞ്ഞു വെക്കാനും സാധിക്കാഞ്ഞത് എഴുത്തുകാരന്റേയും സംവിധായകന്റേയും പരാജയമായി. ഒപ്പം ഒരു നല്ല ചിത്രത്തെ ഒരുക്കുന്നതില്‍ പങ്കാളികളായ സാങ്കേതിക സഹപ്രവര്‍ത്തകരുടെ കഴിവു കുറവും ചിത്രത്തെ പരാജയത്തിലേക്കെത്തിച്ചു. ചീട്ടൂകള്‍ ഷഫിള്‍ ചെയുന്നതുപോലെയാണ് തിരക്കഥയില്‍ കാലങ്ങളും സന്ദര്‍ഭങ്ങളും. 1993 ല്‍ കഥ തുടങ്ങി, പിന്നെ 1998 ലെത്തി അവിടെ നിന്ന് വീണ്ടും 1993 ലേക്കും 2002 ലേക്കും 2007 ലേക്കും അതിനിടയില്‍ ഈ വര്‍ഷങ്ങളിലെ സംഭവങ്ങള്‍ വീണ്ടും പലപല ദൃശ്യഖണ്ഠങ്ങളായും വന്നപ്പോള്‍ കഥയേയും വിഷയത്തേയും ഒതുക്കത്തോടെ പറഞ്ഞു വെക്കാന്‍ എഴുത്തുകാരന് കഴിഞ്ഞില്ല. ഫലം പ്രേക്ഷകനു നല്‍കിയതു ഒരുവിധം ഭേദപ്പെട്ട ആദ്യ പകുതിയും തീര്‍ത്തും മുഷിപ്പിച്ച രണ്ടാം പകുതിയും. 1993 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തെ പറഞ്ഞു വെക്കുമ്പോള്‍ കലാ സംവിധാനം കൊണ്ടോ, വസ്ത്രാലങ്കാരം കൊണ്ടോ, അഭിനേതാക്കളുടെ പ്രായം കൊണ്ടോ ചമയം കൊണ്ടോ പോലും കാലഘട്ടത്തെ പ്രതിനിധീകരിക്കാന്‍ പറ്റാഞ്ഞത്, സംവിധായകന്റേയും കൂടെ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകരുടേയും ഉദാസീനതയും കഴിവുകേടുമാണ്. (ചുരുങ്ങിയ പക്ഷം പോസ്റ്റ് പ്രൊഡക്ഷനിലെങ്കിലും കാലഘട്ടത്തെ കളര്‍ ടോണ്‍ കൊണ്ട് മാറ്റിയെടുക്കാനായിരുന്നെങ്കില് എത്ര നന്നായിരുന്നു) സിനിമ പല കാലങ്ങളില്‍ നടക്കുന്നുവെങ്കിലും പ്രേക്ഷകനു അതെല്ലാം ഒരൊറ്റ കാലത്തില്‍ മാത്രം സംഭവിക്കുന്നു എന്ന പ്രതീതിയുണ്ടാക്കിയത് ഈ സിനിമയുടേയും സംവിധായകന്റേയും പരാജയം തന്നെയാണ്.

മമ്മൂട്ടീയൂടേ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ മാത്രം ഇതിലൊന്നുമില്ലെങ്കിലും സനാതന ഭട്ട് - സമീര്‍ എന്ന രണ്ടു കഥാപാത്രങ്ങളും മമ്മൂട്ടിയുടേ കയ്യില്‍ ഭദ്രം എന്നു പറയാം. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ പാടവം പുറത്തെടുക്കേണ്ട കഥാപാത്രങ്ങളൊന്നുമല്ലെങ്കിലും. ആബിദയായെത്തിയ റോമയാണ് പ്രകടനത്തില്‍ മികച്ചു നിന്നത്. റോമ ഇതുവരെ ചെയ്ത വേഷങ്ങളില്‍ മികച്ചതു തന്നെയാണിത്. പുതിയ മുഖമായ ഉണ്ണിമുകുന്ദന്‍ ചെയ്ത ഷാ‍ജഹാന്‍ എന്ന പ്രധാന വേഷം പക്ഷെ, പുതിയമുഖത്തിന്റെ പരിചയക്കുറവില്‍ തന്നെയായിരിക്കണം പ്രേക്ഷകപ്രീതിക്ക് പാത്രമാകില്ല. സാദിഖ്, വി.കെ ശ്രീരാമന്‍, ശാരി, ജയകുമാര്‍, ലാല്‍, സൈജു കുറുപ്പ്, സുധീര്‍ കരമന തുടങ്ങി വലിയൊരു താരനിരയുണ്ടെങ്കിലും ആര്‍ക്കും പ്രത്യേകിച്ചൊരു പെര്‍ഫോര്‍മന്‍സിനു സാദ്ധ്യതയുമില്ല, അതിനപ്പുറം ഓര്‍ത്തുവെക്കാന്‍ യാതൊന്നും ചെയ്തിട്ടുമില്ല.

വിപിന്‍ മോഹന്‍ എന്ന ക്യാമറമാന്‍ സത്യന്‍ അന്തിക്കാടിന്റെ വലം കണ്ണായിട്ടാണ് അറിയപ്പെട്ടീരുന്നത്. അന്തിക്കാടന്‍ ചിത്രങ്ങളിലെ ഗ്രാമ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരുന്ന വിപിന്‍ മോഹന്‍ എന്ന ക്യാമറമാന്റെ ഒരു വ്യത്യസ്ഥ ക്യാമറാ വര്‍ക്ക് എന്ന് പ്രൊഫൈലില്‍ ചേര്‍ക്കാമെങ്കിലും ഈ സിനിമക്കാവശ്യമായ ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ മികച്ചതായില്ല എന്നു പറയേണ്ടിവരും. സാലു കെ ജോര്‍ജ്ജിന്റെ കലാസംവിധാനമാണ് ഈ സിനിമയുടെ മറ്റൊരു പരാജയം. മുന്‍പ് പറഞ്ഞ കാലങ്ങളൊരുക്കുന്നതിലെ വിത്യാസങ്ങള്‍ വരുത്താന്‍ കലാസംവിധായകനു ഒട്ടും കഴിഞ്ഞിട്ടില്ല. 1993 കാലഘട്ടത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ നിറഞ്ഞ നവീകരിക്കപ്പെട്ട റെയില്‍ വേ സ്റ്റേഷനും മറ്റും ഉദാഹരണങ്ങളാണ് (93 കാലഘട്ടത്തില്‍ കേരളത്തില്‍ റെയില്വേ വൈദ്യൂതീകരിച്ചിട്ടൂണ്ടോ? ഓര്‍മ്മയില്ല, പക്ഷെ ചിത്രത്തില്‍ വൈദ്യുതീകരിക്കപ്പെട്ട റെയില്‍വേയാണ്) അതേപോലെതന്നെയാണ് അരുണ്‍ മനോഹറും അരവിന്ദ് കേ ആറും ഒരുക്കിയ വസ്ത്രാലങ്കാരവും. പട്ടണം റഷീദിന്റെ ചമയം ഭേദപ്പെട്ടതു തന്നെ പക്ഷെ, മുന്‍പ് പറഞ്ഞ പോലെ, 1993 മുതല്‍ 2007 വരെയുള്ള കാലങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് എല്ലാവര്‍കും ഒരേ പ്രായം, ഒരേ രൂപം. (വളരെ ചുരുക്കം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നല്ലാതെ) മാത്രമല്ല ചിലയിടങ്ങളില്‍ വളരെ പരിതാപകരവുമായിരുന്നു. ചില അഭിനേതാക്കളുടെ തലയില്‍ കമഴ്ത്തി വെച്ച വിഗ്ഗുകള്‍ ഇപ്പോ അഴിഞ്ഞു താഴെ വീണു പോകുമോ എന്നു തോന്നിപ്പിച്ചു.

റഫീക്ക് അഹമ്മദ് രാകേഷ് തിവാരി എഴുതി അഫ്സല്‍ യൂസഫ് ഈണമിട്ട മനോഹരമായ ഗാനങ്ങള്‍ സോനു നിഗം, സാധനാ സര്‍ഗ്ഗം, ഉഷാ ഉതുപ്പ്, എംജി ശ്രീകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്നു. സോനു നിഗവും സംഘവും പാടീയ ’ചക്കരമാവിന്‍” എന്ന ഗാനം കുറച്ചു നാള്‍ പ്രേക്ഷകന്റെ/ശ്രോതാവിന്റെ ചുണ്ടില്‍ മൂളി നടക്കും. മറ്റു ഗാനങ്ങള്‍ പക്ഷെ, സിനിമയോട് ഇണക്കിച്ചേര്‍കുന്നതില്‍ പലപ്പോഴും കല്ലുകടിയാകുന്നു. ചക്കരമാവിന്‍ ഒഴിച്ച് മറ്റു ഗാനങ്ങള്‍ പലയിടങ്ങളിലായി മുറിച്ച് മുറിച്ചാണ് അവതരണം.

ഇരു കുടുംബങ്ങളുടെ കുടിപ്പകയും, തെറ്റിദ്ധാരണ കൊണ്ട് നാടുവിടേണ്ടി വന്ന നായകനും, കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം നായികക്കു പിന്നാലെ നടക്കുന്ന നായകനും , കല്യാണ പന്തലിലെ തമാശത്തല്ലുമൊക്കെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന മലയാള കച്ചവട സിനിമയില്‍ എന്തായാലും ബാബു ജനാര്‍ദ്ദനന്‍ ഒഴുക്കിനൊത്ത് നീന്താത്ത എന്നാല്‍ വലിയ വിപ്ലവങ്ങള്‍ എഴുതാത്ത ഒരു ഭേദപ്പെട്ട തിരക്കഥാകൃത്തായിരുന്നു. കോമാളിത്തരവും ബുദ്ധിജീവി ജാഡയും ഇഷ്ടപ്പെടാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിരുന്നു. പക്ഷെ, എഴുത്തുകാരന്‍ സംവിധായകനാകുമ്പോള്‍ മലയാള കൊമേഴ്സ്യല്‍ സിനിമയില്‍ സംഭവിച്ച, സംഭവിക്കുന്നപോലെ തന്നെ ബാബു ജനാര്‍ദ്ദന്റെ കാര്യത്തിലും സംഭവിച്ചു. അദ്ദേഹത്തിനു സംവിധാനം ഒരു അധികഭാരമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഇനി സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമേ ഈ തിരക്കഥാകൃത്ത് പേനയെടുക്കൂ എന്നു കൂടി തീരുമാനിച്ചാല്‍ മറ്റൊരു ലോഹിതദാസാവാനായിരിക്കും അദ്ദേഹത്തിന്റെ വിധി. കൂടാതെ മലയാള സിനിമയില്‍ വംശനാശം വന്ന തിരക്കഥാകൃത്തുകളുടെ ഒഴിഞ്ഞിടങ്ങളില്‍ സിബി കെ തോമാസും, ഉദയ് കൃഷ്ണയും, കൃഷ്ണ പൂജപ്പുരയുമൊക്കെ മൂര്‍ക്കന്‍ പാമ്പുകളാവുമെന്നതില്‍ യാതൊരു സംശയവുമില്ല.

വാല്‍ക്കഷണം : നല്ല എഫര്‍ട്ട്, മോശം റിസള്‍ട്ട്. കഴിവുള്ളൊരു എഴുത്തുകാരന്റെ പരാജയപ്പെട്ട സംവിധാനം. സിനിമ പക്ഷെ, കോമാളികസര്‍ത്തുസിനിമകള്‍ക്കിടയില്‍ ഭേദമെന്നു പറയാം.

Friday, June 24, 2011

ആദാമിന്റെ മകന്‍ അബു - റിവ്യൂ,




പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.

Plot: ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരന്‍ അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള പരിശ്രമങ്ങളുമാണ് മുഖ്യപ്രമേയം. ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.
ജീവിത പ്രാരാബ്ദങ്ങള്‍ അനുഭവിക്കുന്ന അബു എന്ന വൃദ്ധനെ സലീംകുമാര്‍ എന്ന നടന്‍ മനോഹരമാക്കി എന്നൊക്കെ പറയുന്നത് തീര്‍ത്തും ക്ലീഷേയാണ്. സലീംകുമാറിന്റെ അബു അഭിനയിക്കുകയാണോ ജീവിക്കുകയാണോ ക്യാമറക്കുമുന്നില്‍ പെരുമാറുകയാണോ എന്നൊക്കെ സന്ദേഹിക്കുമാറ് അത്യുജ്ജലമാക്കിയിരിക്കുന്നു. (‘അവാര്‍ഡ് കൊടുക്കാന്‍ മാത്രം സലീംകുമാര്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ടോഎന്ന് സിനിമ കണ്ടതിനു ശേഷം ഏതെങ്കിലും പ്രേക്ഷകന്‍ സംശയിച്ചാല്‍, തീര്‍ച്ചയായും അത് സലീം കുമാറിനുള്ള ബഹുമതി തന്നെയാണ്. കാരണം, അഭിനയം എന്നത് എടുത്തുകാണിക്കാന്‍ പോലുമുള്ള ഇടം കൊടൂക്കാതെ, അബു തിരശ്ശീലയില്‍ സ്വഭാവികമായി തന്റെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്. ഓവര്‍ എക്സ്പ്രെഷന്‍ കൊണ്ടും തൊണ്ടയലറിക്കൊണ്ടുമൊക്കെ കോമാളി കഥാപാത്രങ്ങളെ ചെയ്തിരുന്ന ഒരു നടനാണ് ഇത് സാധിച്ചത് എന്നുള്ളിടത്താണ് അത്ഭുതം) അബുവിന്റെ ഓരോ മാനസിക തലവും പെരുമാറ്റവും വേദനയുമൊക്കെ കാണുമ്പോള്‍ സലീം കുമാര്‍ എന്നൊരു നടനെ നമ്മള്‍ തികച്ചും മറന്നു പോകുന്നു. അബു മാത്രമല്ല സിനിമയില്‍ അഭിനയിച്ച ഏതൊരു വ്യക്തിയും തികച്ചും സ്വാഭാവികമായിത്തന്നെ കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നു. സറിനാ വഹാബിന്റെ അഭിനയവും പ്രത്യേകം എടുത്ത് പറയണം (ഗദ്ദാമയിലെ പ്രകടനത്തിനു കാവ്യാ മാധവനു നല്ല നടിക്കുള്ള അവാര്‍ഡ് കൊടുത്തെങ്കില്‍ ചിത്രത്തിലെ അഭിനയത്തിനു സറീനാ വഹാബിനു ഒമ്പത് അവാര്‍ഡ് കൊടുത്താല്‍ പോലും തെറ്റില്ല) കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, നെടുമുടി വേണു, കലിംഗ ശശി എന്നിവരൊക്കെ അഭിനയത്തില്‍ നന്നായി മികച്ചു നിന്നു. ടി. എന്‍. ഗോപകുമാറിന്റെ അവസാന സമയത്തെ പ്രകടനത്തില്‍ മാത്രമാണ് അല്പം നാടകീയത കാണപ്പെട്ടത്.

ആദാമിന്റെ മകന്‍ അബുവിനെ മികച്ച സിനിമയാക്കുന്നതില്‍ ഏറേ സഹായിച്ചിരിക്കുന്നത് മധു അമ്പാട്ടിന്റെ ക്യാമറ തന്നെയാണ്. വളരെ ഒതുക്കത്തോടെ ചുരുങ്ങിയ സംഭാഷണങ്ങലോടെ മിതത്വം പാലിച്ചിരിക്കുന്ന സീനുകളും തുടര്‍ച്ചയുമൊക്കെ പ്രേക്ഷകനിലേക്ക് ഏറ്റവും കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ക്യാമറയൊരുക്കിയ ദൃശ്യങ്ങള്‍ക്കൊണ്ടാണ്‍. അബുവിന്റെ ജീവിതവും ഓരോ അവസ്ഥയില്‍ അബു അനുഭവിക്കുന്ന മാനസിക തലവുമൊക്കെ പ്രേക്ഷകനിലേക്ക് കൊണ്ടുവരാന്‍ മധു അമ്പാട്ടിനായിട്ടുണ്ട്. ഒപ്പം സിനിമയില്‍ ഒരു മിസ്റ്ററി പോലെയുള്ള ഉസ്താദിന്റെ അവതരണത്തിനുമൊക്കെ സിലൌട്ട് (silhouette) സങ്കേതം ഉപയോഗിച്ചിരിക്കുന്നത് നന്നായിട്ടൂണ്ട്. ചിത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി അളന്നു മുറിച്ചതെന്ന പോലെയാണ് മധു അമ്പാട്ടിന്റെ ഷോട്ടൂകള്‍. ഐസക് തോമാസ് കൊട്ടുകാപ്പിള്ളിയുടെ പശ്ച്ചാത്തല സംഗീതവും ചിത്രത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. മാത്രമല്ല മധു അമ്പാട്ടിന്റെ ഫ്രെയിമുകള്‍ക്കൊപ്പം ഐസക് തോമാസിന്റെ ശബ്ദങ്ങളും ചേരുമ്പോള്‍ പ്രേക്ഷകനു കിട്ടുന്ന ഭാവതലം മനോഹരംതന്നെയണ്. വിശാലമായി പച്ചപ്പന്തല്‍ വിരിച്ചു നില്‍ക്കുന്ന പ്ലാവിനോട് ചേര്‍ന്ന് കലാസംവിധായകന്‍ ജ്യോതിഷ് ഒരുക്കിയ അബുവിന്റെ വീടും വീടിനോട് ചേര്‍ന്ന് ഒരുക്കിയ പ്രോപ്പര്‍ട്ടികളും അനുബന്ധ ഘടകങ്ങളുമൊക്കെ തികച്ചും സ്വാഭാവികതയൊരുക്കിയിട്ടുണ്ട് (എങ്കിലും അതി സമീപ ദൃശ്യങ്ങളില്‍ ചിലയിടത്തൊക്കെ സെറ്റാണെന്നു മനസ്സിലാക്കന്‍ പറ്റുന്നു എന്ന ചെറിയ ന്യൂനതയുമുണ്ട്) റസാഖ് തിരൂര്‍ ഒരുക്കിയ വസ്ത്രാലങ്കാരവും മികച്ചതു തന്നെ. സിനിമയില്‍ പലപ്പോഴും കലാസംവിധായകനും വസ്ത്രാലങ്കക്കാരനും ക്യാമാറാമാനും കൂടിച്ചേരുമ്പോള്‍ അതിമനോഹരമായ പെയിന്റിംഗുകള്‍ പോലെ ഉജ്ജ്വല ഫ്രെയിമുകള്‍ പ്രേക്ഷകനു കിട്ടൂന്നുണ്ട്.

മലയാളാ സിനിമയിലെ പതിവു ക്ലീഷേകള്‍ക്കുള്ള ഒരു പാട് സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടെങ്കിലും സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിന്റെ പാടവം അത്തരം സംഭവങ്ങളെ കയ്യടക്കം കൊണ്ട് മനോഹരമാക്കി. കടും വര്‍ണ്ണത്തില്‍ ചാലിച്ച സെന്റിമെന്റല്‍ സീക്വസുകളും, ചര്‍വ്വിതചര്‍ണ്ണചെയ്യപ്പെട്ട സംഭാഷണങ്ങളുമൊക്കെ പടിക്ക് പുറത്തു നിര്‍ത്തിത്തന്നെയാണ് അബുവിന്റെ ജീവിതം തിരക്കഥയാക്കപ്പെട്ടിരിക്കുന്നത്. മികച്ച തിരക്കഥക്ക് സലീം അഹമ്മദ് സംസ്ഥാന പുരസ്കാരം നേടിയെങ്കില്‍ അത് വെറുതെയല്ല തന്നെ.

മട്ടന്നൂര്‍ സ്വദേശിയായ സലീം അഹമ്മദിനു തന്റെ ജീവിതപരിസരത്തുനിന്നാണത്രെ അബുവിനെ ലഭിക്കുന്നത്. തന്റെ ഓര്‍മ്മകളില്‍ എപ്പോഴും കടന്നു വരുന്ന, യുനാനിഗുളികകളും അത്തറും നിറച്ച മാറാപ്പേന്തി നാട്ടുവഴികളിലുടേ യാത്രചെയ്യുന്ന അബുവിനെ എട്ട് വര്‍ഷം മുന്‍പാണ് ഒരു സിനിമയാക്കാന്‍ സലീം ശ്രമം തുടങ്ങുന്നത്. സുഹൃത്തായ അഷറഫ് ബേദിയുടെ സഹകരണവും സിനിമക്ക് വഴി തുറക്കാന്‍ കാരണമായി. ബിരുദ പഠനത്തിനു ശേഷം ടൂറിസം ഡിപ്ലോമയും പൂര്‍ത്തീകരിച്ച സലീം, സിനിമാ മോഹങ്ങളെ താലോലിച്ച് കൊണ്ട് തന്നെ പല ജോലികളും ചെയ്തെങ്കിലും ജി.എസ്. വിജയന്റെ സാഫല്യം എന്ന ചിത്രത്തില്‍ തിരക്കഥാ പങ്കാളി ആയിട്ടാണ് തുടങ്ങുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ താലോലം, ശാന്തം, കരുണം എന്നീ സിനിമകളിലും ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ആദ്യ ചിത്രത്തിലും അണിയറപ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ട് തന്റെ സിനിമാ ജീവിതം ആരംഭിച്ചു.

ആദ്യചിത്രത്തിലൂടേ നിര്‍മ്മാതാവ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വിതരണം എന്നീ സമസ്തമേഖലകളിലും കൈവച്ചാണ് സലീം അഹമ്മദ് പ്രവേശിച്ചിരിക്കുന്നത്. ആദ്യ സ്വതന്ത്ര സംരംഭം വെറുതെയായില്ല, ഒരു സംവിധായകന്റെ ആദ്യചിത്രത്തിനു ഇത്രയും പുരസ്കാരങ്ങള്‍ ഒരുമിച്ച് കിട്ടുന്നത് ഒരു പക്ഷെ മലയാളത്തില്‍ വിരളമായിരിക്കും. പുരസ്കാരങ്ങളേക്കാളുപരി, ഏതു ആസ്വാദനനിലവാരത്തിലുമുള്ള പ്രേക്ഷകനെ സംതൃപ്തിപ്പെടൂത്താനും സാധിച്ചിട്ടുണ്ട്. എന്തായാലും ആദാമിന്റെ മകന്‍ അബു നിലവിലെ ചില പൊതുധാരണകളെ തകിടം മറിച്ചിട്ടുണ്ട് എന്ന്‍ പറയാതെ വയ്യ. (അവാര്‍ഡ് പ്രഖ്യാപനത്തോടേ ആദ്യം ഞെട്ടിയത് പ്രഗത്ഭരെന്നു സ്വയം കരുതുന്ന/നടീക്കുന്നവരുടേ ആത്മബോധമായിരുന്നു. സിനിമ കാണുന്നതോടേ ഞെട്ടലുകള്‍ പൂര്‍ണ്ണമാവുകയും ചെയ്യും) അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ സലീം അഹമ്മദിനു തന്നെയാണ്. മുഖ്യാധാ‍രാ സിനിമകളുടെ വെളിമ്പറമ്പുകളില്‍ കോമാളികളെന്നു അണിയറക്കാരും പ്രേക്ഷകനും കരുതിയിരുന്ന ചില അഭിനേതാക്കളെ അഭിനയത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്ന ദൈത്യം ഒരു പുതു സംവിധായകന്‍ തന്റെ ആദ്യചിത്രത്തിലുടെ പ്രാവര്‍ത്തികമാക്കി എന്നു മാത്രമല്ല, തന്റെ ദൈത്യം ശരിയായിരുന്നു എന്ന് വിജയിപ്പിച്ച് കാണിക്കുക കൂടീ ചെയ്തു. സുരാജ് വെഞ്ഞാറമൂടും, കലാഭവന്‍ മണിയും, ജാഫര്‍ ഇടുക്കിയുമൊക്കെ സിനിമക്ക് പ്രേക്ഷകനെ കൂട്ടാനുള്ള ടോണിക്കുകളല്ല എന്നുള്ളത് സിനിമ കാട്ടിത്തരുന്നുണ്ട്. കൂടാതെ, കച്ചവട സിനിമയിലെ പ്രശസ്ഥ താരങ്ങളെ എങ്ങിനെ ഫലപ്രദമായി ഇത്തരം സിനിമകളില്‍ ഉപയോഗിക്കാമെന്നതിനും ഇതൊരു ഉദാഹരണമാണ്.

എഴുത്തിലും അഭിനയത്തിലും സാങ്കേതികത്വത്തിലുമെന്നല്ല ഓരോ അംശത്തിലും പൂര്‍ണ്ണത അവകാശപ്പെടാവുന്ന അതിമനോഹരമായ ചിത്രം, മലയാളത്തില്‍ നല്ല സിനിമകളില്ല, പുതുമകളില്ല, എന്നു അലറിക്കരയുന്നവര്‍ക്ക് ഒരു ചുട്ട മറുപടിയാണ് അബുവിന്റെ വാര്‍ദ്ധക്യകാല ജീവിതം. അതും ക്ലീഷേകളുടെ കടും വര്‍ണ്ണങ്ങളില്ലാതെ, ചര്‍ദ്ദിക്കാന്‍ തോന്നുന്ന തമാശകളില്ലാതെ, സദാചാര - ഉപദേശ പ്രസംഗങ്ങളില്ലാതെ തികച്ചും ശാന്തമായൊഴുകുന്ന നദി പോലൊരു ചിത്രം. കൂടാതെ, തിരക്കഥയിലും അഭിനയത്തിലും സാങ്കേതികതയിലുമൊക്കെ എങ്ങിനെ മിതത്വം പാലിക്കാമെന്ന് മുഖ്യധാരയിലെ പതിവു ഹിറ്റ് മേക്കേര്‍സിനു ഒരു പാഠവുമാണ് . സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍...മലയാളത്തിലെ നല്ലൊരു സിനിമ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല, മലയാള സിനിമയെ നാഴികക്ക് നാല്‍പ്പതുവട്ടം കുറ്റം പറയുന്നവരുടെ വാചാടോപങ്ങള്‍ക്ക് ചെവി തരാന്‍ ഏതാനും വിഡ്ഢികള്‍ വരുമായിരിക്കും പക്ഷെ, ഒരു നല്ല പ്രേക്ഷകന്‍ പേരിനു പോലും ഉണ്ടായിരിക്കില്ല എന്നോര്‍ക്കുന്നതു നന്ന്.

വാല്‍ക്കഷണം : കുറച്ച് നാള്‍ മുന്‍പ് വരെ മലയാളം ഓണ്‍ലൈന്‍ സ്പേസിലെ സകല സിനിമാ നിരൂപണ-ആസ്വാദനകുറിപ്പുകളില്‍ ഉണ്ടായിരുന്ന സ്ഥിരം വാചകമായസലീം കുമാറും സുരാജ് വെഞ്ഞാറമൂടും സിനിമയിലുണ്ട് ജാഗ്രത!” എന്ന സംഭാഷണത്തെ ഒന്നു തിരിച്ചിടട്ടെ... സലീം കുമാറും സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ ഇല്ല. അങ്ങിനെ രണ്ടു പേരെ സിനിമയില്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കാവില്ല. :) :)


ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ക്ക് എം3 ഡി ബി യുടെ ഈ പേജ് സന്ദര്‍ശിക്കുക

Monday, June 20, 2011

ഉപ്പുകണ്ടം ബ്രദേഴ്സ് - ബാക്ക് ഇന്‍ ആക്ഷന്‍, റിവ്യൂ













മലയാള സിനിമയില്‍ പല കാലങ്ങളില്‍ ‘ട്രെന്‍ഡു‘കള്‍ സംഭവിക്കാറുണ്ട്. വിജയകരമായ ഒരു ചിത്രത്തിന്റെ ഫോര്‍മുലയെ പിന്നീടുള്ളവര്‍ അന്ധമായി അനുകരിച്ച് ഒരേ വാര്‍പ്പില്‍ നിരവധി ചിത്രങ്ങളുണ്ടാക്കാറുണ്ട്. കുറച്ചു ചിത്രങ്ങളുടെ വിജയത്തിനു ശേഷം കനത്ത പരാജയത്തോടെ ആ ട്രെന്‍ഡുകള്‍ അവസാനിക്കുകയും ചെയ്യും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ രൂപപ്പെട്ടത് കൂടുതലും സിദ്ധിഖ് - ലാല്‍ ചിത്രങ്ങള്‍ക്കായിരിക്കണം. അവരുടേ ആദ്യ മൂന്നു ചിത്രങ്ങളും മലയാളത്തില്‍ വ്യക്തമായ ട്രെന്ഡുകള്‍ ഉണ്ടാക്കിയിരുന്നു. റാംജിറാവ് സ്പീക്കിങ്ങിനു ശേഷം തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരും ആകസ്മികമായി ഏതെങ്കിലും അധോലോക സംഘങ്ങളുമായി ആളൊഴിഞ്ഞ (പണിതീരാത്ത) കെട്ടിടത്തിലെ കൂട്ടസംഘട്ടനത്തിള്‍ ഏര്‍പ്പെടൂന്നതും അളവറ്റ സ്വത്ത് കൈക്കലാക്കുന്നതുമൊക്കെ നിരവധി തവണ ആവര്‍ത്തിച്ചു. ഹരിഹര്‍ നഗറിനു ശേഷം നാലു ചെറുപ്പക്കരും (ചിലപ്പോളത് അഞ്ചോ ആറോ ആകാം) ബൈക്കും പിന്നെ ഒരു പെട്ടി അല്ലെങ്കില്‍ കുട്ടി എന്ന രീതിയില്‍ എണ്ണമറ്റ ചിലവു ചുരുങ്ങിയ ഇത്തരം ‘സൃഷ്ടി’കള്‍ വിജയം ആവര്‍ത്തിച്ചു. സിദ്ധിഖ് ലാലിന്റെ മൂന്നാമത്തെ ചിത്രമായ ഗോഡ്ഫാദര്‍, മലയാളത്തില്‍ ബദ്ധവൈരികളായ രണ്ടു കുടൂംബങ്ങളുടെ കഥ പറയാന്‍ തുടങ്ങി. കുടിപ്പക തീര്‍ക്കുന്ന അച്ഛനും മക്കളും അതിനിടയിലെ പ്രണയവും നൂറ്റൊന്നാവര്‍ത്തിച്ചു. ഈ ഫോര്‍മുലയിലെ ഒരു വിജയ ചിത്രമായിരുന്നു അന്നത്തെ ഉപ്പുകണ്ടം ബ്രദേഴ്സ്.

വിജയചിത്രങ്ങളുടെ രണ്ടാംഭാഗമോ പുനരാവിഷ്കാരമോ മലയാളത്തില്‍ അടുത്തകാലത്തായി സജ്ജീവമായിട്ടുണ്ട്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇത്തരം ഭാഗങ്ങള്‍ പലതും പരാജയത്തിലേക്ക് പോവുകയാണ് പതിവ്. ഉപ്പുകണ്ടംസഹോദരന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. 18 വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് അന്നത്തെ ആസ്വാദന തലത്തില്‍ കുറേ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരിക്കാം അതുകൊണ്ട് തന്നെ സാമ്പത്തിക വിജയം നേടിയിരിക്കാം അതിലപ്പുറം ആ സിനിമക്ക് യാതൊരു പ്രസക്തിയുമില്ല. ആ വിജയം ആവര്‍ത്തിക്കാനായിരിക്കണം മാസ്സ് റീത്സിന്റെ പേരില്‍ മന്‍സൂര്‍ നിര്‍മ്മിച്ച് റെജിമാത്യു തിരക്കഥയെഴുതി ടി. എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ രണ്ടാംഭാഗം.

കഥാസാരം:
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ കുടൂംബമാണ് ഉപ്പുകണ്ടം. കുഞ്ഞന്നാമ(സീമ)യാണ് ഇപ്പോള്‍ തറവാട്ടു കാരണവര്‍. നല്ല സാമ്പത്തിക ഭദ്രതയുള്ള ഈ കുടൂംബം ഹോസ്പിറ്റല്‍, ബാങ്ക് എന്നിവ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സാമ്പത്തിക ലാഭം എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് സഹായം എന്ന നിലക്കാണ്. പല നിര്‍ദ്ദനരേയും ഈ കുടൂംബം പല രീതിയിലും സഹായിക്കുന്നു. കുഞ്ഞന്നാമയുടെ മൂത്തമകള്‍ കൊച്ചമ്മിണി (വാണി വിശ്വനാഥ്) ഹോസ്പിറ്റലിന്റെ ചുമതലയുമായി അമ്മക്ക് സഹായമായും നാട്ടുകാര്‍ക്ക് ഉപകാരിയായും ജീവിക്കുന്നു. കുഞ്ഞന്നാമയുടെ രണ്ടാമത്തെ മകന്‍ ബോബി (ശ്രീകാന്ത്) അത്യാവശ്യം സാമൂഹ്യസേവനവും ചില ബിസിനസ്സും പിന്നെ അടിപിടിയുമായി നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞീശോ (ജഗതി ശ്രീകുമാര്‍) യുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന സമരങ്ങളാണ് ബോബിയുടെ പ്രധാന പരിപാടി. ഇതിനിടയില്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയ സി ഐ ആയി കുഞ്ഞന്നാമയുടെ ആങ്ങള ജോസുകുട്ടി(ജഗദീഷ്) എത്തുന്നു. ഉപ്പുകണ്ടം കുടൂംബത്തിന്റെ പ്രധാന എതിരാളി സ്രാമ്പിക്കള്‍ സത്യനേശനാണ്. ഉപ്പുകണ്ടം ഫാമിലിയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒരു ഉദ്ദേശത്തിലാണ് അയാളുടെ ജീവിതം. ഉപ്പുകണ്ടത്തിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കാന്‍ ലണ്ടനില്‍ നിന്നും വരുന്ന കുഞ്ഞന്നാമയുടെ ഇളയ മകന്‍ സേവിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടൂകാരിയെ കണ്ട് വീട്ടുകാര്‍ ഞെട്ടുന്നു, സത്യനേശന്റെ ഒരേയൊരു മകള്‍. ഉപ്പുകണ്ടം ഫാമിലിയുടെ ആശ്രിതനായ കുട്ടന്‍ മാരാരുടെ(രവി വള്ളത്തോള്‍) മകള്‍ എം ബി ബി എസ് പഠനം കഴിഞ്ഞ ശ്രീലക്ഷ്മി (ഹണിറോസ്)യുമായ് ബോബി ഇഷ്ടത്തിലാണ്.

ഒരിക്കല്‍ ഒരു ചീട്ടു കളി സംഘത്തില്‍ വെച്ച് ബോബിയൂടെ പണമെല്ലാം നഷ്ടപ്പെടൂന്നു. ആ സമയത്ത് രണ്ട് ലക്ഷം രൂപയുമായി സത്യനേശന്‍ ബോബിയെ സഹായിക്കുന്നു. അപ്രതീക്ഷിതമായി അവിടെയുണ്ടായ സംഘട്ടനത്തില്‍ ബോബിക്ക് രണ്ട് ലക്ഷം നഷ്ടപ്പെട്ടു (തന്ത്രത്തിലൂടെ സത്യനേശന്‍ തന്നെ അത് കൈക്കലാക്കുന്നു) പിന്നീട് ആ രണ്ട് ലക്ഷത്തിന്റെ പേരില്‍ സത്യനേശന്‍ ബോബിയുമായി ശത്രുതയിലാകുന്നു. പണം തിരികെകൊടുക്കാന്‍ ബോബി തയ്യാറാവാത്തതുകൊണ്ട് സത്യനേശന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടുപോയി കുഞ്ഞന്നാമയോട് പണം ആവശ്യപ്പെടുന്നു. പണവുമായി കുഞ്ഞന്നാമ സത്യനേശന്റെ രഹസ്യ കേന്ദ്രത്തിലെത്തി പണം കൈമാറി കൊച്ചമ്മിണിയെ മോചിപ്പിക്കുന്നു. ആ സമയം തന്നെ കുഞ്ഞന്നാമയുടെ സഹോദരന്മാര്‍ വന്ന് സംഘട്ടനത്തിലൂടെ സത്യനേശനേയും സംഘത്തേയും കീഴ്പ്പെടൂത്തുന്നു.

പണ്ട് ഉപ്പുകണ്ടംകാരാല്‍ കൊല്ലപ്പെട്ട എട്ടു വീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പ്രതികാ‍രത്തിനായി നാട്ടില്‍ തിരിച്ചെത്തുന്നു. ഉപ്പുകണ്ടം ഫാമിലിയെ ഭയന്ന് ചെറുപ്പത്തിലേ നാടുവിട്ട് മുംബൈയിലെത്തി അവിടത്തെ അധോലോക - കള്ളക്കടത്തു സംഘത്തില്‍ ചേര്‍ന്ന് ഇന്ന് ഇന്റര്‍നാഷണല്‍ ഡോണ്‍ എന്ന നിലയിലെത്തിയിരിക്കുകയാണ് ഗണേശന്‍. ഉപ്പുകണ്ടത്തെ തകര്‍ക്കാന്‍ ഗണേശന്‍ സത്യനേശനെ കൂട്ടൂപിടിക്കുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങള്‍.

മലയാള സിനിമയുടെ ഏതെങ്കിലും തകര്‍ച്ചയില്‍ പോലും ഇതുപോലെ നിര്‍ഗ്ഗുണമായൊരു ചിത്രം ഉണ്ടായിട്ടുള്ളതായി ഈയുള്ളവനു ഓര്‍മ്മയില്ല. ഒരാവര്‍ത്തിപോലും വായിച്ചു നോക്കാത്ത/വെട്ടിത്തിരുത്താത്ത സ്ക്രിപ്റ്റ്, നിര്‍വികാരമായ പെര്‍ഫോര്‍മന്‍സ്, ലോജിക് എന്നത് ഏഴയലത്തുപോലും വരാത്ത മരമണ്ടന്‍ സന്ദര്‍ഭങ്ങര്‍. മിമിക്രിക്കാരെ പോലും നാണിപ്പിക്കുന്ന തമാശ രംഗങ്ങള്‍. പിക്സല്‍ പൊട്ടിയ ഫോട്ടോഷോപ്പ് ഫ്രെയിമുകള്‍, പഴയ നൃത്ത നാടകങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചമയം. മുളക് ഉണക്കാനിടുമ്പോഴും ഉലയാത്ത പട്ടുസാരി. ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കോപ്രായങ്ങള്‍. തമിഴില്‍ നല്ല പ്രശസ്തിയുള്ള അത്യാവശ്യം ജനപ്രിയമായ ഹീറോ വേഷങ്ങള്‍ ചെയ്ത ശ്രീകാന്ത് എന്നൊരു നടനെ ഈ ബിഗ്രേഡ് സിനിമയിലുകൊണ്ടുവന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. ഇതുപോലൊരു സിനിമയും കഥാപാത്രവും സ്വീകരിക്കാന്‍ മാത്രം ഈ നടനു എന്തു സംഭവിച്ചു? സിനിമയുമായി ഒരു ബന്ധവുമില്ലാത്ത വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടിനേയും കൊണ്ടുവന്നിട്ടുണ്ട്. ഓരോ ഇഞ്ചും പോരായ്മകള്‍ മാത്രമുള്ള ഇതിനെ സിനിമ എന്നു വിളിക്കുമെങ്കില്‍ അത് സിനിമ എന്ന മാധ്യമത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.

വാല്‍ക്കഷണം : ദിവസത്തില്‍ വേറെ ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ പോലും ഈ സിനിമ കാണുന്നത് ഒഴിവാക്കിയേക്കുക, നിങ്ങള്‍ക്ക് സാമാന്യബോധം എന്നൊന്നുണ്ടെങ്കില്‍.
************************************************************************************

ഉപ്പുകണ്ടം ബ്രദേഴ്സിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ എം3ഡിബിയുടെ സൈറ്റില്‍ കാണാം

Friday, June 17, 2011

രതിനിര്‍വ്വേദം -2011-റിവ്യൂ


.











1984 ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999). മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2000ല്‍ രാജീവ് കുമാര്‍ ഒരുക്കിയ ‘ജലമര്‍മ്മര‘ത്തിനായിരുന്നു. ആ വര്‍ഷം തന്നെ മികച്ച പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും അതിനു കിട്ടി. 2002 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാത്രമല്ല, മികച്ച സൌണ്ട് റെക്കോര്‍ഡിങ്ങ്,മികച്ച കഥ, അഭിനയത്തിനു ജയറാമിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ രാജീവ് കുമാര്‍ ഒരുക്കിയ ‘ശേഷം’ എന്ന സിനിമക്ക്. ഒരു സിനിമ ത്രൂ ഔട്ട് ‘സ്റ്റഡി കാമില്‍‘ ഷൂട്ട് ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ‘ഇവര്‍’ എന്ന ജയറാം-ബിജുമേനോന്‍-ഭാവന ചിത്രത്തിലൂടെ. ഇങ്ങിനെ സാങ്കേതികമായ വിശേഷണങ്ങളും ബഹുമതികളും രാജീവ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് ഒരുപാടുണ്ടെങ്കിലും രാജീവ്കുമാറിന്റെ കൊമേസ്യല്‍ സിനിമാ കരിയറില്‍ ശരാശരി വിജയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങളിലും പ്രേക്ഷകരുടെ ചുണ്ടുകളിലും ടി.കെ രാജീവ്കുമാറിന്റെ പേരും സിനിമകളും ഓടിയെത്താന്‍ വഴിയില്ല. ഏറ്റവും ഒടുവില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ നല്‍കിയ ‘ഒരു നാള്‍ വരും’ എന്ന ചിത്രം ഒരിക്കലും വരാത്ത നല്ല സിനിമയുടെ ഓര്‍മ്മപ്പെടുത്തലായി മാറി എന്നുള്ളതാണ് സത്യം.

1978 ല്‍ ഇറങ്ങിയ ഭരതന്‍ - പത്മരാജന്റെ ‘രതി നിര്‍വ്വേദം’ എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം ടി കെ രാജീവ് കുമാറിന്റെ വരവ്. നീലത്താമര എന്ന പഴയ എംടി പൈങ്കിളി സിനിമയെ പുതിയ കുപ്പായമണിയിച്ച് വിപണിയിലിറക്കി ലാഭം കൊയ്തതിന്റെ അത്യാഗ്രഹം കൊണ്ടാണ് ജി സുരേഷ്കുമാര്‍ രതിച്ചേച്ചിയുടെ കഥയെ പുനരാവിഷ്കരിക്കുന്നത് എന്നത് വ്യക്തം. രതിനിര്‍വ്വേദത്തിനു രതിച്ചേച്ചിയുടേ ഉടലളവുകളുടേയും പപ്പുവിന്റെ ശാരീരികാര്‍ഷണത്തിന്റേയും മാത്രം പുനരാവിഷ്കരണം എന്ന പേരായിരിക്കും കൂടുതല്‍ ചേരുക. 78ല്‍ ഇറങ്ങിയ രതി നിര്‍വ്വേദം ക്രിയേറ്റിവിറ്റിയുടേയും സിനിമ എന്നൊരു മാധ്യമത്തോടുള്ള ആത്മാര്‍ത്ഥതയുടേയും ഫലമായുണ്ടായ നല്ലൊരു സിനിമാ സൃഷ്ടി എന്നതിനപ്പുറം മറ്റൊരു തലമില്ല എന്നതാണ് വാസ്തവം. സര്‍ഗ്ഗ പ്രതിഭകള്‍ ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ സര്‍ഗ്ഗാത്മകതയുടേ തെളിച്ചങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പുതിയ രതിനിര്‍വ്വേദം മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സെക്സ് തരംഗമുയര്‍ത്തിയ ആവേശത്തിന്റെ ആരവങ്ങളാകുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ രതിചേച്ചിയുടേ(ശ്വേത) മൂടിപ്പുതച്ച മൃതശരീരം ഇടവഴിയിലൂടേ കണ്ണീര്‍ യാത്രയോടെ കൊണ്ടു പോകുമ്പോള്‍ അശ്ലീലം കലര്‍ന്ന കൂക്കുവിളികളോടെ സ്ക്കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ
തിയ്യറ്ററില്‍ ആരവമുയര്‍ത്തുന്നത് കണ്ട് സുരേഷ്കുമാറും നിര്‍മ്മാതാവായ ഭാര്യ മേനകയും വീട്ടീലിരുന്ന് ആനന്ദിക്കുന്നുണ്ടാകണം.

കഥാസംഗ്രഹം : 1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.

പഴയ തിരക്കഥ മാറ്റങ്ങള്‍ കൂടാതെ അതേപോലെ തന്നെ ചിത്രീകരിച്ചിരിക്കുകയാണ് പുതിയ സിനിമയില്‍. 1978ലെ ഒരു മദ്ധ്യ തിരുവിതാംകൂര്‍ ഗ്രാമത്തിലെ കഥയായിട്ടാണ് ആവിഷ്കാരം. പഴയ കാലഘട്ടം പുനരാവിഷ്കരിക്കുന്നതില്‍ കലാസംവിധായകനും ഛായാഗ്രാഹകനും വിജയിച്ചിരിക്കുന്നു. പക്ഷെ, പഴയ സിനിമയുടെ ആത്മാവിനെ ആവാഹിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. പഴയ രതിനിര്‍വ്വേദത്തില്‍ കൌമാരം കടന്ന പപ്പുവിന്റെ മാനസിക നിലയും ചിന്തകളുമൊക്കെ ഭംഗിയായി വരച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. കുളിക്കടവിലെ ഒളിഞ്ഞു നോട്ടത്തിലും മുതിര്‍ന്ന കൂട്ടുകാരുടെ പ്രണയത്തെപറ്റിയുള്ള സംസാരിങ്ങളിലൂം വേലക്കാരന്‍ കൊച്ചുമണിയുടെ ഉപദേശങ്ങളിലുമൊക്കെയായി പപ്പുവില്‍ പ്രണയ-കാമ ചിന്തകള്‍ ഉണരുകയും അത് രതിചേച്ചിയിലേക്ക് സന്നിവേശിക്കുകയും ചെയ്യുന്നതൊക്കെ നല്ലൊരു ഒഴുക്കോടെ കൃത്യമായ വളര്‍ച്ചയോടേ ഭരതനും പത്മരാജനും ആവിഷ്കരിക്കാന്‍ പറ്റി, പക്ഷെ രതിനിര്‍വ്വേദം ടി.കെ രാജീവ് കുമാറിലെത്തുമ്പോള്‍ പഴയതില്‍ നിന്ന് പപ്പു കാഴ്ചക്ക് കുറച്ച് മുതിര്‍ന്നവനും, സിനിമയുടെ തുടക്കം മുതലേ രതിചേച്ചിയുടെ ഒളിഞ്ഞു നോട്ടക്കാരനുമാകുന്നു. സിനിമയുടെ പകുതിവരെ, പപ്പുവിന്റെ ഒളിഞ്ഞു നോട്ട കാഴ്ചകള്‍ മാത്രമേയുള്ളു. രതിചേച്ചിയായ ശ്വേതാമേനോന്റെ ശരീരകാഴ്ചകള്‍ (പ്രേക്ഷകനെ കാണിക്കാന്‍ വേണ്ടിമാത്രം) പപ്പുവിന്റെ ഒളിഞ്ഞുനോട്ടത്തിനുള്ള അവസരങ്ങള്‍ നിര്‍ലോഭം ഒരുക്കിക്കൊടുത്തിരിക്കുന്നു. രതിചേച്ചി, പലപ്പോഴും സാരിയുടെ മുന്താണി അഴിഞ്ഞു വീഴുന്ന, പലപ്പോഴും സാരിയില്ലാത്ത വേഷത്തില്‍ മുളകരക്കുന്ന, മേല്‍മുണ്ടില്ലാതെ ജോലിചെയ്യുന്ന, അരിയാട്ടുന്ന നഗ്നതാപ്രദര്‍ശനങ്ങള്‍ മാത്രമാകുന്നു. സിനിമയുടെ ആദ്യ പകുതി ഇങ്ങിനെ മുറിച്ചു വെച്ച, ഇണക്കങ്ങളില്ലാത്ത കഷണങ്ങളാണ്. പഴയ സിനിമയിലെ സീനുകള്‍ തമ്മിലുള്ള അടുക്കവും ഒഴുക്കും പുതിയ ചിത്രത്തിനു സൃഷ്ടിക്കാനായില്ല.


പഴയ ഒരു കലാസൃഷ്ടി പുനര്‍സൃഷ്ടിക്കുമ്പോള്‍ പഴയതിനോട് താരതമ്യം ചെയ്യുക സ്വാഭാവികം. ആ രീതിയില്‍ പുതിയ രതിനിര്‍വ്വേദത്തിന്റെ എല്ലാ അംശവും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. രതിചേച്ചിയായെത്തുന്ന ജയഭാരതിയുടെ പ്രകടനത്തിനു മുന്നില്‍ ശ്വേതാമേനോന്റെ പ്രകടത്തിനു സ്വാഭാവികതയോടെ ചെയ്യാന്‍ പറ്റി എന്നതിലപ്പുറം രതിചേച്ചിയുടെ കുസൃതി തുളുമ്പുന്ന സ്വഭാവവും സംസാരശൈലിയും പപ്പുവിനോടുള്ള വാത്സല്യവും ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. തനിക്കു കിട്ടിയ രണ്ടാമത്തെ ചിത്രത്തിള്‍ പാകതകളില്ലാതെ അഭിനയിച്ചു എന്നതാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന പപ്പുവിന്റെ മേന്മ. ആദ്യ ചിത്രമായിരിന്നിട്ടും കൃഷ്ണചന്ദ്രന്‍ ഇതിലുമെത്രയോ ഭംഗിയായി പപ്പുവിനെ ഉള്‍കൊണ്ടിരിക്കുന്നു. പുതിയ ചിത്രത്തില്‍ പപ്പുവിന്റെ അമ്മയായി വരുന്ന ശോഭാമോഹനു എല്ലാ ചിത്രത്തിലുമെന്നപോലെ, ഉടയാത്ത സെറ്റുമുണ്ടും നേര്യതും അണിഞ്ഞു നിന്ന് എന്നത്തേയുമ്പോലെ തന്നെ ‘അഭിനയിക്കാന്‍’ കഴിഞ്ഞു. പുതിയ ചിത്രത്തില്‍ കെ.പി എ സി ലളിതയാണ സ്വാഭാവിക അഭിനയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നത്. മറ്റെല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളു. പഴയതില്‍ ബഹദൂര്‍ അവതരിപ്പിച്ച കൊച്ചുമണി എന്ന വേലക്കാരന്‍ കഥാപാത്രത്തെ പുതിയതില്‍ വെട്ടിക്കളഞ്ഞ് പകരം കൊച്ചുമണിയെ വിത്തുകാളയുമായി ഊരുചുറ്റുന്ന മന്ത്രവാദി കഥാപാത്രമായി ഗിന്നസ് പക്രു അവതരിപ്പിക്കുന്നു. ചിത്രത്തിനൊട്ടൂം ചേര്‍ന്നുനില്‍ക്കാത്ത അതിനാടകീയമായ ദൃശ്യങ്ങളായി അതൊക്കെ മാറുന്നുമുണ്ട്. പഴയതില്‍ സോമന്‍ അഭിനയിച്ച പട്ടാളക്കാരനെ പുതിയതില്‍ അവതരിപ്പിക്കുന്ന ഷമ്മി തിലകല്‍ പലപ്പോഴും അമിതാഭിനയത്തിലേക്കും കോമാളി നിലവാരത്തിലേക്കും പോകുന്നുണ്ട് (പക്ഷെ, തിയ്യറ്ററില്‍ നല്ല കയ്യടി ഏറ്റുവാങ്ങുന്നുണ്ട്.)

1978ലെ മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമമെന്നു തുടക്കത്തില്‍ എഴുതിക്കാണിക്കുകയും ചിത്രീകരത്തില്‍ അതിന്റെ പ്രാദേശിക പ്രത്യേകതകളുമൊക്കെ നന്നായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും മൊത്തം കഥാപാത്രങ്ങളുടെ സംസാരം പക്ഷെ, അത്തരമൊരു പ്രാദേശികത്വം തോന്നിപ്പിക്കുന്നില്ല (കെ പി എസി യുടെ സംസാരശൈലി മാത്രമാണ് പലപ്പോഴും നീതിപുലര്‍ത്തുന്നത്) മുരുകന്‍ കാട്ടാക്കടയുടെ ഗാനരചനയില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണെങ്കിലും അവസാന രണ്ടു ഗാനരംഗങ്ങളുടെ ചിത്രീകരണം (അതിനുപയോഗിച്ച നൃത്തവും എഡിറ്റിങ്ങുമെല്ലാം) ചിത്രത്തിന്റെ മൊത്തം രീതിയില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്. (തന്റെ തന്നെ ‘തച്ചോളിവര്‍ഗ്ഗീസ് ചേകവരി‘ല്‍ ഉപയോഗിച്ച ‘ഷാഡോ ഡാന്‍സി‘ന്റെ ഹാങ്ങോവര്‍ രാജീവ്കുമാറീനെ ഇപ്പോഴും വിട്ടൂപോയിട്ടില്ല) മോഹന്‍ ദാസ് ഒരുക്കിയ കലാസംവിധാനം മികച്ചത് തന്നെ പഴയ കാലഘട്ടം അതേപോലെ ഒരുക്കുവാല്‍ കഴിഞ്ഞിരിക്കുന്നു (എങ്കിലും പപ്പു ലൈബ്രറിയില്‍ നിന്ന് പമ്മന്റെ വഷളന്‍ എന്ന പുസ്തകം വായിക്കാനെടുക്കുന്ന ദൃശ്യത്തില്‍ ആ പുസ്തകത്തിന്റെ ടൈറ്റില്‍ -കവര്‍- ഡിസൈന്‍ ഇക്കാലത്തെ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങള്‍!!) കുക്കു പരമേശ്വരന്‍ ഒരുക്കിയ വസ്ത്രാലങ്കാരം കൊള്ളാം. പി വി ശങ്കറിന്റെ ചമയം പക്ഷെ 78 കാലത്തെ രീതിയിലേക്ക് തീരെ ഇണങ്ങുന്നില്ല എന്നു മാത്രമല്ല മണിയന്‍ പിള്ള രാജുവിന്റെയും ഗിന്നസ് പക്രവുന്റേയും ചമയങ്ങള്‍ക്ക് വല്ലാത്ത കൃത്രിമത്വം. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ തികഞ്ഞ മേക്കപ്പും ഉലയാത്ത പുത്തന്‍ വസ്ത്രങ്ങളുമായി പ്രധാന കഥാപാത്രങ്ങളെ കാണുന്നത് പതിവു കാഴ്ചയാണല്ലോ, ഈ സിനിമയും അതില്‍ നിന്നു വ്യതിചലിക്കുന്നില്ല.

പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷെ ജി. സുരേഷ്കുമാറീന്റെ നേതൃത്വത്തില്‍ ടി കെ രാജീവ് കുമാര്‍ തുണിയഴിച്ചുകാണിച്ച പുതിയ രതിനിര്‍വ്വേദം സ്ത്രീ നഗ്നതയുടെ ഒളിഞ്ഞുനോട്ടത്തില്‍ അഭിരമിക്കുന്ന മലയാളി ആണ്‍സമൂഹത്തിനുള്ള ദൃശ്യവിരുന്നു മാത്രമായിപ്പോകുന്നു.

അണിയറപ്രവർത്തകരുടെ കൂടുതൽ വിവരങ്ങളും മറ്റു കൗതുകങ്ങളുമൊക്കെ അടങ്ങിയ  പുതിയ രതിനിർവ്വേദത്തിന്റെ ഡാറ്റാബേസ് പേജ് ഇവിടെ ലഭ്യമാണ്.

(വാല്‍ക്കഷണം : ഒരു പക്ഷെ പഴയ രതിനിര്‍വ്വേദം കാണാത്തവര്‍ക്ക് ഇത് ഒരു പുതിയ സിനിമ എന്ന രീതിയില്‍ കണ്ടാല്‍ ഭേദപ്പെട്ട സിനിമയായി തോന്നാം, കാരണം താരരാജാക്കന്മാര്‍ക്ക് വേണ്ടിയുള്ള ‘മലയാളം സംസാരിക്കുന്ന തെലുങ്കു സിനിമ’ കള്‍ക്കിടയില്‍ പുതിയ രതിനിര്‍വ്വേദം ഒരു ഭേദപ്പെട്ട സിനിമയെന്ന് പറയേണ്ടി വരും. കാരണം, കഥയും പശ്ചാത്തലവും അഭിനയവുമൊക്കെ മറ്റു കോപ്രായങ്ങളില്‍നിന്നും വളരെ ഭേദപ്പെട്ടതുതന്നെ.)
.