മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Thursday, March 31, 2011

“ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 01

M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള  “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് ആരംഭിക്കുകയാണ്. ഏവർക്കും സ്വാഗതം.

ആർദ്രവീണ എന്ന ആദ്യ എപ്പിസോഡിന്റെ സന്ദർഭവും ഈണവും കൂടുതൽ വിവരങ്ങളും ഇവിടെ ലഭിക്കും

Thursday, March 24, 2011

"ട്യൂൺ കേൾക്കൂ... പാട്ടെഴുതു..." മത്സരം

m3db.com അവതരിപ്പിക്കുന്നു, പുതുമനിറഞ്ഞ ഒരു ടാലന്റ് ഹണ്ട് മത്സരം “ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ 


"M3DB - Promising Lyricist of the year Award 2011" നു പുറമേ 10 mp4/mp3 Players അല്ലെങ്കിൽ 15,000/- രൂപയുടെ പുസ്തകങ്ങൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ.


ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ച 10 ഗാനങ്ങൾ എം ത്രി ഡി ബി ഈണം ആലബമായി റിലീസ് ചെയ്യും.

കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക

Tuesday, March 15, 2011

സംഗീത-സിനിമാ ഡാറ്റാബേസിലേക്ക് ഒരു സേർച്ചിംഗ് കുതിച്ചു ചാട്ടം.

എം3യുടെ ടെക്നിക്കൽ വിഭാഗം ഒരോ ചെറു ടൂളുകളുമായി നിങ്ങൾക്കരികിലേക്കെത്തുകയാണ്. മലയാള സംഗീത സിനിമാ ചരിത്രത്തിലെ ഒരോ വാക്കും തിരയാനായി ഇത്തവണ മുന്നോട്ട് വയ്ക്കുന്നത് എം3 ഇൻസ്റ്റന്റ് എന്ന സേർച്ച് പ്രോഡ്ക്റ്റാണ്.

കുഞ്ഞൻ റേഡിയോയുടെ ആപ്ലിക്കേഷൻ ഇന്റർഫേസ് ഉണ്ടാക്കിയ അരവിന്ദ് തന്നെയാണ് ഇത്തവണയും കൗതുകം സൃഷ്ടിക്കുന്നത്.ഏത് വാക്കുകളും ഉടനടി ഡാറ്റാബേസിൽ തിരയാനുള്ള ഗൂഗിളിന്റെ ഇൻസ്റ്റന്റ് എന്നെ ടെക്നിക്ക് തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.കൂടുതൽ അറിയാൻ  ഇവിടെ നോക്കുക.

ഇൻസ്റ്റന്റിന്റെ ഡയറക്റ്റ്  ലിങ്ക് ബുക്ക് മാർക്ക് ചെയ്യേണ്ടവർക്ക് :  http://www.m3db.com/ami/m3instant/index.html

എം3യുടെ വെബ്ബിൽ ഇന്നുമുതൽ ഇൻസ്റ്റന്റ് രംഗത്തെത്തുകയാണ്.എം3യുടെ ഹോം പേജിൽ നിന്നും മെനുബാറിൽ നിന്നും എം3 ഇൻസ്റ്റന്റിലേക്കെത്താം..താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക.

www.m3db.com ന്റെ  ഹോം പേജിലുള്ള “ Go for Instant Search " എന്ന ഐക്കൺ വഴി എം3 ഇൻസ്റ്റന്റിലേക്ക് പോകാം.

അല്ലങ്കിൽ സൈറ്റിന്റെ മുകളിൽ കാണുന്ന “ തേടുക” എന്ന മെനുവും ഇതിനായി ഉപയോഗിക്കാം.

മലയാളം ടൈപ്പിംഗ് ടൂളുകളില്ലാത്തവർക്ക് ഫൊണറ്റിക് കീബോർഡ് കൂടി ഇന്റഗ്രേറ്റ് ചെയ്ത് കൊണ്ടാണ് ഇത്തരമൊരു ടൂൾ അവതരിപ്പിക്കുന്നത്.ആവശ്യുമെങ്കിൽ മലയാളം കീബോർഡിനെ മിനിമൈസ് ചെയ്ത് ഇംഗ്ലീഷിലും വാക്കുകൾ തിരയാം.യുണീക്കോഡ് മലയാള അക്ഷരങ്ങൾ സംശയമുള്ളവർക്കും തുടക്കക്കാർക്കുമായി ഒരു  ടൈപ്പിംഗ് ട്യൂട്ടറും ആവശ്യക്കാർക്ക് മുകളിൽ ലഭ്യമാണ്. ആവശ്യമുള്ള അക്ഷരങ്ങളോ വാക്കോ എന്റർ ചെയ്ത് സ്പേസ് ബാർ അമർത്തിയാൽ നിങ്ങളുടെ സേർച്ച് റിസൾട്ടുകൾ മുന്നിലെത്തുന്ന രീതിയാണ് എം 3 ഇൻസ്റ്റന്റ് മുന്നോട്ട് വയ്ക്കുന്നത്.
സേർച്ച് എഞ്ചിനുകളിൽ മികച്ച സ്ഥാനം ഇതിനോടകം തന്നെ ലഭ്യമായ എം3യുടെ ഡാറ്റാബേസ് ലോകത്തിലെമ്പാടുമുള്ള മലയാളികൾക്ക് തിരയാൻ മറ്റൊരുപാധി കൂടിയാണ് എം3 ഇൻസ്റ്റന്റ്..!

ഒരു വാക്ക് മനസിൽ കാണുക..അതിനൊരു നൂറ് ഫലങ്ങൾ കണ്ടെത്തുക..!

ലോഗോ & പോസ്റ്റേർസ് : കുമാർ നീലകണ്ഠൻ

സം‌യുക്തപ്രസ്താവന ( എം3ഡിബി & എം എസ് ഐ )


M3DB.com ന്റെ നിലവിലുള്ള ഡൊമൈനുമായി സാമ്യമുള്ള ഡൊമൈനുകൾ (m3db.info, m3db.org, m3db.net, m3db.us) malayalasangeetham.info (MSI) വാങ്ങിയതും അത് MSIയിലേക്ക് റീഡയറക്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മേൽപ്പറഞ്ഞ രണ്ടു വെബ്സൈറ്റുകൾ തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. അതു സംബന്ധിച്ചു് താഴെപ്പറയുന്ന കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കട്ടെ:-

1) മേൽപ്പരാമർശിച്ച സൈറ്റുകളുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സുഗമമായ പ്രവർത്തനത്തിനും സാഹചര്യമൊരുക്കാനായി MSI വാങ്ങിയ മേൽ‌പ്പറഞ്ഞ ഡൊമൈനുകളിലുള്ള ഉടമസ്ഥാവകാശം ഇതിനകം പിൻ‌വലിച്ചിരിക്കുന്നു.

2) M3DB യുടെ ഉദ്ഘാടനത്തിൽ നിന്നും മാദ്ധ്യമങ്ങൾ അകന്നു നിൽക്കാൻ MSI പ്രവർത്തകരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പരാമർശമോ ഇടപെടലോ കാരണമായിട്ടുണ്ടെങ്കിൽ അതിൽ MSI നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.

3) ഈ തർക്കങ്ങളോടനുബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ വെബ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ വ്യക്തിപരവും അല്ലാ‍തെയുമുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളും ഇതോടെ പിൻവലിക്കാൻ ധാരണയാകുന്നു.

4) ശ്രീ അജയ് മേനോനെ ഏതെങ്കിലും തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കാനോ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഇടപെടാനോ M3DB ശ്രമിച്ചിട്ടില്ലെന്നും ഏതെങ്കിലും ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ ഭാഗത്തു നിന്നും അത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് M3DB യുടെ ഔദ്യോഗിക നിലപാടല്ല എന്നും ഇതിനാൽ അറിയിക്കുന്നു.എങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന് ഇതുമൂലം എന്തെങ്കിലും മനോവിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ M3DB ഖേദം രേഖപ്പെടുത്തുന്നു.

5) M3DBയുടെ സംരംഭങ്ങളിൽ ഒന്നായ Movie Database നുമേൽ MSI ഉയർത്തിയ ബൌദ്ധിക സ്വത്തവകാശ സംബന്ധിയായ ആരോപണങ്ങളും അഭിപ്രായപ്രകടനങ്ങളും പിൻ‌വലിച്ച് MSI ഖേദം രേഖപ്പെടുത്തുന്നു.

6) M3DB യിലെ അംഗങ്ങളായ ശ്രീമതി.ഉമ, ശ്രീ.കിരൺ എന്നിവർക്കെതിരെ ശ്രീ അജയ് മേനോൻ MSI യുടെ ഔദ്യോഗിക ബ്ലോഗിലും ഇന്ദുലേഖാ ഡോട് കോമിലും നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ പിൻ‌വലിക്കുകയും അവർക്ക് അതിലുണ്ടായ മനോവിഷമങ്ങളിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

7) മേല്പറഞ്ഞ തീരുമാനങ്ങൾ ഇരുകൂട്ടരും നടപ്പിൽ വരുത്തുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് MSI, M3DB വെബ്സൈറ്റുകളുടെ അധീനതയിലുള്ള ഓൺലൈൻ മാദ്ധ്യമങ്ങളിൽ (ഗൂഗിൾ ബസ്, ഓർക്കുട്ട്, MSI, M3DB എന്നീ സൈറ്റുകളുടെ ഔദ്യോഗിക ബ്ലോഗുകൾ, ഫേസ്ബുക്ക്) പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന എല്ലാ പോസ്റ്റുകളും അതിൽ വന്ന കമന്റുകളും ഇരുവിഭാഗങ്ങളും ഈ ഉടമ്പടി കരാർ തങ്ങളുടെ ഔദ്യോഗിക ബ്ലോഗുകളിൽ പബ്ലീഷ് ചെയ്തതിനു ശേഷം ഒരു ദിവസ കാലാവധിക്കകം നീക്കം ചെയ്യുന്നതാണ്.

8) ഇരുവിഭാഗങ്ങളോടും താൽ‌പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് സ്വന്തമായോ റീഷെയർ ചെയ്തോ നെറ്റ് മാദ്ധ്യമങ്ങളിൽ പ്രസിദ്ധം ചെയ്തിരിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുമെന്നും ഇരുകൂട്ടരും ഇതിനാൽ ധാരണയായിക്കൊള്ളുന്നു.

9) രണ്ടു സൈറ്റുകളുടേയും സമാധാനപരമായ സഹവർത്തിത്വത്തിനും സുഗമമായ പ്രവർത്തനത്തിനും തടസ്സം വരുന്ന എന്തെങ്കിലും കാരണങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഭാവിയിലുണ്ടായാൽ രണ്ടു സൈറ്റുകളുടെ ഔദ്യോഗികഭാരവാഹികൾ തമ്മിൽ ചർച്ച ചെയ്തു് അത്തരം കാര്യങ്ങൾ ര‌മ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും. ഭാവിയിൽ ഇത്തരം ചർച്ചകൾ ആവശ്യമായി വന്നാൽ അക്കാര്യത്തിനായി MSI നിയോഗിച്ചിരിക്കുന്ന ഭാരവാഹികൾ ശ്രീ രാജഗോപാൽ (ബഹ്റൈൻ), ശ്രീ ഹരികൃഷ്ണൻ (ദോഹ) എന്നിവരും M3DB നിയോഗിച്ചിരിക്കുന്ന ഭാരവാഹികൾ ശ്രീ ശ്രീചിത്രൻ (മുംബൈ), ശ്രീ ജി.നിശീകാന്ത് (ആഫ്രിക്ക) എന്നിവരും യിരിക്കും എന്നു് ഇതിനാൽ രേഖപ്പെടുത്തുന്നു.

MSI-യെ പ്രതിനിധാനം ചെയ്തു് ശ്രീ രാജഗോപാൽ (ബഹ്റൈൻ), ശ്രീ ഹരികൃഷ്ണൻ (ദോഹ) എന്നിവരും M3DB-യെ പ്രതിനിധാനം ചെയ്തു് ശ്രീ ശ്രീചിത്രൻ (മുംബൈ), ശ്രീ ജി.നിശീകാന്ത് (ആഫ്രിക്ക) എന്നിവരും തമ്മിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന ധാരണകൾ പ്രകാരമുള്ള  മേൽ‌പ്പറഞ്ഞ ഉടമ്പടി അംഗീകരിച്ചുകൊണ്ട് നിലവിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഇരുവിഭാഗങ്ങളും ഇതിനാൽ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ നടന്ന സംഭവങ്ങളുടെയോ, പരാമർശങ്ങളുടെയോ, അഭിപ്രായപ്രകടനങ്ങളുടെയോ പേരിൽ ഒരു തരത്തിലുമുള്ള ആരോപണങ്ങളോ നിയമനടപടികളോ ഇരുകൂട്ടരുടേയും ഭാഗത്തു നിന്നും ഉണ്ടാകുകയില്ലെന്നും  പരസ്പരം സമ്മതിച്ച് ഏവരേയും ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.

Thursday, March 10, 2011

ചില മറുപടികൾ

അജയ് ഇട്ട ഈ പോസ്റ്റിനു മറുപടി വസ്തുതകളോടെ ഇവിടെ വിശദീകരിച്ചിട്ടുണ്ട്.

ഇനി അജയ് ഇവിടെ ഉന്നയിച്ച ധാർമ്മികമായ ചില കാര്യങ്ങൾക്ക് ഇവിടെത്തന്നെ മറുപടി പറയാം.രണ്ടും മാറിപ്പോവേണ്ട.

എം3യുടെ ഉദ്ഘാടനവുമായി അനുബന്ധിച്ച് എംഎസ് ഐ ഉന്നയിച്ച വാദം എം3ഡിബി എം എസ് ഐയുടെ പലതും കോപ്പിയടിച്ചു എന്നതാണ്. അത് തികച്ചും തെറ്റാണെന്ന് കാണിക്കുവാനാണ് എം3 ലിറിക്സ് കളക്ഷൻസിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.തങ്ങളല്ല കോപ്പി അടിച്ചത് തങ്ങളെയാണ് കോപ്പി അടിച്ചതെന്ന് കാണിക്കാൻ ആവശ്യമായ തെളിവുകൾ മാത്രമാണ് നിരത്തിയത്.എന്നാൽ ഒരു തെറ്റിനെ ന്യായീകരിക്കാനായി എം എസ് ഐ അതിനെ പ്രതിരോധിക്കുന്നത് തിരിച്ചു കോപ്പിയടി നടന്നിട്ടുണ്ടെന്നാണ്. അതിൽ വസ്തുതാപരമാ‍യ ചില തിരുത്തലുകൾ ഇവിടെ ആവശ്യമാണ്.

എം3ഡിബിയുടെ ആദ്യ സൈറ്റായ എം എസ് എൽ 2004ൽ തുടങ്ങിയ ഒരു ലിറിക്സ് കളക്ഷൻ വിഭാഗമാണ്. എന്നാൽ 2008ൽ മാത്രമാണ് എം എസ് ഐ ലിറിക്സ് ടീം തന്നെ ഉണ്ടാക്കിയെടുത്തതെന്ന് എം എസ് ഐ തന്നെ സമ്മതിക്കുന്നുണ്ട്. തങ്ങൾ വളരെ സമയം ചിലവഴിച്ച് ടൈപ്പ് ചെയ്ത് വച്ച പാട്ടുകൾ എം എസൈയിലേക്ക് കോപ്പി ആയി പേസ്റ്റ് ചെയ്യപ്പെടുന്നു എന്ന എം എസ് എല്ലിന്റെ പല അംഗങ്ങളും അക്കാലത്ത് പരാതിപ്പെട്ടിരുന്നു.ലിറിക്സ് നമ്മുടെ നമ്മുടെ മൗലികമായ സ്വത്തല്ല എന്ന് പറഞ്ഞു മനസിലാക്കുകയാണ് ആദ്യം ചെയ്തത്.എന്നാൽ സൈറ്റിന്റെ ഏകദേശം 80%ത്തോളം കളക്ഷൻസ് കോപ്പിയടി ചെയ്തപ്പോളാണ് അജയ്ക്ക് കത്തയക്കുന്നത്. മാന്യമായ മറുപടിയോടൊപ്പം തിരിച്ചും ഒന്ന് രണ്ട്
പാട്ടുകളുടെ കാര്യം അജയ് പറഞ്ഞിരുന്നു.അത് കണ്ടെത്തി ഉടൻ തന്നെ ഡിലീറ്റ് ചെയ്യാനും കഴിഞ്ഞതിനോടൊപ്പം ഇത് ചെയ്ത വ്യക്തിയോട് ഇക്കാര്യം ആവർത്തിക്കരുതെന്ന് പറയുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ എം എസ് എല്ലിന്റെ ഏറ്റവും പ്രൗഡിയേറിയ മറ്റൊരു വിഭാഗമായിരുന്നു അതിലെ കർണ്ണാട്ടിക് കൃതികളുടെ ശേഖരം.രണ്ട് സൈറ്റിനും അറിയാവുന്ന ക്ലാസിക്കൽ സംഗീതപ്രേമിയായ നിത്യാനന്ദ ഒക്കെ എല്ലാദിവസവും മിനിമം 5 കൃതികളെങ്കിലും പങ്ക് വച്ചിരുന്ന സെക്ഷൻ.അതിലും ഇതേ പോലെ ചില അംഗങ്ങൾ കർണ്ണാട്ടിക്.കോമിൽ നിന്ന് ചില കൃതികൾ കൊണ്ട് വന്ന് ഇട്ടു എന്നറിഞ്ഞപ്പോൾ 1500ല്‍പ്പരം ഉണ്ടായിരുന്ന ആ സെക്ഷൻ തന്നെ വെബ് എത്തിക്സിന്റെ ഭാഗമായി പൂർണ്ണമായി ഒഴിവാക്കുകയാണ് ചെയ്തത്.പിന്നീട്  അന്വേഷിച്ചറിഞ്ഞപ്പോൾ രണ്ട് കൂട്ടരും വാങ്ങിയ സിഡി ഇൻലേ കവറുകളിൽ ഉള്ള കൃതികൾ അതേ പോലെ ഇടുകയായിരുന്നു എന്നാണറിഞ്ഞത്.1500ഓളം വരുന്ന ക്ലാസിക്ക് കൃതികളിൽ 20തി
ൽത്താഴെയാണ് മാത്രമാണ് ഇങ്ങനെ കണ്ടെത്തിയിരുന്നത്.എന്നിട്ടും കർണ്ണാട്ടിക്.കോമിനേയും ഇനിയും ഇങ്ങനെ ഒരു ഡ്യൂപ്ലിക്കേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതി ആ സെക്ഷൻ തന്നെ പൂർണ്ണമായി എം എസ് എൽ ക്ലോസ് ചെയ്യുകയായിരുന്നു.ഇതൊക്കെ അജയ് മേനോനോട് സൗഹൃദസംഭാഷണത്തിലും ഞാൻ സമ്മതിച്ച കാര്യങ്ങളാണ്.എന്നാൽ ഇക്കാര്യവും എം എസ് ഐ കോപ്പിയടിച്ച കളക്ഷനും തമ്മിൽ താരതമ്യപ്പെടുത്താനോ അല്ലെങ്കിൽ എം3ഡിബി
കോപ്പിയടിച്ചവരാണെന്ന് പറഞ്ഞ് നടക്കാനോ കഴിയില്ല.കോപ്പിയടിക്കാര്യങ്ങളൊക്കെ അന്ന് തന്നെ മറന്ന് പിന്നീട് വ്യക്തിപരമായി എം എസ് ഐയുടെ സംരംഭങ്ങളുടെ സഹയാത്രികനായും പ്രോത്സാഹനവുമായി ഒരു പരിധി വരെ നിൽക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യവും അജയ് മറക്കാൻ സാധ്യതയില്ല.ആത്മാർത്ഥമായിത്തന്നെ എന്റെ ബ്ലോഗിൽ എംഎസൈ എന്ന സംരംഭത്തിനേപ്പറ്റിയും പറഞ്ഞിരുന്നതോർക്കുമല്ലോ.പിന്നീട് എന്തിനാണ്,എപ്പഴൊക്കെയാണ് അജയ് മാനുഷികമായും അല്ലാതെയുമുള്ള എത്തിക്സിന്റെ ഭാഗമല്ലാതെ പ്രവർത്തിച്ചു തുടങ്ങാൻ കാരണമായതെന്നറിയില്ല.

ധാർമ്മികമായ മറ്റൊരു വശം അജയ് ഇവിടെ ഉയർത്തിക്കാട്ടുന്നത് എം എസ് ഐയുടെ താക്കോൽ കിരണിനേ ഏല്‍പ്പിച്ചിട്ടും വാങ്ങിയില്ല എന്നുള്ളത് - രണ്ട് മൂന്ന് വർഷങ്ങളായി സ്വന്തമായി വളർത്തിയെടുത്ത ഒരു സംഘം സുഹൃത്തുകളുടേയും വെബ്സൈറ്റിന്റെയും തലപ്പത്തേക്ക് പുറത്ത് നിന്ന് വരുന്ന മറ്റൊരാളെ അവരോധിക്കുക എന്ന ഉട്ടോപ്പ്യൻ ആശയം ഉടനടി നിരസിച്ചതിനു പ്രത്യേകം വിശദീകരണം തന്നെയർഹിക്കുന്നില്ല.അക്കാര്യം സ്നേഹത്തോടെ തന്നെ  നിരസിക്കുകയാണ് ചെയ്തത്.

ഇവിടെ പരാമർശിച്ചിരിക്കുന്ന പാച്ചുവിന്റെ കാര്യം വെറുമൊരു ടൈപ്പിംഗ് മിസ്റ്റേക്കാണെന്ന് പ്രിയേഷിനോടു അന്ന് തന്നെ പറഞ്ഞ് മനസിലാക്കുകയും തിരുത്തുകയുമൊക്കെ ചെയ്ത
കാര്യങ്ങളുമാണ്.

ചുരുക്കത്തിൽ ഇക്കാര്യങ്ങളൊന്നും ബ്രാൻഡ് രജിസ്ട്രേഷൻ ഉള്ള എം3യുടെ ഡൊമൈനുകൾ സ്പൂഫ് ചെയ്ത് ട്രാഫിക്ക് വഴിതിരിച്ചുവിടാനും എം3ഡിബി എം എസൈയുടെ കോപ്പിയാണ് എന്ന് പറയുന്നതിനൊന്നും ന്യായീകരണമില്ല എന്നതാണ് കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി പറയാൻ ശ്രമിക്കുന്നത്.അതിനെയൊന്നും തെറ്റായി അംഗീകരിക്കാതെ വ്യക്തിപരമായ ആരോപണങ്ങളിലേക്ക് തരം താഴുകയാണ് ഇവിടെക്കാണുന്നത്. ഇക്കാര്യങ്ങളൊന്നും വിശദമായി
അറിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരും കൂടെക്കൂടിയപ്പോൾ മോഡറേഷൻ കിട്ടി പാസായവരായി മാത്രം ഇതിനെയൊക്കെ ചിത്രീകരിക്കപ്പെട്ടു.

ആദ്യത്തെ വിവാദത്തിന്റെ വ്യക്തമായ തെളിവുകളോടെ അജയെ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ള കാര്യം പലർക്കുമറിയില്ലെന്ന് തോന്നുന്നു. അക്കാര്യം പാടെ നിഷേധിക്കുകയാണ് ചെയ്തത്. രണ്ടാമത്തെ പ്രശ്നമായ എം3 ഡൊമൈൻ വിവാദത്തിലും ഒരു ബ്ലോഗ് പോസ്റ്റ് വന്നിട്ട് വരെ അതിനെ ടെക്നിക്കൽ ബ്രില്യൻസ് എന്ന് പറഞ്ഞ ന്യായീകരിക്കാനാണ് അത് റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് വരെ താങ്കളും കൃത്യമായി കാര്യങ്ങളെ പഠിക്കാതെ ചില എം എസ് ഐ സുഹൃത്തുക്കളും
ചെയ്തത്. പരസ്യമായ പ്രതികരണം ഇതാണെങ്കിൽ രഹസ്യമായത് എന്തായിരിക്കും എന്ന് ആർക്കും ഊഹിക്കാവുന്നതാണല്ലോ.

ഒരു കാര്യം കൂടി പറഞ്ഞ് നിർത്തിക്കോട്ടെ ഒരു സമ്പൂർണ്ണ മലയാളം സിനിമാഡാറ്റാബേസെന്നത് എം എസ് ഐ അവകാശപ്പെട്ടിരുന്നത് പോലെ സിനിമയുടെ ചില ഫീൽഡുകൾ ചേർക്കലല്ല. എം3ഡിബി അത്തരമൊരു പുതിയ പ്രോജക്റ്റിനായി ഇറങ്ങിയത് അക്കാര്യത്തെ ആഴത്തിൽ പഠിച്ചു കൊണ്ടു തന്നെയാണ്.പൂർണ്ണമായും യുണീക്കോഡ് മലയാളത്തിലായതിനാൽ ഇന്റർനെറ്റിലേയും ബ്ലോഗിലേയും ഒരു കൂട്ടം സിനിമാപ്രേമികളെ അണിനിരത്തി വിശദമായി പഠിച്ച്
തയ്യാറാക്കിയതാണ് ഈ പ്രോജക്റ്റ്. ഒരോ സിനിമയുടെയും ചെറുവിവരങ്ങൾ വരെ ഉൾപ്പെടുത്തി ഏകദേശം 50-60തോളം ഫീൽഡുകളാണ് എം3യുടെ സിനിമാഡാറ്റാബേസ് എന്നത്. സിനിമകളെയും ഒരോ ആർട്ടിസ്റ്റുകളേയും അവതരിപ്പിക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ താഴെയുള്ള ഈ ലിങ്കുകളിൽ നോക്കുക.

ചില സിനിമകളുടെ ഉദാഹരണങ്ങൾ
1. മണിച്ചിത്രത്താഴ്
2. ബാലൻ
3. ട്രാഫിക്

ആർട്ടിസ്റ്റുകളുടെ ഉദാഹരണങ്ങൾ
1. ജോൺസൺ
2. വയലാർ
3. പി പത്മരാജൻ

ഒരു സിനിമാഡിബിയിൽ മാത്രമൊതുങ്ങുന്നതല്ല എം3യുടെ നിലവിലുള്ള മൗലികമായ പ്രോജക്റ്റുകളെന്ന് ഏറെ വിശദമായി ഇവിടെയും , ഇവിടെയും ,ഇവിടേയുമൊക്കെ പ്രതിപാദിക്കുന്നുണ്ട്.

ജീവനമാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന മിനിമം ആവശ്യമെന്നും എത്തിക്സിന്റെ ഭാഗമല്ലാതെയുള്ള കിടമത്സരമല്ലെന്നും എം എസൈയുടെ പല സുഹൃത്തുക്കൾ വഴിയും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയമടഞ്ഞതും ഇവിടെ പരാമർശിക്കേണ്ടതാണ്.

സസ്നേഹം
കിരൺ.

അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി

മുൻ പോസ്റ്റിൽ ഡാൻസ് കമന്റു ചെയ്തപോലെ ‘അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി’ എന്നു പറയുന്ന രീതിയിലുള്ള മറുപടികളാണ് വീണ്ടും ഉയരുന്നത്…!!!

ഞങ്ങൾ ഡിസം. 20 ന് നടത്തിയ ഉദ്ഘാടനം കലക്കാൻ ശ്രമിച്ചു എന്ന് ഇവിടെ
സമ്മതിച്ചിരിക്കുന്നത് വായിച്ചാൽ ആർക്കും (MSI പ്രവർത്തകർക്കുൾപ്പടെ)
മനസിലാകുന്നില്ലെന്നുണ്ടോ? അജയ് മേനോന്റെ പോസ്റ്റിൽ നിന്ന് “Another clarification that has been sought is what did we do to destroy and inauguration of M3db. It is a well known fact that I told anybody who would listen that the attempts by M3db to claim themselves to be the first Movie Information database is completely false. This is the extent of what I personally did. If that
turned out to be anything beyond, I have no part in it”


ഒരു തെറ്റിനെ ന്യായീകരിക്കാനായി ഡിസം. 20 ന്റെ ഉദ്ഘാടനത്തിനു മുൻപ് ഞാൻ എങ്ങനെ അറിയും M3DB എന്നാണ് നിങ്ങളുടെ സൈറ്റിന്റെ പുതിയ പേര് എന്നല്ലേ താങ്കൾ ചോദിച്ച ഒരു ചോദ്യം? എം.എസ്.ഐയിൽ ഇപ്പോൾ താങ്കളോടൊപ്പമുള്ള ചിലർ ഞങ്ങളുടെ ഈ സംരംഭത്തിൽ പങ്കാളികളായിരുന്നു. ഇനി അതും നിഷേധിക്കാനാണ് പോകുന്നതെങ്കിൽ ഞങ്ങളുടെ കയ്യിൽ അവർ കൂടെ ഉൾപ്പടെ ഉള്ള ചർച്ചകളുടെ പ്രിന്റ് സ്ക്രീൻ തരാം, അത് തെളിയിക്കട്ടെ ഇതിലെ സത്യാവസ്ഥ.

അതുപോലെ ഡിസംബർ 2ന് പരസ്യമായി വന്ന ഈ ഗൂഗിൾ ബസ്സിൽ എം3 എന്ന പേരിനും അതിന്റെ പ്രോജക്റ്റുകളേയും ഒക്കെ വ്യക്തമായി ഏത് സാധാരണക്കാരനും മനസിലാകാനുള്ള ഭാഷയിൽ എഴുതി വച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി മനസിലാക്കിയിട്ടും ഡിസംബർ 20 ന് സൈറ്റിലെ കണ്ടന്റുകൾ പരസ്യമായി രംഗത്ത് വന്നിട്ടും മാർച്ച് 8, 2011 വരെ നീണ്ടു നിന്ന സൈബർ സ്ക്വാടിംഗ് എന്ന കുറ്റകൃത്യമാല്ലേ താങ്കൾ ചെയ്തിരിക്കുന്നത്?

വസ്തുതകൾ മുന്നിൽ കിടക്കുമ്പോൾ കാടടച്ചു വെടിവയ്ക്കുന്നതിന്റെ സാംഗത്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ M3DB എന്നൊരു സൈറ്റ് പൊതുവായി പ്രഖ്യാപിക്കുമ്പോൾ (ഡിസംബർ 2, 2010) MMDB എന്നൊരു വെബ്ബ് പോലും MSI രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല.
 ഞങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് 2010 ജൂൺ - ജൂലായ് മാസങ്ങളിലാണ്. ഒരു മാരത്തൺ ചർച്ചയിലൂടെയാണ് അവസാനം ഒക്ടോബർ മാസം M3DB എന്ന പേർ ഞങ്ങൾ സ്വീകരിക്കുന്നത്. താങ്കളുടെ ഗ്രൂപ്പിൽ ഇപ്പോഴുള്ള ചിലർ ഇതിനൊക്കെ ഇവിടെ സാക്ഷികളാണ്. അവരോടു തന്നെ ചോദിച്ച് മനസിലാക്കൂ. അവർ നിരസിച്ചാൽ ഈ വസ്തുതകൾ തെളിവു സഹിതം എവിടെ ആർക്കുമുന്നിലും കാണിക്കാൻ ഞങ്ങൾ തയ്യാറാണ്.

ഒരാൾ നിരപരാധിയാണെങ്കിൽ വ്യക്തിപരമായി അയാളെ അപകീർത്തിപ്പെടുത്താൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. എന്താണ് ഞങ്ങളുടെ ആവശ്യങ്ങൾ എന്ന് മുൻ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങളുടെ ആവശ്യങ്ങൾ സത്യമാണെന്നും ന്യായമാണെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞ് ആ ഡൊമേനിലുള്ള അവകാശം ഉപേക്ഷിക്കാൻ താങ്കൾ തയ്യാറായി എന്നത് ഞങ്ങളുടെ ആദ്യ വിജയമായി കണക്കാക്കുന്നു.ഞങ്ങളെക്കുറിച്ച് ഇതിന്റെ ഉദ്ഘാടന വേളയിൽ മാദ്ധ്യമങ്ങളോടും മറ്റും പറഞ്ഞു പ്രചരിപ്പിച്ച തെറ്റായ കഥകൾക്ക് ഒരു ഖേദപ്രകടനം താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല. കാരണം അത് തെറ്റാണെന്ന് ബോദ്ധ്യപ്പെടാൻ ഇതുവരെയും താങ്കൾക്ക് കഴിഞ്ഞില്ലെന്നറിഞ്ഞതുകൊണ്ടു തന്നെ.

എല്ലാം അവിടം കൊണ്ടവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ്, അരിയും തിന്നും ആശാരിച്ചിയേം കടിച്ചു പിന്നെയും നായ്ക്ക് മുറുമുറുപ്പ് എന്നതു പോലെ ആ ഡൊമേൻ വിട്ടു തരുന്നു എന്ന് പറഞ്ഞ് താങ്കളിട്ട പോസ്റ്റിൽ മറ്റ് ചില ദുരാരോപണങ്ങൾ വ്യക്തിഹത്യയിലേക്ക് നീളുന്നതായി കാണുന്നത്. ഉമ ഗോപിനാഥ് എന്ന ഞങ്ങളുടെ പ്രവർത്തകയെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുന്ന വലിയൊരു ക്രിമിനൽ കുറ്റമാണ് താങ്കള്‍ ചെയ്യുന്നത്.
സുഹൃത്തേ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ഒരു സ്ത്രീയ്ക്ക് എതിരെ ഉന്നയിക്കുന്ന താങ്കൾ ഈ ലോകത്തിന്റെ ഏതുകോണിലായാലും അതിനെ നിയമപരമായി നേരിടാൻ ഞങ്ങൾക്കാകുമെന്നും അതിനുള്ള വകുപ്പുകൾ ഉണ്ട് എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും. ഇത് ഭീഷണിയല്ല, ഓർമ്മപ്പെടുത്തലാണ്, കാരണം നിങ്ങൾക്ക്കു തന്നെ അറിയാം അത് നിങ്ങൾ കെട്ടിച്ചമച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്ന്.

കിരണുമൊത്ത് ഒത്ത് ചേർന്ന് താങ്കളെ നശിപ്പിക്കാൻ കച്ച കെട്ടി എന്ന് ഒരടിസ്ഥാനവുമില്ലാതെ  താങ്കൾ പരസ്യമായി ആരോപിച്ച ഉമ എന്ന വ്യക്തിയാണ് ഇങ്ങിനെ ഒന്നും പരസ്യ പ്രതികരണം ഒന്നും നമുക്ക് വേണ്ട എന്ന് ഞങ്ങളുടെ ഗ്രൂപ്പിൽ തുടക്കം മുതൽ
ഒരുപാടു വാദിച്ചിരുന്നത്. ഇതേ വ്യക്തി തന്നെയാണ് ഇന്നലെ വരെ ഇതിനെത്രയും പെട്ടെന്നൊരു പരിഹാരം ഉണ്ടാവാനായി എം എസ് ഐ ലെ പലരോടും സംസാരിച്ചതും. എം എസ് ഐ എന്ന പ്രസ്ഥാനത്തിലെ ചിലർ നടത്തിയ അനുരജ്ഞനശ്രമങ്ങൾക്ക് ഏറ്റവും മുന്നിൽ നിന്ന് ശ്രമിച്ച വ്യക്തിയാണ് ഈ ഉമ. നിങ്ങളുടെ ഗ്രൂപ്പിൽ അനുരഞ്ജനത്തിറങ്ങിയവർക്ക് ഇത് വ്യക്തമായി അറിയാവുന്നതാണ്. ഇങ്ങിനെ ഒരു വ്യക്തിയെയാണ് താങ്കൾ നിരുത്തരവാദപരമായ / തെളിവില്ലാത്ത ആരോപണങ്ങളുടെ പേരിൽ വ്യക്തിഹത്യയുടെ മുനമ്പിൽ നിർത്തിയിരിക്കുന്നത്.

ഒരു ഉമ ഒരു കിരണിനോട് താങ്കളെന്ന വ്യക്തിയെ ഇല്ലാതാക്കണമെന്ന് പറഞ്ഞു എന്നു പറഞ്ഞ് നെറ്റിൽ പോസ്റ്റിടുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് താങ്കൾക്കും സഹപ്രവർത്തകർക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടോ? സ്ത്രീകൾക്കെതിരെ തെളിവുകളില്ലാതെ അരോപണങ്ങൾ ഉന്നയിച്ചാൽ ഏതു രാജ്യത്തായാലും അതിനുള്ള ശിക്ഷ എന്താണെന്ന് താങ്കൾക്ക് അറിയുമോ. താങ്കളുടെ നിയമജ്ഞരായ സുഹൃത്തുക്കളോട് അന്വേഷിച്ചാൽ ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇനിയും ഇത്തരത്തിലുള്ള ആരോപണം അതാരായാലും വച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായ ഭാഷയിൽ അറിയിച്ചുകൊള്ളട്ടെ. ഈ ആരോപണങ്ങൾ പിൻ‌വലിച്ച് പൊതുവായ ഒരു ഖേദപ്രകടനം നടത്തി നിയമനടപടികൾ ഒഴിവാക്കാൻ അജയ് മേനോൻ തയ്യാറാകണം എന്ന് ഞങ്ങൾക്ക് ഇപ്പോഴും പറയാൻ തോന്നുന്നത് നിയമനടപടികൾ ഇങ്ങിനെ ഒരു കേസിൽ നിങ്ങൾക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എത്രമാത്രമുണ്ട് എന്ന് ഞങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുകൊണ്ടുമാത്രമാണ്.. ഇത്ര മാത്രമേ ഈ വൈകിയ വേളയിൽ ഞങ്ങൾക്ക് ഈ വിഷയത്തിൽ പറയാനുള്ളു.

ഒരു അനുരഞ്ജനത്തിന്റെ പാതയിലേക്ക് താങ്കൾ അയച്ച വ്യക്തികൾ ഞങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് ഞങ്ങൾ കഴിഞ്ഞ ദിവസം മൌനം പാലിച്ചിരുന്നത്.എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ഒരു വശത്തുകൂടി അനുരജ്ഞനവും മറുവശത്ത് തരംതാണ ആരോപണവുമായി കളിച്ച കളി നന്നായിരിക്കുന്നു. താങ്കൾ അതിബുദ്ധിമാനായിരിക്കാം, പക്ഷേ, അത് കുബുദ്ധിയാണെന്ന് ഞങ്ങൾക്കും ഈ ലേഖനങ്ങൾ വായിക്കുന്നവർക്കും തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ എന്നു മനസ്സിലാക്കുക.

ഇതു വരെ നടന്നത്.

1.ജൂലൈ 28,2010 - ലാണ് സിനിമാഡിബി ചർച്ചകൾ എം3ഡിബി തുടങ്ങിവയ്ക്കുന്നത്.മലയാളം ബ്ലോഗിലെ ഏകദേശം 30തോളം സിനിമാപ്രേമികൾ ഉൾപ്പട്ടെ ആ പ്രോജക്റ്റിന്റെ തുടക്കം  അതിന്റെ വ്യക്തമായ തെളിവുകൾ.ഇവിടെ നോക്കുക.

2.ഒക്ടോബർ 8,2010 - എം3ഡിബി എന്ന പേരും ഡൊമൈനും രജിസ്റ്റർ ചെയ്യുന്നു.ഇവിടെ നോക്കുക. 

3.ഡിസംബർ 2,2010 -ആം തീയതി എം3യുടെ ലോഗോയും ഉദ്ഘാടനവും പേരുമൊക്കെ പരിചയപ്പെടുത്തിയതിന്റെ തെളിവുകൾ. 2010 ഡിസംബർ 20താം തീയതി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ വിവരങ്ങൾ പ്രതിപാദിക്കുന്ന ബസ്സ് 55ഓളം ആളുകൾ റീഷെയർ ചെയ്ത പോസ്റ്റ്. ഇന്റർനെറ്റിൽ ഉള്ള ഇത്രയും ആളുകൾക്ക് എം എസ് ഐയുടെ ഭാഗമായി ഒരു എം എം ഡിബി പ്രോജക്റ്റിനേത്തന്നെ അറിയില്ല എന്നതിന്റെ തെളിവ് ഇവിടെ.


4.ഡിസംബർ 3,2010 -എതിരന്റേയും പാച്ചുവിന്റേയും ബസ്സിലും ബ്ലോഗിലും വന്ന എം എസ് ഐ അഡ്മിനുകളായ സുനീഷിന്റേയും പ്രിയേഷിന്റേയും കമന്റ്.അവർക്ക് പോലും അറിയാത്ത ഒരു പ്രോജക്റ്റിനേപ്പറ്റി ലോകത്തിൽ മറ്റെല്ലാവർക്കും അറിയാമെന്നത് വസ്തുതാപരമായി തെറ്റാണ്.ഇവിടെയും ഇവിടെയും നോക്കുക.

5.ഡിസംബർ 4,2010 -  എം എം ഡിബി കഴിഞ്ഞ ഏഴുവർഷമായി ഉണ്ട് എന്ന നിലയിൽ അജയ് മേനോന്റെ വ്യാജ അവകാശത്തിന്റെ ബസ്സ്.എം എം ഡിബി എന്ന പ്രോജക്റ്റിനേപ്പറ്റി പുറത്ത് നിന്ന് ചോദ്യമുയർന്നപ്പോൾ 2007 മുതൽ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനായി അതിന്റെ ലോഗോ ഉൾപ്പടെ മോഡിഫൈ ചെയ്യുന്നു .അന്ന് തന്നെ mm-db.com എന്ന സൈറ്റ് ബുക്ക് ചെയ്യുന്നു.ഇവിടെ നോക്കുക.

6.ഡിസംബർ 4,2010 - എം3ഡിബിയുടെ സ്പൂഫ് ഡൊമൈനുകൾ ബുക്ക് ചെയ്യുന്നു.എം3ഡിബിയുടെ എല്ലാ സ്പൂഫ് ഡൊമൈനുകളും മലയാളസംഗീതം.ഇൻഫോയിലേക്ക് തിരിച്ചു വിടുന്നു.തെളിവുകൾ മുൻപത്തെ പോസ്റ്റിൽ ഹാജരാക്കിയിട്ടുണ്ട്.

5.ഡിസംബർ 18,2010 - എം3യുടെ പത്രസമ്മേളനം നടക്കുന്നു.അതിൽ എല്ലാ പത്രപ്രതിനിധികളേയും ഡിസംബർ 20തിനു നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.എത്തിച്ചേരാമെന്ന് അവർ സമ്മതിക്കുന്നു.

6.ഡിസംബർ 20,2010 - മലയാളത്തിന്റെ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ,ശ്രീ പി ടി കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്ത മനോഹരമായ ചടങ്ങിനു പത്രപ്രതിനിധികളൊന്നും പങ്കെടുക്കുന്നില്ല.

7.ഫെബ്രുവരി 2,2011 - എം3യുടെ സമ്മേളനത്തിന് മീഡിയ പ്രതിനിധികളെ ഒഴിച്ചു നിർത്തിയെന്ന വാർത്ത  എം3യുടെ പ്രവർത്തകർ അറിയുന്നു.വസ്തുതകളെ പഠിച്ചും പരസ്യമായി പ്രതികരിക്കാതെയും അതിനു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു.

8.ഫെബ്രുവരി 17 ,2011 - എല്ലാ തെളിവുകളും കിട്ടിയതിന്റെ പശ്ചാത്തലത്തിൽ അജയ് മേനോനെ ഇക്കാര്യങ്ങൾക്കായി ഫോണിൽ ബന്ധപ്പെടുന്നു.എല്ലാവരെയും പോലെ അദ്ദേഹം അത് നിഷേധിക്കുന്നു.

9.മാർച്ച് 3 ,2011 - ചില പ്രവർത്തകർ എം3യുടെ മറ്റ് ഡൊമൈനുകൾ അന്വേഷിച്ചപ്പോൾ   എം3യുടെ മറ്റ് ഡൊമൈനുകളെല്ലാം മലയാളസംഗീതം.ഇൻഫോയിലേക്ക് പോവുന്നെന്ന് കണ്ടെത്തുന്നു.നിയമപരമായും സൈബർ വിദഗ്ധന്മാരോടും ഇക്കാര്യം ചർച്ച ചെയ്തപ്പോൾ സൈബർ സ്ക്വാടിംഗ് എന്ന കുറ്റമാണ് മലയാളസംഗീതം ചെയ്തിരിക്കുന്നത് എന്നത് ബോധ്യമാവുന്നത്.

10.മാർച്ച 4,2011 - ഇക്കാര്യങ്ങളൊക്കെ പരസ്യമായി വിശദീകരിച്ചു കൊണ്ട് എം3യുടെ ബ്ലോഗ് പോസ്റ്റ്.

11.മാർച്ച് 8,2011 - എം3ഡൊമൈനുകളൊക്കെ ബുക്ക് ചെയ്ത് വഴിതിരിച്ച് വിടുന്ന സൈബർ സ്ക്വാടിംഗ്  തെറ്റാണെന്ന് അംഗീകരിക്കാതെ ടെക്നിക്കൽ കാരണങ്ങൾ ന്യായീകരണമായി പറഞ്ഞ് മനസില്ലാ മനസ്സോടെ ആ ഡൊമൈനുകളെ ഉപേക്ഷിക്കുന്നു.പകരം എം3യുടെ മുന്നണിയിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ വ്യക്തിഹത്യാ ആരോപണങ്ങൾ ഉന്നയിക്കുന്നു.

Friday, March 4, 2011

സൈബർ തട്ടിപ്പുകാരാ ഇതിലേ..ഇതിലേ..


ഈ പോസ്റ്റ് ഒറ്റനോട്ടത്തിൽ 
1. യഥാർത്ഥത്തിൽ കോപ്പിയടിച്ചത്  തങ്ങളാണെന്നിരിക്കേ തിരിച്ച് ഒരു ആരോപണം കൊണ്ടു വന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുക.
2.ഇതേ ആരോപണമുന്നയിച്ച് എം3ഡിബിയുടെ ഉദ്ഘാടനച്ചടങ്ങുകളെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുക.
3. www.m3db.com
 ന്റെ  മറ്റ് ഡൊമൈനുകളെല്ലാം www.m3db.info, www.m3db.net ,www.m3db.org , www.m3db.us സ്വന്തം പേരിൽ ക്രിമിനൽ ബുദ്ധിയോടെ രജിസ്റ്റർ ചെയ്ത് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം സൈറ്റായ മലയാളസംഗീതം.ഇൻഫോയിലേക്ക് തിരിച്ചു വിടുക.


ആമുഖം
www.malayalamsongslyrics.com അഥവാ MSL എന്താണെന്ന് ഗാനസാഹിത്യപ്രേമികളോട് വിവരിക്കേണ്ട ആവശ്യമേയില്ല. കഴിഞ്ഞ 7 വർഷമായി ലോകത്തെമ്പാടുമുള്ള മലയാളികളായ ഗാനസാഹിത്യപ്രേമികള്‍ക്ക് ഈ പേർ മറക്കുവാനും കഴിയില്ല. അതിന്റെ മുഖ്യമായ കാരണം മലയാള ഗാന സാഹിത്യ ശേഖരമായി ആദ്യമായി ആരംഭിച്ചതായിരുന്നു എം.എസ്.എൽ എന്ന ഈ സംരംഭം എന്നത് കൊണ്ട് തന്നെയാണ്. 2010ൽ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വമ്പൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട്  www.m3db.com എന്ന പുതിയ സൈറ്റ് ഉദയം ചെയ്തു.എന്നാൽ ഇന്ന് ചില ആക്രമണങ്ങൾക്കും അപവാദങ്ങൾക്കും തെറ്റിദ്ധാരണാജനകമായ പ്രചാരങ്ങൾക്കും  വശംവദമായിരിക്കുകയാണ് M3db. ഞങ്ങളുടെ നിലനിൽ‌പ്പിനെത്തന്നെ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ..നെറ്റ് ലോകത്ത് ഞങ്ങളൂടെ സൈറ്റ് നിർബ്ബാധം പിൻ തുടരുന്ന ലക്ഷക്കണക്കിനു വായനക്കാർക്കു വേണ്ടി ചില സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ നിർബ്ബന്ധിതരായിരിക്കയാണ് ഞങ്ങൾ. ഒരു ആവലാതിയുടെ ലാഞ്ഛനയില്ലാതെ നിങ്ങൾക്കു വേണ്ടി ഉള്ളു തുറക്കുകയാണ്.  

കഥാസാരം
2004 ന്റെ തുടക്കം. ഇന്റെർനെറ്റിൽ സംഗീതപ്രേമികൾ mp3 പാട്ടുകൾക്കപ്പുറം സംഘടിതമായി പ്രവർത്തിക്കുക എന്ന ആശയത്തിന്റെ തുടക്കം അപ്പോഴാണ്‌.അന്ന് ഓൺലൈൻ മെസ്സഞ്ചർ സംഘങ്ങളിൽ മലയാളഗാനങ്ങൾ പാടി നടന്നിരുന്ന നാട്ടിലും വിദേശങ്ങളിലുമുള്ള കുറേ സംഗീതപ്രേമികൾ പാടാൻ വരികൾ തേടി പലയിടത്തും അന്വേഷിച്ചലഞ്ഞിരുന്നു.അങ്ങനെ ലഭ്യമായ പാട്ടുകളുടെ വരികൾ ശേഖരിച്ച് ഇന്റെർനെറ്റിൽ സൂക്ഷിക്കുവാൻ അവർ തീരുമാനിച്ചു.

പാട്ടുകൾ കേൾക്കാനും ചർച്ചകൾക്കുമായിരുന്ന മലയാളവേദി.കോം,ഡൗൺലോഡ് ചെയ്യാനുള്ള കൂൾഗൂസ്, കൂൾറ്റോട് എന്നിങ്ങനെയുള്ള ചില വെബ്ബ്സൈറ്റുകളല്ലാതെ  മലയാള ഗാനസാഹിത്യശേഖരത്തിനായി ഇക്കാലയളവിലൊന്നും സമാനമായ മറ്റ് സംരംഭങ്ങളൊന്നും ഇന്റർനെറ്റില്‍ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള, ഇന്റര്‍നെറ്റുമായി ബന്ധമുള്ള സംഗീതപ്രേമികൾ കഷ്ടപ്പെട്ട് പഴയ പാട്ടുപുസ്തകങ്ങളിൽ നിന്നും അറിയാവുന്ന ഗാനശേഖകരുടെ കൈകളിൽ നിന്നും തങ്ങളുടെ കൈവശമുള്ള mp3 / ഓഡിയോ കാസറ്റുകൾ ഫോർവേഡും റീവൈന്റും ചെയ്ത് സങ്കീര്‍ണ്ണമായ സ്വരങ്ങൾ ഉൾപ്പടെയുള്ള പാട്ടുകൾ കേട്ട് പകർത്തിയും മറ്റും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. ധാരാളം ആളുകൾ ഈ സംരംഭത്തിനായി വരികള്‍ സംഭാവന ചെയ്തു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഗാനസാഹിത്യശേഖരമെന്ന നിലയിലേക്ക് മലയാളം സോങ്ങ്സ് ലിറിക്സ് ഡോട് കോം എന്ന എം.എസ്.എൽ വളർന്നു.ഡാറ്റാബേസിൽ മാത്രമൊതുങ്ങാതെയുള്ള വ്യത്യസ്തത എം3യുടെ സമ്പൂർണ്ണ ചരിത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇവിടെ വായിക്കുക.
ഉദ്ദേശം രണ്ട് വർഷങ്ങൾക്കുശേഷം ശേഷം  2006ന്റെ പകുതിയോടെയാണ് മലയാളഗാനങ്ങളുടെ വിവരശേഖരത്തിനായി മലയാളസംഗീതം.ഇൻഫോ എന്ന മറ്റൊരു വെബ്ബ്സൈറ്റ് വേറെ ഒരാൾ തുടങ്ങുന്നത്  .

സമ്പൂർണ്ണ വിവര ശേഖരം എന്ന ഉദ്യമം കണ്ടപ്പോൾ അതിയായ സന്തോഷം ഉണ്ടായെങ്കിലും തുടര്‍ന്നുള്ള രണ്ട് വർഷങ്ങളില്‍ അതിന്റെ നേതൃത്വം/അണിയറപ്രവര്‍ത്തകര്‍ ചെയ്തത് എം എസ് എല്ലിൽ ഏകദേശം 5000ത്തിനു മുകളിലുണ്ടായിരുന്ന സാഹിത്യശേഖരത്തിന്റെ 80% ത്തോളം കണ്ടന്റുകൾ അനുമതിയില്ലാതെ പകര്‍ത്തി കൊണ്ട് പോവുക എന്നതായിരുന്നു. തുടക്കത്തിൽ  തന്നെ വിവിധ വ്യക്തികള്‍ മുഖേന ഈ വിവരം അതിന്റെ ശില്‍പ്പികളെ അറിയിച്ചിരുന്നെങ്കിലും 2008ന്റെ തുടക്കത്തോടെ 'മലയാളം സോങ്ങ്സ് ലിറിക്സ്' വെബ്ബ്സൈറ്റിന്റെ” ഏറിയ പങ്കും എല്ലാ ഇന്റർനെറ്റ് വെബ്ബ് മര്യാദകളും മറന്നുകൊണ്ട് പൂർണ്ണമായി പകര്‍ത്തി എന്നറിഞ്ഞപ്പോൾ അവിടുത്തെ അഡ്മിനിസ്ട്രെറ്റര്‍ക്ക് കത്തയച്ചു. നിരുപാധികം ക്ഷമ ചോദിച്ചുകൊണ്ടുള്ള മാന്യമായ മറുപടിയും ലഭിച്ചു. തുടർന്നുണ്ടായ ഒത്ത് തീർപ്പ് വ്യവസ്ഥകളിൽ പകര്‍ത്തിയ വരികള്‍ എടുത്ത് മാറ്റാമെന്നും അല്ലെങ്കിൽ എം എസ് എൽ വെബ്ബ്സൈറ്റിലേക്ക് ലിങ്ക് ചെയ്തു കൊള്ളാമെന്നും ഉണ്ടായിരുന്നു. കുറച്ച് കാലം ആ രീതികള്‍ തുടര്‍ന്നു. പക്ഷേ ഇന്ന് അതൊന്നുംതന്നെ കാണാനില്ലെന്ന് മാത്രമല്ല, ഇന്ന് കോപ്പിയടിക്കപ്പെട്ടവർ തങ്ങളാണെന്ന് വരുത്താനും ശ്രമിക്കുന്നു.
ഈ ഡോക്കുമെന്റിൽ എല്ലാം തെളിവുകളോടെ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്.

ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ച ഇന്റലക്ച്വൽ പ്രോപ്പര്‍ട്ടി അല്ലാത്ത വിവരങ്ങൾ ആരെങ്കിലും പകര്‍ത്തുകയും വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ പരാതി പറയുന്നത് ഒരു മാതിരി അലമ്പ് ഏര്‍പ്പാടാണെന്ന് വ്യക്തമായി അറിയാമായിരുന്നതുകൊണ്ട് തന്നെ കോപ്പിയടിക്കപ്പെട്ടെങ്കിലും മലയാളസംഗീതം.ഇൻഫോ എന്ന വെബ്ബ്സൈറ്റിൽ നിന്നും വ്യത്യസ്ഥമായി എന്ത് ചെയ്യുവാന്‍ കഴിയും എന്നതായിരുന്നു എം എസ് എല്ലിന്റെ അണിയറപ്രവർത്തകരുടെ ചിന്ത. അങ്ങനെയാണ് ഗാനശേഖരത്തിന്റെ യുണീക്കോഡ് വേർഷൻ വരുന്നത്, അതിനോടൊപ്പം തന്നെ ഈണം, പുതുഗായകർക്കായുള്ള ഗാനസദസ്സ് ,പുതുഗായകർക്കുള്ള കുഞ്ഞൻ റേഡിയോ എന്നിവ രൂപം കൊള്ളുന്നത്.

അവിചാരിതം അഥവാ കഥയിലെ വെട്ടിതിരിയലുകൾ
ഇപ്പോഴിത് പറയാനുണ്ടായ വെളിപാടിന്റെ പ്രസക്തി m3db എന്ന വെബ്ബ്സൈറ്റ് തുടങ്ങുന്നിടത്താണ്,അപ്രതീക്ഷിതമായ ചില ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ്.കേവലമൊരു ഗാനസാഹിത്യശേഖരണത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ സംരംഭമെന്ന് തോന്നിയതിനാലാണ് മലയാള ചലച്ചിത്രങ്ങളുടെ വിശാലമായ വിവരശേഖരണത്തിലേക്ക് നമ്മള്‍ തിരിയുന്നത്.മലയാളസിനിമകളേപ്പറ്റി വികലമായോ/ശുഷ്കമായോ വിവരങ്ങൾ നൽകുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്,അടിസ്ഥാന വിവരങ്ങൾ പോലും കൊടുക്കാതെയുള്ള മറ്റ് സംരംഭങ്ങൾ, ഇവയെയൊക്കെ വ്യക്തമായി പഠിച്ചുകൊണ്ടാണ് ഇന്റർനെറ്റിലെ അനേകം സിനിമാപ്രേമികളെ അണിനിരത്തി ഒരു സമ്പൂർണ്ണമലയാളം ഡാറ്റാബേസ് എന്ന ചിന്തക്ക് രൂപം കൊടുക്കുന്നത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഏകദേശം 40പതോളം ചെറുവിവരങ്ങളടങ്ങിയ തരത്തിൽ സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിക്കുവാൻ ആവശ്യമായ പഠനത്തിനു ശേഷം  2010,ജൂലൈ 28നു  അത്തരമൊരു സംഘം ഗൂഗിൾ ഗ്രൂപ്പിൽ രൂപം കൊണ്ടു.അതിന്റെ വിശദാംശങ്ങൾ ഇവിടെ നോക്കുക.

ഒപ്പം തന്നെ ‘ഈണം’ എന്ന സ്വതന്ത്ര ആൽബത്തിന്റെ വരുംകാ‍ല ആൽബങ്ങളും സമാന സ്വഭാവമുള്ളതും കുറഞ്ഞ പ്രയത്നത്തിൽ ഗാനങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുമായ ‘നാദ’വും ഇതിനോടൊപ്പം സംയോജിപ്പിച്ചു കൊണ്ട് ഒരു സമ്പൂർണ്ണ സിനിമാ - സംഗീത ഡാറ്റാബേസ് പോർട്ടൽ എന്ന ചിന്തയും ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന എം3ഡിബി ) മുന്നോട്ടു വന്നു. 2010 ഡിസംബറിൽ പാലക്കാടുള്ള “മൃണ്മയി“ എന്ന ഭവനത്തിൽ വച്ച് സംഗീത സംവിധായകൻ ശ്രീ ജോൺസൺ, ചലച്ചിത്ര സംവിധായകൻ ശ്രീ പി. ടി. കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്നാണ് എം.ത്രീ.ഡി.ബി എന്ന വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. പ്രസ്തുത പരിപാടിയോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിന്റെ റിപ്പോർട്ടുകൾ പോലും പത്രമാധ്യമങ്ങളിലും ചാനലുകളിലും വരികയും എന്നാൽ ജോൺസന്മാസ്റ്ററേപ്പോലെ,പിടി കുഞ്ഞുമുഹമ്മദിനേപ്പോലെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് റിപ്പോർട്ട് ചെയ്യാമെന്നേറ്റ പത്രപ്രവർത്തകര്‍ ആരും തന്നെ സംഭവദിവസം അവിടെ എത്താതെയുമിരുന്നതിനാൽ സ്വാഭാവികമായും തുടർ അന്വേഷണങ്ങളുണ്ടായി. അങ്ങിനെയാണ് പത്രപ്രവര്‍ത്തകര്‍ എത്തിച്ചേരാതിരുന്നത്/അല്ലെങ്കിൽ പകുതിവഴിയിൽ തിരികെ മടങ്ങിയത് ഒരാൾ നടത്തിയ ചരടുവലി മൂലമാണെന്ന് മനസ്സിലാകുന്നത്. പാലക്കാടുള്ള പ്രമുഖനായൊരു സാംസ്കാരിക നായകനെ നമ്മുടെ വെബ്ബ്സൈറ്റ് മറ്റൊന്നിന്റെ പകര്‍പ്പ്‌ മാത്രമാണെന്നും ഇതിന്റെ പിന്നിലുള്ളവരെല്ലാം നല്ലയിനം ഫ്രോഡുകളാണെന്നും തെറ്റിദ്ധരിപ്പിച്ച് മീഡിയയെ മുഴുവനായി ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്യുകയുമായിരുന്നു.ഒരു ഭവനത്തിൽ വച്ചായിരുന്നു ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നതിനാൽ അവിടെയുള്ളവരെ ബാധിക്കുന്ന തരത്തില്‍പ്പോലും അധിക്ഷേപങ്ങളും ആരോപണങ്ങളും അതിനോടൊപ്പം ഉയർന്നു വന്നു എന്നതും ഏറെ ദുഃഖകരമായ വസ്തുത ആയിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടും പൊതുവേദിയിൽ അതിനു മറുപടിയായുള്ള  ശക്തമായ പ്രതികരണത്തിൽ നിന്ന് വിട്ടു നിന്നത്  ഇത് തുറന്നുപറയുമ്പോള്‍ മലയാളസംഗീതം.ഇൻഫോ എന്ന സംരംഭത്തിൽ ഇതൊന്നുമറിയാതെ പങ്കാളികളായിരിക്കുന്ന ബഹുമാന്യരായ പല സംഗീതപ്രേമികൾക്കും അത് മാനസികമായി വേദനയാകുമോയെന്നു ശങ്കിച്ചതുകൊണ്ട് മാത്രമാണ്.അതിലുപരിയായി ഒരു വിഴുപ്പലക്കൽ എന്ന നിലയിലേക്ക് ഇത്തരമൊരു സംരംഭങ്ങളെ വലിച്ചിഴക്കരുതെന്ന് കരുതിയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യാദൃശ്ചികമായി കണ്ടെത്തിയ ചില വിവരങ്ങൾ എം3ഡിബി എന്ന വെബ്സൈറ്റിന്റെ നിലനില്‍പ്പിനേത്തന്നെ ചോദ്യം ചെയ്യുന്നതാവുന്നത് കൊണ്ട് ഇത് പരസ്യപ്പെടുത്താൻ എം3ഡിബിയുടെ അംഗങ്ങൾ നിർബന്ധിതരാവുകയാണ്.മുകളില്‍ പരാമര്‍ശിക്കപ്പെട്ട മലയാളസംഗീത.ഇൻഫോയുടെ സാരഥി ഇന്നും കാട്ടിക്കൂട്ടുന്ന അതീവ ഗൌരവമേറിയതും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതുമായ ചില വഞ്ചനകളെ ഇന്റര്‍നെറ്റ്‌ ലോകത്തെ മലയാളിക്കൂട്ടത്തെ അറിയിക്കുവാൻ ഞങ്ങൽ ബാദ്ധ്യസ്ഥരാണെന്നു കരുതുന്നു,

തുടരുന്ന കഥ, വിരിയുന്ന തെളിവുകൾ
യുണീക്കോഡ് മലയാളത്തെയും സിനിമാ-സംഗീത സംരംഭങ്ങളേയും സ്നേഹിക്കുന്നരോടുള്ള അറിയിപ്പ് കൂടിയായി താഴെയുള്ള വിവരങ്ങൾ കണക്കാക്കുക.ഞങ്ങളുടെ സൈറ്റിന്റെ വിലാസം www.m3db.com എന്നാണെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. m3db എന്ന  സൈറ്റിന്റെ നാമം,അതിന്റെ ലോഗോ എന്നിവ ട്രേഡ്മാർക് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 2010 ഒക്ടോബർ 8 നാണ് m3db എന്ന ഡൊമേൻ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഈ താഴെയുള്ള വിലാസങ്ങളിൽ ഓരോന്നിലും ഒന്നു ക്ലിക് ചെയ്തു നോക്കൂ.


നിങ്ങളെങ്ങോട്ടാണ് പോകുന്നത്? ഇനി ഇതിന്റെ രജിസ്റ്റ്രേഷൻ ആരുടെ പേരിലെന്ന് അറിയേണ്ടേ? എന്നാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് അറിയേണ്ടേ? ഇതാ നോക്കുക.
ഈ ക്രിമിനൽ ബുദ്ധിയുടേയും സൈബർ ക്രൈമിന്റെയും വ്യക്തമായ കൂടുതൽ വിശദാംശങ്ങൾ ഇവിടെയുണ്ട്
ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത്? 2010 ഡിസംബർ 2ന് m3db.com എന്ന വെബ്ബ്സൈറ്റിനേപ്പറ്റിയുള്ള ഔദ്യോഗികമായുള്ള അറിയിപ്പ് ഗൂഗിൾ ബസ്സിൽ  വന്ന ശേഷം ഡിസം.4, 5 തീയതികളിലായി അതിന്റെ ശേഷിക്കുന്ന ഡൊമേനുകൾ ഈ വ്യക്തി തന്റെ പേരിലാക്കിയിരിക്കുന്നു !!!. അതിനോടൊപ്പം തന്നെ കഴിഞ്ഞ ഏഴ് വർഷങ്ങളിലായി തങ്ങൾ ഇത്തരമൊരു പ്രോജക്റ്റ് ഉണ്ടാക്കിയുട്ടുണ്ടെന്ന് ഒരു ഓൺലൈൻ പരസ്യവുമിറക്കിയിരുന്നു.അതിലുപരിയായി ഏറെ കഷ്ടപ്പെട്ട്, കഠിനാദ്ധ്വാനം ചെയ്ത്, പണം ചിലവാക്കി, സംഗീത-ചലച്ചിത്ര ലോകത്തെ പ്രമുഖരെ അണിനിരത്തി സൌജന്യമായ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ സ്വന്തം പേരിലാക്കാൻ വെറും ചില്ലറ മുടക്കി അനുബന്ധ ഡൊമേനുകൾ സ്വന്തമാക്കി വെബ്ബ്ട്രാഫിക്ക് വഴിതിരിച്ചു സ്വന്തം സൈറ്റിലേക്ക് വിടുകയും വിവരങ്ങൾ മോഷ്ടിച്ച് അവിടെക്കൊണ്ടിടുകയും ചെയ്യുന്നത് കുറ്റകരവും ധാർമ്മികതയ്ക്ക് എതിരുമാണ്. കഴിഞ്ഞ 7 വർഷക്കാലമായി ആരെന്നുപോലുമറിയാത്ത സാധാരണക്കാരുൾപ്പടെയുള്ള അനേകമാളുകൾ ശേഖരിച്ച, ഒരു കണക്കിൽ നെറ്റിന്റെ “പൊതുമുതൽ” എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സംരംഭത്തിനെയാണ് ഇത്തരം നാണം കെട്ട അഭ്യാസങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ജന്മസിദ്ധമായി ക്രിയേറ്റിവിറ്റിക്ക് അവശ്യം വേണ്ട ജീനുകള്‍ പോലുമില്ലാത്തവർ ആരാന്റെ സന്തതികൾ തന്റേതാണെന്ന് അവകാശപ്പെടുകയും യഥാർത്ഥ പിതൃത്വത്തെ അവഹേളിക്കുകയും ചെയ്യുന്നതിന്റെ ഉത്തമോദാഹരണമാണിത്.  www.malayalasangeetham.info എന്ന വെബ്ബ്സൈറ്റ് സാ‍രഥിക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു  www.malayalamsongslyrics.com ൽ നിന്ന് വരികൾ മോഷ്ടിച്ചപ്പോഴും  ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന പലരേയും വിശാലമായ ഒരു കാഴ്ച്ചപ്പാടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശേഖരം വിപുലമാക്കാൻ കൊണ്ടുപോയപ്പോഴും വൈരനിര്യാതനബുദ്ധിയോടെ പ്രവർത്തിച്ചിട്ടില്ല M3DB.ഇന്ന് ഈ വൻ ചൂഷണത്തിനു തടയിടേണ്ടിയിരിക്കുന്നു.ഒരു കൂട്ടം നിസ്വാർത്ഥസേവനക്കാരുടെ ഒരു മഹാപ്രയത്നത്തെ ഇത്തരത്തിൽ ഗൂഢമായി തന്റെ തൊഴുത്തിലേക്ക് വഴിതിരിക്കപ്പെടുത്തിയത് വഴി മലയാള സംഗീത -ചലച്ചിത്രലോകത്തെയും അതിന്റെ അനുവാചകരേയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചുളുവിൽ പ്രശസ്തി എത്തിപ്പിടിക്കാൻ വിലകുറഞ്ഞ വേലകൾ കാട്ടിക്കൂട്ടുകയുമാണ് ഈ വ്യക്തി ചെയ്യുന്നത്.


നിർദ്ദോഷമായ ചില ചരിത്രരേഖകൾ.
മലയാളസംഗീതം.ഇൻഫോ എന്ന വെബ്ബിന് ഇന്റർനെറ്റിലും മറ്റും 2004 മുതൽ തന്നെ നിലനില്‍പ്പുണ്ടെന്ന് കാണിക്കാൻ  ചെയ്ത നിർദ്ദോഷമായ ചില വേലകൾ നോക്കുക.2004 ൽ ആദ്യ ബ്ലോഗ് പോസ്റ്റിട്ടുവെന്നാണ് തീയതി കാണിക്കുന്നത് http://malayalasangeetham.blogspot.com/2004/08/blog-post_9909.html .സാധാരണക്കാർ അത് വിശ്വസിക്കുകയും ചെയ്യും. എന്നാൽ അതിലെ അറ്റാച്മെന്റും ഉള്ളടക്കവും ഒന്നു ശ്രദ്ധിച്ചുനോക്കൂ. അത് 2008-ലേതാണ്..2008ലെ ചിത്രഭൂമിയിൽ വന്ന കണ്ടന്റാണത് !! .2004-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗിൽ 2008 ൽ നടക്കുന്ന കാര്യത്തെക്കുറിച്ച് പ്രവചിക്കാൻ അസാധാരണ ബുദ്ധിയും ഹിമാലയൻ ദീർഘ വീക്ഷണവും വേണ്ടി വരും!. തന്നെയുമല്ല ആ ബ്ലോഗിന്റെ അഡ്മിൻ പോലും 2008ലാണു ബ്ലോഗിംഗ് അക്കൗണ്ട് തുടങ്ങുന്നത്. ഇനി ഇതെങ്ങനെയാണ് ചെയ്തതെന്ന് ഉദാഹരിക്കാനായി ഒരു ബ്ലോഗ് തുടങ്ങി ബ്ലോഗിങ്ങ് സമ്പ്രദായം നിലവിൽ വരുന്നതിനുമുൻപുള്ള ഒരു തീയതി കൊടുത്തിരിക്കുന്നത് ഈ ലിങ്കിൽ ശ്രദ്ധിക്കുക http://jijotomy.blogspot.com/2001/01/blog-post.html. അപ്പോൾ ഇത്രയേ ഉള്ളൂ കാര്യം!!  ചരിത്രം തന്റെ കയ്യിലാണെന്നും മറ്റുള്ള സംരംഭങ്ങളൊക്കെ ഇതിന്റെ കോപ്പിയോ മറ്റൊ ആണെന്ന് ഇത്തരം വേലകൾ കാട്ടി ഇന്റർനെറ്റിനു പുറത്തുള്ള ആളുകളേയും ഒരു പരിധിവരെ ഇന്റർനെറ്റിന്റെ അടിസ്ഥാന ഉപഭോക്താക്കളേയും തെറ്റിദ്ധരിപ്പിക്കുക. 
സ്വന്തം  വെബ്ബ്സൈറ്റിന്റെ പേരില്‍ വിവിധ ഡൊമേനുകൾ ശേഷിക്കുമ്പോഴും അത് വാങ്ങാതെ മറ്റ് എളിയ സരംഭങ്ങളെ മുളയിലേ നുള്ളണം എന്ന ഉദ്ദേശത്തോടെ അവരുടെ പേരില്‍ ശേഷിക്കുന്ന ഡൊമേനുകള്‍ പലതും വാങ്ങി വായനക്കാരെ വഴിതിരിച്ച് വിടുന്ന തന്ത്രങ്ങൾക്കെതിരേ ലോകത്തെല്ലായിടത്തും നിയമ പരിരക്ഷ ഉണ്ടെന്നറിയുക. അവസാനമായി ഒരു വാക്കുകൂടി പറയാനുണ്ട്. മലയാളസംഗീതം.ഇൻഫോ എന്ന സംരംഭത്തെക്കുറിച്ചും അതിലെ നൂറുകണക്കിന് അംഗങ്ങളെക്കുറിച്ചും അതിയായ ആദരവും സ്നേഹവും നമ്മൾക്കുണ്ട്.അവരെ ഒരുതരത്തിലും അധിക്ഷേപിക്കാൻ ഉദ്ദേശവുമില്ല. മലയാള ഗാനസാഹിത്യശാഖയ്ക്ക് അവർ നൽകുന്ന വിലയേറിയ സംഭാവനകളെ നമ്മൾ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു. ഇപ്പോൾ നമ്മൾക്കെതിരേ ഉണ്ടായതുപോലെ ഒരു തരത്തിലുമുള്ള തരംതാഴ്ന്ന നടപടികളും ആ സംരംഭത്തിനോ അതിലെ നിസ്വാർത്ഥ പ്രവർത്തകർക്കോ എതിരേ നമ്മൾ കൈക്കൊണ്ടിട്ടില്ല, കൊള്ളുകയുമില്ല. അതിനാൽ തന്നെ ഇത് രണ്ടു സമാന സ്വഭാവമുള്ള സംരംഭങ്ങൾ തമ്മിലുള്ള ഒരു യുദ്ധമാക്കി മാറ്റാൻ ഞങ്ങൾക്ക് താൽ‌പ്പര്യമില്ല.കാരണം ഒരു ഡാറ്റാബേസിന്റെ ചട്ടക്കൂടുകളിൽ മാത്രമൊതുങ്ങുന്നതല്ല എം3 എന്നത് കൊണ്ട് തന്നെ.എന്നാൽ ഇത്തരം നെറികേടുകൾ കാട്ടുവാനാണ് അത്തരം ഒരു വലിയ ശേഖരത്തെ ഉപയോഗിക്കുന്നതെങ്കിൽ അതിനിയും പരസ്യമാക്കാതെ കഴിയില്ല. ആയതിനാൽ www.malayalasangeetham.info  എന്ന സംരംഭത്തിന്റെ അമരക്കാരനോട് അവസാനമായി പറയാനുള്ളത് മേൽ‌പ്പറഞ്ഞ ഡൊമേനുകൾ എത്രയും പെട്ടെന്ന് തന്നെ റദ്ദാക്കുകയും അത് താങ്കളുടെ സൈറ്റിലേക്ക് വഴിതിരിച്ച് വിടുന്നത് നിർത്തുകയും ചെയ്യുക എന്നതാണ്. ഇത്തരം തരംതാണ പ്രകടനം നടത്തുന്ന ഒരാളിൽ നിന്നും ഒരു പരസ്യ ക്ഷമാപണം നമ്മൾ പ്രതീക്ഷിക്കുന്നില്ല. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ.

വാൽക്കഷ്ണം
ആദ്യം ജോൺസൻ മാഷിനെ,പി ടി കുഞ്ഞുമുഹമ്മദിനെ, പിന്നീട് മലയാളസംഗീതം.ഇൻഫോയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രമുഖരായ ഉപദേശകരെ, ഇത്തരം കുറ്റകൃത്യങ്ങളോ മറ്റൊന്നുമറിയാതെ ആ സൈറ്റിന്റെ ഫോറത്തിലും മറ്റും അംഗങ്ങളായി ഇരിക്കുന്നവരെ, ആത്മാർത്ഥമായി ഒരു ഡാറ്റാബേസ് ഉണ്ടാക്കണം എന്നുപറഞ്ഞ് കൂടെ നിന്ന സുഹൃത്തുക്കളെ ഒക്കെയും ഇത്തരം ചില പ്രവർത്തികൾ കൊണ്ട് ഇരുട്ടിലാക്കി അപമാനിക്കുമ്പോൾ മലയാളസംഗീതത്തിന്റെ വളർച്ചയാണോ അതോ മറ്റു വല്ല ഉദ്ദേശങ്ങളുമാണോ ഇവർ മുന്നോട്ട് വയ്ക്കുന്നത് എന്നത് വ്യക്തമാക്കിയാൽ നന്നായിരുന്നു.

എന്ന്,
M3DB Team

Wednesday, March 2, 2011

എം3ഡിബിയുടെ ചരിത്രം

2004 ന്റെ തുടക്കത്തിലാണ്, ഇന്റെർനെറ്റിൽ സംഗീതപ്രേമികൾ mp3 പാട്ടുകൾ ആസ്വദിക്കുന്നതിനപ്പുറം മലയാളഗാനങ്ങളെ സമാഹരിക്കുക, ചിട്ടയായി പ്രവർത്തിക്കുക, അവയെ ഏകോപിപ്പിക്കുക മുതലായ ആശയങ്ങളുടെ തുടക്കം. അന്ന് ഓൺലൈൻ മെസ്സഞ്ചർ സംഘങ്ങളിൽ മലയാളഗാനങ്ങൾ പാടി നടന്നിരുന്ന, നാട്ടിലും വിദേശങ്ങളിലുമുള്ള കുറേ സംഗീതപ്രേമികൾ പാടാൻ വരികൾ തേടി പലയിടത്തും അലഞ്ഞു. അങ്ങനെ ലഭ്യമായ വരികൾ ശേഖരിച്ച് നെറ്റിൽ സൂക്ഷിക്കാൻ അവർ തീരുമാനത്തിലെത്തി. പാട്ടുകൾ കേൾക്കാനുള്ള മലയാളവേദി.കോം, ഡൗൺലോഡ് ചെയ്യാനുള്ള കൂൾഗൂസ്, കൂൾറ്റോട്, ഐ ആർസിയിലെ മാലുക്കൂട്ടം എന്നിങ്ങനെയുള്ള ചില വെബ്ബുകളല്ലാതെ  മലയാളത്തിലെ ഗാനസാഹിത്യശേഖരത്തിനായി ഇക്കാലയളവിലൊന്നും മറ്റൊരു സമാന സംരംഭങ്ങളും ഇന്റർനെറ്റിലെ മലയാളിക്ക് ഉണ്ടായിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള, ഇന്റർനെറ്റുമായി ബന്ധമുള്ള സംഗീതാസ്വാദകർ പഴയ പാട്ടുപുസ്തകങ്ങളിൽ നിന്നും, അറിയാവുന്ന ഗാനശേഖകരുടെ കൈകളിൽ നിന്നും, അതിന് പുറമേ തങ്ങളുടെ കൈവശമുള്ള mp3/അല്ലെങ്കിൽ ഓഡിയോ കാസറ്റുകൾ, എൽ പി ആർ റെക്കോർഡുകൾ എന്നിവ അതീവ ശ്രദ്ധയോടെ ശ്രവിച്ച് സങ്കീര്‍ണ്ണമായ സ്വരങ്ങൾ ഉൾപ്പടെയുള്ള പാട്ടുകൾ പകർത്തിയും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. ധാരാളം അംഗങ്ങള്‍ ഈ സംരംഭത്തിനായി വരികള്‍ സംഭാവന ചെയ്തു. പാട്ടുകൾ സൂക്ഷിക്കുവാന്‍ ഓൺലൈൻ സ്റ്റോറേജെന്ന നിലയിൽ കിരൺ തുടങ്ങിയ യാഹൂഗ്രൂപ്പിലേക്ക് പലരും വന്നു ചേർന്നു. ഏകദേശം 400ഓളം സംഗീതപ്രേമികൾ ശേഖരിച്ച ഏകദേശം 5000ത്തോളം ഗാനസാഹിത്യം ലോകത്തിലെ ആദ്യത്തെ മലയാളഗാനശേഖരമായി. ഈ സംരംഭം  www.malayalamsongslyrics.com (MSL)- എന്ന പേരില്‍ അറിയപ്പെട്ടു. തുടർന്ന് നാളിതുവരെ വ്യത്യസ്തമായ പല സംരംഭങ്ങളുടേയും തുടക്കമായ www.malayalamsongslyrics.com,  ഇന്ന് യുണീക്കോഡ് മലയാളത്തിൽ മലയാള ചലച്ചിത്രങ്ങളുടേയും സംഗീതത്തിന്റെയും സമ്പൂർണ്ണ വിവരശേഖരണത്തിനായി തയ്യാറായ www.m3db.com ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് ) എന്നറിയപ്പെടുന്നു.

എം3യുടെ നാൾവഴികൾ:

  • ആരംഭം: മാർച്ച് 1, 2004-ൽ ഗാനശേഖരത്തിനു വേണ്ടി ആദ്യമായി ഓൺലൈൻ സ്റ്റോറേജ് ഗ്രൂപ്പ് യാഹുവിൽ നിലവിൽ വന്നു. തമാശയായി തുടങ്ങിയൊരു  യാഹുഗ്രൂപ്പാണ് അന്ന് അതിനു വേണ്ടി ഉപയോഗിച്ചത്. സുരേഷ് കുമാർ ഷാർജ, പൊന്നു കൃഷ്ണൻ-മസ്ക്കറ്റ്, അചിന്ത്യ, ജോസഫ് തോമസ്, ആഷ അലക്സ്, സഞ്ജയ് സോമശേഖരൻ, വിനീത് ശങ്കർ, സുനീർ ഇരിങ്ങൽ, ശ്രീനി നായർ,v4m എന്നിവരൊക്കെയായിരുന്നു ഇതിന്റെ പ്രധാന അണിയറ പ്രവർത്തകര്‍.

  • ഔദ്യോഗിക വെബ്ബ്സൈറ്റ്‌:  ഏകദേശം ആറു മാസം കൊണ്ട് ആയിരത്തിലധികം പാട്ടുകളുടെ വരികള്‍ ശേഖരിച്ചതോടെ അത് ലളിതമായി സേർച്ച് ചെയ്ത് കണ്ടെത്തുവാൻ, വെബ്ബ്സൈറ്റ് എന്ന ആശയം റോഷനാണ് അവതരിപ്പിക്കുന്നത്. ജോസഫ്  തോമസാണ് അന്ന് ആ വെബ്ബ്സൈറ്റിന്റെ സാങ്കേതിക കാര്യങ്ങള്‍ തയ്യാറാക്കിയത്. അങ്ങനെ 2004 ഒക്ടോബർ 29നു www.malayalamsongslyrics.com (MSL) ഔദ്യോഗികമായി നിലവിൽ വന്നു.
  • 5000ല്‍പ്പരം ഗാനങ്ങള്‍:  2006 ന്റെ അവസാനത്തോടെ ഈ സംഘത്തിനു്‌ രണ്ടു വർഷം കൊണ്ട് ഏകദേശം അയ്യായിരത്തോളം മലയാളഗാനങ്ങളുടെ ടൈപ്പ് ചെയ്ത വരികൾ സമാഹാരിക്കുവാൻ സാധിച്ചിരുന്നു.ഈ കാലയളവിൽ സമാന ചിന്താഗതിക്കാരായ പുതിയ പല സംരംഭങ്ങളും പലപ്പോഴും ഈ ശേഖരത്തിൽ നിന്നും വരികൾ പകർത്തിയിരുന്നു. പിൽക്കാലത്ത് മലയാളഗാനങ്ങൾക്ക് വേണ്ടി അറിയപ്പെടുന്ന ഒരു വെബ്ബിലേയ്ക്ക് ഈ ശേഖരത്തിൽ നിന്നും എൺപത് ശതമാനത്തോളം വരികൾ അനുമതിയില്ലാതെ പകർത്തുകയും ഈ പകർത്തലിനു പിന്നീട് അവർ ക്ഷമാപണം നടത്തുകയും ചെയ്തത് എം3യുടെ നാൾവഴിയിൽ ഒരു കൗതുകമാണ്.
  • മലയാളത്തിലേക്ക്ഇന്റർനെറ്റ് മലയാളവും മലയാളം ബ്ലോഗുകളും ശക്തമായതോടെ 2007ന്റെ തുടക്കത്തിൽ മലയാളം യുണീക്കോഡിലേക്ക് ഈ ഗാനശേഖരം വളർന്നു. ഏകദേശം 3000ത്തോളം ഗാനങ്ങളൂടെ വരികള്‍ മലയാളം യുണീക്കോഡില്‍ ശേഖരിക്കുവാനായി. ഇവിടെ നോക്കുക.
  • സമ്പൂർണ്ണ മലയാളം യുണീക്കോഡ് വെബ്ബ്സൈറ്റ്: 2008 നവംബറോടു കൂടി മലയാളഗാനശേഖരത്തെ ഒരു സമ്പൂർണ്ണ മലയാളം യുണീക്കോഡ് ആക്കിമാറ്റുക എന്ന ഉദ്ദേശത്തോടെ കെവിൻ&സിജി ഇതിന്റെ സാങ്കേതിക ചുമതല ഏറ്റെടുത്തു. തുടർന്ന് ഇന്നും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ വെബ്ബിലേക്ക് ഏകദേശം 15000ത്തോളം ഗാനങ്ങളുടെ വരികളാണ് നാളിതുവരെ ശേഖരിക്കുവാൻ കഴിഞ്ഞത് . പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിലൂടെ സംഗീതപ്രേമികൾ ഒത്ത് ചേർന്നാണ് ഇത്രയും വലിയൊരു ശേഖരം യുണീക്കോഡിൽ തയ്യാറാക്കപ്പെട്ടത്. പതിനായിരത്തിലധികം ഗാനങ്ങള്‍ പങ്ക് വച്ചത് ജിജാ സുബ്രഹ്മണ്യം ആയിരുന്നു. ഈ കാലയളവില്‍ സമാനമായ പല വെബ്ബ്സൈറ്റുകളും ഈ രീതി പിന്തുടർന്നു. എന്നാല്‍ ഗാനസാഹിത്യശേഖരത്തിൽ മാത്രമൊതുങ്ങാതെ മറ്റു വെബ്ബ്സൈറ്റുകളിൽ നിന്നും വ്യത്യസ്ഥമായി എന്ത് ചെയ്യാം എന്നായിരുന്നു എം എസ് എല്ലിന്റെ അണിയറപ്രവർത്തകരുടെ ചിന്ത. അങ്ങനെയാണ്, 'മലയാളസംഗീതചരിത്രത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ആൽബം', സ്വതന്ത്രസംഗീത സംരംഭമായ 'ഈണം' രൂപം കൊള്ളുന്നത്.
  • ഈണം: ഏകദേശം 20തോളം ബ്ലോഗങ്ങളെ അണിചേർത്തു കൊണ്ട് സംഗീതപ്രേമികളായ നിശീകാന്ത്, രാജേഷ് രാമൻ, ബഹുവ്രീഹി, കിരൺ എന്നിവര്‍ എം.എസ്.എല്ലുമായി സഹകരിച്ച് 2009 ൽ 'ഈണം' എന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന് തുടക്കം കുറിച്ച്.  മലയാള ഇന്റർനെറ്റ് സംഗീത ലോകത്തിന് മാറ്റം കുറിച്ച ആദ്യ സംഭവമായിരുന്നു ഇത്. പരസ്പരം കാണാതെ ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ  ഉപയോഗപ്പെടുത്തി ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ഗാനങ്ങൾ തയ്യാറാക്കി, അവ സംഗീതാസ്വാദകർക്കായി സൌജന്യമായി ഡൌൺലോഡിന് ലഭ്യമാക്കിയ സംരംഭമായിരുന്നു ഇത്. ലക്ഷക്കണക്കിന് ഹിറ്റുകളും ആസ്വാദക പ്രശംസയും നേടിയ ഈണത്തിന്റെ ആദ്യ ആൽബത്തിന് ശേഷം ഓണം വിത്ത് ഈണം എന്നിങ്ങനെ രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കുകയും അവയെല്ലാം പുതിയ സംഗീതജ്ഞർക്ക് ഇന്റർനെറ്റിൽ വളരെയധികം ശ്രോതാക്കളെ ലഭിക്കുവാനുള്ള കാ‍രണവുമായിത്തീർന്നു.
  • ഇന്റർനെറ്റ് റേഡിയോ: കുഞ്ഞൻ റേഡിയോ ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ ഇത്തരമൊരു ഓൺലൈൻ റേഡിയോ ആദ്യമായിരിക്കും. പുതിയ ഗായകരുടെ ശബ്ദത്തിൽ ഇഷ്ടഗാനങ്ങളും പുതിയ ഗാനങ്ങളുമായി എം3യുടെ സ്വന്തം കുഞ്ഞൻ റേഡിയോ.
  • എം എസ് എൽ ക്വിസ്: മലയാള ഇന്റർനെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമാ-സംഗീത ക്വിസ് . പത്ത് എപ്പിസോഡുകളിലായി ഏകദേശം ആറുമാസം നീണ്ടു നിന്ന ഇന്റർനെറ്റ് ക്വിസ്, സാങ്കേതികമായി വ്യത്യസ്ഥ മീഡിയ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി മലയാളചലച്ചിത്ര-ഗാനമേഖലയിലെ ചോദ്യങ്ങൾ പുതുമകളോടെ അവതരിപ്പിച്ചത് എതിരൻ കതിരവനാണ്. പുത്തന്‍ അറിവുകളിലൂടെയും സംഗീതത്തിന്റെ വേറിട്ട ആസ്വാദനരീതികളിലൂടെയുമൊക്കെ തയ്യാറാക്കിയ ചോദ്യങ്ങളുള്‍പ്പെടുത്തിയ ഈ ക്വിസ് പ്രോഗ്രാം ലോകത്തിന്റെ പലഭാഗത്തു നിന്നും ഏറെ മത്സരാർത്ഥികളെക്കൊണ്ട് സമ്പന്നമായ ഒന്നായിരുന്നു.
  •  ചലച്ചിത്രങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഡാറ്റാബേസ്: മലയാളത്തിൽ സംഗീതശേഖരത്തിനായി അനേകം വെബ്ബ്സൈറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു സമ്പൂർണ്ണ വിവരശേഖരത്തിനായി ആരും ശ്രമിച്ചിരുന്നില്ല. ശ്രമിച്ചവര്‍ പാതിവഴിയിൽ അത്തരമൊരു ഉദ്യമത്തെ ഉപേക്ഷിച്ചതും ഐം എം ഡിബി എന്ന ലോകത്തിലെ ജനപ്രിയ ഡാറ്റാബേസിൽ മലയാളചിത്രങ്ങളുടെ വിവരങ്ങൾ ശുഷ്ക്കമായോ പലപ്പോഴും വികലമായോ ലഭ്യമായതും ഇത്തരമൊരു ശ്രമം തുടങ്ങുവാന്‍ കാരണമായത്. പാട്ടുകൾ ചേർക്കുന്നതിനൊപ്പം പല വെബ്ബ്സൈറ്റുകളിലും ചലച്ചിത്ര സംവിധായകൻ, ബാനർ, നിര്‍മ്മാണം എന്നിങ്ങനെ മൂന്നോ നാലോ വിവരങ്ങള്‍ക്കപ്പുറം ഉണ്ടായിരുന്നില്ല. അങ്ങനെ 2010ന്റെ പകുതിയോടെയാണ് ഒരു സമ്പൂർണ്ണ ചലച്ചിത്രവിജ്ഞാനശേഖരം എന്ന ചിന്തയിലേക്ക്  എം എസ് എല്ലിന്റെ അണിയറപ്രവർത്തകർ നീങ്ങിയത്. ഇന്റര്‍നെറ്റിലെ പ്രഗത്ഭരായ ചലച്ചിത്ര നിരൂപകരേയും വിവരശേഖകരേയും ഒത്തിണക്കി 2010-ന്റെ രണ്ടാം പകുതി മുതൽ തുടങ്ങിയ ശ്രമം ഒക്ടോബറോടു കൂടി ക്ലിപ്തമായ രൂപം കൈവരിക്കുകയും ചെയ്തു.
എം3ഡിബി 
എം.എസ്.എൽ എന്ന പഴയ മലയാള ഗാനസാഹിത്യശേഖരവും‌  ഈണം എന്ന സ്വതന്ത്ര സംഗീത സംരംഭവും സിനിമാഡീബി എന്ന ബൃഹത്തായ
ചലച്ചിത്രവിജ്ഞാനശേഖരവും സംയോജിപ്പിച്ച് ലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് അഥവാ എം.ത്രീ.ഡി.ബി എന്ന വെബ്ബ്സൈറ്റായി 2010 ഡിസംബറിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ഒപ്പം തന്നെ ലോകമെമ്പാടുമുള്ള പുതിയ സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും ഗായകർക്കും പ്രചോദനവും വേദിയുമായി  'നാദം' എന്ന പേരിൽ സ്വതന്ത്ര ഗാനങ്ങൾ ലളിതമായി തയ്യാറാക്കി ആസ്വാദകർക്ക് സൌജന്യമായി കേൾക്കാൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സംഗീതത്തിനും ചലച്ചിത്രത്തിനുമായി തയ്യാറാവുന്ന വെബ്ബ്സൈറ്റിന്  ബൈജുവാണ് മലയാളം, മൂവി & മ്യൂസിക് ഡാറ്റാബേസ് (m3db) എന്ന പേരു നിര്‍ദ്ദേശിച്ചത്. കുമാർ നീലകണ്ഠനാണ് വെബ്ബ്സൈറ്റിന്റെ ലോഗോ, ഇന്റര്‍ഫേസ്‌ ഡിസൈന്‍ എന്നിവ തയ്യാറാക്കിയത്‌. www.m3db.com ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് ) ന്റെ ഉദ്ഘാടനത്തിന് 2010 ഡിസംബർ 20-നു പാലക്കാട് മൃണ്മയി വേദിയായി. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോൺസൺ സംഗീതവിഭാഗവും ചലച്ചിത്ര സംവിധായകനായ ശ്രീ പി.ടി കുഞ്ഞുമുഹമ്മദ് വെബ്ബ്സൈറ്റിന്റെ ചലച്ചിത്രവിഭാഗവും ഉദ്ഘാടനം ചെയ്തു.