മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, March 15, 2011

സം‌യുക്തപ്രസ്താവന ( എം3ഡിബി & എം എസ് ഐ )


M3DB.com ന്റെ നിലവിലുള്ള ഡൊമൈനുമായി സാമ്യമുള്ള ഡൊമൈനുകൾ (m3db.info, m3db.org, m3db.net, m3db.us) malayalasangeetham.info (MSI) വാങ്ങിയതും അത് MSIയിലേക്ക് റീഡയറക്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മേൽപ്പറഞ്ഞ രണ്ടു വെബ്സൈറ്റുകൾ തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. അതു സംബന്ധിച്ചു് താഴെപ്പറയുന്ന കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കട്ടെ:-

1) മേൽപ്പരാമർശിച്ച സൈറ്റുകളുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സുഗമമായ പ്രവർത്തനത്തിനും സാഹചര്യമൊരുക്കാനായി MSI വാങ്ങിയ മേൽ‌പ്പറഞ്ഞ ഡൊമൈനുകളിലുള്ള ഉടമസ്ഥാവകാശം ഇതിനകം പിൻ‌വലിച്ചിരിക്കുന്നു.

2) M3DB യുടെ ഉദ്ഘാടനത്തിൽ നിന്നും മാദ്ധ്യമങ്ങൾ അകന്നു നിൽക്കാൻ MSI പ്രവർത്തകരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പരാമർശമോ ഇടപെടലോ കാരണമായിട്ടുണ്ടെങ്കിൽ അതിൽ MSI നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.

3) ഈ തർക്കങ്ങളോടനുബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ വെബ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ വ്യക്തിപരവും അല്ലാ‍തെയുമുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളും ഇതോടെ പിൻവലിക്കാൻ ധാരണയാകുന്നു.

4) ശ്രീ അജയ് മേനോനെ ഏതെങ്കിലും തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കാനോ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഇടപെടാനോ M3DB ശ്രമിച്ചിട്ടില്ലെന്നും ഏതെങ്കിലും ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ ഭാഗത്തു നിന്നും അത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് M3DB യുടെ ഔദ്യോഗിക നിലപാടല്ല എന്നും ഇതിനാൽ അറിയിക്കുന്നു.എങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന് ഇതുമൂലം എന്തെങ്കിലും മനോവിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ M3DB ഖേദം രേഖപ്പെടുത്തുന്നു.

5) M3DBയുടെ സംരംഭങ്ങളിൽ ഒന്നായ Movie Database നുമേൽ MSI ഉയർത്തിയ ബൌദ്ധിക സ്വത്തവകാശ സംബന്ധിയായ ആരോപണങ്ങളും അഭിപ്രായപ്രകടനങ്ങളും പിൻ‌വലിച്ച് MSI ഖേദം രേഖപ്പെടുത്തുന്നു.

6) M3DB യിലെ അംഗങ്ങളായ ശ്രീമതി.ഉമ, ശ്രീ.കിരൺ എന്നിവർക്കെതിരെ ശ്രീ അജയ് മേനോൻ MSI യുടെ ഔദ്യോഗിക ബ്ലോഗിലും ഇന്ദുലേഖാ ഡോട് കോമിലും നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ പിൻ‌വലിക്കുകയും അവർക്ക് അതിലുണ്ടായ മനോവിഷമങ്ങളിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

7) മേല്പറഞ്ഞ തീരുമാനങ്ങൾ ഇരുകൂട്ടരും നടപ്പിൽ വരുത്തുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് MSI, M3DB വെബ്സൈറ്റുകളുടെ അധീനതയിലുള്ള ഓൺലൈൻ മാദ്ധ്യമങ്ങളിൽ (ഗൂഗിൾ ബസ്, ഓർക്കുട്ട്, MSI, M3DB എന്നീ സൈറ്റുകളുടെ ഔദ്യോഗിക ബ്ലോഗുകൾ, ഫേസ്ബുക്ക്) പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന എല്ലാ പോസ്റ്റുകളും അതിൽ വന്ന കമന്റുകളും ഇരുവിഭാഗങ്ങളും ഈ ഉടമ്പടി കരാർ തങ്ങളുടെ ഔദ്യോഗിക ബ്ലോഗുകളിൽ പബ്ലീഷ് ചെയ്തതിനു ശേഷം ഒരു ദിവസ കാലാവധിക്കകം നീക്കം ചെയ്യുന്നതാണ്.

8) ഇരുവിഭാഗങ്ങളോടും താൽ‌പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് സ്വന്തമായോ റീഷെയർ ചെയ്തോ നെറ്റ് മാദ്ധ്യമങ്ങളിൽ പ്രസിദ്ധം ചെയ്തിരിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുമെന്നും ഇരുകൂട്ടരും ഇതിനാൽ ധാരണയായിക്കൊള്ളുന്നു.

9) രണ്ടു സൈറ്റുകളുടേയും സമാധാനപരമായ സഹവർത്തിത്വത്തിനും സുഗമമായ പ്രവർത്തനത്തിനും തടസ്സം വരുന്ന എന്തെങ്കിലും കാരണങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഭാവിയിലുണ്ടായാൽ രണ്ടു സൈറ്റുകളുടെ ഔദ്യോഗികഭാരവാഹികൾ തമ്മിൽ ചർച്ച ചെയ്തു് അത്തരം കാര്യങ്ങൾ ര‌മ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും. ഭാവിയിൽ ഇത്തരം ചർച്ചകൾ ആവശ്യമായി വന്നാൽ അക്കാര്യത്തിനായി MSI നിയോഗിച്ചിരിക്കുന്ന ഭാരവാഹികൾ ശ്രീ രാജഗോപാൽ (ബഹ്റൈൻ), ശ്രീ ഹരികൃഷ്ണൻ (ദോഹ) എന്നിവരും M3DB നിയോഗിച്ചിരിക്കുന്ന ഭാരവാഹികൾ ശ്രീ ശ്രീചിത്രൻ (മുംബൈ), ശ്രീ ജി.നിശീകാന്ത് (ആഫ്രിക്ക) എന്നിവരും യിരിക്കും എന്നു് ഇതിനാൽ രേഖപ്പെടുത്തുന്നു.

MSI-യെ പ്രതിനിധാനം ചെയ്തു് ശ്രീ രാജഗോപാൽ (ബഹ്റൈൻ), ശ്രീ ഹരികൃഷ്ണൻ (ദോഹ) എന്നിവരും M3DB-യെ പ്രതിനിധാനം ചെയ്തു് ശ്രീ ശ്രീചിത്രൻ (മുംബൈ), ശ്രീ ജി.നിശീകാന്ത് (ആഫ്രിക്ക) എന്നിവരും തമ്മിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന ധാരണകൾ പ്രകാരമുള്ള  മേൽ‌പ്പറഞ്ഞ ഉടമ്പടി അംഗീകരിച്ചുകൊണ്ട് നിലവിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഇരുവിഭാഗങ്ങളും ഇതിനാൽ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ നടന്ന സംഭവങ്ങളുടെയോ, പരാമർശങ്ങളുടെയോ, അഭിപ്രായപ്രകടനങ്ങളുടെയോ പേരിൽ ഒരു തരത്തിലുമുള്ള ആരോപണങ്ങളോ നിയമനടപടികളോ ഇരുകൂട്ടരുടേയും ഭാഗത്തു നിന്നും ഉണ്ടാകുകയില്ലെന്നും  പരസ്പരം സമ്മതിച്ച് ഏവരേയും ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.

3 comments:

Aravind MI said...

Sambhavichathellam nallathinu sambhavikkan pokunnathum nallathinu,sambhavikkan erikkunnathum nallathinu,


Subham

Manikandan said...

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.

നിരക്ഷരൻ said...

നല്ല രീതിയിൽ പ്രശ്നങ്ങൾ തീർന്നു എന്നതിൽ സന്തോഷമുണ്ട്. ഭാവിയിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കട്ടെ.