മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ


1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഏതു മണ്ണും വില്‍ക്കാനുള്ള മലയാളിയുടെ അത്യാഗ്രഹത്തിന്റെ നവരൂപമായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ ഉള്ളറകളിലേക്കാണ് രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പീ’ ഇത്തവണ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. എളുപ്പം പണക്കാരനാകുക എന്ന ഇന്നത്തെ ഏതൊരു ശരാശരി മലയാളി യുവാവിന്റെ പ്രതിനിധിയായി ജയപ്രകാശ് (പൃഥീരാജ്) എന്ന കഥാപാത്രം സഞ്ചരിക്കുന്ന ജീവിതത്തിന്റെ വിവിധഭാവങ്ങളും അതിന്റെ പ്രതികരണങ്ങളും അവ ജയപ്രകാശിനേയും ഒപ്പം അയാളെ ബന്ധപ്പെട്ടുള്ള ഒട്ടനവധി ജീവിതങ്ങളെയും എങ്ങിനെ ബാധിക്കുന്നുവെന്നൊക്കെ ഭംഗിയായി അവതരിപ്പിക്കാന്‍ എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്തിനായിട്ടുണ്ട്. ചില സാധാരണ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില സാമൂഹ്യ വിഷയങ്ങളിലേക്കും വിരല്‍ ചൂണ്ടുവാനും ചിത്രത്തിനായിട്ടൂണ്ട്. (കോഴിക്കോട് നഗരത്തെ ചുറ്റിപ്പറ്റിയുള്ള ചില ജീവിതങ്ങളുടെ ആഖ്യാനം പക്ഷെ, ഭാഷാപ്രയോഗത്തില്‍ പിന്നിട്ടു നില്‍ക്കുന്നതില്‍ പോരായ്മയായിട്ടുണ്ട്. )

നായകന്‍ ജയപ്രകാശ് പത്താം തരം പാസ്സാകാത്ത പ്രാരാബ്ദക്കാരനായ വെറൂം സാധാരാണക്കാരനാണ്, ഒപ്പമുള്ളവരും. കോടികള്‍ മറിയുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലൂടെ കിട്ടുന്ന കമ്മീഷനില്‍ നിന്നാവണം തന്റെ ഭാവിജീവിതം കരുപിടിപ്പിക്കുന്നതെന്ന് അയാള്‍ കരുതുന്നു. പണമുള്ളവന്റേയും ഇല്ലാത്തവന്റേയും പണമുണ്ടായിട്ടും അന്യനാക്കപ്പെടുന്നവന്റേയുമൊക്കെ മറയില്ലാത്ത ജീവിതവും ജയപ്രകാശിന്റെ ജീവിതത്തിനു ചുറ്റും കാണപ്പെടുകയും ചിലപ്പോഴൊക്കെ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അച്യുതമേനോന്‍(തിലകന്‍) എന്ന അവധൂതനെന്നു തോന്നിപ്പിക്കുന്ന കഥാപാത്രം അത്തരത്തിലൊന്നാണ്. ആകസ്മികമായി ജെപിയുടേ ജീവിതത്തിലേക്ക് കടന്നുവരികയും ചില ഗതിമാറ്റങ്ങള്‍ക്ക് ഹേതുവാകുകയും ഒടുക്കം വിധിയുടേ മറ്റൊരു ഇടത്തിലേക്ക് തെറിച്ചു പോകുകയും ചെയ്യുന്ന കഥാപാത്രം. പ്രണയത്തിന്റെ സ്ഥിരം ക്ലീഷേ ‘ചേട്ടാ’ വിളിയില്‍ നിഴലായി മാറാതെ, മാറുന്ന യുവത്വത്തിന്റെ പ്രതിനിധിയാകാനും നായികക്ക് (കാമുകന്റെ അടുത്ത കൂട്ടുകാരന്റെ തോളില്‍ കൈവെച്ച് സംസാരിക്കാനും അവള്‍ക്ക് കഴിയുന്നുണ്ട്.) സാധിക്കുന്നുണ്ട്. ഇതൊക്കെയും നമ്മുടെ ജീവിതപരിസരങ്ങളില്‍ തന്നെ കണ്ടുമുട്ടുന്നവരാണല്ലോ എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കും വിധം സുഖ ശാന്തമായ ഒരു കഥാഖ്യാനത്തിലൂടെ പറഞ്ഞു വെക്കാന്‍ ഇതിന്റെ അണിയറപ്രേക്ഷകര്‍ക്കായിട്ടുണ്ട്.

പുതുമയുള്ളൊരു കഥാതന്തു അധികം ബഹളങ്ങളില്ലാതെ ശാന്തമായി പറയാന്‍ കഴിഞ്ഞത് തിരക്കഥയുടെ നല്ലൊരു ലക്ഷണമാണ്. ചിത്രത്തിലൊരിടത്തും കഥ അയഥാര്‍ത്ഥമോ അസംഭ്യമോ ആയ ഭാഗങ്ങളിലേക്ക് പോകുന്നില്ല എന്നതും. താരത്തെ പ്രധാന കഥാപാത്രമാക്കിയെങ്കിലും സംഘട്ടന രംഗങ്ങളിലേക്ക് പോകാതെ ലളിതവും സാധാരണവുമായ ഗതിമാറ്റങ്ങളും അവസാനവും. ജീവിതത്തില്‍ കണ്ടുമുട്ടുന്ന/പരിചയപ്പെട്ടിരിക്കാവുന്ന/അടുത്തു നില്‍ക്കുന്ന സഹ കഥാപാത്രങ്ങള്‍, നായകനെ മണ്ണിലേക്കിറക്കുക എന്നു പറഞ്ഞാല്‍ അന്യം നിന്നുപോയ പാടവരമ്പും കള്ളൂം കുടവും ക്ലബ്ബ് വാര്‍ഷികവുമല്ലാതെ ഇന്നത്തെ, ഇപ്പോഴത്തെ കഥ പറയുക എന്ന യാഥാര്‍ത്ഥ്യ ചിന്ത അതൊക്കെയും ഈ സിനിമക്ക് വളരെ ഗുണകരമായിട്ടുണ്ട്. എങ്കിലും എത്രയും വേഗം ഒരു ചിത്രമൊരുക്കുക എന്നൊരു അതി ബുദ്ധിയുടെ ഫലമാണോ എന്നറിയില്ല ചില കല്ലുകടികള്‍ ചിത്രത്തില്‍ അവിടവിടെ കാണം

നായകനൊഴിച്ച് മറ്റു സഹ നടീ നടന്മാര്‍ അധികം പോപ്പുലര്‍ അല്ലാത്തവരും / അല്ലെങ്കില്‍ എല്ലാ ചിത്രങ്ങളിലും കാണത്തവര്‍ അയതും കൊണ്ടും ചിത്രത്തിനു നല്ലൊരു ഫ്രെഷ്നസ് ഫീല്‍ കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്. രഞ്ജിത്ത്, പലേരി മാണിക്യത്തില്‍ അവതരിപ്പിച്ച നാടക നടന്മാരുടെ (നടിയും) സാന്നിദ്ധ്യം ഈ ചിത്രത്തിലുമുണ്ട്. അതൊരു നല്ല കാര്യമാണ്. മാമുക്കോയ, ബിജു പപ്പന്‍, ജഗതി, സീനത്ത്, കല്‍പ്പന എന്നിവര്‍ തങ്ങളാടുന്ന സ്ഥിരം വേഷത്തില്‍ നിന്നു മാറി വ്യത്യസ്ഥമായ വേഷത്തില്‍ വന്നു എന്നു മാത്രമല്ല നന്നായി തിളങ്ങുകയും ചെയ്തും (ഒരു സീനില്‍ മാത്രം വന്നു പോകുന്ന കല്പനയുടെ പെര്‍ഫോര്‍മന്‍സ് ഈ നടി അടുത്ത കാലത്തെങ്ങും (ബ്രിഡ്ജ് ഒഴിച്ച്) ചെയ്തിട്ടില്ല) പലപ്പോഴും ചെയ്യേണ്ടി വരുന്ന വേഷമാണെങ്കിലും വ്യത്യസ്ഥമായ മാനറിസങ്ങളാലും മെയ് വഴക്കത്താലും ജഗതി ഗോള്‍ഡന്‍ പാപ്പച്ചനെ വ്യത്യസ്ഥമാക്കി. പക്ഷെ സിനിമയില്‍ ആദ്യമത്യന്തം നിറഞ്ഞു നില്‍ക്കുന്നത് തിലകന്റെ അച്യുതമേനോനും പൃഥീരാജിന്റെ ജയപ്രകാശുമാണ്. ഇരുവരും നിറഞ്ഞാടിയ നിരവധി മുഹൂര്‍ത്തങ്ങളുണ്ട് ചിത്രത്തില്‍. കോമഡിയില്‍ പക്ഷെ പൃഥീ പിന്നിലേക്ക് പോകുമ്പോള്‍ ഡയലോഗ് ഡെലിവറിയിലും എക്സ്പ്രഷനിലും ഈ യുവനടന്‍ മുന്നിട്ട് നില്‍ക്കുന്നു. തിലകന്റെ പ്രതിഭക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല എന്നത് ഈ വയസ്സിലും ഈ നടന്‍ വിളിച്ചോതുന്നുണ്ട്.ഇത്രകാലം ഈ പ്രതിഭയെ മാറ്റി നിര്‍ത്തിയതിനു കാലം മലയാള സിനിമയോട് കണക്കു ചോദിക്കും, നിശ്ചയം.

എസ് കുമാറിന്റെ വെളിച്ച വിന്യാസം വിതറിയുള്ള ഫ്രെയിമുകളൊന്നും ഈ ചിത്രത്തിലില്ല. ഒരു പക്ഷെ, കഥാഖ്യാനത്തിന്റെ രീതിക്കു ചേര്‍ന്നു നിന്നുകൊണ്ടാവാം, സ്ഥിരം ശൈലിയില്‍ നിന്ന് കുമാര്‍ മറ്റൊരു രീതി അവലംബിച്ചത്. അത് പക്ഷെ ചിത്രത്തിനു ചേര്‍ച്ചക്കുറവൊന്നും സമ്മാനിക്കുന്നില്ല എന്നു മാത്രമല്ല, ആഖ്യാനത്തിനു മീതെ മുഴച്ചു നില്‍ക്കുന്നുമില്ല. പല ചിത്രങ്ങളിലും പ്രസ്ന്റ് യഥാതഥ നിറങ്ങളിലും ഫ്ലാഷ്ബാക്ക് ബ്ലാക് & വൈറ്റ് / ഡ്യൂ ടോണ്‍ നിറങ്ങളിലൊക്കെയോ ആണ് ദൃശ്യവല്‍ക്കരിക്കാറ്, പക്ഷെ ഇന്ത്യന്‍ റുപ്പിയില്‍ നേരെ തിരിച്ചാണ്, ബ്ലാക്ക് & വൈറ്റിനും കളറിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന്‍‘ നിറമാണ് ഈ കാലത്തിനു ഉപയോഗിച്ചത്. കഥപറയുന്ന പിന്‍ കാലത്തിനാവട്ടെ യഥാര്‍ത്ഥ നിറവും. സന്തോഷ് രാമന്റെ കലാ സംവിധാനവും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ചിത്രത്തിനു ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഷഹബാസ് അമന്‍ ഒരുക്കിയ മൂന്നു ഗാനങ്ങളും പശ്ച്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് പശ്ച്ചാത്തല സംഗീതം. സ്ഥിരം ചേരുവകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഷഹബാസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പാട്ടുകള്‍ പക്ഷെ ശ്രവണസുഖമെങ്കിലും ചിത്രത്തിന്റെ ഒഴുക്കില്‍ അനാവശ്യഘടകങ്ങളായി എന്നു മാത്രമല്ല അതിന്റെ ദൃശ്യവല്‍ക്കരണവും വളരെ നിലവാരം കുറഞ്ഞതായി. ‘ഉറുമി’ എന്ന ആദ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈനിങ്ങില്‍ ആഗസ്റ്റ് സിനിമയുടെ പിന്നണിക്കാര്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു എന്നു തോന്നുന്നു. മലയാളത്തില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും നല്ല പ്രൊമോ ഡിസൈനിങ്ങ് ആയിരുന്നു ഉറുമിയുടേത് (ഡീസൈന്‍ : ഓള്‍ഡ് മങ്ക്) പക്ഷെ രണ്ടാമത്തെ ചിത്രമായ ഇന്ത്യന്‍ റുപ്പീ‍യിലെത്തിയപ്പോള്‍ അത് ഒട്ടും നിലവാരമില്ലാത്തതായിപ്പോയി എന്നത് ഒട്ടും നല്ല കാര്യമല്ല. പ്രൊമോ ഡിസൈനിങ്ങിലും മാര്‍ക്കറ്റിങ്ങിലും തീരെ ശ്രദ്ധിക്കാത്തൊരു സംവിധായകനാണ് രഞ്ജിത്ത്, പക്ഷെ പുതിയ കാലത്തില്‍ ഒരു വാണിജ്യ സിനിമയുടേ വാണിജ്യ വിജയത്തിനു നല്ല സിനിമ മാത്രം ഉണ്ടായാല്‍ പോരാ, വിവിധ അഭിരുചികളുള്ള വ്യത്യസ്ഥപ്രേക്ഷകരിലേക്ക് അത്യാകര്‍ഷപൂര്‍വ്വം എത്തിക്കാന്‍ തക്കവണ്ണമുള്ള പ്രൊമോ ഡിസൈന്‍സും മാര്‍ക്കറ്റിങ്ങും വേണം എന്ന് രഞ്ജിത്തടക്കമുള്ള സിനിമാക്കാര്‍ ഓര്‍ത്തിരിക്കുന്നത് ഇനിയുള്ള വിജയത്തിനെങ്കിലും ഉപകരിക്കാനാവും.

പഴയ കൊമേഴ്സ്യല്‍ ഹിറ്റ് റൈറ്ററായ രഞ്ജിത്ത് ഇന്ന് വ്യത്യസ്ഥസിനിമകളുടേ പാതയിലാണെന്ന് മുന്‍പേ പറഞ്ഞുവല്ലോ, ഒരു പക്ഷേ, മലയാളത്തില്‍ ഇന്ന് മുന്‍ നിരയില്‍ നില്‍ക്കാന്‍ കെല്പുള്ള വളരെ കുറച്ച് സിനിമാ എഴുത്തുകാരില്‍ പ്രഥമന്‍. പക്ഷെ തന്റെ ക്രിയേറ്റീവ് പ്രൊഡക്റ്റിനു വേണ്ടത്ര സമയം കൊടുത്ത് ചിന്തേരിട്ടു മിനുക്കിയെടുക്കാന്‍ രഞ്ജിത്തിന്റെ അക്ഷമയോ അതൊ പ്രൊഡക്ഷന്റെ സമ്മര്‍ദ്ദമോ എന്തായാലും സമ്മതിച്ചിട്ടില്ല. മുന്‍പ് പ്രാഞ്ചിയേട്ടനിലും ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും ഈ ‘പോളീഷ് കുറവ്’ പലയിടത്തും കാണാം. ഇനിയും ഒരാഴ്ചകൂടിയോ കുറേ ദിവസങ്ങള്‍ കൂടിയോ ഇക്കാണുന്ന സ്ക്രിപ്റ്റില്‍ രഞ്ജിത്ത് സമര്‍പ്പണം ചെയ്തിരുന്നെങ്കില്‍ ഇതൊരു വളരെ നല്ല സിനിമയായേനെ (പ്രാഞ്ചിയേട്ടനും)

സിനിമയില്‍ വന്ന / ശ്രദ്ധിക്കപ്പെട്ട ന്യൂനതകള്‍
# സിനിമയുടേ ആദ്യ ഭാഗങ്ങളില്‍ ജയപ്രകാശിന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ട കുടുംബം (അമ്മ - അനിയത്തി) ഒരു ഘട്ടം കഴിയുമ്പോള്‍ സിനിമയില്‍ നിന്ന് അകാരണമായി അപ്രത്യക്ഷമാകുന്നു.
# അനിയത്തിയുടേ വിവാഹ നിശ്ചയത്തിന്റെ അന്ന് കാരണങ്ങളേതുമില്ലാതെ നായകന്‍ ജയപ്രകാശ് ഉത്തരവാദിത്വത്തില്‍ നിന്ന് മതില്‍ ചാടി ഓടുന്നു. ( ഈ കോമഡി സീന്‍ പൃഥീരാജിന്റെ അനായാസതക്ക് അപവാദമാണ്)
# സിനിമയുടെ തുടക്കത്തില്‍ നായകന്‍ കോഴിക്കോട് ഭാഷ തുടങ്ങുന്നുവെങ്കിലും കഥാഗതിയില്‍ ആ ഭാഷ കൈമോശം വരുന്നു. തുടര്‍ച്ച ഇല്ല. സഹ കഥാപാത്രങ്ങള്‍ കോഴിക്കോട് ഭാഷ കൈകാര്യം ചെയ്യുന്നുമില്ല.
# സിനിമയിലെ ക്ലൈമാക്സ് സീനില്‍ ജയപ്രകാശ് ഗോള്‍ഡന്‍ പാപ്പച്ചനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും പാപ്പച്ചന്‍ അതില്‍ ഭയക്കുന്നതും. അതിനു യാതൊരു യുക്തിയും തോന്നിയില്ല.(അതിനെത്തുടര്‍ന്നാണ് കഥാഗതി)
# അനാവശ്യമായി കടന്നു വന്ന ഗാനരംഗം (നായകന്‍ കൂട്ടുക്കാര്‍ക്കൊപ്പം നാലു വരി പാടുന്ന ആദ്യ സീനില്‍ അവസാനിപ്പിച്ചെങ്കില്‍ നന്നായിരുന്നേനെ) ഗാന രംഗത്തിനുവേണ്ടി ഉണ്ടാകിയ സീനും അതില്‍ പങ്കെടുത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പരിതാപകരമായ പ്രകടനവും
# ചിത്രത്തിന്റെ അവസാനത്തോട് കൂട്ടിചേര്‍ത്ത സീന്‍. അച്യുതമേനോന്റെ അവധൂത ജീവിതത്തെപ്പറ്റി സംസാരിച്ച് ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ജയപ്രകാശും കൂട്ടരിലും സിനിമ തീര്‍ന്നെങ്കില്‍ നന്നായിരുന്നെന്ന് തോന്നി. സിനിമ തീര്‍ന്നതിനുശേഷം കൂട്ടിത്തുന്നിയ പാട്ടു രംഗം അനാവശ്യവും അനാകര്‍ഷവുമായി.

പഴയവരും പുതിയവരുമായി നിരവധിയാളുകളാല്‍ അപമാനിക്കപ്പെടുന്ന മലയാള സിനിമയില്‍ ‘ഇന്ത്യന്‍ റുപ്പീ’ തെളിമയുള്ളൊരു ചിത്രമാണ്. വാണിജ്യ സിനിമയുടെ വേഗവും ടെക്നിക്കല്‍ ഗിമ്മിക്സുമൊന്നുമില്ലാതെ തിരക്കഥയിലൂന്നിയ വൃത്തിയുള്ള സിനിമ. സദാചാരത്തിന്റെ അദൃശ്യമതിലുകള്‍ തകര്‍ക്കാന്‍ മടിക്കുന്നവരുടെ ‘പ്രണയ‘ ലീലകളും ഗുരുവായൂരപ്പ ഭക്തയായ അമ്മയറിയാതെ അന്യം നിന്ന പാടവരമ്പില്‍ നിന്ന് പഴയ കള്ളുകുടം മോന്തുന്ന അമ്പതു കഴിഞ്ഞ അവിവാഹിത നായകരും ക്വട്ടേഷന്‍ ജോലികള്‍ക്കുമാത്രമായി സംവരണം ചെയ്യപ്പെട്ട യുവതാരങ്ങളുമൊക്കെയുള്ള ഈ മലയാള സിനിമയില്‍ സമൂഹത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കാലത്തിന്റെ വിഷയങ്ങളുമായി വന്ന ഒരു സിനിമയെ മുന്‍ വിധികളേതുമില്ലാതെ സ്വീകരിക്കാം.

വാല്‍ക്കഷണം : ചിത്രത്തിലൊരിടത്ത് തിലകന്റെ അച്യുതമേനോന്‍ ഉപദേശിക്കുന്ന ബുദ്ധിയുപയോഗിച്ച് ജയപ്രകാശ് 25 ലക്ഷം രൂപ നേടുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന വലിയൊരു ലാഭത്തുക. അതിനുശേഷം പൃഥീരാജിന്റെ ജയപ്രകാശ് തിലകനോട് വൈകാരികമായി ചോദിക്കുന്നു “ ഇത്രയും നാള്‍ എവിടെയായിരുന്നു താങ്കള്‍?” എന്ന്. സര്‍വ്വവും പിന്നിലാക്കുന്ന ഒരു പൊട്ടിച്ചിരിയാണ് തിലകന്റെ അച്യുതമേനോന്‍ നല്‍കുന്ന മറുപടി. സിനിമയെ നശിപ്പിക്കാന്‍ കച്ചകെട്ടിയൊരുങ്ങിയിറങ്ങിയിരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്ന മാടമ്പിമാരോടും പ്രേക്ഷകന്‍ ചോദിക്കുന്ന ചോദ്യവും അതു തന്നെ. ഇത്രകാലം തിലകനെന്ന പ്രതിഭയെ ജീവിത നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മാടമ്പിമാരെ ഈ നഷ്ടം തിലകനല്ല, മറിച്ച മലയാള സിനിമക്കാണെന്ന് തിരിച്ചറിയുക. കാലവും നല്ല പ്രേക്ഷകനും നിങ്ങളുടെ ധാര്‍ഷ്ട്യത്തിനുനേരെ വിരല്‍ ചൂണ്ടി ഒരിക്കല്‍ ചോദിക്കും ഞങ്ങളുടെ നല്ല നടനെ മാടമ്പിത്തരത്തിന്റെ പേരില്‍ തളച്ചിട്ട ആ കാലത്തെപ്പറ്റി, മറുപടിക്കായി തയ്യാറായിക്കൊള്ളുക.

21 comments:

NANZ said...

ഇന്ത്യന്‍ റുപ്പീ ഇത്ര നല്ല സിനിമയോ?
ഇന്ത്യന്‍ റുപ്പിയെക്കുറിച്ചുള്ള ആസ്വാദനം. വായിക്കുക. അഭിപ്രായം രേഖപ്പെടുത്തുക

Vikas said...

Excellent review! I've not watched this movie yet and have to wait till December 17th (till I come home). Hope that the movie will be successfully running then.

Kiranz..!! said...

നാൻസ് രഞ്ജിത്തിനേപ്പറ്റി എഴുതിയത് ശരിക്ക് ബോധിച്ചു.പത്ത് നാൽപ്പത്തിനാലു ചിത്രങ്ങളിൽ വ്യത്യസ്തമായ കഥകൾ പറഞ്ഞിട്ടും മൂന്നോ നാലോ ചിത്രങ്ങളോടെ മോഹൻലാലിന്റെ മീശപിരിയൻ/സവർണ്ണ സംവിധായകനാക്കി എല്ലാവരും മാറ്റി നിർത്തിക്കളഞ്ഞു.അതൊരു കിടിലൻ ക്യാച്ച് തന്നെ.

എനിക്ക് തോന്നുന്നത്,രഞ്ജിത്ത് ഒരു കൗശലക്കാരൻ ആയിരുന്നുവെന്നാണ്. അതായത് പാതിരാക്കൊലപാതകവും,പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയും പോലെയുള്ള സിനിമകൾക്കുള്ള ഒരു ചവിട്ടുപടിയെന്നോണം ഒരുപിടി തറപ്പടങ്ങൾ ഉണ്ടാക്കിവെച്ച് മലയാളികളെ വെറുപ്പിച്ചിട്ട് ഈ സംഗതികളൊക്കെ ഇറക്കി വിടുക.എന്തായാലും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സൂപ്പർ ഹിറ്റുകളുടെ ഒരു കൺസിസ്റ്റൻസി ഉണ്ടാക്കി വച്ചിരിക്കുന്നു.സംവിധായകനും കഥക്കുമപ്പുറം താരങ്ങളെ കയറൂരി വിടാതിരിക്കാനുള്ള കഴിവ് രഞ്ജിത്തിനു ഗുണം ചെയ്തിട്ടുണ്ട്.

ഒരു സിനിമ നന്നായി എന്ന് ഒരു റിവ്യൂവിൽ വായിക്കുമ്പോഴുള്ള സന്തോഷം ചെറുതൊന്നുമല്ല :)

എതിരന്‍ കതിരവന്‍ said...

രഞ്ജിത്ത് മൂന്നോ നാലോ ചിത്രങ്ങളിൽ മാത്രമല്ല സ്ത്രീവിരുദ്ധതയും മാടമ്പിവിജയവും ഘോഷിച്ചത്. കയ്യൊപ്പ് വരെയുള്ള പല സിനിമകളും ഈ സ്വഭാവം പേറിയിരുന്നു. നന്ദനവും മിഴിരണ്ടിലും പോലെയുള്ള അറുപിന്തിരിപ്പൻ കഥകൾ.“തിരക്കഥ” ഉൾപ്പെടെ.
‘പെൺപ്പട്ടണ’ത്തിനു കഥ സമ്മാനിച്ചതും ‘കയ്യൊപ്പും’ വഴി മാറിയതിന്റെ ദൃഷ്ടാന്തങ്ങളായി എടുക്കാം.

നായകൻ/നായിക ഉത്തരവാദിത്തങ്ങളിൽ പ്രാഞ്ചിയേട്ടൻ സിനിമ എങ്ങനെ വേറിട്ടു നിൽക്കുന്നു എന്ന് നേരത്തെ കുറിച്ചിട്ടിരുന്നു ഇവിടെ:
http://ethiran.blogspot.com/2011/01/blog-post.html

nikhimenon said...

true..
except for that pennnukaanal scenes
prithviraj has done a good job in this movie,
his best perdformance till date...
this movie proves that he is a very good actor

nikhimenon said...

nice review btw...

NANZ said...

@ എതിരന്‍ കതിരവന്‍
സവര്‍ണ്ണ ഹൈന്ദവികതയുടെ ദൃശ്യപ്രഘോഷകന്‍ എന്ന നിലക്കുള്ള ആരോപണങ്ങള്‍ക്ക് നിദാനം പൊതുവേ ഈ ചിത്രങ്ങളെന്നാണ് സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

1991ല്‍ മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഹരിദാസിന്റെ ‘ജോര്‍ജ്ജ്കുട്ടി c/o ജോര്‍ജ്ജ് കുട്ടി’യുടെ സ്ക്രിപ്റ്റ് രഞ്ജിത്തിന്റേതായിരുന്നു. പെരുവണ്ണാപുരവും, പ്രാദേശികവാര്‍ത്തകളും, നന്മനിറഞ്ഞവന്‍ ശ്രീനിവാസനും, പൂക്കാലം വരവായി തുടങ്ങിയ ഗ്രാമീണ നര്‍മ്മ ചിത്രങ്ങള്‍. ‘കയ്യൊപ്പ്‘ മുതലിങ്ങോട്ടുള്ള വ്യത്യസ്ഥതകള്‍ അതൊക്കെയും രഞ്ജിത്തിനെപ്പറ്റി പറയുമ്പോള്‍ പലരും വിട്ടു പോകുന്ന സിനിമകളാണ്.

‘നീലത്താമര‘യുടേ സാമ്യം ആരോപിക്കപ്പെട്ട ‘നന്ദനം’ പക്ഷെ, എം ടിയുടെ പിന്തിരിപ്പന്‍ ക്ലെമാക്സിലെപ്പോലെ അവസാനിക്കുന്നില്ല. ശേഷം വന്ന ‘മിഴി രണ്ടിലും‘ പിന്തിരിപ്പിനായ പൈങ്കിളി സിനിമയായിരുന്നു താനും.


മുകളില്‍ Kiranz പറഞ്ഞതുപോലെ കൊമേഴ്സ്യല്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്താനുള്ള വഴിയിലേക്ക് കുറേ സൂപ്പര്‍ ഹിറ്റുകളെ ഉണ്ടാക്കിയതാവണം ആദ്യകാലങ്ങളില്‍.

പിള്ളാച്ചന്‍ said...

അതു രഞ്ജിത്ത് തന്നെ സമ്മതിച്ചിട്ടൂള്ളതാണ്. ആറാം തമ്പുരാനും നരസിംഹവും ഷാജി കൈലാസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതിയതാണെന്നു തുറന്നു പറഞ്ഞ രഞ്ജിത്ത്, രാവണപ്രഭു ചെയ്യാനുള്ള കാരണം Perfect Start-നു വേണ്ടിയിട്ടാണ്‍ എന്നും ഏഷ്യാനെറ്റില്‍ ഗോപകുമാറുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ ചെയ്യുവാന്‍ രഞ്ജിത്തിനെ ഉപദേശിച്ചതോ ശ്യാമപ്രസാദും, അതിന്‍ ശ്യാമപ്രസാദ് പറഞ്ഞ കാരണം ഇതു തന്നെ, ഒരു പ്ലാറ്റ്ഫം ഉണ്ടാക്കിയെടുത്തതിനു ശേഷം മാത്രം രഞ്ജിത്തിന്റെ സങ്കല്‍പ്പത്തിലുള്ള സിനിമിയലേക്കു കടക്കുക എന്ന്... അതാണ്‍ ഇന്ന് രഞ്ജിത്ത് സമര്‍ത്ഥമായി ചെയ്തുകൊണ്ടിരിക്കുന്നത്.....

Satheesh Haripad said...

കൊമേഴ്സ്യൽ സിനിമകളുടെ സകല കളികളും സ്വായത്തമാക്കിയതിനു ശേഷമാണ് രഞ്ജിത്ത് തന്റെ മനസ്സിൻ സംതൃപ്തി തരുന്ന സിനിമകളെപറ്റി ചിന്തിച്ചു തുടങ്ങുന്നത്. രാവണപ്രഭുവിൽ സംഭവിച്ച തുടക്കം ബോധപൂർവ്വമാകാം. അതിനു ശേഷം മോഹൻലാലുമായി ഉണ്ടായ അകൽച്ചയിൽ നിന്നും ഉണ്ടായൊരു മാനസാന്തരമാവാം വഴിമാറി നടക്കാൻ രഞ്ജിത്തിനെ പ്രേരിപ്പിച്ചത്..
എങ്ങനെ വിലയിരുത്തിയാലും പ്രാഞ്ചിയിലൂടേയും ഇന്ത്യൻ റുപ്പിയിലൂടെയും രൺജിത്ത് നമുക്ക് കാണിച്ചു തരുന്ന ചില നല്ല ദൃഷ്ടാന്തങ്ങളുണ്ട്. തലപ്പാവിലും വാസ്തവത്തിലുമൊക്കെ പ്രിത്വിരാജിൽ നാം കണ്ട് പിന്നീട് മറന്നുതുടങ്ങിയ അഭിനേതാവിനെ കൂടുതൽ പക്വതയോടെ വീണ്ടും അവതരിപ്പിക്കുക വഴി , താരപ്രഭയ്ക്കപ്പുറം ഒരു നടനെ ഒരു നല്ല സംവിധായകൻ എങ്ങനെ ഉപയോഗിക്കുന്നു എന്നും അദ്ദേഹം കാണിച്ചു തരുന്നുണ്ട്. പിന്നെ തിലകനും ജഗതിയും പോലുള്ള മഹാരഥന്മാർ എത്രമാത്രം മലയാളസിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് വീണ്ടും ചിന്തിച്ചുപോകുന്നു.
ഇത്തരമൊരു കൊച്ചു സിനിമയ്ക്ക് കാശുമുടക്കിയ പ്രിത്വിരാജ് ഉൾപ്പെടെയുള്ള നിർമ്മാതാക്കളേയും അഭിനന്ദിക്കണം.
2011 മലയാള സിനിമയുടെ മറ്റൊരു സുവർണ്ണ
വർഷം ആവുകയാണ്. ആ ചങ്ങലയിലെ ഏറ്റവും പുതിയ കണ്ണിയാവുന്നു ഇന്ത്യൻ റുപ്പീ എന്നറിയുന്നതിൽ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ സന്തോഷം പങ്കുവയ്ക്കട്ടെ.

Kiranz..!! said...

എന്റെ ഒരു സംശമാണ് എതിരപ്പാ.മുപ്പത്തിമുക്കാൽകോടി ദൈവങ്ങളേയും അതുമ്പോരാഞ്ഞ് മുക്കിനുമുക്കിനുള്ള ആൾ ദൈവങ്ങളേയും വിഗ്രഹങ്ങളേയും ആരാധിച്ച്,അതിലും കൂടുതൽ ദൈവകഥകളും ഉള്ളൊരു സമൂഹത്തിൽ അത്തരം ത്രെഡുകൾ ഒരു കഥക്ക് ഹേതുവാകുന്നുവെങ്കിൽ അതിനു കഥാകാരനെയും സംവിധായകനെയും കുറ്റം പറയുന്നതിൽ കാര്യമുണ്ടോ ? സ്ത്രീവിരുദ്ധതയുടെ കാര്യത്തിലും ഇതൊക്കെത്തന്നെ അപ്ലൈ ചെയ്യാമല്ലോ ?

പാച്ചു said...

കണ്ടു, ഇഷ്ടായി.

സിനിമ നായകന്റെ ഇൻ‌ട്രോവിൽ തീയറ്ററിൽ ഉണ്ടായ ആ വലിയ കൂവൽ സിനിമാ ആസ്വാദനത്തിനു വിലങ്ങ് തടിയാവുമോ എന്നു ഒരു പേടി ഉണ്ടായിരുന്നു, പക്ഷെ നടനെ പിന്തള്ളി കഥ പറച്ചിൽകാരൻ സ്റ്റിയറിങ്ങ് ഏറ്റെടുത്തപ്പോൾ അഭിനയിക്കുന്നവനോടുള്ള ഇഷ്ടക്കേടൊക്കെ മാറ്റി നിർത്തി ജനം കൈയ്യടിച്ചു.

രജ്ഞിത്ത് മാത്രമാണോ ഈക്കാലത്തെ മിനിമം നിലവാരം ഗ്യാരന്റിയുള്ള സംവിധാന-തിരക്കഥാകൃത്ത്? ..ആണെന്നു തോന്നുന്നു.

നാൻസ്, റിവ്യൂ കലക്കി. :)

എക്സ്ട്രാ ആയിട്ട് പറയാൻ തോന്നിയത് മേക്കപ്പിനെ പറ്റിയായിരുന്നു. പല സീനുകളിലും പൃഥ്വിരാജിന്റേയും പെങ്ങളുടേയും മേക്കപ്പ് വളരേ വിസിബിൾ ആയിരുന്നു. ആകെ കുമ്മായത്തിൽ വീണ പോലെ - അതു കാമറ/ലൈറ്റിങ്ങ് പ്രശ്നമാണോ, അതോ മേക്കപ്പിന്റേയോ?

nandakumar said...

Ellaayidathum ellaavarum nalla abhiprayamaanallo parayunnathu. Udane kaanunnundu.

വിനയന്‍ said...

നാന്‍സ് , ആ റിവ്യൂവിനോട് പൂര്‍ണമായും യോജിക്കുന്നു .ഒപ്പം പറഞ്ഞ കമന്ടിനടിയിലും ഒപ്പ്. കല്ലുകളികള്‍ക്കിടയിലും നല്ലൊരു തിരക്കഥ ഒരുക്കുവാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം ഇത്രയും നന്നായി എഴുതിയ രഞ്ജിത്ത് സിനിമയിലെ കല്ലുകടികള്‍ക്കും നിദാനമാവുന്നു എന്നത് വിഷമമുള്ള സംഗതിയാണ് . സിനിമ ഒരു പ്രിവ്യു കണ്ട ശേഷം എഡിറ്റിംഗ് പാത്രത്തിലിട്ടു അരിഞ്ഞു വൃത്തിയാക്കുകയെങ്കിലും ചെയ്യാമായിരുന്നു. ശ്രദ്ധയില്ലായ്മയോ അതോ വ്യഗ്രതയോ. എന്തായാലും സിനിമ കാണേണ്ടത് തന്നെയെന്നാണ് അഭിപ്രായം. പ്രിഥ്വി ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നു. ഒരു മെയ്മാസപ്പുലരിയില്‍ മുതല്‍ രഞ്ജിത്തിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. ചിത്രങ്ങളെ ആസ്വദിക്കുക , ഒപ്പം ചിത്രം പ്രേക്ഷകന്റെ ചിന്തയുടെ പങ്കാളിത്തം ആവശ്യപ്പെടുന്നെന്കില്‍ അങ്ങനെ ചിന്തിച്ചു കാണുക; അതിലപ്പുറം ഒരു സിനിമ കണ്ട ശേഷമോ അത് കാണുമ്പോഴോ പ്രകടമായ കാര്യങ്ങള്‍ക്കപ്പുറം ഉള്ളവ കുഴിയില്‍ നിന്ന് മാന്തിയെടുക്കാറില്ല എന്നത്കൊണ്ട് തന്നെ വിരലിലെണ്ണാവുന്ന രഞ്ജിത്ത് സിനിമകളില്‍ മാത്രമേ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ ദര്‍ശിച്ചിട്ടുള്ളൂ :).

Aravind MI said...

oru nalla cinima ennu arinjathil valre samthosham.....njan ithu theateril poi mathrame kanu ennu sathyam cheyyunnu.....

nandakumar said...

ഇന്ത്യൻ റുപ്പീ കണ്ടു. കൊള്ളാം. ഇത്തിരി കല്ലുകടികൾ അവിടവിടേയും ഉണ്ടേങ്കിലും (അവസാനത്തിൽ പ്രത്യേകിച്ചും) സംഭവം രസായിട്ടുണ്ട്. തിലകനും പൃഥീയും നന്നായിട്ടുണ്ട്.

Anonymous said...

മേല്‍ പറഞ്ഞ 4 ചിത്രങ്ങള്‍ കൂടാതെ ഉസ്താദ്‌, വല്യേട്ട‍ന്‍ തുടങ്ങിയ മീശപിരീയന്‍ ചിത്രങ്ങളും ബ്ലാക്ക്‌, അസുര വംശം തുടങ്ങിയ അധോലോക കസര്‍ത്തുകളും രഞ്ജിത്തിന്റെ വകയായി ഉണ്ട്‌. നീലഗിരി,Rudraksham,യാദവം തുടങ്ങിയ ചില commercial പ്രഹസനങ്ങളും ഉണ്ട്‌.

ഷാജു

ഷാരോണ്‍ said...

കൊള്ളാം..നല്ല റിവ്യു.
പടവും നന്നായി ബോധിച്ചു..
കുടുംബ കഥാപാത്രങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷരായത് ശ്രദ്ധിച്ചിരുന്നു.
ഒരു കല്ലുകടി കിടക്കുന്നത്, ഇന്നത്തെ ഒരു പത്ത് ഇരുപത്തെട്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഒന്‍പതാം ക്ലാസ്സോടെ പഠനം നിര്‍ത്തി എന്നുള്ളതാണ്.

എംടിയും എന്പി മുഹമ്മദും ചേര്‍ന്നെഴുതിയ "അറബിപ്പൊന്ന്" എന്നൊരു നോവല്‍ ഉണ്ട്. കോഴിക്കോട് കേന്ദ്രമാക്കി നടക്കുന്ന അനധികൃത സ്വര്‍ണ്ണ വ്യാപാരവും കടത്തും പ്രമേയമാക്കി ഒരു ത്രില്ലര്‍. എംടി അത് തിരക്കഥയാക്കിയെന്നും എന്തുകൊണ്ടോ ആ പ്രൊജക്റ്റ്‌ നടന്നില്ലെന്നും ഈയിടെ വായിച്ചു. ആ പ്രൊജക്റ്റ്‌ നടന്നിരുന്നെങ്കില്‍ "ഇന്ത്യന്‍ റുപ്പീ" എന്ന രഞ്ജിത്ത് ചിത്രം നമ്മെ ഇത്ര ആകര്ഷിക്കുമായിരുന്നില്ല.
ജോണി ഗദ്ദര്‍..വാസ്തവം...അറബിപ്പൊന്ന്...ഇതൊക്കെ ഓര്‍മ്മപ്പെടുത്തുന്നെങ്കിലും "ഇന്ത്യന്‍ റുപ്പീ" അതിനൊക്കെ മേലേ ഒരു തനിമ നിലനിര്‍ത്തുന്നു.
രഞ്ജിത്തിനും പ്രിത്വിക്കും നന്ദി.
ജഗതിക്കും തിലകനും ഒരു നല്ല നമസ്ക്കാരം...

Satheesh Haripad said...

@ഷാരോണ്‍::
"ഒരു കല്ലുകടി കിടക്കുന്നത്, ഇന്നത്തെ ഒരു പത്ത് ഇരുപത്തെട്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഒന്‍പതാം ക്ലാസ്സോടെ പഠനം നിര്‍ത്തി എന്നുള്ളതാണ്."


താങ്കൾ എന്റെ നാട്ടിലേക്കു വരൂ. ഒൻപതിലും പത്തിലും വച്ച് ഇത്തരത്തിൽ പഠിത്തം നിർത്തിയ രണ്ടു സുഹൃത്തുക്കളെ എനിക്കറീയാം. ഒരാൾക്ക് 28 വയസ്സും മറ്റെയാൾക്ക് വെറും 25 വയസ്സും. രണ്ടുപേരും തങ്ങളുടേതായ മേഘലകളിൽ ബിസിനസ്സ് ചെയ്തു ആവശ്യത്തിന് സമ്പാദിക്കുന്നുമുണ്ട്.

എല്ലാത്തരം വ്യക്തികളും ഇന്നും ഉണ്ട് നമ്മുടെ സമൂഹത്തിൽ.

അപ്പൂട്ടൻ said...

Just a thought, why not a mention of Tini Tom? I think his performance was good too...

NANZ said...

@ അപ്പുട്ടന്‍
ടിനി ടോം മോശമാക്കിയിട്ടില്ല. പക്ഷെ വളരെ മികച്ചത് എന്നും എനിക്ക് അഭിപ്രായമില്ല. തെറ്റില്ലാതെ ചെയ്തു എന്നു മാത്രം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അഭിനന്ദാര്‍ഹം. അത്രമാത്രം. ടിനി ടോം ഗംഭീരമായി എന്നൊരു അഭിപ്രായം പലയിടത്തും കണ്ടു. അങ്ങിനെ ഒരു അഭിപ്രായം എനിക്കില്ല.

അപ്പൂട്ടൻ said...

ടിനി ടോം ഗംഭീരമാക്കി എന്നൊന്നും ഞാനും പറയുന്നില്ല. ഒരു mention ഇല്ലാഞ്ഞതെന്തേ എന്നേ ചോദിച്ചുള്ളൂ. പ്രത്യേകിച്ചും മാമുക്കോയയും ബിജു പപ്പനുമൊക്കെ പരാമർശിക്കപ്പെടുമ്പോൾ (അവർ മോശമായി എന്നു പറയുന്നില്ല, it's a cakewalk for Mamukoya), ടിനിയും ഒരു പരാമർശം അർഹിക്കുന്നുണ്ട് എന്ന് തോന്നിപ്പോയി.