മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Sunday, July 17, 2011

ചാപ്പാകുരിശ് - റിവ്യൂ


2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ “ട്രാഫികിന്റെ പ്രൊഡ്യൂസറില്‍ നിന്നും” എന്നൊരു പരസ്യ വാചകമാണ് ഈ സിനിമയുടെ മറ്റൊരു ദുരന്തം, കാരണം ; ട്രാഫിക് എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ രീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു ചാപ്പാകുരിശ് നല്ലൊരു അനുഭവമാകണമെന്നില്ല. എന്നാല്‍ മുന്‍ ധാരണകളില്ലാതെ നല്ലൊരു സിനിമാ ആസ്വാദകനോ സിനിമയെ താല്പര്യപൂര്‍വ്വം പിന്തുടരുന്നവരോ ആണു താങ്കളെങ്കില്‍ ചാപ്പാ കുരിശ് ഭേദപ്പെട്ട (അല്ല; നല്ലതു തന്നെ) ഒരു സിനിമയായി ആസ്വദിക്കാം.

താരങ്ങളല്ലാത്ത കഥാപാത്രങ്ങള്‍, അവരുടെ മികച്ച പെര്‍ഫോര്‍മന്‍സ്, സാങ്കേതിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രയത്നം, പുതുമയുള്ള കഥ, സ്വാഭാവികമായ സംഭാഷണ ശൈലി (പല സ്ലാങ്ങുകള്‍ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു) ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയിന്റ്സാണ്. ഒരു പക്ഷേ, മാസ്സ് ഓഡിയന്‍സിനെ തൃപ്തിപ്പെടൂത്താനാവും വിധം ഇതിനെ ഒന്നു Trim ചെയ്തിരുന്നെങ്കില്‍ സമീപകാലത്തെ മറ്റൊരു ഹിറ്റ് ആകുമായിരുന്നു ചിത്രം.

പ്ലോട്ട് : - ഹെഡ് ഓർ ടെയിൽ എന്നതിനു കൊച്ചിയിൽ പറയുന്ന ഒരു സ്ലാംഗ് ആണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചാപ്പാ കുരിശിലൂടെ പറയുന്നത്. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച്ചയുള്ളത് പോലെ പ്രകാശത്തിനു പിന്നിൽ ഇരുളുമുണ്ട്..ഉയർച്ചയും താഴ്ച്ചയും പ്രകാശവും ഇരുളും ഒരുമിച്ച് കണ്ടുമുട്ടിയാലെന്താകും എന്നതാണ് ചാപ്പാ കുരിശ് പറയുന്നത്.

ചാപ്പാ കുരിശിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

****************************************************************************************************

വടക്കന്‍ മലബാറില്‍ നിന്നും ഉപജീവനാര്‍ത്ഥം കൊച്ചിയിലെത്തിയ അന്‍സാരി(വിനീത് ശ്രീനിവാസന്‍) യുടെ പ്രാരാബ്ദങ്ങള്‍ അന്‍സാരിയുടെ താല്‍ക്കാലിക ജീവിത പരിസരത്തു നിന്നും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ്‍ പ്രേക്ഷകനു കൃത്യമായി വായിച്ചെടൂക്കാനാവുന്നത്. നാട്ടില്‍ ഒറ്റക്കാവുന്ന ഉമ്മയും വീടൂം പ്രാരാബ്ദവും കഷ്ടപ്പാടുകളുമൊക്കെ നായകന്റെ നെടുങ്കന്‍ ഡയലോഗുകളിലോ “മോനേ....ഉണ്ണീ...നീയെവിടേ?” എന്നുള്ള അമ്മക്കരച്ചിലു പുരണ്ട ക്ലീഷേ ദൃശ്യങ്ങളിലോ നിന്നല്ല പ്രേക്ഷകന്‍ അറിയുന്നത്, സംവിധായകന്‍ അത് പറയാതെ പറയുകയാണ്. അത്തരത്തില്‍ Subtle ആയിട്ടുള്ള നിരവധി കാര്യങ്ങള്‍, പ്രതികരണങ്ങള്‍ (expressions) ഈ സിനിമയില്‍ ഉടനീളം കാണാം. താമസസ്ഥലത്തെ കളിയാക്കലുകളും കടയിലെ അപമാനവും കേള്‍ക്കുന്ന, പരിക്ഷീണനും അന്തര്‍മുഖനും ഉള്ളുമുടലുമാകെ ഭയം പേറുന്ന ഈ വടക്ക്ന്‍ മലബാറുകാരന്‍ അന്‍സാരിയെ വിനീത് ശ്രീനിവാസന്‍ വളരെ തന്മയത്തത്തോടേയും കയ്യടക്കത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. വിനീതിന്റെ ഇതുവരെയുള്ള സിനിമാ അഭിനയത്തിലെ ഏറ്റവും മെച്ചപ്പെട്ട, വിജയിച്ച വേഷമാണിത്. നഗരത്തിലെ അപ്പര്‍ ക്ലാസ് സന്തതിയും ജീവിതം ആസ്വദിക്കാനുള്ളതാണെന്ന കാഴ്ചപ്പടില്‍ ജീവിക്കുന്ന അര്‍ജുന്‍ എന്ന ആര്‍ക്കിടെക്റ്റിനേ ഫഹദ് ഫാസില്‍ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ‘കയ്യെത്തും ദൂരത്ത്’ എന്ന പിതാവിന്റെ ചിത്രത്തിലൂടെ കയ്യെത്തും ദൂരത്ത് തന്നിലൊരു നടനില്ല എന്നു തോന്നിപ്പിച്ച ഫഹദിന്റെ അത്ഭുത മാറ്റമാണ് ഈ ചിത്രത്തിലെ അര്‍ജുന്‍. അര്‍ജുന്റെ ഓഫിലെ സെക്രട്ടറിയും കാമുകിയുമായ സോണിയയായി അഭിനയിച്ച രമ്യാ നമ്പീശനെ ഇതുവരെ മലയാള സിനിമ ഉപയോഗപ്പെടുത്താഞ്ഞത് മലയാള സിനിമയുടെ നഷ്ടം എന്ന് വേണമെങ്കില്‍ പറയാം.(ഒന്നുരണ്ടിടങ്ങളില്‍ ഏറെ ഉയരത്തിലേക്ക് വരുന്നില്ലയെങ്കിലും) അതോടൊപ്പം സഹ കഥാപാത്രങ്ങളായി സ്ക്രീനില്‍ നിറഞ്ഞ അപ്രധാന അഭിനേതാക്കള്‍ വളരെ സ്വഭാവികമായി അവതരിപ്പിച്ചിട്ടൂണ്ട്. അതൊക്കെയും ഈ സിനിമയുടെ മുതല്‍ക്കൂട്ട് തന്നെയാണ്. ഓരോ പ്രദേശത്തേയും സംസാരഭാഷ കൊണ്ടു വന്നതും തീര്‍ത്തും ഉചിതമായി (ഒരു നഗരത്തിലെ പല ആളുകള്‍ തീര്‍ച്ചയായും പല പ്രദേശത്തുനിന്നുള്ളവരാവുമല്ലോ)

നിരവധി പരസ്യ ചിത്രങ്ങളും ആല്‍ബവും ചെയ്ത ചില സിനിമകളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണ്‍ ആണ് ചാപ്പാകുരിശിന്റെ ഛായാഗ്രാഹകന്‍. വളരെകുറച്ചിടങ്ങളില്‍ കറച്ച്കൂടി നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നു തോന്നിക്കുന്നുവെങ്കിലും സിനിമയുടെ മൊത്തം വിജയത്തിനു ജോമോണിന്റെ ക്യാമറ വലിയൊരു സഹായകമായിട്ടുണ്ട്. മാത്രമല്ല സ്ഥിരം സിനിമകളില്‍ കണ്ടുവരുന്ന മടുപ്പിക്കുന്ന രീതിയുമല്ല ജോമോന്റെ ക്യാമറ ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും 7ഡി - ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ സിനിമയുടെ പലയിടങ്ങളിലും നാലോളം ക്യാമറകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും കൃത്യമായ ചലന നൈരന്തര്യം (Perfect Action continuity) കൊണ്ടുവരാനും സാധിച്ചു.

ചാപ്പാകുരിശിന്റെ മൂലകഥ, ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ്‌ ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി തീര്‍ച്ചയായും സാമ്യമുള്ളതാണ്. എങ്കിലും “കോക്ടെയില്‍” എന്ന ചിത്രം പോലെ മുഴുവനായി കോപ്പിയടിക്കാതെ കഥാപാത്രങ്ങളേയും മുഖ്യപ്രമേയത്തെയും അടര്‍ത്തിയെടൂത്ത് മലയാളി ജീവിത പരിസരത്തിലേക്ക്ക് കൊണ്ടു വരാന്‍ കഴിഞ്ഞിട്ടൂണ്ട് (ഇന്‍സ്പൈര്‍ ചെയ്യുന്നതും കോപ്പി ചെയ്യുന്നതും നീതികരിക്കുകയല്ല, കഥക്ക് മൂലകഥ/സിനിമയോട് കടപ്പാട് വെക്കാത്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്‍)

ഡോണ്‍ മാക്സിന്റെ എഡിറ്റിങ്ങ് സിനിമയുടെ ദൈര്‍ഘ്യത്തെ ഒരുക്കുന്നതില്‍ പാകപ്പിഴവു പറ്റിയിരിക്കുന്നു എന്നതൊഴിച്ചാല്‍, ചില ചലചിത്ര നിരൂപകര്‍ പറയുന്ന ‘ഡോണ്മാക്സ് കളി’ എന്നൊരു രീതിയേയല്ല ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. സമീറ സനീഷിന്റെ വസ്ത്രാലാങ്കാരം ഈ സിനിമയിലും എടുത്തുപറയേണ്ടുന്ന ഒന്നു തന്നെയാണ്‍. മനോജ് അങ്കമാലിയുടെ മേക്കപ്പും ബംഗ്ലന്റെ കലാ സംവിധാനവും മികച്ചതു തന്നെ. ‘അവിയല്‍‘ മ്യൂസിക് ബാന്‍ഡിലെ റെക്സ് വിജയന്റെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും മികച്ചു നിന്നുവെങ്കിലും ചിത്രാന്ത്യം വരെ ആ മികവു പുലര്‍ത്താനായില്ല എന്നതാണ് സങ്കടകരം. ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യങ്ങളുടെ തുടര്‍ച്ചക്കു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്

സമീര്‍ താഹിര്‍ എന്ന മുന്‍ ക്യാമറാമാന്‍ സംവിധായകനായപ്പോള്‍ ദൃശ്യവിരുന്നു മാത്രം സമ്മാനിക്കാതെ പുതുമയുള്ളൊരു കഥയും പശ്ച്ചാത്തലവും രീതിയുമൊക്കെ തന്നിട്ടുണ്ട് . വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ ടെക്നോളജി എങ്ങിനെ പല രീതിയില്‍ സ്വാധീനിക്കുന്നു എന്നുള്ളതും ടെക്നോളജിയെ എങ്ങിനെ നമ്മള്‍ ഉപയോഗപ്പെടൂത്തുന്നു /ദുരുപയോഗിക്കുന്നു എന്നുള്ളതും പ്രമേയപരിസരത്ത് ഉള്‍ക്കൊള്ളിച്ചതുമൊക്കെ നന്നായിരിക്കുന്നു എന്നാണ് തോന്നിയത്.

പ്രമേയത്തിലും ആഖ്യാനരീതിയിലും അഭിനേതാക്കളേ, സാങ്കേതിക പ്രവര്‍ത്തകരെയൊക്കെ തിരഞ്ഞെടൂക്കുന്നതിലും ഏറേ മികവു പുലര്‍ത്തിയെങ്കിലും ഒരു സിനിമ പൂര്‍ണ്ണമായും എല്ലാ പ്രേക്ഷകനേയും കമ്മ്യൂണിക്കേറ്റ് ചെയ്യാനായോ എന്നിടത്താണ് ചാപ്പാകുരിശിന്റെ പരാജയം. വളരെ ചെറിയൊരു പ്രമേയം വലിച്ചു നീട്ടാതെ ഏറ്റവും ക്രിസ്പായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ (മിനിമ 15 - 20 മിനുട്ടെങ്കിലും ഇതില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്) ഈ സിനിമ മാസ്സ് പ്രേക്ഷകരെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കുമായിരുന്നു എന്നു മാത്രമല്ല, അത്രയും സമയമേ ഈ പ്രമേയം ദൃശ്യവല്‍ക്കരിക്കാന്‍ വേണ്ടിയിരുന്നുള്ളു എന്നതാണ് സത്യം. അവിടേ സംവിധായകനും എഡിറ്ററും ചേര്‍ന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്നു കാണാം.

ഒരു പുതുമുഖ സംവിധായകന്‍ / തന്റെ ആദ്യ ചിത്രം എന്ന രീതിയില്‍ കൈകുറ്റപ്പാടുകള്‍ ഏറെയുണ്ടേങ്കിലും സമീര്‍ താഹിറും സംഘവും ഏറേ മുന്നില്‍ തന്നെയാണ്, ആ നിലക്ക് നോക്കിയാല്‍ ഒരു വ്യത്യസ്ഥ സിനിമ എന്ന നിലയില്‍ ചാപ്പാക്കുരിശിന് നല്ലൊരു മാര്‍ക്ക് കൊടൂക്കാം. എന്തുകൊണ്ടെന്നാല്‍, മലയാള കൊമേഴ്സ്യല്‍ സിനിമയിലെ സ്ഥായിയായ സാമ്പ്രദായിക രീതികളെ ദൃശ്യഭാഷ കൊണ്ടും ആഖ്യാന രീതികൊണ്ടും പ്രവര്‍ത്തന രീതികൊണ്ടുമൊക്കെ കീഴ്മേല്‍ മറിക്കുന്നുണ്ട്. ക്രിയാത്മക യുവത്വത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുള്ള നിരവധി പേര്‍ ചാപ്പാക്കുരിശിന്റെ അകത്തും പുറത്തുമായുണ്ട്, വാര്‍പ്പു മാതൃകളെ തകര്‍ത്തെറിയാന്‍ വേണ്ടിത്തന്നെ. അതുമാത്രം മതി മലയാള കമേഴ്സ്യല്‍ സിനിമ ഇനി പുതിയ ആവിഷ്കാര യുഗത്തിലേക്ക് പ്രവേശിച്ചു എന്നു കരുതാന്‍.


പിന്‍ കുറിപ്പ് : മുന്‍പ് പറഞ്ഞപോലെ വ്യത്യസ്ഥത ആസ്വദിക്കാനുള്ള മനസ്സും, സിനിമയെ ഗൌരവപൂര്‍വ്വവും കൌതുകപൂര്‍വ്വവും പിന്തുടരുന്ന വ്യക്തിയുമാണ് താങ്കളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണണം, അതല്ല, സിനിമയെന്നാല്‍ ഉച്ച ബിരിയാണിക്കു ശേഷം പോപ്പ്കോണ്‍ കൊറിച്ച് മൊബൈലില്‍ സംസാരിച്ച് റിലീഫ് ചെയ്യാനുള്ള ഒന്നാണെങ്കില്‍ പ്ലീസ് ഒരു മാസം വെയ്റ്റു ചെയ്യു, സുരാജിന്റെ പൊളപ്പന്‍ ഡയലോഗോടെ സിബി കെ തോമാസ്, ഉദയ് കൃഷ്ണ എന്നിവരുടെ പുതിയ സിനിമയിറങ്ങുന്നുണ്ട്. അതുവരെ കാത്തിരിക്കൂ.

24 comments:

NANZ said...

ഒരു പുതുമുഖ സംവിധായകന്‍ / തന്റെ ആദ്യ ചിത്രം എന്ന രീതിയില്‍ സമീര്‍ താഹിറും സംഘവും ഏറേ മുന്നില്‍ തന്നെയാണ്, ആ നിലക്ക് നോക്കിയാല്‍ കൈകുറ്റപ്പാടുകള്‍ ഏറെയുണ്ടേങ്കിലും ഒരു വ്യത്യസ്ഥ സിനിമ എന്ന നിലയില്‍ ചാപ്പാക്കുരിശിന് നല്ലൊരു മാര്‍ക്ക് കൊടൂക്കാം. എന്തുകൊണ്ടെന്നാല്‍, മലയാള കൊമേഴ്സ്യല്‍ സിനിമയിലെ സ്ഥായിയായ സാമ്പ്രദായിക രീതികളെ ദൃശ്യഭാഷ കൊണ്ടും ആഖ്യാന രീതികൊണ്ടും പ്രവര്‍ത്തന രീതികൊണ്ടുമൊക്കെ കീഴ്മേല്‍ മറിക്കുന്നുണ്ട്. ക്രിയാത്മക യുവത്വത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുള്ള നിരവധി പേര്‍ ചാപ്പാക്കുരിശിന്റെ അകത്തും പുറത്തുമായുണ്ട്, വാര്‍പ്പു മാതൃകളെ തകര്‍ത്തെറിയാന്‍ വേണ്ടിത്തന്നെ. അതുമാത്രം മതി മലയാള കമേഴ്സ്യല്‍ സിനിമ ഇനി പുതിയ ആവിഷ്കാര യുഗത്തിലേക്ക് പ്രവേശിച്ചു എന്നു കരുതാന്‍.

Haree said...

വിനീത് ശ്രീനിവാസനെക്കുറിച്ച് പറഞ്ഞതിനോട് ശക്തമായ വിയോജിപ്പ്. അദ്ദേഹമൊരു മിസ്-കാസ്റ്റിംഗായാണ്‌ അനുഭവപ്പെട്ടത്, അഭിനയവും തഥൈവ.

'ഹാന്‍ഡ്ഫോണ്‍' തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമായാണ്‌ പ്ലോട്ടില്‍ നിന്നും മനസിലാവുന്നത്. വീഡിയോ ക്ലിപ്പ് അടങ്ങിയ ഒരു മൊബൈല്‍ കൈമോശം വരുന്നുണ്ട് എന്നതൊഴിച്ചാല്‍ രണ്ട് ചിത്രങ്ങളും തമ്മില്‍ കാര്യമായ സാമ്യമൊന്നും പറയുവാനില്ലെന്നാണ്‌ തോന്നുന്നത്.

KMDb-യില്‍ കാണുന്നതിങ്ങിനെ: Handphone: Talent manager Seung-min sees YOON Jin-ah, a rising actress, as his one last hope to turn his life around. Just as Jin-ah is on the path to stardom, he receives a threat from her former lover and gets her sex clip on his phone. Seung-min tracks down the culprit and retrieves the tape but ends up losing his phone. He realizes there is one last evidence of the sex tape on his phone and anxiously looks for it. Lee-gyu, who found Seung-min's phone, calls Seung-min's wife and asks her to come pick it up. On the night the phone was suppose to be returned, Lee-gyu doesn't show up. Now Lee-gyu is the one holding the leverage. Seung-min tries to do everything possible to get back his phone but Lee-gyu's demands are escalating to the point of no return. ഇതിലെവിടെയാണ്‌ 'ചാപ്പാ കുരിശ്'?

Kiranz..!! said...

..ആദ്യകാല മലയാളം ബ്ലോഗിൽ ശക്തനായ ഒരു സിനിമാ റിവ്യൂവർ ഉണ്ടായിരുന്നു ജയൻ രാജൻ.അങ്ങോർ ബ്ലോഗും സൈറ്റും നിർത്തി പൊയ്ക്കളഞ്ഞത് ഒരു പക്ഷേ വലിയ നഷ്ടമായാണ് അനുഭവപ്പെട്ടിട്ടുള്ളത്.വളരെ നിക്ഷ്പക്ഷമായി എഴുതും,പ്രത്യേകിച്ച് സിനിമാക്കാരൻ എന്ന ജാഡയില്ലാതെ തന്നെ.എന്തോ സിനിമ പിടിക്കാനായിട്ടാന് അദ്ദേഹം സൈറ്റ് നിർത്തിയതെന്നറിഞ്ഞിരുന്നു.ജയൻ ചാപ്പാ കുരിശിനേപ്പറ്റി നല്ലത് പറഞ്ഞു കണ്ടിരുന്നു.ഇവിടെയും ചാപ്പാ കുരിശിനേയും വിനീതിനേയും പറ്റി നല്ലത് കേൾക്കുന്നതിൽ വ്യക്തിപരമായി സന്തോഷമുണ്ട് :).എന്താണു ഹരീ വിനീതിന്റെ അഭിനയത്തിലെ പോരായ്മകൾ ?

Haree said...

അത് 'ചിത്രവിശേഷ'ത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ! :)

തമാശയായി തോന്നിയത് മാര്‍ട്ടിന്റെ ചീത്തയും കേട്ട് ബാത്ത്റൂം കഴുകുവാന്‍ ആരംഭിക്കുന്ന അന്‍സാരിയുടെ മുഖത്തെ ഭാവമാണ്‌. അതു കാണിക്കുന്നതാവട്ടെ നഫീസയോടും! കഴിവുള്ളൊരു നടന്‌ സാധ്യതയുള്ളൊരു രംഗമായിരുന്നു അത്. പക്ഷെ, വിനീത് അത് ആകെ കുളമാക്കി എന്നാണ്‌ (‍എന്റെ) അഭിപ്രായം. സംവിധായകന്റെ കൂടി കഴിവുകേടുണ്ട് അവിടെ. അന്‍സാരിയവിടെ മിഴിച്ചു നോക്കി നില്‍ക്കാതെ, നഫീസയെ നോക്കുവാനുള്ള ശക്തിയില്ലാതെ തിരിഞ്ഞ് മെല്ലെ വാതിലടച്ച്, ശക്തിയായി കൈയ്യിലുള്ള തുടക്കുന്ന സാധനം എറിയുന്നതും (അത് ഉള്ളില്‍ നിന്നുള്ള ശബ്ദം മാത്രമായി മതി, കാണിക്കേണ്ടതില്ല) അതിനുള്ള നഫീസയുടെ റിയാക്ഷനും കാണിച്ചിരുന്നെങ്കില്‍ എത്ര നന്നാവുമായിരുന്നു ആ രംഗം! ഡോണ്‍മാക്സാവട്ടെ, എഡിറ്റിംഗില്‍ ആ ഭാഗം ഒതുക്കാതെ, ഈ ഭാവത്തിലുള്ള വിനീതിനെ രണ്ട് തവണയായി അല്‍പം കൂടുതല്‍ നേരം കാണിക്കുകയും ചെയ്തു. കുറഞ്ഞപക്ഷം ജോമോനത് നേരെയുള്ള മീഡിയം ഷോട്ടാക്കാതെ മറ്റേതെങ്കിലും ഷോട്ടെങ്കിലും ആക്കാമായിരുന്നു!

sangeeth said...

I have seen a couple of pictures of Sameer Thahir and his crew members and their body language was giving enough confidence for an ordinary film lover.Happy to see that film has come out well.Well said about Ramya Nabeeshan,i think she is having more talents to be used.

Satheesh Haripad said...

നന്നായിരിക്കുന്നു നാൻസ്.
പതിവ് മസാലക്കൂട്ടുകളിൽ നിന്ന് വേറിട്ട ശ്രമമെന്ന നിലയ്ക്ക് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നതാണ്‌ എന്റെ പക്ഷം.

കുറേ കാലങ്ങളായി പിന്തുടർന്നുവരുന്ന നമ്മുടെ ആസ്വാദനരീതിയും കുറച്ച് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. വികലമാക്കാതെ എടുത്താൽ പോലും ആലിംഗനവും ചുംബനവും അല്പം വയസായവരുടെ പ്രണയവുമൊക്കെ കഥയ്ക്ക് അനിവാര്യമാണെങ്കിൽ കൂടിയും ഇന്നും സാധാരണമലയാളി പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല. എന്നാൽ മറ്റുഭാഷകളിൽ ഇത്തരം കാര്യങ്ങൾ കണ്ട് ബോൾഡ് എന്നൊക്കെ പറയുകയും ചെയ്യും.

Kiranz..!! said...

കുറേ കാലങ്ങളായി പിന്തുടർന്നുവരുന്ന നമ്മുടെ ആസ്വാദനരീതിയും കുറച്ച് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. വികലമാക്കാതെ എടുത്താൽ പോലും ആലിംഗനവും ചുംബനവും അല്പം വയസായവരുടെ പ്രണയവുമൊക്കെ കഥയ്ക്ക് അനിവാര്യമാണെങ്കിൽ കൂടിയും ഇന്നും സാധാരണമലയാളി പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല. എന്നാൽ മറ്റുഭാഷകളിൽ ഇത്തരം കാര്യങ്ങൾ കണ്ട് ബോൾഡ് എന്നൊക്കെ പറയുകയും ചെയ്യും.

++++ സതീഷേ..ഉഗ്രൻ ചിന്തയാണത്..സിനിമാക്കാരെ സ്ഥിരമായി തെറിപറയുന്നതല്ലാതെ നമ്മളും ഒരു മാറ്റത്തിനു തയ്യാറാണോ എന്ന് പലപ്പോഴും മറന്ന് പോവുന്നുണ്ടെന്ന് തോന്നുന്നു.

sharafudeen said...

സിനിമ നന്നായിട്ടുണ്ട്, ഇതുവരെ മലയാള സിനിമ സഞ്ചരിച്ച വഴിയില്‍ നിന്നും വേറിട്ട്‌ നില്കുന്നു. സമീര്‍ തഹിരിനു അഭിനന്ദനം അറിയിക്കുന്നു. ഇതുപോലുള്ള സിനിമാഗല്‍ ഇന്നത്തെ യുവത്വം പ്രതീക്ഷിക്കുന്നു.
Rgds, Sharafudeen

NANZ said...

@ Haree
ഈ പറഞ്ഞ സീനിലെ അന്‍സാരിയുടെ ഭാവ പ്രകടനം ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല.
എങ്കിലും വിനീതിന്റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ എടൂത്തുപറയാവുന്ന പോരായ്മകള്‍ കണ്ടില്ല. ഉണ്ടെന്നു തോന്നുന്നുമില്ല. റിവ്യൂവില്‍ പറഞ്ഞപോലെ സംവിധായകന്‍ Subtle പെര്‍ഫോര്‍മന്‍സും സീനുകളും ആണ് മുഖ്യമായും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഉദാഹരണം പറയാം. അന്‍സാരി അര്‍ജുനെക്കൊണ്ട് സൂപ്പര്‍ വൈസറുടേ മുഖത്തിടിച്ചതിനുശേഷം സൂപ്പര്‍ വൈസര്‍ കടയില്‍ വന്ന് മുഖം പരിശോധിക്കുമ്പോള്‍ അന്‍സാരി നിലം തുടക്കാനെന്ന വ്യാജേന അയാളെ ശ്രദ്ധിക്കുന്നുണ്ട്. ഒരു പ്രതികാരം ചെയ്ത സുഖത്തില്‍ അന്‍സാരിയുടേ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുന്നുണ്ട്. ആ രംഗത്ത് ഈ പറഞ്ഞ Subtle പ്രകടനം ശ്രദ്ധേയമാണ്. മറ്റൊരു മലയാളാ സിനിമയിലായിരുന്നെങ്കില്‍ പ്രേക്ഷകനു കാണത്തക്ക വിധത്തില്‍ വിടര്‍ന്നു ചിരിക്കുന്ന അന്‍സാരിയുടെ ക്ലോസപ്പ് ആകുമായിരുന്നു. പക്ഷെ അന്‍സാരിയുടേ ഉള്ളിലെ സന്തോഷം തെളിഞ്ഞു കാണാനാവുന്ന വിധം എന്നാല്‍ പുഞ്ചിരി വിടരുന്നുമില്ല. അതൊക്കെ ഒതുക്കത്തോടേ വിനീത് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വടക്കന്‍ സ്ലാങ്ങ് പറയുന്നതും നന്നായിട്ടുണ്ട് (വിനീത് കണ്ണുര്‍ സ്വദേശി ആണേന്നത് മറക്കുന്നില്ല)

NANZ said...

@ Haree
ചിത്രവിശേഷം വായിച്ചിരുന്നു.
അന്‍സാരിയായുള്ള വിനീതിന്റെ പ്രകടനത്തെപ്പറ്റി അതില്‍ പരാമര്‍ശിച്ച “തുടുത്ത കവിളുകളും ഉണ്ണിക്കുടവയറുമൊക്കെയുള്ള വിനീത് ശ്രീനിവാസന്റെ രൂപം അന്‍സാരിക്ക് ഇണങ്ങുന്നുമില്ല“ എന്ന വരികളോട് യോജിക്കുന്നില്ല എന്ന് ബഹുമാനപൂര്‍വ്വം പറയട്ടെ. പട്ടിണിയും പരിവട്ടവുമുണ്ടെങ്കില്‍ ആ കഥാപാത്രം മെലിഞ്ഞുണങ്ങിയതാവണം എന്നത് ഒരു മുന്‍ വിധി അല്ലെങ്കില്‍ ഉറച്ചു പോയ ചില ധാരണകള്‍ ആണെന്ന് പറയേണ്ടി വരും. പ്രാരാബ്ദമുള്ളവര്‍ പല ശരീര രീതികളുള്ളവരാണല്ലോ പൊതുവേയും.അതുകൊണ്ട് അതിലൊരു കുഴപ്പമുണ്ടേന്നു തോന്നുന്നില്ല.

Haree said...

നാന്‍സ് മുകളില്‍ സൂചിപ്പിച്ച രംഗത്തെ അഭിനയവും അത്ര മികച്ചതായൊന്നും അനുഭവപ്പെട്ടില്ല, ആ ഭാഗത്തെ സംവിധായകന്‍ സമീപിച്ച രീതിയും നന്നായിരുന്നു എന്ന് തോന്നിയില്ല.

അവിടെ എഴുതിയതിനെക്കുറിച്ചുള്ള നാന്‍സിന്റെ അഭിപ്രായങ്ങളെക്കുറിച്ച് ഇവിടെ ഒന്നും പറയുന്നില്ല. അതാത് പോസ്റ്റിന്റെ ചര്‍ച്ചകള്‍ അതതിന്റെ ചുവട്ടിലാവുകയാണല്ലോ നല്ലത്, അതുകൊണ്ട്. :)
--

വിനയന്‍ said...

നാന്‍സ് ഉഗ്രന്‍ എഴുത്ത് . സിനിമ നന്നാവുമ്പോള്‍ എഴുത്തും നന്നാവും എന്ന് മനസ്സിലായി . വളരെ ചെറിയ ന്യൂനതകള്‍ മാറ്റി വെച്ചാല്‍ മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഒരു ഉഗ്രന്‍ സിനിമ എന്ന് പറയേണ്ടിയിരിക്കുന്നു .സിനിമ എന്ന് ധൈര്യപൂര്‍വം പറയാന്‍ പറ്റുന്ന ഒരു സിനിമ . ഇടയ്ക്കു കയറി വന്ന അപശബ്ദങ്ങള്‍ (അനാവശ്യ സന്ദര്‍ഭങ്ങളില്‍ വരുന്ന പാശ്ചാത്തല സംഗീതവും ആദ്യ രണ്ടു പാട്ടുകളും) ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു മലയാള സിനിമ തന്നെയാണോ കാണുന്നത് എന്ന് സംശയിച്ചു പോയി .നാന്‍സിന്റെ സിനിമയെക്കുറിച്ച് പറഞ്ഞ ഓരോ വരികളോടും പൂര്‍ണ യോജിപ്പ് ഒന്നൊഴിച്ച് . ഈ സിനിമ ട്രിം ചെയ്യാന്‍ പാടില്ല . ചെയ്‌താല്‍ അതിനോട് നമുക്കൊക്കെ തോന്നുന്ന ഇഷ്ട്ടം പോവും എന്നാണു തോന്നുന്നത് .

സിനിമയുടെ സര്‍പ്രൈസ് വിനീത് ആയിരുന്നു ...അയാളില്‍ നിന്നും ഇത്ര ഒട്ടും പ്രതീക്ഷിച്ചില്ല .

ഹരീ ,ഹരി പറഞ്ഞതിനോട് ഞാനും വിയോജിക്കുന്നു . ഹരി പറഞ്ഞ ഭാഗം വളരെ നന്നായി ചെയ്ത ഒന്നാണ് . വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം മറ്റൊരാള്‍ക്ക് നേരെ നിന്ന് വര്‍ത്തമാനം പറയാന്‍ പോലും ധൈര്യമില്ലാത്ത ഒരു പാവമല്ലേ ... തുടയ്ക്കുന്ന സാധനം എറിയുന്നത് പോലുള്ള എക്സ്ട്രീം റിയാക്ഷന്‍ കൊണ്ടുവന്നാല്‍ അതുവരെയുള്ള കഥാപാത്രത്തിന്റെ നിര്‍മ്മിതിയെ മൊത്തം നിരാകരിക്കല്‍ ആവും അത് . മറിച്ചു ഫഹദ്‌ അവതരിപ്പിക്കുന്ന കഥാപാത്രം emotionally extreme ആയാണ് ചില സന്ദര്‍ഭങ്ങളില്‍ പെരുമാറുന്നത് . അങ്ങനെയല്ലല്ലോ അന്‍സാരി ! .

Haree said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

ഈ പടം ഇതുവരെ കണ്ടിട്ടില്ല.
ഏതായാലും റിവ്യൂ വായിച്ചു, ഇഷ്ടമായി. നന്ദി NANZ.

ഈ റിവ്യൂ വിൽ എനിക്ക് ഏറ്റവും കൗതുകം തോന്നിയത് സിനിമയിൽ പൂർണ്ണമായി ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ പറ്റി പറഞ്ഞിരിക്കുന്ന ഭാഗമാണു. ‘ചാപ്പാ കുരിശിനെ’ പറ്റി പല റിവ്യൂസും വായിച്ചിരുന്നു. അതിലൊന്നും ആ ഡീറ്റേത്സ് കണ്ടില്ല. (ഞാൻ എന്നും ആദ്യം വായിക്കാറുള്ള ഹരീ യുടെ ചിത്രവിശേഷം അടക്കം. ഹരീ, കേൾക്കുന്നുണ്ടല്ലോ അല്ലേ?‌) :)

ഒരു സിനിമ മൊത്തമായി കേനോൻ 7 D കേമറയിൽ ചിത്രീകരിച്ചു എന്നൊക്കെ കണ്ടപ്പോ ഇത് ഉള്ളത് തന്നെയാണോ എന്നറിയാൻ സിനിമഫീൽഡുമായി ബന്ധമുള്ള നന്ദനോട് ചോദിച്ചു, അപ്പോഴാണു പടം മൊത്തം Canon DSLR 7D യിൽ ചിത്രീകരിച്ചു എന്ന കാര്യം ശരിയാണെന്ന് മനസ്സിലായത്.

ഇത് M3DB യുടെ റിവ്യൂയിൽ മാത്രമല്ല, പടത്തെ പറ്റിയുള്ള പേജിലെ “കൗതുകങ്ങൾ“ എന്ന ഭാഗത്ത് കൂടി ഉൾപ്പെടുത്തേണ്ടതാണു എന്നാണ് എന്റെ അഭിപ്രായം.

ഈ ടോപ്പിക്കിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ തരുന്ന ചില ലിങ്കുകൾ ഷേർ ചെയ്യാം. ഇതിൽ DSLR Film making നെ പറ്റിയുള്ള ബ്ലോഗ് (1) വളരെ ഇൻഫൊർമേറ്റീവും ആണു.

1) 7D Malayalam Movie : Chappa Kurishu
2) ചാപ്പാ കുരിശിലെ താരം :
3) സ്‌റ്റില്‍ ഡിജിറ്റല്‍ ക്യാമറയിലൂടെ ഒരു സിനിമ

~Abhilash

|santhosh|സന്തോഷ്| said...

റിലീസിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞാണ് കണ്ടത്. അത്ര നല്ലതല്ല, സ്ലോ ആണ് എന്നൊക്കെ അഭിപ്രായം കേട്ടാണ് പോയത്. പക്ഷെ പടം എനിക്കിഷ്ടപ്പെട്ടു. ചില അവസരങ്ങളില്‍ മലയാള പടം തന്നെ ആണോ എന്നു തോന്നിക്കുമാറുള്ള ദൃശ്യങ്ങളുണ്ട്. ക്യാമറ ഇന്റീരിയര്‍ ഷോട്ടുകള്‍ ഗംഭീരമായപ്പോള്‍ എക്റ്റീരിയര്‍ അത്ര നന്നായില്ല എന്ന് തോന്നി. അഭിനയത്തില്‍ എല്ലാവരും മികച്ചു നിന്നു. പ്രത്യേകിച്ച് വിനീത്, ഫഹദ്, രമ്യ. മറ്റൊരു പ്രധാന കാര്യം ഇതിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രകടനമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണോ എന്ന് വിസ്മയിപ്പിക്കുന്നു പലരും (ഒരു ഉദാ : നെഹൃ പാര്‍ക്കില്‍ വെച്ച് തനിക്ക് ഫോണ്‍ ചെയ്യുന്ന അന്‍സാരി ഇയാളാണോ എന്ന് സംശയിച്ച് അര്‍ജുന്‍ ഒരു അപരിചിതനെ സൂക്ഷിച്ചു നോക്കുമ്പോള്‍ കലിപ്പോടെ അയാള്‍ തിരിഞ്ഞു നോക്കുന്നത്. ഒറ്റ ഷോട്ട് മാത്രം മതി ആ അപരിചിതന്റെ പ്രകടനം അറീയാന്‍)

ഗുഡ് റിവ്യൂ..

arjun thumbarathy said...

നല്ല പടം .... ഒരു വെത്യസ്തത ഉണ്ട്

jayanEvoor said...

നല്ല റിവ്യൂ.

ഇതാണ് ശരിയായ റിവ്യൂ.

ഞാനും ഒരു കുറിപ്പെഴുതിയിട്ടുണ്ട്.
http://jayanevoor1.blogspot.com/2011/07/blog-post_21.html

Kiranz..!! said...

ഇത് M3DB യുടെ റിവ്യൂയിൽ മാത്രമല്ല, പടത്തെ പറ്റിയുള്ള പേജിലെ “കൗതുകങ്ങൾ“ എന്ന ഭാഗത്ത് കൂടി ഉൾപ്പെടുത്തേണ്ടതാണു എന്നാണ് എന്റെ അഭിപ്രായം.

ശരിയാണ് അഭിലാഷമേ..അങ്ങഡ് ചേർത്തോളുക :)

ജോ l JOE said...

എന്റെ ഹരീ ഇങ്ങനെ കീറിമുറിച്ചു വിമര്‍ശിക്കാതെ ,....പറഞ്ഞു വന്നപ്പോള്‍ ഈ ഒരു സീന്‍ കൊണ്ട് കഥ, തിരക്കഥ, സംവിധാനം ,എഡിറ്റിംഗ്,ക്യാമറ എന്നിവ കൈകാര്യം ചെയ്ത എല്ലാവരും കുറ്റക്കാര്‍. വസ്ത്രാലങ്കാരവും മേക് അപ്പിന്റെയും കാര്യത്തില്‍ ആ സീനില്‍ കുഴപ്പമില്ല എന്ന് കരുതുന്നു. ഈവന്‍ , ഷോട്ട് വരെ ഡിവൈഡ് ചെയ്തു കളഞ്ഞല്ലോ.... :)
തുടക്കക്കാര്‍ക്ക് അല്‍പ്പം സാവകാശം കൊടുത്തൂടെ ?

അഭിലാഷങ്ങള്‍, ലിങ്ക് ഷെയര്‍ ചെയ്തതിനു നന്ദി. ക്യാമറയുടെ സിനിമാ സാങ്കേതിക വിഷയങ്ങളില്‍ ഊന്നി പോസ്റ്റ്‌ഒരു കൂടി റെഡി ആവുന്നുണ്ട്‌.

കിരണ്‍ , നല്ല റിവ്യൂ....

Manoraj said...

സിനിമ കാണട്ടെ... എന്നിട്ട് കീറാം.. മുറിക്കാം.

jayanEvoor said...

NANZ....

Plz revisit my blog for a clarification.

(Sorry for the offline here.)

NANZ said...

യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു

Anonymous said...

ee charchakal okke Rayappanum sanghavum kandirunnenkil.....
:D

Anonymous said...

rayappanum sanghavum ???
come on dude...grow up.