മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Friday, July 1, 2011

വയലിന്‍ - റിവ്യൂ


ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ലോഹിതദാസ് എന്നൊരു എഴുത്തുകാരന്‍ സിബിയെ പിരിഞ്ഞതിനു ശേഷം മലയാളിക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ തക്ക സിനിമകളൊന്നും സിബിയില്‍ നിന്നുണ്ടായിട്ടില്ല, വിജയ ചിത്രങ്ങള്‍ ചിലതുണ്ടായിട്ടു പോലും.

നീണ്ട കാലത്തെ ഗ്യാപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ‘അപൂര്‍വ്വ രാഗം’ എന്നൊരു വ്യത്യസ്ഥ കാമ്പസ് - പുതുമുഖ ചിത്രവുമായി സിബി എത്തിയത്. (പക്ഷേ ആ ചിത്രത്തിന്റെ ബാദ്ധ്യത സിബി മലയില്‍ എന്ന സംവിധായകനായിരുന്നു എന്നതാണ് സത്യം.) പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, പുതിയ എഴുത്തുകാരെ പരീക്ഷിച്ചു ഭേദപ്പെട്ട വിജയം നേടിയതാണ് ആ ചിത്രത്തില്‍ സിബി മലയില്‍ കൈവരിച്ച നേട്ടം.

എ ഒ പി എല്‍ എന്ററ്ടെയ്മെന്റിന്റെ ബാനറില്‍ വിജു രാമചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘വയലിനും’ താരപ്രഭയില്ലാത്ത ചിത്രമാണ്. ആസിഫ് അലിയും നിത്യാമേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വയലിന്‍’ പക്ഷെ, അപൂര്‍വ്വ രാഗം കൈവരിച്ച പുതുമയോ ഫ്രെഷ്നസ്സോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഏറെ പഴകിയ, പഴയ പല സിനിമകളിലും കണ്ടു മറന്ന പ്രമേയവും കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് വിജു രാമചന്ദ്രന്റെ രചനക്കുള്ളത്. യാതൊരു പുതുമയോ സന്ദേശമോ തരുന്നില്ലെങ്കിലും വയലിന്‍, ചില നര്‍മ്മ മുഹൂര്‍ത്തങ്ങളാലും ദൃശ്യചാരുതയാലും സാധാരണ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ഒരു സിനിമയാകുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതി.

പ്ലോട്ട് : ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ.

കഥാസാരം : ചിത്രത്തിന്റെ കഥാസാരം എം 3 ഡി ബിയുടെ പേജില്‍ വായിക്കാം

ഏയ്ഞ്ചല്‍ ആയി അഭിനയിച്ചിരിക്കുന്ന നിത്യാമേനോന്‍ മലയാളത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച തന്റേടി നായിക തന്നെയാണ് എന്നു മാത്രമല്ല, പ്രേക്ഷകനെ വെറുപ്പിക്കുന്ന രീതിയില്‍ ആ കഥാപാത്രത്തെ മോശമാക്കാന്‍ നിത്യാമേനോന്‍ സാധിച്ചിട്ടുണ്ട്. (ഈ പുഴയും കടന്നിലെ മഞ്ജുവാര്യര്‍ക്ക്, സ്വപ്നക്കൂടിലെ മീരാജാസ്മിനുണ്ടായ സന്തതിയാണ് ‘വയലിനി’ലെ നിത്യാമേനോന്റെ ഏയ്ഞ്ചല്‍ എന്ന് ഒറ്റവാക്കില്‍ പറയാം) ഇടുക്കിയിലെ രാജകുമാരിയില്‍ നിന്നെത്തുന്ന ഗ്രാമീണ യുവാവായി ആസിഫ് അലി ഭേദപ്പെട്ട പ്രകടനമാണ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ആദ്യ പകുതിയില്‍ ഗ്രാമവാസിയുടെ നിഷ്കളങ്കത്വവും ശുദ്ധതയുമൊക്കെ ചേര്‍ന്നുള്ള നര്‍മ്മ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ഏയ്ഞ്ചലിന്റെ ആന്റിമാരായി വന്ന റീനാ ബഷീര്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് ആഗ്ലോ ഇന്ത്യന്‍ സ്ത്രീകള്‍ കഥാപാത്രങ്ങളായി വരുന്ന സിനിമയിലെ വേഷങ്ങള്‍ക്കും പ്രവൃര്‍ത്തികള്‍ക്കും അപ്പുറം മറ്റൊന്നും ചെയ്യാനില്ല. വിജയരാഘവന്‍, അനില്‍ മുരളി എന്നിവര്‍ ഭേദപ്പെട്ട, കുറ്റം പറയാനില്ലാത്ത രീതിയില്‍ വേഷങ്ങള്‍ ഭംഗിയാക്കിയെങ്കിലും നെടുമുടി വേണു, ജനാര്‍ദ്ദനന്‍, ശ്രീജിത് രവി എന്നിവര്‍ തങ്ങള്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും മാറാതെ സ്വയം അനുകരിച്ചിട്ടുണ്ട്. പക്ഷെ അപ്രതീക്ഷിതമായ പ്രകടനം കൊണ്ട് സിനിമയെ ഊര്‍ജ്ജസ്വലമാക്കുന്നതും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതും നായകന്റെ കൂട്ടുകാരനായെത്തുന്ന ജോസു കുഞ്ഞ് എന്ന കഥാപാത്രമായ അഭിലാഷ് എന്ന നടനാണ്. സിബി മലയിലിന്റെ തന്നെ അപൂര്‍വ്വ രാഗത്തില്‍ നായകന്മാരുടെ കോളേജിലെ കൂട്ടുകാരന്റെ വേഷം ചെയ്ത് സിനിമയിലെത്തിയ (അപൂര്‍വ്വരാഗത്തിലും നല്ല പ്രകടനമായിരുന്നു) അഭിലാഷ്, ഇതു ഞങ്ങളുടെ കഥ, കാണാകൊമ്പത്ത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടൂണ്ട്. ഈ നടനെ മലയാള സിനിമ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ മലയാള സിനിമക്ക് നല്ലൊരു നടനെ ലഭിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അതുപോലെത്തന്നെ ക്യാരക്റ്റര്‍ വേഷങ്ങള്‍ക്ക് മലയാള സിനിമക്ക് ഉപയോഗിക്കാവുന്ന നടനാണ് ചെമ്പില്‍ അശോകന്‍. ഈ ചിത്രത്തില്‍ തിളങ്ങിയ രണ്ടു പേര്‍ ഇവരാണ്‍.

മനോജ് പിള്ളയുടെ ക്യാമറ ഫോര്‍ട്ട് കൊച്ചിയുടെ സൌന്ദര്യങ്ങളെ പലപ്പോഴും ഒപ്പിയെടുക്കുന്നുണ്ട്. സിനിമക്കനുയോജ്യമായ രീതിയില്‍ ഫ്രെയിമുകളൊരുക്കാന്‍ മനോജിനായിട്ടുണ്ട്. രഞ്ജിത്ത് അമ്പാടിയുടെ ചമയവും സഖി തോമാസിന്റെ വസ്ത്രാലങ്കാരവും പ്രശാന്ത് മാധവിന്റെ കലാ സംവിധാനവും ചിത്രത്തിനെ വലിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നില്ലെങ്കിലും ഭേദം തന്നെയെന്നു പറയാം. ബിജിബാലിന്റെ പശ്ച്ചാത്തല സംഗീതവും മുരുകേശീന്റെ എഫക്റ്റ്സും ഒരു സംഗീത പ്രണയ ചിത്രം എന്നതിന്റെ സാദ്ധ്യതയെ ഉപയോഗിച്ചിട്ടില്ല. വൈകാരിക തീവ്രമായ രംഗങ്ങളില്‍ ബഹളങ്ങളിലേക്ക് പോകുന്നുണ്ട് പലപ്പോഴും പശ്ചാത്തല സംഗീതം.

സംഗീത പ്രണയ ചിത്രം എന്ന പ്ലോട്ടില്‍ നിന്ന് സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന നല്ല ഗാനങ്ങളും അതിന്റെ ചിത്രീകരണവുമാണ്. പ്രത്യേകിച്ച് നല്ല സംഗീത ചിത്രങ്ങളും ഗാനചിത്രീകരണങ്ങളും ചെയ്തിട്ടുള്ള സിബിമലയില്‍ എന്ന സംവിധായകനില്‍ നിന്നും. പക്ഷെ, സിബി ആ കാര്യങ്ങളില്‍ നിരാശപ്പെടുത്തുന്നു.വിധു പ്രതാപും സിസിലിയും ചേര്‍ന്ന് പാടുന്ന “ എന്റെ മോഹങ്ങളെല്ലാം...” ഗായത്രി പാടിയ “ ഹിമകണ...” എന്നീ ഗാനങ്ങള്‍ ഭേദപ്പെട്ടതെങ്കിലും ചിത്രീകരണത്തില്‍ പഴയ സിബി മലയില്‍ ടച്ച് കാണാനാകുന്നില്ല. ഇത്തരമൊരു പ്രണയചിത്രത്തിനു അത്യാവശ്യ ഘടകമല്ല സംഘട്ടന രംഗങ്ങളെന്നതുകൊണ്ട് അതിനെ മിതമായ രീതിയില്‍ ചെയ്യാനായി എന്നതാണ് മാഫിയ ശശിയുടേ നേട്ടം.

സിനിമ ഒരു വിനോദോപാധി എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് “വയലിന്‍“ ആസ്വദിക്കാനാവുന്ന ഒന്നായി അനുഭവപ്പെടാം. പക്ഷെ, ഏവരാലും പ്രശംസ നേടിയ സിബി മലയില്‍ എന്ന സംവിധായകന്‍ ഈ പഴകിയ പ്രമേയങ്ങളെ യാതൊരു പുതുമയുടെ പശ്ച്ചാത്തലം പോലുമില്ലാതെ അവതരിപ്പിക്കണോ എന്നതാണ് ചോദ്യം. നായകന്റെ പാട്ടു കേട്ട് പുരുഷ വിദ്വേഷിയായ നായികയില്‍ പ്രണയം മൊട്ടിടുന്നതും, പാട്ടു പാടിയും വയലിന്‍ വായിച്ചും അസുഖം മാറ്റാന്‍ ശ്രമിക്കുന്നതൊക്കെ സിബി മലയിലിനു കാലഹരണപ്പെട്ട വിഷയമല്ലെങ്കിലും മലയാള സിനിമാ പ്രേക്ഷകന്‍ ഇതൊക്കെ എന്നേ വലിച്ചെറിഞ്ഞു തള്ളിയ സാധനങ്ങളാണെന്ന് അടുത്ത സിനിമക്കു മുന്‍പെങ്കിലും ഓര്‍ക്കുന്നത് നല്ലതായിരിക്കും.
.

2 comments:

NANZ said...

സിനിമ ഒരു വിനോധോപാധി എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് വയലിന്‍ ആസ്വദിക്കാനാവുന്ന ഒന്നായി അനുഭവപ്പെടാം. പക്ഷെ, ഏവരാലും പ്രശംസ നേടിയ സിബി മലയില്‍ എന്ന സംവിധായകന്‍ ഈ പഴകിയ പ്രമേയങ്ങളെ യാതൊരു പുതുമയുടെ പശ്ച്ചാത്തലം പോലുമില്ലാതെ അവതരിപ്പിക്കണോ എന്നതാണ് ചോദ്യം.

വയലിന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി വീണ്ടും. അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.

ഷിജു said...

താങ്ക് യൂ കിരണ്സ് .
ഒരു നൂറു രൂപാ ലാഭമായി :) . ഇനി തിയേറ്ററില്‍ പടം കാണാന്‍ പോകുന്നില്ല , പടം ഇന്റര്‍നെറ്റില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്തു കണ്ടോളാം.