മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, September 17, 2011

2011 ലെ ഓണ സിനിമകള്‍ - തിരിഞ്ഞു നോട്ടം


2011 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 9 വരെയായിരുന്നു മലയാളം സിനിമ 2011ലെ ഓണം റീലീസുകള്‍ ഉണ്ടായിരുന്നത്. ഓണചിത്രങ്ങളില്‍ ആദ്യം റിലീസ് ചെയ്തത് ദീപു കരുണാകരന്‍ സംവിധാനം ചെയ്ത പൃഥീരാജ് ചിത്രം “ തേജാ ഭായി & ഫാമിലി “ ആയിരുന്നു. ശേഷം ബ്ലെസ്സിയും മോഹന്‍ലാല്‍ ചിത്രം “പ്രണയം”. സെപ്റ്റംബറീന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ നവോദയയുടേ ജിജോ സംവിധാനം ചെയ്ത “മൈഡിയര്‍ കുട്ടിച്ചാത്തന്‍” റിലീസ് ചെയ്തു. ഒന്നാം ഓണത്തിനു ഓണപ്രേക്ഷകരെ ആകര്‍ഷിച്ച് സെപ്റ്റംബര്‍ എട്ടാം തിയ്യതി ജോഷി സംവിധാനം ചെയ്ത യുവതാരങ്ങള്‍ അഭിനയിച്ച “സെവന്‍സും” ഒന്‍പതാം തിയ്യതി തിരുവോണ ദിവസം നവാഗതനായ കെ.ബിജു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം “ഡോ. ലൌ”ഉം ജയറാം നായകനായി രാജ് ബാബു സംവിധാനം “ചെയ്ത ഉലകം ചുറ്റും വാലിബനും“ റിലീസ് ചെയ്തു.


മൊത്തം ആറു ചിത്രങ്ങള്‍ ഓണത്തിനു റിലീസ് ചെയ്തവയില്‍ ഒന്നിനു പോലും സൂപ്പര്‍ ഹിറ്റ് ആകാനോ തിയ്യറ്ററുകള്‍ ഉത്സവങ്ങളാക്കാനോ സാധിച്ചില്ല എന്നതാണ് സത്യം. കൂട്ടത്തില്‍ ഭേദം എന്ന അഭിപ്രായം കിട്ടിയ “ഡോ. ലൌ” ആണ് ഓണത്തിനു ശേഷവും സാമാന്യം തിരക്കോടെ തിയ്യറ്ററില്‍ ചലനം സൃഷ്ടിക്കുന്നത്. റിലീസ് സെന്ററുകളില്‍ ചിലയിടങ്ങളില്‍ “പ്രണയം“ ഹോള്‍ഡ് ഓവറായി അവിടേ “സെവന്‍സ്“ റിലീസ് ആയി. നഗരങ്ങളില്‍ പ്രണയം ചെറിയ തിയ്യേറ്ററുകളിലേക്ക് മാറ്റപ്പെട്ടു. ഫണ്‍ കോമഡിയായ “ഉലകം ചുറ്റും വാലിബനും“ “തേജാ ഭായി & ഫാമിലി“യും വിരലിലെണ്ണാവുന്ന പ്രേക്ഷകരോടേ ഓണം റിലീസ് ഒരാഴ്ചയെത്തിക്കുന്നു. സെവന്‍സിനു അഭിപ്രായമില്ലെങ്കിലും ആക്ഷന്‍ ചിത്രത്തിന്റെ മൂഡ് സമ്മാനിക്കുന്നതുകൊണ്ടാവാം “ഡോ. ലൌ“വിനു ശേഷം അല്പം ഭേദപ്പെട്ട പ്രേക്ഷകരുമായി തിയ്യറ്ററിലുണ്ട്. കുട്ടികളെയും മാതാപിതാക്കളേയും ആകര്‍ഷിച്ചുകൊണ്ട് “മൈഡിയര്‍ കുട്ടിച്ചാത്തന്‍” ഉണ്ടെങ്കിലും മുന്‍പത്തെ രണ്ടു റിലീസുകളില്‍ ഉയര്‍ത്തിയ പ്രകടനം മൂന്നാം വരവില്‍ ഉണ്ടായില്ല. മാത്രമല്ല, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ത്രീഡിയായിത്തന്നെ വന്ന ഈ ചിത്രം നഗരത്തിലെ പല ചെറു തിയ്യറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം വിവാദങ്ങളും വിമര്‍ശങ്ങളും ഏറെ ഉണ്ടായ പൃഥീരാജിന്റെ കരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് ആകുമെന്ന് കണക്കാക്കിയ തേജാ ഭായ് കൂവലോടെയാണ് പ്രേക്ഷകന്‍ കണ്ടെഴുന്നേറ്റത്. ‘തന്റെ ചിത്രം അവാര്‍ഡിനല്ല, ആളുകള്‍ക്ക് രണ്ടര മണിക്കൂറ് പൊട്ടിച്ചിരിക്കാന്‍ വേണ്ടിയാണ്” എന്ന് സംവിധായകന്‍ ദീപു കരുണാകരന്റെ ഗീര്‍വാണങ്ങള്‍ കൊണ്ടും ജനത്തിനു ചിരിക്കാനായില്ല. മലയാള സിനിമയില്‍ പ്രിയദര്‍ശന്‍ കാലം മുതല്‍ ഷാഫി വരെയുള്ളവരുടേ കോമഡി സിനിമകളില്‍ കാണുന്ന സ്ഥിരം ദൃശ്യങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ ജനം ഈ ചിത്രത്തെ തഴയുകയായിരുന്നു. പ്രഥീരാജ് സ്വയം ഒരു സൂപ്പര്‍ താരമാകാനുള്ള പ്രയത്നത്തിന്റെ(തന്ത്രങ്ങളുടെ) അടയാളങ്ങള്‍ ഈ സിനിമയില്‍ അങ്ങിങ്ങായി കാണാവുന്നതാണ്. എന്തായാലും പൃഥീരാജിന്റെ അഭിമുഖങ്ങളിലും പ്രസ്ഥാവനകളിലും കാണുന്ന ശൌര്യം ഈ സിനിമയിലുണ്ടായില്ല. ദ്വീപു കരുണാകരനും തേജാ ഭായ് ഗുണം ചെയ്തില്ല.


ഏറെ പ്രതീക്ഷയുണര്‍ത്തിയ ബ്ലെസ്സി - മോഹന്‍ലാല്‍ ചിത്രമായിരുന്നു പ്രണയം. പക്ഷെ ബ്ലെസ്സിയിലെ സദാചാര വാദി ഇപ്പോഴും ഭയപ്പെട്ടു ജീവിക്കുന്നു എന്ന് ഇതിന്റെ ക്ലൈമാക്സില്‍ വ്യക്തമായി കാണാം. സൂപ്പര്‍ താരത്തിന്റെ ഫാന്‍സിനെ ഭയന്നും പൊതു സാമൂഹ്യ ബോധത്തില്‍ ഒന്നു കോറി വരക്കാന്‍ പോലും ചങ്കുറപ്പില്ലാത്ത ബ്ലെസ്സി രണ്ടര മണിക്കുര്‍ കൊണ്ട് ഒരു ചുരുങ്ങിയ വിഷയത്തെ വിരസമായി പറഞ്ഞു. കോമാളിച്ചിത്രങ്ങള്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ പ്രണയം കാഴ്ചയില്‍ ഒരു ആശ്വാസമായിത്തോന്നാം അത്ര മാത്രം, പക്ഷെ, പുതുതലമുറയിലെ പത്മരാജന്‍ എന്ന് ഖ്യാതി പേറുന്ന സംവിധായകനില്‍ നിന്ന് ഇത്തരം കപട ബുദ്ധിജീവി പടങ്ങള്‍ മതിയോ എന്ന് ആലോചിക്കേണ്ട സമയമായിരിക്കുന്നു. സിനിമയിലെ പ്രകടനത്തില്‍ ജയപ്രദ, അനുപംഖേര്‍, മോഹന്‍ലാല്‍ എന്നിവര്‍ മികച്ചു നിന്നു.


ജോഷി ആദ്യമായി യുവതാരങ്ങളെ അണിയിച്ചൊരുക്കുന്ന ചിത്രവും പോപ്പുലര്‍ തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്നതും ഇന്‍ഡസ്ട്രിക്കകത്തും പുറത്തും ഏറെ പ്രതീക്ഷ സെവന്‍സിനെക്കുറിച്ചുണ്ടായിരുന്നു. പക്ഷെ, തീര്‍ത്തും നിരാശാജനകമായിരുന്നു ചിത്രം. വലിയ കുഴപ്പമില്ലാതെ ആദ്യപകുതി അവസാനിച്ചപ്പോള്‍ നിലയില്ലാകയത്തിലകപ്പെട്ട പോലെയായിരുന്നു രണ്ടാം പകുതി, ക്ലൈമാക്സടുത്തപ്പോഴേക്കും ചിത്രം തിരക്കഥാകൃത്തിന്റേയ്യും സംവിധായകന്റേയും കയ്യില്‍ നിന്നും കൈവിട്ടു. ക്ലൈമാക്സ് രംഗങ്ങളില്‍ പ്രേക്ഷകര്‍ തിയ്യറ്ററില്‍ പൊട്ടിച്ചിരിക്കുകയും കൂവിയാര്‍ക്കുകയും ചെയ്യുകയായിരുന്നു. ഈ ചിത്രം ജോഷിക്കും ഇക്ബാലിലും ഗുണമൊന്നും ചെയ്യില്ലെങ്കിലും ഏഴു യുവതാരങ്ങള്‍ക്ക് ഒരുപക്ഷെ ഒന്നിലധികം ചിത്രങ്ങള്‍ ഇനിയും കിട്ടിക്കൂടെന്നില്ല. കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവിലെ മറ്റൊരു ചിത്രമായ സെവന്‍സ് ചാക്കോച്ചനു അധികം പ്രകടനത്തിനു ഇടം നല്‍കിയിട്ടില്ലെങ്കിലും ഒട്ടും മോശമാക്കിയില്ല.


ഉലകം ചുറ്റും വാലിബന്‍

ഒരു ഫണ്‍ മൂവി എന്ന അവകാശവാദവുമായി വന്ന രാജ് ബാബുവിന്റെ ഈ ജയറാം ചിത്രം പ്രേക്ഷകനെ നിരാശപ്പെടൂത്തിയെന്നല്ല പറയേണ്ടത്, ഇനിയുള്ള കോമഡി ചിത്രങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ കാരണമായി എന്നു പറയേണ്ടിവരും. അഭിനയത്തില്‍ ഇപ്പോഴും ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത ജയറാം എന്ന നടന്റെ കോമാളിത്തരങ്ങളും ഫലിത ബിന്ദുക്കളുടെ നിലവാരമുള്ള കോമഡികള്‍ തിരുകികയറ്റിയ കൃഷ്ണപൂജപ്പുരയുടേ മോശം സ്ക്രിപ്റ്റും ഓണത്തിനു തിയ്യറ്ററുകളില്‍ വന്ന കുടുംബപ്രേക്ഷകരെ തിയ്യറ്ററില്‍ നിന്നും ഓടിച്ചു. ബിജു മേനോന്‍ എന്ന നടന്റെ കോമഡി പെര്‍ഫോര്‍മന്‍സാണ് അല്പമെങ്കിലും ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ ഒന്ന്.

1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനും ഇനി മൂന്നാമതും ഒരു ജന്മമുണ്ടെന്ന് കരുതിയ നവോദയയുടേ പ്രവര്‍ത്തകരുടേ സ്വപ്നങ്ങള്‍ പക്ഷെ ഇത്തവണ പൂവണിഞ്ഞില്ല. രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റായ ഈ സിനിമ ഒരു പക്ഷെ, ചാനലുകളിലെ ആവര്‍ത്തന പ്രക്ഷേപണം കൊണ്ടാണോ അതോ ഒരിക്കലോ ഒന്നിലധികമോ ഈ ചിത്രം കണ്ടതുകൊണ്ട് ഇനി കാണേണ്ടതില്ല എന്ന് പ്രേക്ഷകന്‍ കരുതിയതുകൊണ്ടാണോ എന്തോ മുന്‍പ് രണ്ടു പ്രാവശ്യത്തെപ്പോലെ ഒരു സൂപ്പര്‍ ഹിറ്റൊരുക്കാന്‍ ഈ ഡിജിറ്റല്‍ ഫോര്‍മാറ്റ് ത്രീഡി ചിത്രത്തിനായില്ല. (84 ല്‍ ചെറുപ്പത്തില്‍ കുട്ടിച്ചാത്തന്‍ കണ്ട പലരും 2011ല്‍ തങ്ങളുടേ മക്കളുമായി വീണ്ടും കാണാന്‍ വന്നതു ഒരുതരത്തില്‍ കൌതുകമായിരുന്നു)

പ്രേക്ഷകനെ നിരാശപ്പെടുത്തിയ ഓണചിത്രങ്ങളില്‍ അല്പമെങ്കിലും തൃപ്തിപ്പെടുത്തിയത് നവാഗതനായ കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ഭാവന്‍ മറ്റു യുവതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ വന്ന ക്യാമ്പസ്സ് ചിത്രം “ഡോക്ടര്‍ ലൌ” ആയിരുന്നു. സിനിമയുടേ കാവ്യരീതികളില്‍ ഡോ. ലൌ ഒട്ടും തൃപ്തികരമല്ലെങ്കിലും പ്രേക്ഷകന്‍ ‘തമ്മില്‍ ഭേദം തൊമ്മന്‍‘ എന്ന നിലയില്‍ ഈ സിനിമയെ ഇഷ്ടപ്പെടുകയായിരുന്നു എന്നു വേണം കരുതാന്‍. ആദ്യചിത്രമെന്ന നിലയില്‍ കെ. ബിജു അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും തിരക്കഥയെഴുതാന്‍ ബിജു പക്ഷെ വേറെ ആരെയെങ്കിലും കണ്ടെത്തേണ്ടിവരും. ഡോ. ലൌ ഒരു മികച്ച ചിത്രമൊന്നുമല്ല; ക്യാമ്പസ്സിന്റെ നവരൂപമോ പുതിയതെന്തെങ്കിലും പറഞ്ഞു വെക്കാനോ ആവിഷ്കരിക്കാനോ ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കു സാധിച്ചിട്ടുമില്ല. പക്ഷെ അഭിനേതാക്കളുടെ നല്ല പെര്‍ഫോര്‍മന്‍സും, സ്വഭാവികമായ നര്‍മ്മവും മലയാള സിനിമകളില്‍ സ്ഥിരം കാണുന്ന കോമാളി - ഹീറോയിസ - ക്ലേഷേ ദൃശ്യങ്ങള്‍ ഇതിലില്ല എന്നതാണ്‍ ആശ്വാസം. ഓണത്തിനു ഏറെ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകനു അത്രയെങ്കിലും കൊടുക്കാനായതാണ് “ഡോക്ടര്‍ ലൌ”വിന്റെ വിജയം.


ഓണചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങള്‍ക്ക് തൊട്ടു മുന്‍പ് എം3ഡിബിയില്‍ “മലയാള സിനിമ ഓണം റിലീസ് 2011“ എന്ന ലേഖനം എഴുതിയിരുന്നു. ഓണത്തിനു വരാന്‍ പോകുന്ന സിനിമകളെക്കുറിച്ചുള്ള ഒരു പ്രിവ്യൂ ആയിരുന്നു അത്. ഓണത്തിനു ശേഷം ചിത്രങ്ങളെ വിലയിരുത്തുമ്പോള്‍ ആ ലേഖനത്തെ മുന്‍ നിര്‍ത്തി ഒരു കാര്യം അനുസ്മരിക്കുന്നു. അന്ന് മുന്‍ കാലങ്ങളിലെ ഓണം റിലീസുകളിലെ ഒരു കൌതുകം പങ്കുവെച്ചുകൊണ്ട് “ ഇതുവരെ ഓണക്കാലത്ത് ഉണ്ടായിരുന്നൊരു കൌതുകമുണ്ട്, പലപ്പോഴും പ്രതീക്ഷയുള്ള ചിത്രങ്ങളെ മറികടന്ന് ഏതെങ്കിലുമൊരു ചെറിയ ചിത്രം അപ്രതീക്ഷിത വിജയം കൊയ്യുന്നത് (ചാണക്യന്‍ മുതല്‍ ക്ലാസ്സ് മേറ്റ്സും വെറുതെ ഒരു ഭാര്യയും വരെ ഉദാഹരണങ്ങള്‍) ആ രീതിയില്‍ നോക്കിയാല്‍ ‘പ്രണയ‘വും ‘തേജാഭായി‘യേയുമൊക്കെ മറികടന്ന് സെവന്‍സും ഡോക്ടര്‍ ലൌവും വന്‍ വിജയം നേടിയാല്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ടു വരുന്ന പുതിയ ചില മാറ്റങ്ങള്‍ക്ക് ആ വിജയങ്ങള്‍ ആക്കം കൂട്ടും.“ എന്ന് ആ ലേഖനത്തില്‍ എഴുതിയിരുന്നു.


എം3ഡിബി ഓണം റിലീസിനു മുന്‍പേ ചിത്രങ്ങളെ വിലയിരുത്തിയത് വളരെ ശരിയായിരുന്നു എന്നറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( “സെവന്‍സ് “എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. ഈ സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

സെവനസിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


ഏറെ ജനപ്രിയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് ഇക്ബാല്‍ കുറ്റിപ്പുറം. ഫോര്‍ ദി പ്യൂപ്പിളും അറബിക്കഥയും ഏറെ ജനപ്രീതിയും സാമ്പത്തിക ലാഭവും നേടിയ ചിത്രങ്ങളാണ്. മാസ്സ് പ്രേക്ഷകന്റെ പള്‍സറിയാവുന്ന രസതന്ത്രക്കൂട്ട് ഇക്ബാലിന്റെ കഥകള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് വിഷയം പൈങ്കിളിയോ അരാഷ്ട്രീയതയോ ആയാലും ജനപ്രിയത ആ സിനിമകള്‍ക്ക് നേടിക്കൊടുത്തു. ആ കഥകള്‍ക്ക് തിയ്യറ്ററിന്റെ ഇരുളില്‍ വെളിച്ച വിന്യാസത്തില്‍ സിനിമയെ ദര്‍ശിക്കുന്ന സാധാരണ പ്രേക്ഷകനു മുന്നില്‍ കാണുന്ന ദൃശ്യജീവിതത്തെ കൃത്യമായി നിര്‍വ്വചിക്കാനും സംഭവങ്ങളെ വിശ്വാസപ്പെടുത്താനുമുള്ള കാരണങ്ങളും കഥാപാത്രങ്ങള്‍ക്ക് ജീവിതത്തിന്മേലുള്ള കൊളുത്തുകള്‍ ഒരുക്കിയാലും മതിയായിരുന്നു. പക്ഷെ, ഇക്ബാല്‍ കുറ്റിപ്പുറം ജോഷിയുടെ ‘സെവനസി’ലെത്തുമ്പോള്‍ കൈവിട്ട കളിയെന്നപോലെയായിരിക്കുന്നു. കൃത്യമായ ജീവിത പശ്ചാത്തലമൊരുക്കാന്‍ കഴിയാതെ പോയ ഏഴു നായക കഥാപാത്രങ്ങളും വ്യക്തിത്വമില്ലാത്ത നാദിയാമൊയ്തുവിന്റെ കമ്മീഷണറും പ്രേക്ഷകനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ട്വിസ്റ്റുകളും 80 തുടക്കത്തില്‍ മലയാള ആക്ഷന്‍ സിനിമകളിലേപ്പോലെ തോക്കു ചൂണ്ടി “ അനങ്ങരുത്. അനങ്ങിയാല്‍ കൊന്നു കളയും, ഹാന്‍ഡ്സ് അപ്പ്” തുടങ്ങിയ മലയാള സിനിമ ചവറ്റു കുട്ടയിലേക്ക്ക് വലിച്ചെറിഞ്ഞ ക്ലീഷേ ഡയലോഗുകളും കൊണ്ട് തിരനാടകത്തെ നിലവാരമില്ലാത്തതാക്കിക്കളഞ്ഞു. ഒരു സൂപ്പര്‍ ഹിറ്റാക്കാവുന്ന മിനിമം പ്ലോട്ടുണ്ടായിരുന്നു ഈ സിനിമക്ക് പക്ഷെ അതിനെ ജോഷിയിലെ വയസ്സന്‍ മനസ്സ് ഫോര്‍മുലകളുടെ സ്ഥിരം അച്ചിലേക്ക് കമഴ്ത്തി നശിപ്പിച്ചു കളഞ്ഞു. ജോഷി കൈവിട്ടു പോയ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ഒന്നിലേറെ നായകന്മാര്‍ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പോലീസ് തിരിച്ചറിയല്‍ പരേഡിനു നിര്‍ത്തുന്നതുപോലെ നിരത്തി നിര്‍ത്തണമെന്ന് വാശിയുള്ളതുപോലെ നിരവധി സീനുകള്‍. നാദിയാമൊയ്തുവിന്റെ കഥാപാത്രം സംവിധായകന്റെ കഴിവു കേടിനു മറ്റൊരു ഉദാഹരണം.

അഭിനയത്തില്‍ ഈ ഏഴുപേരില്‍ കുഞ്ചാക്കോബോബന്‍ നന്നായിട്ടുണ്ടെന്ന് പറയാം. തന്റെ രണ്ടാം വരവില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത് കുഞ്ചാകോ ബോബന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളു. ചാക്കോച്ചനു താഴേയെ ആസിഫ് അലിയും മറ്റു താരങ്ങളും വരുന്നുള്ളൂ. അതില്‍ നൂലുണ്ട് എന്ന് വിളിച്ചിരുന്ന വിജീഷ് ആണ് ഡയലോഗ് പ്രസന്റേഷനിലും സ്വാഭാവിക പെരുമാറ്റത്തിലും നന്നായി തോന്നിയത്. നിവിന്‍ പോളിയും അജുവുമൊക്കെ ഇനിയും ചിത്രങ്ങളേറെ കഴിയണം അഭിനയത്തിന്റെ വാതില്‍ക്കലെങ്കിലും എത്താന്‍. ഭാമയും മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമായി തോന്നി. പക്ഷെ, അഭിനയിച്ചവരില്‍ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയത് ഇവരാരുമല്ല ബ്രോക്കര്‍ ഹബീബ് ആയി വേഷമിട്ട മണിയന്‍ പിള്ള രാജു തന്നെയാണ്. പഴയ ഈ നടന്റെ പെര്‍ഫോര്‍മന്‍സിനു മുന്നില്‍ പതറി നില്‍ക്കുന്ന ഏഴു യുവതാരങ്ങള പല സീനിലും കാണാം. കോഴിക്കോട് ഭാഷ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന രാജു പക്ഷെ വികാര തീവ്രമായ ഒരു സീനില്‍ വള്ളുവനാടന്‍ ഭാഷയിലേക്ക് അറിയാതെ പ്രവേശിച്ചുപോകുന്നുമുണ്ട്. (മലയാളത്തിലെ നടനും നടിയും ഏതു വേഷവും രൂപവും ചെയ്താലും എപ്പോഴെങ്കിലും അറിയാതെ വള്ളുവനാട്ടിലേക്ക് ചേക്കേറുന്നതിനു എത്രയോ ഉദാഹരണങ്ങള്‍, ‘വയലിന്‍‘ എന്ന സിബി ചിത്രത്തിലെ നെടുമുടിയും, ‘ആദാമിന്റെ മകന്‍ അബു‘വിലെ സറീനാ വഹാബും ഈയടുത്ത കാലത്തെ ഉദാഹരണങ്ങള്‍)

അജയന്‍ വിന്‍സെന്റിന്റെ ക്യാമറ ചിത്രത്തിന്റെ ചടുലതക്ക് ചേരുന്ന വേഗം കൈവരിക്കുന്നുണ്ട്. എങ്കിലും ഭ്രമരം പോലെ അജയനെ അഭിനന്ദിക്കാനിടവരുത്തുന്നവണ്ണമൊന്നും അജയനു ഇതില്‍ ചെയ്യേണ്ടി വന്നിട്ടില്ല. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിബാലിന്റെ സംഗീതത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ മുഴുവനായും മുറിച്ചും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രേക്ഷകനു യാതൊരു പ്രത്യേകതയും അനുഭവിപ്പിക്കാതെ അത് കടന്നു പോകുന്നുമുണ്ട്. റണ്‍ രവി, രാജശേഖര്‍ എന്നിവരൊരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിന്റെ അത്രയും ആകര്‍ഷക ഘടകമാകുന്നില്ലെങ്കിലും യുവതാരങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിച്ചത് ആശ്വാസം. പാണ്ഡ്യനും എസ്. ബി. സതീശനും ഒരുക്കിയ ചമയവും വസ്ത്രാലങ്കാരവും പലയിടത്തും ചിത്രത്തിനു ഇണങ്ങിച്ചേരുന്നില്ല, ദരിദ്ര കുടുംബത്തിലെ, ജീവിതം പുലര്‍ത്താന്‍ സെയില്‍ ഗേളായി ജോലിക്കു പോകുന്ന നായിക വീട്ടിനകത്തും തിളങ്ങുന്ന ചുരിദാറണിഞ്ഞു മുഴുവന്‍ സമയവും പ്രത്യക്ഷപ്പെടൂന്നത് കല്ലുകടിയായി. (വീട്ടില്‍ നില്‍ക്കുമ്പോഴും ഫുള്‍ ചുരിദാര്‍ സെറ്റില്‍, ഷാള്‍ പോലും മാറ്റിയിട്ടില്ല) ചമയവും വസ്ത്രാലങ്കാരവും മലയാള സിനിമയില്‍, അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നതിനു പകരം കൂടുതല്‍ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനു വേണ്ടിയുള്ള ഘടകമായതിനാല്‍ ഈ സിനിമയിലെ ആ വിഭാഗത്തെപ്പറ്റി കൂടുതല്‍ പറയുന്നില്ല. സുജിത് രാഘവന്റെ കലാ സംവിധാനം ചിത്രത്തിനു ചേരുന്ന രീതിയില്‍ തന്നെ.

എടൂത്തുപറയേണ്ട മറ്റൊരു ക്രെഡിറ്റ് ടൈറ്റില്‍ ഗ്രാഫിക്സ് ഒരുക്കിയ ‘ബ്ലൂ മീഡിയ സൊലൂഷന്‍’ ടീമിനെപ്പറ്റിയാണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനു ഒരുതരത്തിലും വായിക്കാന്‍ സാധിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ചെയ്ത ടൈറ്റിത്സ് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകനു തലവേദന സൃഷ്ടിക്കുന്നുണ്ട്. വേള്‍ഡ് കപ്പ് ഫുട്ബോളിലെ വീഡിയോ ദൃശ്യങ്ങള്‍ സിനിമാസ്കോപ്പിലേക്ക് വലുതാക്കി സൃഷ്ടിച്ച് ഒന്നും മനസ്സിലാകാത്ത ദൃശ്യഖണ്ഠങ്ങളാക്കി, വായനാസുഖമില്ലാത്ത ഫോണ്ടുകളും കളറുകളും കൊണ്ട് നിമിഷങ്ങള്‍ക്കം മാഞ്ഞുപോകുന്ന ടൈറ്റില്‍ ദൃശ്യങ്ങളും ക്രെഡിറ്റുകാര്‍ഡും ആര്‍ക്ക് വേണ്ടി, എന്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

സംവിധാനത്തില്‍ ജോഷിയും പിന്നിലേക്കുള്ള തിരിച്ചു പോക്ക് തുടങ്ങിക്കഴിഞ്ഞുവെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഈയ്യിടെ കൈവരിച്ച (മലയാളത്തില്‍ ഇപ്പോഴേ അതൊക്കെ എത്തിയുള്ളു!!) വിവിധ ആഖ്യാന രീതികളൊക്കെ ശ്രമിച്ചു നോക്കാന്‍ ഒരു പക്ഷെ ജോഷിയിലെ പഴയ കാരണവര്‍ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണോ എന്തോ, ഇപ്പോഴും നേര്‍ രേഖയില്‍ തന്നെ കഥ പറയാന്‍ ശ്രമിക്കുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനെങ്കിലും ജോഷി ശ്രമിക്കുമെങ്കില്‍ കുറച്ചു കാലമെങ്കിലും ജോഷിക്ക് സംവിധായകനായി നിലനില്‍ക്കാം. (സെവനസ് ഈ ആഖ്യാന രീതി കൈവിട്ട് മറ്റൊന്നു സ്വീകരിക്കുമായിരുന്നെങ്കില്‍ നല്ലൊരു കാഴ്ചയായെങ്കിലും മാറിയേനെ)


വാല്‍ക്കഷണം : അസഹനീയമായ ടൈറ്റില്‍ ഗ്രാഫിക്സില്‍ ശ്രദ്ധിച്ച ഒരു കാര്യം, പബ്ലിസിറ്റി ഡിസൈന്‍ - കോളിന്‍സ് ലിയോഫിന്‍ (collins leophin) എന്നാണ് ക്രെഡിറ്റ്. എന്നു മുതല്‍ക്കാണ് ലിയോഫില്‍ ലിയോഫിന്‍ ആയത് എന്നറിഞ്ഞുകൂടാ. കോളിന്‍സിന്റെ പോസ്റ്ററുകളില്‍ പക്ഷെ collins leophil എന്നു തന്നെയാണ്. അല്ലെങ്കിലും സ്വന്തം പേരു കോളിന്‍സിനു തെറ്റില്ലല്ലോ,

'പ്രണയം' എന്ന ബ്ലസ്സി ചിത്രത്തിലും കണ്ടു ഇതുപോലൊരു മഹാ മണ്ടത്തരം. ‘ടൈറ്റില്‍ ടൈപ്പോഗ്രഫി’ എന്നതിനു ഇംഗ്ലീഷില്‍ 'Type of Graphy' എന്നാണ് കൊടൂത്തിരിക്കുന്നത്?!

സിനിമാ ടൈറ്റിത്സ് ഒരു ഇന്‍ഫൊര്‍മേഷന്‍ കൂടിയാണ്‍ എന്ന് ഈ വിഡ്ഡ്യാസുരന്മാര്‍ക്ക് ആരാണ് ഒന്നു പറഞ്ഞു കൊടുക്കുക?

Wednesday, September 14, 2011

ഉലകം ചുറ്റും വാലിബന്‍ - റിവ്യൂ


ചാനല്‍ റൈറ്റ്സുകള്‍ സിനിമാ ബിസിനസ്സിന്റെ അവസാന വാക്കാവുന്ന മലയാള സിനിമാ നിര്‍മ്മാണത്തില്‍ സാറ്റലൈറ്റ് റൈറ്റ്സും മാര്‍ക്കറ്റുമുള്ള ഒരു തിരക്കഥാകൃത്താണ് കൃഷ്ണാ പൂജപ്പുര. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആറു സിനിമകളെഴുതിയതില്‍ (ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍) മിക്കതും ഹിറ്റും ആവറേജ് ഹിറ്റും സൂപ്പര്‍ ഹിറ്റും. കൃഷ്ണാ പൂജപ്പുരയുടെ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുന്ന രണ്ടാം നിര സംവിധായകരേറേ. ഒരുപക്ഷേ, മലയാള സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നെത്തിയവരില്‍ ഇത്രയധികം പ്രചാരവും ഡിമാന്റും മറ്റൊരു എഴുത്തുകാരനും ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷെ, ആറു തിരക്കഥകളെഴുതിയിട്ടും തിരക്കഥാരചനയുടെ ബാലപാഠങ്ങള്‍ കൃഷ്ണാ പൂജപ്പുര ഇതുവരെ പഠിച്ചെടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറേ സങ്കടം. (വിജയങ്ങള്‍ സൃഷ്ടിക്കുന്നവന്റെ ബലഹീനത അന്വേഷിക്കേണ്ടതില്ല എന്നതാണ് മലയാള സിനിമയിലെ കാഴ്ചപ്പാട്!) ലോജിക്കുകള്‍ ഏഴയലത്തുവരാത്ത, പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നിരവധി സീനുകളും ഒപ്പം (തന്റെ തന്നെ) പഴയ വാരികാ നര്‍മ്മക്കുറിപ്പുകളും ചേര്‍ത്തു വെച്ചാല്‍ ഒരു മലയാള സിനിമാ തിരക്കഥയായി എന്ന് തെളിയിച്ച, തെളിയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ പൂജപ്പുരയുടെ മറ്റൊരു എപ്പിസോഡാണ് ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച് രാജ് ബാബു സംവിധാനം ചെയ്ത ‘ഉലകം ചുറ്റും വാലിബന്‍‘.

ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ സിനിമകള്‍ക്കു ശേഷം രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍ കൊമേഴ്സ്യല്‍ ചിത്രമെന്ന രീതിയില്‍ പോലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല. ആക്ഷന്‍ ഫാമിലി ഡ്രാമയായ രാജ് ബാബുവിന്റെ ആദ്യ ചിത്രം ‘ചെസ്സ്’ കമേഴ്സ്യലി ഇതിലുമെത്രയോ ഭേദമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യതയിലേക്ക് പോകുന്ന മറ്റൊരു ഡയറക്ടര്‍ കൂടിയാക്കുന്നു രാജ് ബാബു. ഈ ചിത്രവും അതിനു അടിവരയിടുന്നുണ്ട്. തിരക്കഥയില്‍ എഴുതി വെച്ച സംഗതികളെ അതേപോലെ പകര്‍ത്തുക എന്നതില്‍ കവിഞ്ഞ് അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ സാങ്കേതികതയിലൂന്നിയോ മറ്റേതെങ്കിലും തരത്തിലോ പോലും വിഭിന്നമാക്കാന്‍ രാജ് ബാബുവിനായിട്ടില്ല. (തിരക്കഥയില്‍ എഴുതിവെച്ചതൊക്കെ പടു വിഡ്ഡ്ഢിത്തം എന്നതു മറക്കുന്നില്ല)

പ്ലോട്ട് : ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ പാസ്സായിയെന്ന ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


പഴയ തമിഴ് താരം എം ജി ആര്‍ അഭിനയിച്ച ‘ഉലകം ചുറ്റും വാലിബന്‍’ എന്ന സിനിമയുടെ ടൈറ്റില്‍ അതേപോലെ ഉപയോഗിച്ചു എന്നതിനപ്പുറം ഈ ടൈറ്റിലിനും ഈ സിനിമക്കും മറ്റൊരു ബന്ധമില്ല. കഥയും കഥാ സന്ദര്‍ഭങ്ങളും ഒറ്റയാവര്‍ത്തിപോലും വായിച്ചു നോക്കാതെ നേരെ സിനിമ പിടീക്കാന്‍ മുന്നിട്ടിറങ്ങിയ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരുടെ അപാര ധൈര്യത്തെ സമ്മതിക്കുന്നു. ഇപ്പോഴും ഒറ്റപ്പാ‍ലം നായര്‍ തറവാടും, പൊള്ളാച്ചി ചന്തയും, അച്ഛന്‍ മരിച്ചതിനാല്‍ അമ്മയേയും സഹോദരിയേയും കഷ്ടപ്പെട്ട് പോറ്റുന്നതും, നായകന്റെ അമിതമായ അനിയത്തിപ്രേമവും, കൊച്ചി എന്ന ‘സിറ്റി’യും, ക്വട്ടേഷന്‍ ടീമിന്റെ ഹാസ്യവല്‍ക്കരണവും, എം എല്‍ എ മുതല്‍ പോലീസ് തലവന്മാരുടെ അവിശുദ്ധ കൂട്ടുകെട്ടുമൊക്കെ ഈ സിനിമക്കാര്‍ക്ക് ഇപ്പോഴും പ്രിയവിഷയമാണല്ലോ എന്നതോര്‍ത്ത് നാണം കെടാനേ നമ്മള്‍ പ്രേക്ഷകര്‍ക്ക് സാധിക്കു. എന്നാലും ഇതേ അച്ചിലിട്ട് വാര്‍ത്ത കഥകളും സിനിമകളുമായി ഇവര്‍ ഇനിയും വരും.

കൃഷ്ണ പൂജപ്പുരയുടെ ഈ തിരക്കഥയും തന്റെ തന്നെ മുന്‍ സൃഷ്ടികളുടെ ആവര്‍ത്തനമാണ്. ഓര്‍ത്തെടുക്കുമ്പോള്‍ ഓക്കാനം വരുന്ന മട്ടിലുള്ള, വിശ്വാസ്യത ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത വിഡ്ഡികളായ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇത്തരം തിരക്കഥകളാണ് കൃഷ്ണ പൂജപ്പുരയെ സാറ്റലൈറ്റ് റേറ്റിന്റെ സിനിമാ ബിസിനസ്സില്‍ പ്രചുര പ്രചാരമുള്ള എഴുത്തുകാരനാക്കിയതെന്നാണ്‍ മറ്റൊരു വൈരുദ്ധ്യം. സ്വന്തമായി ഒന്നും തന്നെ സംഭാവന ചെയ്യാന്‍ സാധിക്കാത്ത സംവിധായകന്റെ സിനിമകൂടിയാണ് ഇത്. നായകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തവും അതിന്റെ അലച്ചിലും മാറ്റങ്ങളുമൊക്കെ ഇതിനേക്കാള്‍ വളരെ ഗംഭീരമായി സിനിമാ സീരിയലുകളിലും സിനിമാല പോലുള്ള മിമിക്രി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശരത് ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നീ നാലു ഗാനരചയിതാക്കള്‍ എഴുതിയ ഗാനങ്ങള്‍ ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കിയിരിക്കുന്നു. നാല്‍ വിഷക്കുപ്പികള്‍ നിരത്തിവെച്ച് ഇതിലേതാണ്‍ കൂടുതലിഷ്ടം എന്നു ചോദിക്കുന്നതുപോലെയാണ് ഗാനങ്ങളില്‍ ഏതാണ് നല്ലതെന്ന് ചോദിക്കുന്നത്. രതീഷ് വേഗയുടെ പശ്ചാത്തല സംഗീതം വേണ്ടിടത്തും വേണ്ടാത്തിടത്തും ബഹളം വെക്കുന്നുണ്ട്. സാലു കെ ജോര്‍ജ്ജിന്റെ കലാ സംവിധാനം സുരാജിന്റെ ഗുണ്ടകള്‍ താമസിക്കുന്ന സെറ്റപ്പും ക്ലൈമാക്സില്‍ കൂട്ടത്തല്ല് നടത്താനുള്ള കമ്പനി ഗോഡൌണില്‍ നിരത്തിവെച്ച പ്ലാസ്റ്റിക് വീപ്പകളും ഓയില്‍ പാട്ടകളുമായിരിക്കണം.

അഭിനയത്തില്‍ ജയറാം തന്റെ സ്വതസിദ്ധമായ കോമാളിത്തരം ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട്. ബിജു മേനോന്റെ മണ്ടന്‍ സി ഐ സിനിമയില്‍ പലപ്പോഴും ചിരിക്കു വക നല്‍കുന്നുണ്ട് എന്നതു ശരി തന്നെ, പക്ഷെ എന്തുകൊണ്ടാ കഥാപാത്രം മണ്ടന്‍ ? ( ഈ സിനിമയില്‍ നായകനും വില്ലനുമൊഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മണ്ടന്മാരും കോമാളികളുമാണെന്നത് ഒരു പ്രത്യേകതയാണ്. ഈ സിനിമ കാണുന്ന പ്രേക്ഷകനോടുള്ള ഈ സിനിമാ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിന്റെ സിമ്പോളിക്കാണോ?) നായകന്റെ അമ്മയായി ശോഭാമോഹനറ്റെ പതിവു സെറ്റു മുണ്ടു വേഷവും അനിയത്തിയുടെ ചുരിദാര്‍ - പട്ടു പാവട വേഷവും അമ്മാവന്‍ ജനാര്‍ദ്ദനന്റെ നരച്ച മീശയും വാക്കിങ്ങ് സ്റ്റിക്കുമെല്ലാം യാതൊരു മാറ്റവുമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി സിനിമയാണെന്നതിനാല്‍ സലീം കുമാറും സുരാജ് വെഞ്ഞാറമൂടും കലാഭവന്‍ ഷാജോനുമുണ്ട്. സുരാജിന്റെ ക്വട്ടേഷന്‍ സംഘത്തിലെ മരമണ്ടന്‍ അംഗങ്ങളായി ഏതാനും മിമിക്രി കലാകാരന്മാരുമുണ്ട് (വിജു കൊടുങ്ങല്ലൂര്‍, വിജുക്കുട്ടന്‍, വിനോദ് കെടാമംഗലം ) പാവം മിമിക്രി കലാകാരന്മാരുടെ ഓരോ ഗതികേട്! ഗാനരംഗങ്ങളും നൃത്തച്ചുവടുകളുമെല്ലാം പതിവിന്‍ പടി തന്നെ. എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല തിളക്കമുള്ളതും ഭംഗിയുള്ളതുമായ വേഷങ്ങള്‍ നല്‍കി അവരെ കൂടുതല്‍ സുന്ദരമാക്കുന്ന വസ്ത്രാലങ്കാരം വേലായുധന്‍ കീഴില്ലം നിര്‍വ്വഹിച്ചിട്ടൂണ്ട്.


# ഉലകം ചുറ്റും വാലിബനില്‍ അച്ഛന്‍ മരിച്ച നായകന്‍ നായികയെ കഷ്ടപ്പെട്ട് വളര്‍ത്തുന്നു പഠിപ്പിക്കുന്നു ( അവള്‍ മഴ കൊള്ളൂന്നതും, അവളെ സൈക്കീളില്‍ ഇരുത്തി യാത്ര ചെയ്യുന്നതും അങ്ങിനെ അനിയത്തിപ്രേമത്തിന്റെ ഒരു ഗാന രംഗം തന്നെയുണ്ട്) ഇതു തന്നെയല്ലേ കൃഷ്ണ പൂജപ്പുരയുടെ സകുടുംബം ശ്യാമളയിലെ നായിക ശ്യാമള(ഉര്‍വ്വശി)യും സഹോദരനും (നെടുമുടി) തമ്മില്‍ കാണിക്കുന്നതും?

# ഉലകം ചുറ്റും വാലിബനിലെ നായിക വര്‍ഷ (വന്ദന) ചാനല്‍ റിപ്പോര്‍ട്ടര്‍ , സദാ സമയവും മൈക്കുമായി റോഡിലൂടെ നടന്ന് കാണുന്നവരെ (പക്ഷെ എന്തുചെയ്യാം കാണുന്നതെപ്പോഴും നായകനെത്തന്നെയാകും) ഇന്റര്‍വ്യൂ ചെയ്യും. സാമൂഹ്യപ്രതിബദ്ധതയുള്ള നായിക ഒരു സെന്‍സേഷണല്‍ ഇഷ്യൂവിനു വേണ്ടി മുന്നിട്ടിറങ്ങും സമൂഹത്തിലെ പ്രമുഖന്റെ ബിനാമി ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കും. [ഇതേ സംഗതി തന്നെ കൃഷ്ണയുടെ മുന്‍ ചിത്രമായ ‘സകുടുംബം ശ്യാമള‘യിലെ ഭാമ ചാനല്‍ റിപ്പോര്‍ട്ടര്‍ മൈക്കുമായി റോട്ടിലൂടെ നടന്ന് ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ ജോലി ചെയ്യുന്ന നായിക നാട്ടിലെ ഒരു ഉന്നതന്റെ ബിനാമി ഇടപാടുകള്‍ വെളിച്ചത്തു കൊണ്ടുവരുന്നു. (ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ നായിക ഭാമ എഫ് എം റേഡിയോ ജോക്കി) ]

കൃഷ്ണ പൂജപ്പുരയുടെ നായികമാര്‍ ഈ മാധ്യമ രംഗത്തല്ലാതെ മറ്റെവിടേയും ജോലി ചെയ്യില്ലേ?


ഓര്‍ത്തു വെക്കാവുന്ന ഒരു ഗാനമോ നൃത്തമോ തമാശയോ പ്രകടനമോ എന്തിനു ഒരു ക്യാമറാഷോട്ടുപോലും ഇല്ലാത്ത ഈ സിനിമയൊക്കെ ഇവിടെ വിജയം നേടുമെങ്കില്‍ പറയേണ്ടത് സിനിമാക്കാരെയല്ല, പ്രേക്ഷകനെയാണ്, അവരെ മാത്രമാണ്.


വാല്‍ക്കഷണങ്ങള്‍ :-
ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ‘പോപ്പുലര്‍ സ്റ്റാര്‍” പത്മശ്രീ ജയറാം എന്നെഴുതിക്കാണിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകനും പിന്നെ നായകനായ ജയറാമും കൂടി സ്വയമങ്ങ് തീരുമാനിച്ചതാകാം ഈ ‘പോപ്പുലര്‍ സ്റ്റാര്‍’, അല്ലാതെ കേരളത്തിലെ കുട്ടി പ്രേക്ഷകര്‍ പോലും ജയറാമിനെ പോപ്പുലര്‍ താരമെന്നു വിളിക്കുമെന്ന് തോന്നുന്നില്ല.

സിനിമയുടെ പോസ്റ്ററൂകളിലും ഫ്ലെക്സുകളിലും ക്രെഡിറ്റ് ലൈനില്‍ കൊടുത്ത ഒരു പേര്‍ കണ്ട് അത്ഭുതപ്പെട്ടുപോയി ‘ചന്ദ്രശേഖരന്‍ എങ്ങണിയൂര്‍” (ഇമേജ് നോക്കുക് - ക്ലിക്കിയാല്‍ വലുതായി കാണാം -) അങ്ങിനെയൊരു കലാകാരനുണ്ടോ? അതോ ഇനി ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ ആണോ? എന്നായി സംശയം. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ പക്ഷെ കൃത്യമായി ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ തന്നെ. നാടന്‍ പാട്ട് /ഗാന രചയിതാവു കക്ഷി. പക്ഷെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പോസ്റ്ററിലും ഫ്ലെക്സിലും എങ്ങണ്ടിയൂര്‍ “ എങ്ങണിയൂര്‍ ” ആണ്. അതുപോലും മര്യാദക്ക് അച്ചടിക്കാന്‍ സാധിക്കാത്ത ഇവരെയൊക്കെയാണ് ഇന്നത്തെ മലയാള സിനിമയിലെ പ്രമുഖര്‍!!!

മലയാള സിനിമക്കും പ്രേക്ഷകനും ഇതുതന്നെവേണം.

Sunday, September 11, 2011

ഡോക്ടർ ലൗ - റിവ്യൂ



കോളേജ് ക്യാമ്പസ്സെന്നാൽ മലയാളം സിനിമയിൽ പ്രണയത്തിന്റെ മാത്രം ക്യാമ്പസ്സാണെന്നാണു. പുതിയ ഓണം റിലീസായ ഡോക്ടർ ലൗ എന്ന ചിത്രവും മറ്റൊന്നല്ല ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, ഇതിൽ പരസ്പരം പ്രണയിക്കാൻ കൊതിക്കുന്നവർക്ക് മീഡിയേറ്ററായി വർത്തിച്ച് അവരുടെ പ്രണയം പൂവണിയിക്കുന്ന ഒരു കൺസൾട്ടന്റിനെക്കുറിച്ചാണു പറയുന്നത്.

ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമാസ് ശക്തികുളങ്ങര നിർമ്മിച്ച് നവാഗതനായ കെ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ഭാവന, അനന്യ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ഡോക്ടർ ലൗ" മഹത്തായൊരു സിനിമയൊരുക്കുക എന്നതിനു പകരം ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമധുരമായ സംഭവങ്ങളാൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്ന നല്ലൊരു എന്റർടെയ്നർ ഒരുക്കുക എന്നതാണു ഇതിന്റെ പിന്നണിപ്രവർത്തകരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ആ ദൗത്യം 'ഡോ. ലൗ' ഭേദപ്പെട്ട രീതിയിൽ തന്നെ പ്രാവർത്തികമാക്കുന്നുണ്ട്. പുതിയ ക്യാമ്പസ്സ് പശ്ചാത്തലത്തിൽ കൊച്ചുകൊച്ചു നർമ്മ സംഭവങ്ങളുമായി അരങ്ങേറുന്ന ചിത്രം വളരെ ഗംഭീരവും കൂടുതൽ മിഴിവാർന്നതുമായ സിനിമാസ്വാദനമൊന്നും പകർന്നുതരുന്നില്ലെങ്കിലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല. സിനിമ കേവലം വിനോദം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള പ്രേക്ഷകനു ചിത്രം നല്ലൊരു എന്റർടെയ്നർ ആയേക്കാം.

പ്ലോട്ട് : ഒരു കോളേജ് ക്യാമ്പസ്സിലേക്ക് ഒരു പ്രണയദൗത്യവുമായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. പലരുടേയും പ്രണയം സഫലീകരിച്ച് കൊടുത്ത ആ ചെറുപ്പക്കാരനെ ക്യാമ്പസ്സ് കൂട്ടുകാർ 'റൊമാൻസ് കൺസൾട്ടന്റ്' ആക്കിത്തീര്ക്കുന്നു. കോളേജിലെ തന്റേടിയായ ഒരു പെൺകുട്ടിയുമായി തന്റെ കൂട്ടുകാരനെക്കൊണ്ട് പ്രണയിപ്പിക്കാനുള്ള തന്ത്രത്തിനിടയിൽ ആക്സ്മികമായ സംഭവവികാസങ്ങൾ ക്യാമ്പസ്സിൽ സംഭവിക്കുന്നു.

ഡോക്ടർ ലൗവിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

***************************************************************************************

ദീർഘകാലം മലയാള സിനിമയിൽ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച ബിജു അരൂക്കുറ്റിയാണു കെ.ബിജുവെന്ന പേരിൽ ഡോക്ടർ ലൗവിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഡയറക്ടറുടെ ആദ്യചിത്രമെന്ന നിലയിൽ വിലയിരുത്തുമ്പോൾ കെ.ബിജു അഭിനന്ദാർഹമായ കയ്യടക്കത്തോടേ ഒരു തുടക്കക്കാരന്റെ പാകപ്പിഴകളില്ലാതെ ചിത്രം അണിയിച്ചൊരുക്കി എന്ന് പറയാം. ആദ്യചിത്രമായതുകൊണ്ടാകാം ഒരു പക്ഷെ, ഗഹനമായ വിഷയമോ മറ്റു ആഖ്യാനരീതികളോ പിന്തുടരാതെ സാധാരണ പ്രേക്ഷക്നു രണ്ടു രണ്ടര മണിക്കൂർ തിയ്യറ്ററിൽ ആസ്വദിക്കാനാവുന്ന ക്യാമ്പസ്സ് പശ്ചാത്തലത്തിലൊരു ഹ്യൂമർ ചിത്രം അണിയിച്ചൊരുക്കിയത്. സംവിധാനത്തിൽ കെ. ബിജുവെന്ന സംവിധായകൻ മാർക്ക് വാങ്ങുന്നുവെങ്കിലും തിരക്കഥയുടെ കയ്യടക്കത്തിൽ പലയിടത്തും എഴുത്തുകാരൻ കൂടിയായ സംവിധായകനു പലപ്പോഴും കൈവിട്ട് പോകുന്നുണ്ട്, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ. അനാവശ്യമായ ചില സീനുകളും രണ്ടാം പകുതിയിൽ പ്രയോഗിച്ച ഫ്ലാഷ് ബാക്ക് /ഫ്ലാഷ് ഫോർവേഡ് ട്രീറ്റ്മെന്റും ഒഴിവാക്കുകയും ക്ലൈമാക്സിനു നല്ലൊരു പഞ്ച് കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ ചിത്രം ഇപ്പോഴുള്ളതിൽ നിന്നും കുറേക്കുടി മെച്ചപ്പെടുകയും ചെയ്തേനെ. എങ്കിലും തന്റെ ആദ്യ ചിത്രത്തിനു സൂപ്പർ താരങ്ങളടക്കമുള്ള വിലയുള്ള താരങ്ങളെ ഒഴിവാക്കി താരതമ്യേന പുതുമുഖങ്ങളും അധികം പോപ്പുലാരിറ്റി ഇല്ലാത്തതുമായ അഭിനേതാക്കളെ ഉപയോഗപ്പെടുത്തിയും പുളിച്ചു തികട്ടുന്ന ദ്വയാർത്ഥ-കോമഡി സീനുകൾ പാടെ ഒഴിവാക്കിയും, ഹീറോയിസത്തെ അകറ്റി നിർത്തിയും ഈ ഫെസ്റ്റിവൽ സമയത്ത് നല്ലൊരു എന്റർടെയ്നർ ഒരുക്കിയതിനു കെ ബിജുവിനെ അഭിനന്ദിക്കുന്നു (അല്പം പാകപ്പിഴകളുണ്ടെങ്കിലും)

അനിയത്തിപ്രാവിനുശേഷം മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി വന്ന കുഞ്ചാക്കോബോബൻ തുടർച്ചയായ ടൈപ്പ് വേഷങ്ങളൊടെ ഒതുങ്ങിപ്പോകുകയായിരുന്നു. പിന്നീട് ലാൽജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി'യിലെ പാലുണ്ണിയായി മടങ്ങി വന്നു. പിന്നീട് 'ട്രാഫിക്', 'റേസ്', 'സീനിയേർസ്' എന്നീ തുടർച്ചയായി വിജയചിത്രങ്ങൾ ചെയ്ത് മലയാളത്തിലെ തിരക്കുള്ള താരമായിത്തുടങ്ങുന്നു. ഡോക്ടർ ലൗവിലെ വിനയചന്ദ്രൻ എന്ന കഥാപാത്രം ചാക്കോച്ചന്റെ നല്ലൊരു പെർഫോർമൻസാണു. മുൻപത്തേതിൽ നിന്നു വ്യത്യസ്ഥമായി വളരെ ഫ്ലെക്സിബിളായി കോമഡിസീനുകളിലും മികച്ച പെർഫോർമസുമായി ചാക്കോച്ചൻ ഇതിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം അഭിനയിച്ച മറ്റു താരങ്ങളുടെ അഭിനയവും മികച്ചതു തന്നെയാണു. ഇതിൽ ഭഗത്, വിദ്യാഉണ്ണി, ഭാവന, അനന്യ, മണിക്കുട്ടൻ, രജിത് മേനോൻ എന്നിവരൊക്കെ തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.

ഡോക്ടർ ലൗവിനു ദ്രശ്യങ്ങളൊരുക്കിയ ഷാജി എന്ന ക്യാമറമാനും സംവിധായകനെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. സിനിമയുടേ ആമുഖം എന്ന നിലയിൽ കാണിക്കുന്ന ദ്ര്‍ശ്യങ്ങളും ക്യാമ്പസ്സിന്റെ ചടുലതയുമൊക്കെ ആവേശം കളയാതെ ഒപ്പിയെടുത്തിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം വർണ്ണാഭമായ കാമ്പസ്സിന്റെ നിറചാർത്തുകൾക്ക് ചേർന്നതായി. ശരത് വയലാർ എഴുതിയ ഗാനങ്ങൾക്ക് നവാഗതനായ വിനു തോമാസ് ഈണം നൽകിയ മൂന്നു ഗാനങ്ങളും ചിത്രീകരണവും ചിത്രത്തിനോട് ചേർന്നുനിൽക്കുന്നുണ്ട്.

#മൈനസ് പോയന്റ്സ് :-
സലീംകുമാറിന്റെ കഥാപാത്രം
ചിത്രത്തിന്റെ തുടക്കത്തിലെ ആമുഖം
പകുതിക്കു ശേഷമുള്ള ആഖ്യാന രീതി
ചില കഥാപാത്രങ്ങളുടെ അപൂർണ്ണമായ കഥാഗതിയും ഒഴിവാക്കാവുന്ന സീനുകളും
പ്രധാന കഥാപാത്ര സവിശേഷത എന്നതിനപ്പുറം മറ്റൊന്നും പറയാനില്ലാത്തത്.

#പ്ലസ് പോയന്റ്സ് :-
അഭിനേതാക്കളുടെ നല്ല പ്രകടനം.
ചെറിയ ട്വിസ്റ്റുകൾ ഉള്ള അപ്രതീക്ഷിത സംഭവങ്ങൾ
കോമഡി താരങ്ങളെ നിരത്തിയുള്ള വളിപ്പു കോമഡികൾ ഒഴിവാക്കിയതും ചിത്രത്തിനൊട് ചേർന്നു പോകുന്ന നർമ്മ മുഹൂർത്തങ്ങളും.
ഹീറോയിസം പൂർണ്ണമായും ഒഴിവാക്കിയത്.
നല്ല ഗാനങ്ങളും ചിത്രീകരണവും.

സംവിധായകൻ കെ. ബിജുവിനു ഇനിയും നല്ല ചിത്രങ്ങളൊരുക്കാൻ കഴിയുമെന്നതിനു 'ഡോ.ലൗ' ഒരു സൂചകമാകുന്നുണ്ട്. പക്ഷെ ആദ്യചിത്രത്തിൽ സംഭവിച്ച പാകപ്പിഴകളെ മനസ്സിലാക്കി ഒഴിവാക്കുകയും മലയാള സിനിമ ഇപ്പോൾ എത്തി നിൽക്കുന്ന മുന്നേറ്റത്തിന്റെ വേഗതയിലുള്ള വിഷയങ്ങളും ആഖ്യാന രീതികളേയും ഉൾക്കൊള്ളാനുമൊക്കെ ബിജു തയ്യാറായാൽ കഥയിലും ചിത്രീകരണത്തിലും കുറച്ചൊക്കെ പഴയ രീതികളുള്ള 'ഡോ. ലൗ' എന്ന ചിത്രത്തിനപ്പുറത്ത് പുതിയ സങ്കേതങ്ങളിലുള്ള നല്ല സിനിമകൾ കൂടുതൽ ഒരുക്കുവാൻ കെ.ബിജുവെന്ന സംവിധായകനു സാധിക്കും.

ഓണം പോലൊരു ഫെസ്റ്റിവൽ സീസണിൽ ഒരു ഫെസ്റ്റിവൽ മൂഡിൽ ആസ്വദിക്കാനുള്ള യൂത്തിനെ ലക്ഷ്യം വെച്ചുള്ള ഈ സിനിമ സ്വഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ കുറച്ചധികം പ്രേക്ഷകരെ രസിപ്പിക്കും എന്നതിൽ തർക്കമൊന്നുമില്ല. ഒരുപാട് വിലയിരുത്തലുകൾ ആവശ്യപ്പെടാത്ത സ്ക്രിപ്റ്റും സിനിമയുമെന്നതിനാലും ഒരു നവാഗതന്റെ സിനിമ എന്നതിനാലും വളരെ ക്രിട്ടിക്കലായൊരു നിരൂപണം ചിത്രം ആവശ്യപ്പെടുന്നില്ല.

*********************************
നാൻസിന്റെ റിവ്യൂവിനോടോപ്പം തന്നെ ഒരു പ്രേക്ഷകന്റെ അല്ലെങ്കിൽ കുറേയധികം ആളുകളുടെ ചില കമന്റ്സ് കൂടെ ഈ റിവ്യൂവിൽ ചേർക്കാതെ വയ്യ - പ്രത്യേകിച്ചും ഡോക്ടർ ലൗ എന്ന സിനിമയുടെ പ്രമോഷനിൽ ഏറെ പങ്കു വഹിച്ച അതിന്റെ ഓൺലൈൻ പോസ്റ്ററുകൾ..അത് തയ്യാറാക്കിയത് എം3ഡിബി അഡ്മിൻ ടീം അംഗമായ നന്ദകുമാറാണ്.നന്ദന്റെ ആദ്യത്തെ ഔദ്യോഗികമായ സിനിമാ സംരംഭമായിരുന്നു ഡോക്ടർ ലൗ.അതിനേപ്പറ്റി കൂടൂതൽ ഇവിടെ വായിക്കാം (എഴുതിയത് കിരൺ - എം3ഡിബി )

Wednesday, September 7, 2011

ബ്ലെസ്സിയുടെ ‘പ്രണയം’ - റിവ്യൂ


രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്‍' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.

പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.

പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

“പ്രണയ”ത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


ഏറെയൊന്നും പറയുവാനില്ലാത്ത ആദ്യപകുതി അല്പം വിരസമായും, മുഖ്യപ്രമേയം എത്തുന്നതിനുമുന്‍പുള്ള കഥാപാത്ര- പശ്ചാത്തല വിവരണങ്ങള്‍ അഭിനേതാക്കാളുടെ ദുര്‍ബല പ്രകടനം കൊണ്ട് വളരെ ബോര്‍ ആക്കുകയും ചെയ്തു. ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവര്‍ വിവാഹത്തിന്റെ ആദ്യ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വേര്‍ പിരിയുന്നതും 40 വര്‍ഷങ്ങള്‍ ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതുമൊക്കെ നന്നായി പറഞ്ഞു വെക്കാനായിട്ടുണ്ട്. പക്ഷെ തുടന്ന് അവരുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതിയുളവാക്കുന്നുവെങ്കിലും യാതൊന്നും സംഭവിക്കുന്നുമില്ല, ഉണ്ടെന്ന് കാണിക്കുന്നതിനും കഥാന്ത്യത്തില്‍ അതൊന്നും ന്യായികരിക്കപ്പെടുന്ന കാരണങ്ങളായി പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടുന്ന അറുപതു കഴിഞ്ഞ അച്യുതമേനോനും ഗ്രേസും തമ്മിലെ പൂര്‍വ്വ ബന്ധം അവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ അപരിചിതര്‍ക്ക് അടക്കം പറയാവുന്ന, കമന്റുകള്‍ വര്‍ഷിക്കാവുന്ന ഒന്നാവാം, പക്ഷെ, അവര്‍ക്കും ഇരുവരുടേയും കുടുംബങ്ങള്‍ക്കും മാത്രമറിയാവുന്ന അവരുടെ പൂര്‍വ്വ ചരിത്രം “അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് (അതും അറുപതിന്റെ അവസാനത്തിലേക്കെത്തുന്നവര്‍ക്ക്)മാത്രമുള്ള മറ്റേ ഏര്‍പ്പാടാ“ണെന്ന് പരിസരവാസികള്‍ അടക്കം പറഞ്ഞാല്‍ അതിന്റേ പേരില്‍ അച്ഛനും അമ്മക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് എന്തോ വിശ്വസനീയമായിത്തോന്നിയില്ല.

അച്യുതമേനോന്റേയും ഗ്രേസിന്റെയ്യും പൂര്‍വ്വ കഥയില്‍ പക്ഷെ, വിശ്വസനീയമായ വിശദീകരണങ്ങളില്ലാത്തത് ഒരു കല്ലു കടി പോലെ തോന്നിച്ചു. (അതിനു ചേര്‍ത്തു വെച്ച പഴയ കാല ഘട്ട ചിത്രീകരണം ഒരു ആവി എഞ്ചിനപ്പുറവും വട്ടക്കോളര്‍ ഷര്‍ട്ടും മുടി മാടികെട്ടിയതിനുമപ്പുറവുമൊന്നും പോയില്ല എന്നതും കഷ്ടം) സിനിമയുടെ പ്രധാന കഥാതന്തുവായ അച്യുതമേനോന്‍ എന്തുകൊണ്ട് ഗ്രേസിനെ ഉപേക്ഷിച്ചു (അഥവാ തിരിച്ചും) എന്നതിനു വ്യക്തമായ (ശക്തമായ) കാരണങ്ങളൊന്നും പറയുന്നില്ല - സൂചനകള്‍ പോലും ഒരിക്കലും കാണിക്കുന്നുമില്ല- പിന്നീട് പറയുന്നതാവട്ടെ ദുര്‍ബലവും. വളരെ നേര്‍ത്തതും ദുര്‍ബലവുമായൊരു ന്യായീകരണത്തില്‍ ഒരു മുഴുവന്‍ സിനിമയുടെ തിരക്കഥയൊരുക്കുന്നത് തിരക്കഥാകൃത്തിന്റെ ബലഹീനതയാണ് കാണിക്കുന്നത്. (ബ്ലെസ്സിയുടെ മുന്‍ ചിത്രമായ ഭ്രമരത്തിനും ഇതേപോലെ വളരെ ദുര്‍ബലമായൊരു പൂര്‍വ്വകാലമായിരുന്നു പറയാനുണ്ടായിരുന്നത് എന്നോര്‍ക്കുക) മോഹന്‍ലാല്‍ എന്നൊരു താരവും അതിന്റെ പോപ്പുലാരിറ്റിയും ബ്ലെസ്സിയേയും പരിഭ്രമിപ്പിക്കുന്നു എന്ന് പറയാതെ വയ്യ, കാരണം കഥാപാത്രനിര്‍മ്മിതിയില്‍ വളരെ ശക്തമായ (നായകനെന്ന് തോന്നിപ്പിക്കുന്ന) അച്യുതമേനോന്‍ എന്നൊരു കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുമെങ്കില്‍ ഇതിന്റെ ചിത്രാന്ത്യം മറ്റൊന്നായേനെ. ഇരു നായകരുടെയും നായിക ഒരാളാവുമെങ്കില്‍ അതിലൊരു നായകന്‍ സൂപ്പര്‍ താരമാകുമെങ്കില്‍ ചിത്രാന്ത്യത്തില്‍ നായികക്ക് എന്തു സംഭവിക്കുമോ അതുപോലെതന്നെ പ്രവചനീയമായൊരു അന്ത്യം തന്നെയാണ് ഈ സിനിമക്കും. അവിടേയും ബ്ലസ്സി എന്നൊരു കലാകാരനു വിപ്ലവകരമായൊരു സീന്‍ കൂടി എഴുതിചേര്‍ക്കാന്‍ സാധിച്ചില്ല ( ബ്ലെസ്സിയുടെ കാഴ്ചപ്പാടുകള്‍ പിന്തിരിപ്പനെന്ന് തോന്നിപ്പിക്കുന്നതിനു നല്ലൊരു ഉദാഹരണം ബ്ലെസ്സിയുടെതന്നെ ‘കല്‍ക്കട്ട ന്യൂസ്’ എന്ന ദിലീപ് ചിത്രം പരിശോധിച്ചാല്‍ മതി. ചിത്രാന്ത്യത്തില്‍ നായികയെ നായകനു ലഭിക്കുന്നതിനുവേണ്ടി വിവാഹം കഴിഞ്ഞിട്ടും ‘കന്യകാത്വം’ നഷ്ടപ്പെടാത്ത ഒരുവളായി നായികയെ അവതരിപ്പിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസ്സിയുടെ ഗുരു പത്മരാജന്‍ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍' രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തിട്ടും നായികയെ നായകന്‍ സ്വീകരിക്കുന്ന കഥാന്ത്യം ചിത്രീകരിക്കുകയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പത്മരാജ ശിഷ്യനു 'സദാചാരത്തിന്റെ' പുറന്തോട് പൊട്ടിക്കാനായിട്ടില്ല!!)

അച്യുതമേനോനും മകന്‍ സുരേഷും തമ്മിലുള്ള റിലേഷന്‍, അവരുടെ സീനുകള്‍ , മാത്യൂസും ഗ്രേസും ഒപ്പം അച്യുതമേനോനും ഒരുമിച്ച് യാത്ര പോകുന്ന സീനുകളൊക്കെ ഈ സിനിമയുടെ പ്ലസ് പോയന്റുകളാണ്‍. എങ്കിലും, കഥാതന്തുവില്‍ പറഞ്ഞതിനപ്പുറം ഈ മൂവര്‍ക്കഥാപാത്രങ്ങളുടെ പ്രണയവും ഓര്‍മ്മകളും ജീവിതവുമൊക്കെ പ്രേക്ഷകന്റെ മനസ്സിലേക്ക് തുളച്ചു കയറുന്ന നവ്യമായൊരു പ്രണയാനുഭവമാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്; ചിലയിടങ്ങളില്‍ വിരസവും.

സമകാലീന മലയാള സിനിമയില്‍ ‘പ്രണയം’ ഒരു ആശ്വാസമാണെന്നതു നേരു തന്നെ. അതില്‍ യാതൊരു തര്‍ക്കവുമില്ല. ലോജിക്കുകള്‍ ഏഴയലത്തു വരാത്ത, ഓക്കാനമുണ്ടാക്കുന്ന ദ്വായാര്‍ത്ഥ തമാശകളുള്ള, വായുവില്‍ ജീവിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സമകാലിക മലയാള സിനിമയില്‍ ഏറെ ബഹളമയമല്ലാത്തതും ശാന്തവും സ്വച്ഛന്ദവുമായ, മദ്ധ്യവയസ്സുപിന്നിട്ടവരുടേ പ്രണയവും സൌഹൃദ ജീവിതവുമെല്ലാം പുതുമയുള്ളൊരു ഇതിവൃത്തവും പശ്ചാത്തലവുമാണ്. പക്ഷെ, പി പത്മരാജനു ശേഷം എന്ന മാധ്യമ - പ്രേക്ഷക വിശേഷണങ്ങള്‍ ഏറെ കിട്ടിയ ബ്ലെസ്സിയെപ്പോലൊരു സംവിധായകന്റെ സിനിമ വെറുമൊരു ആസ്വാദനക്കുറിപ്പിനപ്പുറമുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ബ്ലെസ്സ് അണിയിച്ചൊരുക്കിയ എല്ലാ സിനിമകളും (പളുങ്കും, കല്‍ക്കത്താന്യൂസും ഉള്‍പ്പെടെ) ക്ലാസിക്ക് എന്ന ലേബലൊട്ടിച്ചു വിടുവാന്‍ പ്രേക്ഷകനും പ്രിന്റ് - ഓണ്‍ലൈന്‍ വായനക്കാരനും യാതൊരു മടിയുമുണ്ടാവില്ല.

അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്ന മോഹന്‍ലാലും ജയപ്രദയും അനുപംഖേറും മികച്ചതായി. ഒപ്പം അനൂപ് മേനോനും അനൂപിന്റെ ഭാര്യയായി അഭിനയിച്ച നവ്യാ നടരാജനും. മോഹന്‍ലാലിനു വെല്ലുവിളിയാകുന്ന കഥാപാത്രമൊന്നുമല്ല ഇതിലെ മാത്യൂസ് . തത്വശാസ്ത്രങ്ങള്‍ ഉരുവിടുന്ന ഈ കഥാപാത്രം പക്ഷെ ചിത്രത്തിന്റെ വ്യത്യസ്ഥവും നവ്യമായൊരു കഥാഗതിയില്‍ തന്റെ മാനറിസങ്ങള്‍ കൊണ്ടും സംഭാഷണങ്ങളിലെ ചില രീതികള്‍ കൊണ്ടും ഒരുപാട് മുകളിലേക്ക് വരുന്നുണ്ട്. പക്ഷെ, അനൂപിന്റെ മകള്‍ മേഘയായി വന്ന അപൂര്‍വ്വയും കൂട്ടുകാരന്‍ അരുണായ ശ്രീനാഥും ചിത്രത്തിന്റെ പോരായ്മകളാണ്. അച്യുതമേനോന്റേയും ഗ്രേസിന്റേയും ബ്ലാഷ് ബാക്കിലെത്തിയ ആര്യനും നിവേദയും പ്രകടനം മെച്ചപ്പെടുത്തിയില്ല. ഇവരുടെയൊക്കെ സീനുകളില്‍ സംവിധായകന്റെ ഉദാസീനതയും വ്യക്തമാണ്. സതീഷ് കുറുപ്പ് ഒരുക്കിയ ക്യാമറാ ദൃശ്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട് ഒപ്പം, വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുവാന്‍ ഇഴചേര്‍ത്തൊരുക്കിയ സമീപ ദൃശ്യങ്ങളുടെ ചാരുതയും എടുത്തു പറയേണ്ടതാണ്.( പക്ഷെ, പോസ്റ്റ് പ്രൊഡക്ഷനില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ‘നീല ടോണ്‍’ അല്പം കൃത്രിമത്വം ഉണ്ടാക്കൂന്നവയാണ്.) ബ്ലാഷ് ബാക്ക് സീനുകളില്‍ ഉപയോഗിച്ച കളറിനും ബ്ലാക്ക് & വൈറ്റിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന്‍ കളര്‍’ നന്നായിട്ടുണ്ട്. കലാ സംവിധാനം നിര്‍വ്വഹിച്ച പ്രശാന്ത് മാധവും അഭിനന്ദനമര്‍ഹിക്കുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തന്റെ ഏതു ചിത്രങ്ങളിലേതുപോലെ തന്നെ ഇതിലും നന്നായിട്ടുണ്ട്. ദൃശ്യത്തിന്റെ നീല ടോണിനു ചേര്‍ന്നു നില്‍ക്കുന്ന നീലയുടെ വര്‍ണ്ണ വ്യത്യാസങ്ങളും അതിനോട് ചേരുന്ന വര്‍ണ്ണങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ദൃശ്യത്തിന്റെ മാറ്റു കൂട്ടൂന്നു. ചിത്രത്തിനു ഗാനങ്ങളൊരുക്കിയ ഓ എന്‍ വി കുറുപ്പും എം ജയചന്ദ്രനും ചിത്രത്തിനു ചേരുന്ന ഗാനങ്ങളൊരുക്കിയതില്‍ “ പാട്ടില്‍ ഈ പാട്ടില്‍...” എന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ചതാകുന്നു. എം ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം പക്ഷേ, പലപ്പോഴും സംഭാഷണങ്ങളെ വിഴുങ്ങുന്ന മുഴക്കങ്ങളാകുന്നു. നിശബ്ദത സംഗീതമാകേണ്ട പല സന്ദര്‍ഭങ്ങളിലും ജയചന്ദ്രന്‍ പക്ഷെ വെറുതെയിരിക്കുന്നില്ല.

മുന്‍പ് പറഞ്ഞപോലെ മലയാള സിനിമയിലെ കോമാളി സിനിമകള്‍ക്കിടയില്‍ ‘പ്രണയം’ ഒരു നല്ലതോ ഭേദപ്പെട്ടതോ ആയ സിനിമയാണ്. പക്ഷെ ‘പ്രണയ‘ത്തിനോട് ചേര്‍ത്തു വെക്കാന്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ വേണമെന്നു മാത്രം. മലയാളത്തിന്റെ ‘അടുത്ത പത്മരാജന്‍‘ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ബ്ലെസ്സിക്ക് ലഭിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറമുള്ള സൂക്ഷ വായനകള്‍ / നിരൂപണങ്ങള്‍ വേണം ബ്ലെസ്സിയുടെ ചിത്രങ്ങള്‍ക്ക് എന്നാണെന്റെ പക്ഷം. കാരണം, ഇപ്പോഴും തിരക്കഥയിലുടനീളം സാരോപദേശങ്ങള്‍ എഴുതിവെക്കുന്ന, പഴഞ്ചന്‍ ചിന്താധാരകള്‍ പേറുന്ന ഒട്ടനവധി കാഴ്ചപ്പാടുകള്‍ ഈ പത്മരാജന്‍ ശിഷ്യനില്‍ കാണാം. പുരോഗമനത്തിന്റെ കാഴ്ചപ്പാടുകള്‍ പതിയാത്തതോ പുതിയ മാറ്റത്തിന്റെ സൂചനകള്‍ തരാത്തതോ ആയ കലാ സൃഷ്ടികള്‍ പിന്‍ കാലത്ത് ‘ക്ലാസ്സിക്’ എന്നറിയപ്പെടുന്നത് കലയോടു ചെയ്യുന്ന നീതികേടാണ്, വികലമായ കാഴ്ചയാണ്.

Sunday, September 4, 2011

ഓണത്തിന്റെ ഗാനസമ്മാനം ഒരു ആൽബമായി ബ്ലോഗിലും


ഒരു കൂട്ടം സംഗീത പ്രതിഭകളെ അണിനിരത്തിക്കൊണ്ട് ഈണം പതിവുപോലെ നിങ്ങളുടെ മുൻപിലേക്ക് ഒരു പിടി ഓണപ്പാട്ടുകളുമായി എത്തുകയാണ്. കഴിഞ്ഞ വർഷത്തെ ഗാനങ്ങൾ ആസ്വദിച്ച, അഭിപ്രായങ്ങൾ അറിയിച്ച എല്ലാ മലയാള സംഗീത സ്നേഹികൾക്കും ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടേ. അവകാശവാദങ്ങളൊന്നും തന്നെയില്ല. പതിവുപോലെ ഇത്തവണയും അഭിപ്രായങ്ങൾ നിങ്ങൾക്കു വിടുന്നു...ഈ സരംഭം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ പങ്കു വയ്ക്കൂ..അത് മാത്രമായിരിക്കാം ഇതിന്റെ പിന്നണിയിൽ അണിനിരന്ന കലാകാരന്മാർക്കുള്ള ഓണസമ്മാനം.

ഈണത്തിന്റെ ഈ ഓണം ആൽബം ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധാന രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ശ്രീ ജോൺസൻ മാഷിനുള്ള ഞങ്ങളുടെ ആദരാഞ്ജലികൂടിയാണ്.

സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു  പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന കുറേ മൂളിപ്പാട്ടുകാരെയും തന്റെ ബ്ലോഗിൽ കിട്ടുന്ന സമയത്തിന് വല്ലതും കുത്തിക്കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മയുടെ നാലാം ഗാനസമാഹാരം ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി ഇവിടെ കാഴ്ചവയ്ക്കാനായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. മുഖ്യധാരയിൽ നിന്നും അടർന്നുമാറി ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തിനു മാത്രമായി ഒരു സമാന്തര സംഗീതധാരയ്ക്ക് നെറ്റ് ലോകത്ത് തുടക്കം കുറിക്കാനായതിലും അത് തുടർന്നുകൊണ്ടു പോകാൻ കഴിയുന്നതിലും അത്യധികമായ അഭിമാനവുമുണ്ട്. അതേ പോലെ ഞങ്ങൾ  ഈവർഷവും അണിയിച്ചൊരുക്കിയ ഈ ഗാനസമാഹാരത്തിലെ ഗാനങ്ങൾ സശ്രദ്ധം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുഗായകർക്കായി എം3ഡിബി അണിയിച്ചൊരുക്കിയ കുഞ്ഞൻ റേഡിയോ വഴിയാണ് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഈ ആൽബം പ്രക്ഷേപണം ചെയ്യപ്പെടുന്നത്.

ഒരോ പാട്ടും വിശദമായി കേൾക്കാൻ  സന്ദർശിക്കു http://onam.eenam.com/.