മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Wednesday, September 14, 2011

ഉലകം ചുറ്റും വാലിബന്‍ - റിവ്യൂ


ചാനല്‍ റൈറ്റ്സുകള്‍ സിനിമാ ബിസിനസ്സിന്റെ അവസാന വാക്കാവുന്ന മലയാള സിനിമാ നിര്‍മ്മാണത്തില്‍ സാറ്റലൈറ്റ് റൈറ്റ്സും മാര്‍ക്കറ്റുമുള്ള ഒരു തിരക്കഥാകൃത്താണ് കൃഷ്ണാ പൂജപ്പുര. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആറു സിനിമകളെഴുതിയതില്‍ (ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, സകുടുംബം ശ്യാമള, ജനപ്രിയന്‍) മിക്കതും ഹിറ്റും ആവറേജ് ഹിറ്റും സൂപ്പര്‍ ഹിറ്റും. കൃഷ്ണാ പൂജപ്പുരയുടെ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുന്ന രണ്ടാം നിര സംവിധായകരേറേ. ഒരുപക്ഷേ, മലയാള സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നെത്തിയവരില്‍ ഇത്രയധികം പ്രചാരവും ഡിമാന്റും മറ്റൊരു എഴുത്തുകാരനും ഉണ്ടായിട്ടുണ്ടാവില്ല.

പക്ഷെ, ആറു തിരക്കഥകളെഴുതിയിട്ടും തിരക്കഥാരചനയുടെ ബാലപാഠങ്ങള്‍ കൃഷ്ണാ പൂജപ്പുര ഇതുവരെ പഠിച്ചെടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഏറേ സങ്കടം. (വിജയങ്ങള്‍ സൃഷ്ടിക്കുന്നവന്റെ ബലഹീനത അന്വേഷിക്കേണ്ടതില്ല എന്നതാണ് മലയാള സിനിമയിലെ കാഴ്ചപ്പാട്!) ലോജിക്കുകള്‍ ഏഴയലത്തുവരാത്ത, പ്രേക്ഷകന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്ന നിരവധി സീനുകളും ഒപ്പം (തന്റെ തന്നെ) പഴയ വാരികാ നര്‍മ്മക്കുറിപ്പുകളും ചേര്‍ത്തു വെച്ചാല്‍ ഒരു മലയാള സിനിമാ തിരക്കഥയായി എന്ന് തെളിയിച്ച, തെളിയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ പൂജപ്പുരയുടെ മറ്റൊരു എപ്പിസോഡാണ് ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച് രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍‘.

ചെസ്സ്, കങ്കാരു, കളേഴ്സ് എന്നീ സിനിമകള്‍ക്കു ശേഷം രാജ് ബാബു സംവിധാനം ചെയ്ത ഉലകം ചുറ്റും വാലിബന്‍ കൊമേഴ്സ്യല്‍ ചിത്രമെന്ന രീതിയില്‍ പോലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നില്ല. ആക്ഷന്‍ ഫാമിലി ഡ്രാമയായ രാജ് ബാബുവിന്റെ ആദ്യ ചിത്രം ‘ചെസ്സ്’ കമേഴ്സ്യലി ഇതിലുമെത്രയോ ഭേദമായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യതയിലേക്ക് പോകുന്ന മറ്റൊരു ഡയറക്ടര്‍ കൂടിയാക്കുന്നു രാജ് ബാബു. ഈ ചിത്രവും അതിനു അടിവരയിടുന്നുണ്ട്. തിരക്കഥയില്‍ എഴുതി വെച്ച സംഗതികളെ അതേപോലെ പകര്‍ത്തുക എന്നതില്‍ കവിഞ്ഞ് അത് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തിലോ അല്ലെങ്കില്‍ സാങ്കേതികതയിലൂന്നിയോ മറ്റേതെങ്കിലും തരത്തിലോ പോലും വിഭിന്നമാക്കാന്‍ രാജ് ബാബുവിനായിട്ടില്ല. (തിരക്കഥയില്‍ എഴുതിവെച്ചതൊക്കെ പടു വിഡ്ഡ്ഢിത്തം എന്നതു മറക്കുന്നില്ല)

പ്ലോട്ട് : ജയശങ്കര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ താനറിയാതെ ഒരു സാമ്പത്തിക ക്രമക്കേടില്‍ പെട്ടുപോവുകയും കടബാദ്ധ്യതനായി ഒരു നഗരത്തിലേക്ക് എത്തിച്ചേരേണ്ടതായും വരുന്നു. നഗരത്തില്‍ ഒരു മോഷണ സംഘത്തിനോടൊപ്പം ചേര്‍ന്ന് മോഷണശ്രമങ്ങളുമായി ജീവിക്കുമ്പോള്‍ മുന്‍പ് ടെസ്റ്റ് എഴുതിയ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ പാസ്സായിയെന്ന ഓര്‍ഡര്‍ കിട്ടുകയും പിന്നീട് മോഷണങ്ങള്‍ നടത്തിയ നഗരത്തില്‍ത്തന്നെ എസ് ഐ ആയി നിയമിതനാകുകയും ചെയ്യുന്നു. അതേത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ഈ സിനിമ.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


പഴയ തമിഴ് താരം എം ജി ആര്‍ അഭിനയിച്ച ‘ഉലകം ചുറ്റും വാലിബന്‍’ എന്ന സിനിമയുടെ ടൈറ്റില്‍ അതേപോലെ ഉപയോഗിച്ചു എന്നതിനപ്പുറം ഈ ടൈറ്റിലിനും ഈ സിനിമക്കും മറ്റൊരു ബന്ധമില്ല. കഥയും കഥാ സന്ദര്‍ഭങ്ങളും ഒറ്റയാവര്‍ത്തിപോലും വായിച്ചു നോക്കാതെ നേരെ സിനിമ പിടീക്കാന്‍ മുന്നിട്ടിറങ്ങിയ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരുടെ അപാര ധൈര്യത്തെ സമ്മതിക്കുന്നു. ഇപ്പോഴും ഒറ്റപ്പാ‍ലം നായര്‍ തറവാടും, പൊള്ളാച്ചി ചന്തയും, അച്ഛന്‍ മരിച്ചതിനാല്‍ അമ്മയേയും സഹോദരിയേയും കഷ്ടപ്പെട്ട് പോറ്റുന്നതും, നായകന്റെ അമിതമായ അനിയത്തിപ്രേമവും, കൊച്ചി എന്ന ‘സിറ്റി’യും, ക്വട്ടേഷന്‍ ടീമിന്റെ ഹാസ്യവല്‍ക്കരണവും, എം എല്‍ എ മുതല്‍ പോലീസ് തലവന്മാരുടെ അവിശുദ്ധ കൂട്ടുകെട്ടുമൊക്കെ ഈ സിനിമക്കാര്‍ക്ക് ഇപ്പോഴും പ്രിയവിഷയമാണല്ലോ എന്നതോര്‍ത്ത് നാണം കെടാനേ നമ്മള്‍ പ്രേക്ഷകര്‍ക്ക് സാധിക്കു. എന്നാലും ഇതേ അച്ചിലിട്ട് വാര്‍ത്ത കഥകളും സിനിമകളുമായി ഇവര്‍ ഇനിയും വരും.

കൃഷ്ണ പൂജപ്പുരയുടെ ഈ തിരക്കഥയും തന്റെ തന്നെ മുന്‍ സൃഷ്ടികളുടെ ആവര്‍ത്തനമാണ്. ഓര്‍ത്തെടുക്കുമ്പോള്‍ ഓക്കാനം വരുന്ന മട്ടിലുള്ള, വിശ്വാസ്യത ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത വിഡ്ഡികളായ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇത്തരം തിരക്കഥകളാണ് കൃഷ്ണ പൂജപ്പുരയെ സാറ്റലൈറ്റ് റേറ്റിന്റെ സിനിമാ ബിസിനസ്സില്‍ പ്രചുര പ്രചാരമുള്ള എഴുത്തുകാരനാക്കിയതെന്നാണ്‍ മറ്റൊരു വൈരുദ്ധ്യം. സ്വന്തമായി ഒന്നും തന്നെ സംഭാവന ചെയ്യാന്‍ സാധിക്കാത്ത സംവിധായകന്റെ സിനിമകൂടിയാണ് ഇത്. നായകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തവും അതിന്റെ അലച്ചിലും മാറ്റങ്ങളുമൊക്കെ ഇതിനേക്കാള്‍ വളരെ ഗംഭീരമായി സിനിമാ സീരിയലുകളിലും സിനിമാല പോലുള്ള മിമിക്രി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശരത് ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നീ നാലു ഗാനരചയിതാക്കള്‍ എഴുതിയ ഗാനങ്ങള്‍ ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കിയിരിക്കുന്നു. നാല്‍ വിഷക്കുപ്പികള്‍ നിരത്തിവെച്ച് ഇതിലേതാണ്‍ കൂടുതലിഷ്ടം എന്നു ചോദിക്കുന്നതുപോലെയാണ് ഗാനങ്ങളില്‍ ഏതാണ് നല്ലതെന്ന് ചോദിക്കുന്നത്. രതീഷ് വേഗയുടെ പശ്ചാത്തല സംഗീതം വേണ്ടിടത്തും വേണ്ടാത്തിടത്തും ബഹളം വെക്കുന്നുണ്ട്. സാലു കെ ജോര്‍ജ്ജിന്റെ കലാ സംവിധാനം സുരാജിന്റെ ഗുണ്ടകള്‍ താമസിക്കുന്ന സെറ്റപ്പും ക്ലൈമാക്സില്‍ കൂട്ടത്തല്ല് നടത്താനുള്ള കമ്പനി ഗോഡൌണില്‍ നിരത്തിവെച്ച പ്ലാസ്റ്റിക് വീപ്പകളും ഓയില്‍ പാട്ടകളുമായിരിക്കണം.

അഭിനയത്തില്‍ ജയറാം തന്റെ സ്വതസിദ്ധമായ കോമാളിത്തരം ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട്. ബിജു മേനോന്റെ മണ്ടന്‍ സി ഐ സിനിമയില്‍ പലപ്പോഴും ചിരിക്കു വക നല്‍കുന്നുണ്ട് എന്നതു ശരി തന്നെ, പക്ഷെ എന്തുകൊണ്ടാ കഥാപാത്രം മണ്ടന്‍ ? ( ഈ സിനിമയില്‍ നായകനും വില്ലനുമൊഴികെ മറ്റെല്ലാ കഥാപാത്രങ്ങളും മണ്ടന്മാരും കോമാളികളുമാണെന്നത് ഒരു പ്രത്യേകതയാണ്. ഈ സിനിമ കാണുന്ന പ്രേക്ഷകനോടുള്ള ഈ സിനിമാ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിന്റെ സിമ്പോളിക്കാണോ?) നായകന്റെ അമ്മയായി ശോഭാമോഹനറ്റെ പതിവു സെറ്റു മുണ്ടു വേഷവും അനിയത്തിയുടെ ചുരിദാര്‍ - പട്ടു പാവട വേഷവും അമ്മാവന്‍ ജനാര്‍ദ്ദനന്റെ നരച്ച മീശയും വാക്കിങ്ങ് സ്റ്റിക്കുമെല്ലാം യാതൊരു മാറ്റവുമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി സിനിമയാണെന്നതിനാല്‍ സലീം കുമാറും സുരാജ് വെഞ്ഞാറമൂടും കലാഭവന്‍ ഷാജോനുമുണ്ട്. സുരാജിന്റെ ക്വട്ടേഷന്‍ സംഘത്തിലെ മരമണ്ടന്‍ അംഗങ്ങളായി ഏതാനും മിമിക്രി കലാകാരന്മാരുമുണ്ട് (വിജു കൊടുങ്ങല്ലൂര്‍, വിജുക്കുട്ടന്‍, വിനോദ് കെടാമംഗലം ) പാവം മിമിക്രി കലാകാരന്മാരുടെ ഓരോ ഗതികേട്! ഗാനരംഗങ്ങളും നൃത്തച്ചുവടുകളുമെല്ലാം പതിവിന്‍ പടി തന്നെ. എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല തിളക്കമുള്ളതും ഭംഗിയുള്ളതുമായ വേഷങ്ങള്‍ നല്‍കി അവരെ കൂടുതല്‍ സുന്ദരമാക്കുന്ന വസ്ത്രാലങ്കാരം വേലായുധന്‍ കീഴില്ലം നിര്‍വ്വഹിച്ചിട്ടൂണ്ട്.


# ഉലകം ചുറ്റും വാലിബനില്‍ അച്ഛന്‍ മരിച്ച നായകന്‍ നായികയെ കഷ്ടപ്പെട്ട് വളര്‍ത്തുന്നു പഠിപ്പിക്കുന്നു ( അവള്‍ മഴ കൊള്ളൂന്നതും, അവളെ സൈക്കീളില്‍ ഇരുത്തി യാത്ര ചെയ്യുന്നതും അങ്ങിനെ അനിയത്തിപ്രേമത്തിന്റെ ഒരു ഗാന രംഗം തന്നെയുണ്ട്) ഇതു തന്നെയല്ലേ കൃഷ്ണ പൂജപ്പുരയുടെ സകുടുംബം ശ്യാമളയിലെ നായിക ശ്യാമള(ഉര്‍വ്വശി)യും സഹോദരനും (നെടുമുടി) തമ്മില്‍ കാണിക്കുന്നതും?

# ഉലകം ചുറ്റും വാലിബനിലെ നായിക വര്‍ഷ (വന്ദന) ചാനല്‍ റിപ്പോര്‍ട്ടര്‍ , സദാ സമയവും മൈക്കുമായി റോഡിലൂടെ നടന്ന് കാണുന്നവരെ (പക്ഷെ എന്തുചെയ്യാം കാണുന്നതെപ്പോഴും നായകനെത്തന്നെയാകും) ഇന്റര്‍വ്യൂ ചെയ്യും. സാമൂഹ്യപ്രതിബദ്ധതയുള്ള നായിക ഒരു സെന്‍സേഷണല്‍ ഇഷ്യൂവിനു വേണ്ടി മുന്നിട്ടിറങ്ങും സമൂഹത്തിലെ പ്രമുഖന്റെ ബിനാമി ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കും. [ഇതേ സംഗതി തന്നെ കൃഷ്ണയുടെ മുന്‍ ചിത്രമായസകുടുംബം ശ്യാമളയിലെ ഭാമ ചാനല്‍ റിപ്പോര്‍ട്ടര്‍ മൈക്കുമായി റോട്ടിലൂടെ നടന്ന് ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ ജോലി ചെയ്യുന്ന നായിക നാട്ടിലെ ഒരു ഉന്നതന്റെ ബിനാമി ഇടപാടുകള്‍ വെളിച്ചത്തു കൊണ്ടുവരുന്നു. (ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ നായിക ഭാമ എഫ് എം റേഡിയോ ജോക്കി) ]

കൃഷ്ണ പൂജപ്പുരയുടെ നായികമാര്‍ മാധ്യമ രംഗത്തല്ലാതെ മറ്റെവിടേയും ജോലി ചെയ്യില്ലേ?


ഓര്‍ത്തു വെക്കാവുന്ന ഒരു ഗാനമോ നൃത്തമോ തമാശയോ പ്രകടനമോ എന്തിനു ഒരു ക്യാമറാഷോട്ടുപോലും ഇല്ലാത്ത ഈ സിനിമയൊക്കെ ഇവിടെ വിജയം നേടുമെങ്കില്‍ പറയേണ്ടത് സിനിമാക്കാരെയല്ല, പ്രേക്ഷകനെയാണ്, അവരെ മാത്രമാണ്.


വാല്‍ക്കഷണങ്ങള്‍ :-
ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ‘പോപ്പുലര്‍ സ്റ്റാര്‍” പത്മശ്രീ ജയറാം എന്നെഴുതിക്കാണിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകനും പിന്നെ നായകനായ ജയറാമും കൂടി സ്വയമങ്ങ് തീരുമാനിച്ചതാകാം ഈ ‘പോപ്പുലര്‍ സ്റ്റാര്‍’, അല്ലാതെ കേരളത്തിലെ കുട്ടി പ്രേക്ഷകര്‍ പോലും ജയറാമിനെ പോപ്പുലര്‍ താരമെന്നു വിളിക്കുമെന്ന് തോന്നുന്നില്ല.

സിനിമയുടെ പോസ്റ്ററൂകളിലും ഫ്ലെക്സുകളിലും ക്രെഡിറ്റ് ലൈനില്‍ കൊടുത്ത ഒരു പേര്‍ കണ്ട് അത്ഭുതപ്പെട്ടുപോയിചന്ദ്രശേഖരന്‍ എങ്ങണിയൂര്‍” (ഇമേജ് നോക്കുക് - ക്ലിക്കിയാല്‍ വലുതായി കാണാം -) അങ്ങിനെയൊരു കലാകാരനുണ്ടോ? അതോ ഇനി ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ ആണോ? എന്നായി സംശയം. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ പക്ഷെ കൃത്യമായി ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ തന്നെ. നാടന്‍ പാട്ട് /ഗാന രചയിതാവു കക്ഷി. പക്ഷെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പോസ്റ്ററിലും ഫ്ലെക്സിലും എങ്ങണ്ടിയൂര്‍എങ്ങണിയൂര്‍ആണ്. അതുപോലും മര്യാദക്ക് അച്ചടിക്കാന്‍ സാധിക്കാത്ത ഇവരെയൊക്കെയാണ് ഇന്നത്തെ മലയാള സിനിമയിലെ പ്രമുഖര്‍!!!

മലയാള സിനിമക്കും പ്രേക്ഷകനും ഇതുതന്നെവേണം.

7 comments:

NANZ said...

2011 ലെ ഓണചിത്രമായ ‘ഉലകം ചുറ്റും വാലിബന്‍’ എന്ന ജയറാം ചിത്രത്തിന്റെ വിശേഷങ്ങളുമായി...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

പിള്ളാച്ചന്‍ said...

ഒരു സംശയം.... പ്ലോട്ട് വായിച്ചിട്ട് പണ്ട് സിദ്ദിഖ് നായകനായ കൌശലം എന്ന ചിത്രത്തിന്റെ കഥയുമായി സാമ്യം.. കള്ളന്‍ പോലീസാവുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‍ ആ ചിത്രത്തിന്റേയും ഇതിവൃത്തം...

NANZ said...

@ പിള്ളാച്ചന്‍
കഥാസാരത്തിന്റെ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതിന്റെ കഥാസാരമൊന്നു വായിച്ചു നോക്കു. ഇതു തന്നെയാണോ അതിന്റേയും കഥ (കൌശലം ഓര്‍മ്മ വരുന്നില്ല)

ഇതില്‍ ഒരിക്കല്‍ സാഹചര്യങ്ങള്‍ കൊണ്ട് മോഷണ സംഘത്തിലെത്തി അവരോടൊത്ത് മോഷണങ്ങള്‍ നടത്തുകയും പിന്നീട് എസ് ഐ ആയി അതേ പ്രദേശത്ത് പഴയ മോഷണ സംഘങ്ങളുമായി ഇടപെടേണ്ടി വരുന്ന നായകന്റെ സംഭവങ്ങളാണ്.

|santhosh|സന്തോഷ്| said...

ഓണത്തിനിറങ്ങിയവയില്‍ ഒന്നു പോലുമില്ല നല്ലതെന്ന് പറയാന്‍. കൂട്ടത്തില്‍ അസഹനീയം ഈ ഉലകം ചുറ്റും വാലിബന്‍ തന്നെ. ടിവിയില്‍ ജയറാമിന്റെ ഇന്റര്‍വ്യൂ കേട്ടാല്‍ മലയാളത്തില്‍ ഇറങ്ങിയ ഒരേയൊരു ക്ലാസ്സിക് സിനിമ ഇതായിരുന്നു എന്നാണ്. ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ പറയുകയും അത്തരം സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്ന ജയറാം തന്നെ ആകണം “പോപ്പുലര്‍ താരം” :) ബെസ്റ്റ്.

Kiranz..!! said...

പ്രിഥ്വിരാജ് തേജാഭായിയുടെ സ്ക്രിപ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് കണ്ണു നിറഞ്ഞത് പോലെ ജയറാമും ഇതിന്റെ കഥ വായിച്ച് പൊട്ടിച്ചിരിച്ചു എന്നൊക്കെയാണ് റേഡിയോയിൽ കേട്ട ഒരു അഭിമുഖത്തിൽ അദ്ദേഹം വച്ച് കാച്ചിയത്..പ്രിഥിരാജിന്റെ പൊട്ടിച്ചിരിയുടെ കാര്യവും തേജാഭായിയേം ഓർത്തപ്പോഴേ ജയറാം പറയുന്നത് കേട്ട് നുമ്മ പൊട്ടിച്ചിരിച്ചു.എന്തായാലും ചിരി വേസ്റ്റായില്ല :)

ഷിജു said...

താങ്ക്യു.....
എന്തായാലും കാശുപോയില്ല :)

വിനയന്‍ said...

അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക ...


http://benny-george.blogspot.com/2011/09/review_15.html