മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
Showing posts with label movie review. Show all posts
Showing posts with label movie review. Show all posts

Monday, November 28, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ


സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

സമകാലിക മലയാളിയുടെ നേർചിത്രമാകേണ്ടിയിരുന്ന സിനിമ പക്ഷെ, പഴയ ആഖ്യാനത്താലും കഥപറച്ചിലുകളാലും മുഷിപ്പനാകുന്നു. മാത്രമല്ല മുൻപ് ഒരുപാട് മലയാള സിനിമകളിൽ കണ്ടു മടുത്ത കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി സിനിമ മുന്നേറുമ്പോൾ തെല്ലുമില്ല പുതുമ. നായക കഥാപാത്രവും കൂടെയുള്ള കഥാപാത്രങ്ങളും കഥാന്ത്യവും പ്രവചനീയമാകുകയും വിമർശനത്തിനു വേണ്ടി കെട്ടിയുയർത്തിയ കഥാപാത്രങ്ങളുമെല്ലാം സംവിധായകനും തിരക്കഥാകൃത്തിനും പറയാനുള്ള സാരോപദേശ പ്രാസംഗികരുമാകുന്നു.

ചിത്രത്തിലെ ഗാനരംഗങ്ങളിലൊന്ന് നായകന്റെ വളർച്ചയുടെ കാലഘട്ടത്തെ ആവിഷ്കരിക്കുന്ന ഗാനദൃശ്യമാണ് ("കിളികൾ പാടുമൊരു ഗാനം.." വിജയ് യേശുദാസ് & ശ്രേയ) റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രന്റെ ഈണങ്ങൾ ഇമ്പമാർന്നവയാണ്. പ്രത്യേകിച്ച് "വെള്ളാരം കുന്നിലേറി..." എന്ന ഗാനം. കെ രാജഗോപാലിന്റെ എഡിറ്റിങ്ങും നല്ലത്. അളഗപ്പന്റെ ക്യാമറയും സുന്ദര ദൃശ്യങ്ങൾ തരുന്നുണ്ട്. സിറിൾ കുരുവിളയുടെ ആർട്ടും അനിൽ ചെമ്പൂരിന്റെ കോസ്റ്റ്യൂമ്സും നന്നായിട്ടുണ്ടേങ്കിലും പാണ്ഡ്യന്റെ ചമയം ചിത്രത്തിന്റെ ആദ്യ - അന്ത്യ ഭാഗങ്ങളിൽ നിലവാരത്തകർച്ച നേരിടുന്നുണ്ട്. കുറച്ചു വർഷങ്ങളുടെ അലച്ചിലും പട്ടിണിയുമായ ദുരന്ത പൂർണ്ണ ജീവിതം നായകനിൽ ശാരീരികമായും കാഴ്ചയിലും യാതൊരു വലിയ വ്യത്യാസങ്ങളും വരുത്തുന്നില്ല, മാത്രമല്ല പ്രായവും അവശതയും പ്രതിഫലിപ്പിച്ചതാവട്ടെ നാടക മേക്കപ്പിന്റെ നിലവാരത്തിലേക്ക് വഴുതിപ്പോയി.

ജയറാം പതിവുപോലെ കോമാളിത്തരം കാണിക്കുന്നില്ല എന്നതാശ്വാസം. സംവൃതയുടെ വേഷവും കൊള്ളാം. സലീംകുമാറിന്റെ സുഗതനും ജയരാജ് വാര്യരുടെ ഷാരടിയും കലിംഗ ശശിയുടേ കഥാപാത്രവുമെല്ലാം നല്ല കാരിക്കേച്ചറുകളാണ്, അഭിനയവും മോശമായിട്ടില്ല. സലീംകുമാറീന്റെ ചില സംഭാഷണങ്ങളും കലാഭവൻ ഷാജോൺ അഭിനയിച്ച തൃശൂക്കാരനായ വെടിക്കെട്ടുകാരനും നർമ്മമുതിർക്കുന്നുണ്ട്. ജഗതി അവതരിപ്പിച്ച കപട ജ്യോതിഷിയുടെ അവസാന സീനിലെ പ്രേക്ഷകരോടുള്ള ഉപദേശവും ഇന്നസെന്റിന്റെ നാടകാഭിനയവും ജയറാമിന്റെ മകളായി വന്ന അനു ഇമ്മാനുവേലിന്റെ 'അഭിനയ'വും സ്ക്കൂൾ ടീച്ചറുടെ പെർഫോർമൻസും' ചിത്രത്തിലെ അഭിനേതാക്കളുടെ പോരായ്മയാണ്. സ്വന്തം കരിയറിയിൽ "വെറുതെ ഒരു ഭാര്യ" മാത്രം സൂപ്പർ ഹിറ്റ് വിജയമായുള്ള കെ ഗിരീഷ് കുമാറിന്റെ രചന ഇനിയും മറ്റു തലങ്ങളും നിലവാരവും എത്താൻ ദൂരമേറെയുണ്ട്. ഒപ്പം ഇതുവരെ ശീലിച്ചുപോന്ന രചനാ സങ്കേതങ്ങളും ആഖ്യാന രീതികളും മാറ്റാൻ കമലും തയ്യാറെടുക്കേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം.

Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( സെവന്‍സ്എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

സെവനസിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


ഏറെ ജനപ്രിയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് ഇക്ബാല്‍ കുറ്റിപ്പുറം. ഫോര്‍ ദി പ്യൂപ്പിളും അറബിക്കഥയും ഏറെ ജനപ്രീതിയും സാമ്പത്തിക ലാഭവും നേടിയ ചിത്രങ്ങളാണ്. മാസ്സ് പ്രേക്ഷകന്റെ പള്‍സറിയാവുന്ന രസതന്ത്രക്കൂട്ട് ഇക്ബാലിന്റെ കഥകള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് വിഷയം പൈങ്കിളിയോ അരാഷ്ട്രീയതയോ ആയാലും ജനപ്രിയത ആ സിനിമകള്‍ക്ക് നേടിക്കൊടുത്തു. ആ കഥകള്‍ക്ക് തിയ്യറ്ററിന്റെ ഇരുളില്‍ വെളിച്ച വിന്യാസത്തില്‍ സിനിമയെ ദര്‍ശിക്കുന്ന സാധാരണ പ്രേക്ഷകനു മുന്നില്‍ കാണുന്ന ദൃശ്യജീവിതത്തെ കൃത്യമായി നിര്‍വ്വചിക്കാനും സംഭവങ്ങളെ വിശ്വാസപ്പെടുത്താനുമുള്ള കാരണങ്ങളും കഥാപാത്രങ്ങള്‍ക്ക് ജീവിതത്തിന്മേലുള്ള കൊളുത്തുകള്‍ ഒരുക്കിയാലും മതിയായിരുന്നു. പക്ഷെ, ഇക്ബാല്‍ കുറ്റിപ്പുറം ജോഷിയുടെ ‘സെവനസി’ലെത്തുമ്പോള്‍ കൈവിട്ട കളിയെന്നപോലെയായിരിക്കുന്നു. കൃത്യമായ ജീവിത പശ്ചാത്തലമൊരുക്കാന്‍ കഴിയാതെ പോയ ഏഴു നായക കഥാപാത്രങ്ങളും വ്യക്തിത്വമില്ലാത്ത നാദിയാമൊയ്തുവിന്റെ കമ്മീഷണറും പ്രേക്ഷകനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ട്വിസ്റ്റുകളും 80 തുടക്കത്തില്‍ മലയാള ആക്ഷന്‍ സിനിമകളിലേപ്പോലെ തോക്കു ചൂണ്ടി “ അനങ്ങരുത്. അനങ്ങിയാല്‍ കൊന്നു കളയും, ഹാന്‍ഡ്സ് അപ്പ്” തുടങ്ങിയ മലയാള സിനിമ ചവറ്റു കുട്ടയിലേക്ക്ക് വലിച്ചെറിഞ്ഞ ക്ലീഷേ ഡയലോഗുകളും കൊണ്ട് തിരനാടകത്തെ നിലവാരമില്ലാത്തതാക്കിക്കളഞ്ഞു. ഒരു സൂപ്പര്‍ ഹിറ്റാക്കാവുന്ന മിനിമം പ്ലോട്ടുണ്ടായിരുന്നു ഈ സിനിമക്ക് പക്ഷെ അതിനെ ജോഷിയിലെ വയസ്സന്‍ മനസ്സ് ഫോര്‍മുലകളുടെ സ്ഥിരം അച്ചിലേക്ക് കമഴ്ത്തി നശിപ്പിച്ചു കളഞ്ഞു. ജോഷി കൈവിട്ടു പോയ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ഒന്നിലേറെ നായകന്മാര്‍ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പോലീസ് തിരിച്ചറിയല്‍ പരേഡിനു നിര്‍ത്തുന്നതുപോലെ നിരത്തി നിര്‍ത്തണമെന്ന് വാശിയുള്ളതുപോലെ നിരവധി സീനുകള്‍. നാദിയാമൊയ്തുവിന്റെ കഥാപാത്രം സംവിധായകന്റെ കഴിവു കേടിനു മറ്റൊരു ഉദാഹരണം.

അഭിനയത്തില്‍ ഈ ഏഴുപേരില്‍ കുഞ്ചാക്കോബോബന്‍ നന്നായിട്ടുണ്ടെന്ന് പറയാം. തന്റെ രണ്ടാം വരവില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത് കുഞ്ചാകോ ബോബന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളു. ചാക്കോച്ചനു താഴേയെ ആസിഫ് അലിയും മറ്റു താരങ്ങളും വരുന്നുള്ളൂ. അതില്‍ നൂലുണ്ട് എന്ന് വിളിച്ചിരുന്ന വിജീഷ് ആണ് ഡയലോഗ് പ്രസന്റേഷനിലും സ്വാഭാവിക പെരുമാറ്റത്തിലും നന്നായി തോന്നിയത്. നിവിന്‍ പോളിയും അജുവുമൊക്കെ ഇനിയും ചിത്രങ്ങളേറെ കഴിയണം അഭിനയത്തിന്റെ വാതില്‍ക്കലെങ്കിലും എത്താന്‍. ഭാമയും മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമായി തോന്നി. പക്ഷെ, അഭിനയിച്ചവരില്‍ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയത് ഇവരാരുമല്ല ബ്രോക്കര്‍ ഹബീബ് ആയി വേഷമിട്ട മണിയന്‍ പിള്ള രാജു തന്നെയാണ്. പഴയ ഈ നടന്റെ പെര്‍ഫോര്‍മന്‍സിനു മുന്നില്‍ പതറി നില്‍ക്കുന്ന ഏഴു യുവതാരങ്ങള പല സീനിലും കാണാം. കോഴിക്കോട് ഭാഷ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന രാജു പക്ഷെ വികാര തീവ്രമായ ഒരു സീനില്‍ വള്ളുവനാടന്‍ ഭാഷയിലേക്ക് അറിയാതെ പ്രവേശിച്ചുപോകുന്നുമുണ്ട്. (മലയാളത്തിലെ നടനും നടിയും ഏതു വേഷവും രൂപവും ചെയ്താലും എപ്പോഴെങ്കിലും അറിയാതെ വള്ളുവനാട്ടിലേക്ക് ചേക്കേറുന്നതിനു എത്രയോ ഉദാഹരണങ്ങള്‍, ‘വയലിന്‍എന്ന സിബി ചിത്രത്തിലെ നെടുമുടിയും, ‘ആദാമിന്റെ മകന്‍ അബുവിലെ സറീനാ വഹാബും ഈയടുത്ത കാലത്തെ ഉദാഹരണങ്ങള്‍)

അജയന്‍ വിന്‍സെന്റിന്റെ ക്യാമറ ചിത്രത്തിന്റെ ചടുലതക്ക് ചേരുന്ന വേഗം കൈവരിക്കുന്നുണ്ട്. എങ്കിലും ഭ്രമരം പോലെ അജയനെ അഭിനന്ദിക്കാനിടവരുത്തുന്നവണ്ണമൊന്നും അജയനു ഇതില്‍ ചെയ്യേണ്ടി വന്നിട്ടില്ല. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിബാലിന്റെ സംഗീതത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ മുഴുവനായും മുറിച്ചും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രേക്ഷകനു യാതൊരു പ്രത്യേകതയും അനുഭവിപ്പിക്കാതെ അത് കടന്നു പോകുന്നുമുണ്ട്. റണ്‍ രവി, രാജശേഖര്‍ എന്നിവരൊരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിന്റെ അത്രയും ആകര്‍ഷക ഘടകമാകുന്നില്ലെങ്കിലും യുവതാരങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിച്ചത് ആശ്വാസം. പാണ്ഡ്യനും എസ്. ബി. സതീശനും ഒരുക്കിയ ചമയവും വസ്ത്രാലങ്കാരവും പലയിടത്തും ചിത്രത്തിനു ഇണങ്ങിച്ചേരുന്നില്ല, ദരിദ്ര കുടുംബത്തിലെ, ജീവിതം പുലര്‍ത്താന്‍ സെയില്‍ ഗേളായി ജോലിക്കു പോകുന്ന നായിക വീട്ടിനകത്തും തിളങ്ങുന്ന ചുരിദാറണിഞ്ഞു മുഴുവന്‍ സമയവും പ്രത്യക്ഷപ്പെടൂന്നത് കല്ലുകടിയായി. (വീട്ടില്‍ നില്‍ക്കുമ്പോഴും ഫുള്‍ ചുരിദാര്‍ സെറ്റില്‍, ഷാള്‍ പോലും മാറ്റിയിട്ടില്ല) ചമയവും വസ്ത്രാലങ്കാരവും മലയാള സിനിമയില്‍, അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നതിനു പകരം കൂടുതല്‍ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനു വേണ്ടിയുള്ള ഘടകമായതിനാല്‍ ഈ സിനിമയിലെ ആ വിഭാഗത്തെപ്പറ്റി കൂടുതല്‍ പറയുന്നില്ല. സുജിത് രാഘവന്റെ കലാ സംവിധാനം ചിത്രത്തിനു ചേരുന്ന രീതിയില്‍ തന്നെ.

എടൂത്തുപറയേണ്ട മറ്റൊരു ക്രെഡിറ്റ് ടൈറ്റില്‍ ഗ്രാഫിക്സ് ഒരുക്കിയ ‘ബ്ലൂ മീഡിയ സൊലൂഷന്‍’ ടീമിനെപ്പറ്റിയാണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനു ഒരുതരത്തിലും വായിക്കാന്‍ സാധിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ചെയ്ത ടൈറ്റിത്സ് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകനു തലവേദന സൃഷ്ടിക്കുന്നുണ്ട്. വേള്‍ഡ് കപ്പ് ഫുട്ബോളിലെ വീഡിയോ ദൃശ്യങ്ങള്‍ സിനിമാസ്കോപ്പിലേക്ക് വലുതാക്കി സൃഷ്ടിച്ച് ഒന്നും മനസ്സിലാകാത്ത ദൃശ്യഖണ്ഠങ്ങളാക്കി, വായനാസുഖമില്ലാത്ത ഫോണ്ടുകളും കളറുകളും കൊണ്ട് നിമിഷങ്ങള്‍ക്കം മാഞ്ഞുപോകുന്ന ടൈറ്റില്‍ ദൃശ്യങ്ങളും ക്രെഡിറ്റുകാര്‍ഡും ആര്‍ക്ക് വേണ്ടി, എന്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

സംവിധാനത്തില്‍ ജോഷിയും പിന്നിലേക്കുള്ള തിരിച്ചു പോക്ക് തുടങ്ങിക്കഴിഞ്ഞുവെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഈയ്യിടെ കൈവരിച്ച (മലയാളത്തില്‍ ഇപ്പോഴേ അതൊക്കെ എത്തിയുള്ളു!!) വിവിധ ആഖ്യാന രീതികളൊക്കെ ശ്രമിച്ചു നോക്കാന്‍ ഒരു പക്ഷെ ജോഷിയിലെ പഴയ കാരണവര്‍ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണോ എന്തോ, ഇപ്പോഴും നേര്‍ രേഖയില്‍ തന്നെ കഥ പറയാന്‍ ശ്രമിക്കുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനെങ്കിലും ജോഷി ശ്രമിക്കുമെങ്കില്‍ കുറച്ചു കാലമെങ്കിലും ജോഷിക്ക് സംവിധായകനായി നിലനില്‍ക്കാം. (സെവനസ് ആഖ്യാന രീതി കൈവിട്ട് മറ്റൊന്നു സ്വീകരിക്കുമായിരുന്നെങ്കില്‍ നല്ലൊരു കാഴ്ചയായെങ്കിലും മാറിയേനെ)


വാല്‍ക്കഷണം : അസഹനീയമായ ടൈറ്റില്‍ ഗ്രാഫിക്സില്‍ ശ്രദ്ധിച്ച ഒരു കാര്യം, പബ്ലിസിറ്റി ഡിസൈന്‍ - കോളിന്‍സ് ലിയോഫിന്‍ (collins leophin) എന്നാണ് ക്രെഡിറ്റ്. എന്നു മുതല്‍ക്കാണ് ലിയോഫില്‍ ലിയോഫിന്‍ ആയത് എന്നറിഞ്ഞുകൂടാ. കോളിന്‍സിന്റെ പോസ്റ്ററുകളില്‍ പക്ഷെ collins leophil എന്നു തന്നെയാണ്. അല്ലെങ്കിലും സ്വന്തം പേരു കോളിന്‍സിനു തെറ്റില്ലല്ലോ,

'പ്രണയം' എന്ന ബ്ലസ്സി ചിത്രത്തിലും കണ്ടു ഇതുപോലൊരു മഹാ മണ്ടത്തരം.ടൈറ്റില്‍ ടൈപ്പോഗ്രഫിഎന്നതിനു ഇംഗ്ലീഷില്‍ 'Type of Graphy' എന്നാണ് കൊടൂത്തിരിക്കുന്നത്?!

സിനിമാ ടൈറ്റിത്സ് ഒരു ഇന്‍ഫൊര്‍മേഷന്‍ കൂടിയാണ്‍ എന്ന് വിഡ്ഡ്യാസുരന്മാര്‍ക്ക് ആരാണ് ഒന്നു പറഞ്ഞു കൊടുക്കുക?

Wednesday, September 7, 2011

ബ്ലെസ്സിയുടെ ‘പ്രണയം’ - റിവ്യൂ


രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്‍' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.

പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.

പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

“പ്രണയ”ത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


ഏറെയൊന്നും പറയുവാനില്ലാത്ത ആദ്യപകുതി അല്പം വിരസമായും, മുഖ്യപ്രമേയം എത്തുന്നതിനുമുന്‍പുള്ള കഥാപാത്ര- പശ്ചാത്തല വിവരണങ്ങള്‍ അഭിനേതാക്കാളുടെ ദുര്‍ബല പ്രകടനം കൊണ്ട് വളരെ ബോര്‍ ആക്കുകയും ചെയ്തു. ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവര്‍ വിവാഹത്തിന്റെ ആദ്യ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വേര്‍ പിരിയുന്നതും 40 വര്‍ഷങ്ങള്‍ ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതുമൊക്കെ നന്നായി പറഞ്ഞു വെക്കാനായിട്ടുണ്ട്. പക്ഷെ തുടന്ന് അവരുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതിയുളവാക്കുന്നുവെങ്കിലും യാതൊന്നും സംഭവിക്കുന്നുമില്ല, ഉണ്ടെന്ന് കാണിക്കുന്നതിനും കഥാന്ത്യത്തില്‍ അതൊന്നും ന്യായികരിക്കപ്പെടുന്ന കാരണങ്ങളായി പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടുന്ന അറുപതു കഴിഞ്ഞ അച്യുതമേനോനും ഗ്രേസും തമ്മിലെ പൂര്‍വ്വ ബന്ധം അവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ അപരിചിതര്‍ക്ക് അടക്കം പറയാവുന്ന, കമന്റുകള്‍ വര്‍ഷിക്കാവുന്ന ഒന്നാവാം, പക്ഷെ, അവര്‍ക്കും ഇരുവരുടേയും കുടുംബങ്ങള്‍ക്കും മാത്രമറിയാവുന്ന അവരുടെ പൂര്‍വ്വ ചരിത്രം “അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് (അതും അറുപതിന്റെ അവസാനത്തിലേക്കെത്തുന്നവര്‍ക്ക്)മാത്രമുള്ള മറ്റേ ഏര്‍പ്പാടാ“ണെന്ന് പരിസരവാസികള്‍ അടക്കം പറഞ്ഞാല്‍ അതിന്റേ പേരില്‍ അച്ഛനും അമ്മക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് എന്തോ വിശ്വസനീയമായിത്തോന്നിയില്ല.

അച്യുതമേനോന്റേയും ഗ്രേസിന്റെയ്യും പൂര്‍വ്വ കഥയില്‍ പക്ഷെ, വിശ്വസനീയമായ വിശദീകരണങ്ങളില്ലാത്തത് ഒരു കല്ലു കടി പോലെ തോന്നിച്ചു. (അതിനു ചേര്‍ത്തു വെച്ച പഴയ കാല ഘട്ട ചിത്രീകരണം ഒരു ആവി എഞ്ചിനപ്പുറവും വട്ടക്കോളര്‍ ഷര്‍ട്ടും മുടി മാടികെട്ടിയതിനുമപ്പുറവുമൊന്നും പോയില്ല എന്നതും കഷ്ടം) സിനിമയുടെ പ്രധാന കഥാതന്തുവായ അച്യുതമേനോന്‍ എന്തുകൊണ്ട് ഗ്രേസിനെ ഉപേക്ഷിച്ചു (അഥവാ തിരിച്ചും) എന്നതിനു വ്യക്തമായ (ശക്തമായ) കാരണങ്ങളൊന്നും പറയുന്നില്ല - സൂചനകള്‍ പോലും ഒരിക്കലും കാണിക്കുന്നുമില്ല- പിന്നീട് പറയുന്നതാവട്ടെ ദുര്‍ബലവും. വളരെ നേര്‍ത്തതും ദുര്‍ബലവുമായൊരു ന്യായീകരണത്തില്‍ ഒരു മുഴുവന്‍ സിനിമയുടെ തിരക്കഥയൊരുക്കുന്നത് തിരക്കഥാകൃത്തിന്റെ ബലഹീനതയാണ് കാണിക്കുന്നത്. (ബ്ലെസ്സിയുടെ മുന്‍ ചിത്രമായ ഭ്രമരത്തിനും ഇതേപോലെ വളരെ ദുര്‍ബലമായൊരു പൂര്‍വ്വകാലമായിരുന്നു പറയാനുണ്ടായിരുന്നത് എന്നോര്‍ക്കുക) മോഹന്‍ലാല്‍ എന്നൊരു താരവും അതിന്റെ പോപ്പുലാരിറ്റിയും ബ്ലെസ്സിയേയും പരിഭ്രമിപ്പിക്കുന്നു എന്ന് പറയാതെ വയ്യ, കാരണം കഥാപാത്രനിര്‍മ്മിതിയില്‍ വളരെ ശക്തമായ (നായകനെന്ന് തോന്നിപ്പിക്കുന്ന) അച്യുതമേനോന്‍ എന്നൊരു കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുമെങ്കില്‍ ഇതിന്റെ ചിത്രാന്ത്യം മറ്റൊന്നായേനെ. ഇരു നായകരുടെയും നായിക ഒരാളാവുമെങ്കില്‍ അതിലൊരു നായകന്‍ സൂപ്പര്‍ താരമാകുമെങ്കില്‍ ചിത്രാന്ത്യത്തില്‍ നായികക്ക് എന്തു സംഭവിക്കുമോ അതുപോലെതന്നെ പ്രവചനീയമായൊരു അന്ത്യം തന്നെയാണ് ഈ സിനിമക്കും. അവിടേയും ബ്ലസ്സി എന്നൊരു കലാകാരനു വിപ്ലവകരമായൊരു സീന്‍ കൂടി എഴുതിചേര്‍ക്കാന്‍ സാധിച്ചില്ല ( ബ്ലെസ്സിയുടെ കാഴ്ചപ്പാടുകള്‍ പിന്തിരിപ്പനെന്ന് തോന്നിപ്പിക്കുന്നതിനു നല്ലൊരു ഉദാഹരണം ബ്ലെസ്സിയുടെതന്നെ ‘കല്‍ക്കട്ട ന്യൂസ്’ എന്ന ദിലീപ് ചിത്രം പരിശോധിച്ചാല്‍ മതി. ചിത്രാന്ത്യത്തില്‍ നായികയെ നായകനു ലഭിക്കുന്നതിനുവേണ്ടി വിവാഹം കഴിഞ്ഞിട്ടും ‘കന്യകാത്വം’ നഷ്ടപ്പെടാത്ത ഒരുവളായി നായികയെ അവതരിപ്പിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസ്സിയുടെ ഗുരു പത്മരാജന്‍ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍' രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തിട്ടും നായികയെ നായകന്‍ സ്വീകരിക്കുന്ന കഥാന്ത്യം ചിത്രീകരിക്കുകയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പത്മരാജ ശിഷ്യനു 'സദാചാരത്തിന്റെ' പുറന്തോട് പൊട്ടിക്കാനായിട്ടില്ല!!)

അച്യുതമേനോനും മകന്‍ സുരേഷും തമ്മിലുള്ള റിലേഷന്‍, അവരുടെ സീനുകള്‍ , മാത്യൂസും ഗ്രേസും ഒപ്പം അച്യുതമേനോനും ഒരുമിച്ച് യാത്ര പോകുന്ന സീനുകളൊക്കെ ഈ സിനിമയുടെ പ്ലസ് പോയന്റുകളാണ്‍. എങ്കിലും, കഥാതന്തുവില്‍ പറഞ്ഞതിനപ്പുറം ഈ മൂവര്‍ക്കഥാപാത്രങ്ങളുടെ പ്രണയവും ഓര്‍മ്മകളും ജീവിതവുമൊക്കെ പ്രേക്ഷകന്റെ മനസ്സിലേക്ക് തുളച്ചു കയറുന്ന നവ്യമായൊരു പ്രണയാനുഭവമാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്; ചിലയിടങ്ങളില്‍ വിരസവും.

സമകാലീന മലയാള സിനിമയില്‍ ‘പ്രണയം’ ഒരു ആശ്വാസമാണെന്നതു നേരു തന്നെ. അതില്‍ യാതൊരു തര്‍ക്കവുമില്ല. ലോജിക്കുകള്‍ ഏഴയലത്തു വരാത്ത, ഓക്കാനമുണ്ടാക്കുന്ന ദ്വായാര്‍ത്ഥ തമാശകളുള്ള, വായുവില്‍ ജീവിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സമകാലിക മലയാള സിനിമയില്‍ ഏറെ ബഹളമയമല്ലാത്തതും ശാന്തവും സ്വച്ഛന്ദവുമായ, മദ്ധ്യവയസ്സുപിന്നിട്ടവരുടേ പ്രണയവും സൌഹൃദ ജീവിതവുമെല്ലാം പുതുമയുള്ളൊരു ഇതിവൃത്തവും പശ്ചാത്തലവുമാണ്. പക്ഷെ, പി പത്മരാജനു ശേഷം എന്ന മാധ്യമ - പ്രേക്ഷക വിശേഷണങ്ങള്‍ ഏറെ കിട്ടിയ ബ്ലെസ്സിയെപ്പോലൊരു സംവിധായകന്റെ സിനിമ വെറുമൊരു ആസ്വാദനക്കുറിപ്പിനപ്പുറമുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ബ്ലെസ്സ് അണിയിച്ചൊരുക്കിയ എല്ലാ സിനിമകളും (പളുങ്കും, കല്‍ക്കത്താന്യൂസും ഉള്‍പ്പെടെ) ക്ലാസിക്ക് എന്ന ലേബലൊട്ടിച്ചു വിടുവാന്‍ പ്രേക്ഷകനും പ്രിന്റ് - ഓണ്‍ലൈന്‍ വായനക്കാരനും യാതൊരു മടിയുമുണ്ടാവില്ല.

അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്ന മോഹന്‍ലാലും ജയപ്രദയും അനുപംഖേറും മികച്ചതായി. ഒപ്പം അനൂപ് മേനോനും അനൂപിന്റെ ഭാര്യയായി അഭിനയിച്ച നവ്യാ നടരാജനും. മോഹന്‍ലാലിനു വെല്ലുവിളിയാകുന്ന കഥാപാത്രമൊന്നുമല്ല ഇതിലെ മാത്യൂസ് . തത്വശാസ്ത്രങ്ങള്‍ ഉരുവിടുന്ന ഈ കഥാപാത്രം പക്ഷെ ചിത്രത്തിന്റെ വ്യത്യസ്ഥവും നവ്യമായൊരു കഥാഗതിയില്‍ തന്റെ മാനറിസങ്ങള്‍ കൊണ്ടും സംഭാഷണങ്ങളിലെ ചില രീതികള്‍ കൊണ്ടും ഒരുപാട് മുകളിലേക്ക് വരുന്നുണ്ട്. പക്ഷെ, അനൂപിന്റെ മകള്‍ മേഘയായി വന്ന അപൂര്‍വ്വയും കൂട്ടുകാരന്‍ അരുണായ ശ്രീനാഥും ചിത്രത്തിന്റെ പോരായ്മകളാണ്. അച്യുതമേനോന്റേയും ഗ്രേസിന്റേയും ബ്ലാഷ് ബാക്കിലെത്തിയ ആര്യനും നിവേദയും പ്രകടനം മെച്ചപ്പെടുത്തിയില്ല. ഇവരുടെയൊക്കെ സീനുകളില്‍ സംവിധായകന്റെ ഉദാസീനതയും വ്യക്തമാണ്. സതീഷ് കുറുപ്പ് ഒരുക്കിയ ക്യാമറാ ദൃശ്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട് ഒപ്പം, വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുവാന്‍ ഇഴചേര്‍ത്തൊരുക്കിയ സമീപ ദൃശ്യങ്ങളുടെ ചാരുതയും എടുത്തു പറയേണ്ടതാണ്.( പക്ഷെ, പോസ്റ്റ് പ്രൊഡക്ഷനില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ‘നീല ടോണ്‍’ അല്പം കൃത്രിമത്വം ഉണ്ടാക്കൂന്നവയാണ്.) ബ്ലാഷ് ബാക്ക് സീനുകളില്‍ ഉപയോഗിച്ച കളറിനും ബ്ലാക്ക് & വൈറ്റിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന്‍ കളര്‍’ നന്നായിട്ടുണ്ട്. കലാ സംവിധാനം നിര്‍വ്വഹിച്ച പ്രശാന്ത് മാധവും അഭിനന്ദനമര്‍ഹിക്കുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തന്റെ ഏതു ചിത്രങ്ങളിലേതുപോലെ തന്നെ ഇതിലും നന്നായിട്ടുണ്ട്. ദൃശ്യത്തിന്റെ നീല ടോണിനു ചേര്‍ന്നു നില്‍ക്കുന്ന നീലയുടെ വര്‍ണ്ണ വ്യത്യാസങ്ങളും അതിനോട് ചേരുന്ന വര്‍ണ്ണങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ദൃശ്യത്തിന്റെ മാറ്റു കൂട്ടൂന്നു. ചിത്രത്തിനു ഗാനങ്ങളൊരുക്കിയ ഓ എന്‍ വി കുറുപ്പും എം ജയചന്ദ്രനും ചിത്രത്തിനു ചേരുന്ന ഗാനങ്ങളൊരുക്കിയതില്‍ “ പാട്ടില്‍ ഈ പാട്ടില്‍...” എന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ചതാകുന്നു. എം ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം പക്ഷേ, പലപ്പോഴും സംഭാഷണങ്ങളെ വിഴുങ്ങുന്ന മുഴക്കങ്ങളാകുന്നു. നിശബ്ദത സംഗീതമാകേണ്ട പല സന്ദര്‍ഭങ്ങളിലും ജയചന്ദ്രന്‍ പക്ഷെ വെറുതെയിരിക്കുന്നില്ല.

മുന്‍പ് പറഞ്ഞപോലെ മലയാള സിനിമയിലെ കോമാളി സിനിമകള്‍ക്കിടയില്‍ ‘പ്രണയം’ ഒരു നല്ലതോ ഭേദപ്പെട്ടതോ ആയ സിനിമയാണ്. പക്ഷെ ‘പ്രണയ‘ത്തിനോട് ചേര്‍ത്തു വെക്കാന്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ വേണമെന്നു മാത്രം. മലയാളത്തിന്റെ ‘അടുത്ത പത്മരാജന്‍‘ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ബ്ലെസ്സിക്ക് ലഭിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറമുള്ള സൂക്ഷ വായനകള്‍ / നിരൂപണങ്ങള്‍ വേണം ബ്ലെസ്സിയുടെ ചിത്രങ്ങള്‍ക്ക് എന്നാണെന്റെ പക്ഷം. കാരണം, ഇപ്പോഴും തിരക്കഥയിലുടനീളം സാരോപദേശങ്ങള്‍ എഴുതിവെക്കുന്ന, പഴഞ്ചന്‍ ചിന്താധാരകള്‍ പേറുന്ന ഒട്ടനവധി കാഴ്ചപ്പാടുകള്‍ ഈ പത്മരാജന്‍ ശിഷ്യനില്‍ കാണാം. പുരോഗമനത്തിന്റെ കാഴ്ചപ്പാടുകള്‍ പതിയാത്തതോ പുതിയ മാറ്റത്തിന്റെ സൂചനകള്‍ തരാത്തതോ ആയ കലാ സൃഷ്ടികള്‍ പിന്‍ കാലത്ത് ‘ക്ലാസ്സിക്’ എന്നറിയപ്പെടുന്നത് കലയോടു ചെയ്യുന്ന നീതികേടാണ്, വികലമായ കാഴ്ചയാണ്.

Friday, August 5, 2011

ഒരു നുണക്കഥ - റിവ്യൂ


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടീങ്ങ് തുടങ്ങി വൈകി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം കൂടി. തമിഴ് കോമഡി നടന്‍ വിവേക് അഭിനയിക്കുന്ന ഏറെയും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്‍പിലും പുറകിലുമായി അണിനിരക്കുന്ന “ഒരു നുണക്കഥ” എന്ന സിനിമ അഭിലാഷ് അബ്രഹാം നിര്‍മ്മിച്ച് ജോണ്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്നു.

പേരിലുള്ള നുണ പോലെത്തന്നെ നല്ല സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരോടും നുണ പറഞ്ഞിരിക്കുകയാണ് ഇതിന്റെ അണിയറക്കാര്‍. സിനിമക്കുള്ളിലെ സിനിമ എന്നും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെട്ടൊരു വിഷയമാണ്. അത് പക്ഷെ കെ. ജി ജോര്‍ജ്ജിനെപ്പോലൊരു പ്രതിഭയുടേ കയ്യിലാകുമ്പോള്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്” പോലൊരു നല്ല സിനിമയുണ്ടാകുന്നു. ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ചെയ്തപ്പോള്‍ നല്ലൊരു എന്റര്‍ടെയ്നറാകുന്നു. സജ്ജീവ് രാജും കലാഭവന്‍ മണിയും ദിലീപുമൊരുക്കുമ്പോള്‍ പ്രേക്ഷകന്‍ നിരാകരിക്കുന്ന നിര്‍ഗ്ഗുണ ചിത്രമാകുന്നു. അവസാനം പറഞ്ഞ കാറ്റഗറിയിലേക്ക് ഒന്നു കൂടി എഴുതി ചേര്‍ക്കാവുന്ന മറ്റൊരു സിനിമക്കുള്ളിലെ സിനിമയാണ് “ഒരു നുണക്കഥ”യും (സിനിമക്കുള്ളിലെ സിനിമയും അതിനുള്ളിലൊരു സീരിയലും!)

പ്ലോട്ട് : എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവസാനം ഒരുമിക്കുന്ന കോളേജ് കമിതാക്കളായ അരവിന്ദന്റേയും അശ്വതിയുടേയ്യും പ്രണയ കഥ.

ഒരു നുണക്കഥയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


പതിവുപോലെത്തന്നെ പ്രേക്ഷകന്‍ ഒരു കാരണവശാലും വായിച്ച് പോകരുത് എന്ന നിര്‍ബന്ധത്തോടേയാണ് ടൈറ്റിലുകള്‍ കാണിക്കുന്നത്. എഡിറ്റിങ്ങ് എഫക്റ്റ്സും ഗ്രാഫിക്സുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നത് സിനിമ ഭയങ്കര ടെക്നിക്കലാണെന്നും ലേറ്റസ്റ്റ് മോഡല്‍ ട്രീറ്റ്മെന്റാണെന്നുമൊക്കെ വിചാരിച്ചോട്ടെ എന്നും കരുതിയിട്ടാവണം. ഒരു ലോഡ് ആളുകള്‍ ഇതില്‍ ഗായകരായുണ്ട്, യേശുദാസ് മുതല്‍ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി പലരും. അവര്‍ക്ക് പാടാന്‍ വേണ്ടി നായികയെ കാണുമ്പോള്‍, പിരിയുമ്പോള്‍, അകലെയുള്ള നായികയെ കാണാന്‍ സുഹൃത്തുക്കളുമൊത്ത് ജീപ്പില്‍ പോകുമ്പോള്‍ , നായികയെ വീണ്ടും കാണുമ്പോള്‍, സിനിമാഷൂട്ടിങ്ങിലെ മാദക നടിയെകാണുമ്പോള്‍ ഇങ്ങിനെ പഴയ നൃത്തനാടകത്തെ അനുസ്മരിപ്പിക്കുമാറ് പാട്ടിന്റെ അയ്യരുകളിയായിട്ടുണ്ട്.

സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരില്‍ ഭൂരിഭാഗവും പുതിയ ആളുകളാണ്. ക്യാമറയും എഡിറ്റിങ്ങും കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം ചിത്രത്തിന്റെ ‘നിലവാര’ത്തിനു ഉതകുന്നതു തന്നെയാണ്. നായികയായി അഭിനയിച്ചിരിക്കുന്നത് ടി വി സീരിയല്‍ നായിക അശ്വതിയാണ്. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയില്‍ നായികയാവാനുള്ള സാദ്ധ്യത അഭിനയത്തിലും സൌന്ദര്യത്തിലുമില്ല. നായകന്‍ അരവിന്ദനായി വന്ന അഷറഫ് ഇനി മുഖ്യധാരയിലെ കാമ്പസ് പടങ്ങളില്‍ നായകന്റെ സംഘത്തിനോടൊപ്പമോ വില്ലന്‍ സംഘത്തിലോ ഉണ്ടാകാനാണു സാദ്ധ്യത. സിനിമയുടെ നായകനാവാന്‍ ജിമ്മില്‍ വികസിപ്പിച്ചെടുത്ത മസിത്സ് മാത്രം പോരല്ലോ. ആകെ എടുത്ത് പറയാവുന്നത് ജഗതി ശ്രീകുമാര്‍ ചെയ്ത വേഷമാണ്. അപാര റേഞ്ചിലേക്ക് പോകുന്നില്ലെങ്കിലും പ്രേക്ഷകരെക്കൊണ്ട് ‘അയ്യേ’ എന്ന് പറയിപ്പിക്കാതിരിക്കാന്‍ ജഗതിക്കായി. തമിഴ് സിനിമയിലെ പോപ്പുലര്‍ കൊമേഡിയന്‍ വിവേക് ഈ സിനിമയില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ ചെയ്തു പോരുന്ന പാരലല്‍ ട്രാക് ടിപ്പിക്കല്‍ വിവേക് കോമഡി. വിവേകിനു വേണ്ടി സീനുകള്‍ എഴുതിയ തിരക്കഥാകൃത്തിനോ ചിത്രീകരിച്ച സംവിധായകനോ അഭിനയിച്ച വിവേകിനു പോലുമോ ഇത് എന്തിനു വേണ്ടി ചെയ്തതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. സൌത്തിന്ത്യയില്‍ ഒരു പ്രമുഖ കോമഡി നടനെ കിട്ടിയിട്ടും പ്രയോചനപ്പെടുത്താന്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍.... ഹെന്തു പറയാന്‍!!

സംവിധായകന്റെ കഥക്ക് തിരക്കഥ സംഭാഷണമൊരുക്കിയിരിക്കുന്നത് അബ്രഹാം വി ബേബി & അബിലാഷ് രാമചന്ദ്രന്‍. സത്യമായും എനിക്ക് ഇവര്‍ ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന് സിനിമ കാണുമ്പോഴും കണ്ടു കഴിഞ്ഞിട്ടും മനസ്സിലായില്ല. ഫ്ലാഷ് ബാക്കും, ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്കുകളും, മുഖ്യകഥയുമായി പുലബന്ധമില്ലാത്ത കോമഡി സീനുകളും ഈ ആധുനിക കാലത്തും ഏതോ ഒരു ഫ്രോഡ് സ്വാമി പറയുന്നതനുസരിച്ച് ‘നരബലി’ നടത്താന്‍ തുനിഞ്ഞിറങ്ങുന്ന സിനിമക്കുള്ളിലെ സിനിമയുടെ സംവിധായകനും പ്രൊഡ. കണ്ട്രോളറും, ഇതൊക്കെ ഉളുപ്പില്ലാതെ എഴുതിവെക്കാനും ചിത്രീകരിക്കാനും അതു നാലുപേരെ കാണിക്കാനുമുള്ള ചങ്കൂറ്റം ഇവര്‍ക്കെങ്ങിനെയുണ്ടായി എന്ന് എത്രയാലോചിച്ചിട്ടൂം മനസ്സിലാകുന്നില്ല. ഇതുപൊലെയുള്ള വങ്കത്തരങ്ങളും പോഴത്തങ്ങളും എഴുതിയിട്ടും പറഞ്ഞിട്ടും ഇതൊക്കെ സിനിമയാക്കാന്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളും അത് വിതരണത്തിനെടുക്കാന്‍ വിതരണക്കാരനേയും കിട്ടൂന്നല്ലോ എന്നുള്ളതാണ് അത്ഭുതം. മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി വ്യാജ സീഡിയോ ചാനലുകളോ കഥയില്ലായ്മമോ അല്ല..ഇതുപോലുള്ള സിനിമകള്‍ പടച്ചു വിടുന്ന ഫ്രോഡ് സിനിമക്കാരാണ് യഥാര്‍ത്ഥപ്രതിസന്ധിഉണ്ടാക്കുന്നത്.

1) സിനിമയുടെ തുടക്കത്തില്‍ പഴയ നടന്‍ ജയന്റെ പടത്തോടൊപ്പം ‘മലയാളസിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനു പ്രണാമം’ എന്ന് കാണിക്കുന്നുണ്ട്. അതെന്തിനാണാവോ?

2) ജഗതി ശ്രീകുമാര്‍, വിവേക്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയര്‍ പ്രധാന വേഷത്തിലുള്ള ഒരു കോമഡി ചിത്രമായാണ് ഒരു നുണക്കഥയുടെ പ്രചാരണം. സിനിമ തീരും വരെ ഒരു കുഞ്ഞിന്റേയും ചിരി തിയ്യറ്ററില്‍ കേട്ടില്ല. (അതിനുള്ള ആളുകള്‍ തിയ്യറ്ററില്‍ ഉണ്ടായിരുന്നില്ല എന്നത് വേറെകാര്യം)

3) അന്ധവിശ്വാസിയായ ഒരു സംവിധായകന്റെ സിനിമാശ്രമമാണ് ഈ കഥയില്‍ ഉള്ളത്.സീനിമക്കുള്ളിലെ സിനിമയിലെ സംവിധായകന്‍ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ അനുസരിച്ച് നരബലി നടത്തുന്നതാണ് പ്രമേയം. പക്ഷേ, ഈ സിനിമയുടെ അവസാനം ഇങ്ങിനെ എഴുതിക്കാണിക്കുന്നു സിനിമയില്‍ അന്ധവിശ്വാസം കൂടുതലാണ്. അതൊരിക്കലും മാറാന്‍ പോകുന്നില്ല......ഞങ്ങളും അന്ധവിശ്വാസികള്‍ തന്നെ എന്ന്. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. അന്ധവിശ്വാസം സിനിമാ ഫീല്‍ഡില്‍ ഉണ്ടെന്ന് ഞങ്ങള്‍ കാണിച്ചെങ്കിലും ഞങ്ങള്‍ അതിനെ വിമര്‍ശിച്ചതല്ല, ഞങ്ങളും അങ്ങിനെയൊക്കെയാണ് സിനിമ ചെയ്യുന്നതെന്നോ? അതോ ഏതെങ്കിലും കപട സന്യാസിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നോ?

ആര്‍ക്കോ വേണ്ടി ചെയ്യുന്ന സിനിമകള്‍ (കടപ്പാട് സലീം കുമാര്‍ കല്യാണരാമനില്‍)

Saturday, July 30, 2011

ഓര്‍മ്മ മാത്രം - റിവ്യൂ


മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. മനോജ് കെ ജയന്‍, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഈ ചിത്രത്തിലെ ശ്വേതാ മേനോന്റെ ‘സരോജിനി’ എന്ന കഥാപാത്രത്തിനു ഐ എഫ് എഫ് കെ 2009 ല്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. പുരസ്കാരങ്ങളും നിരൂപക ശ്രദ്ധയും ഏറെ നേടിയ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രം “ഓര്‍മ്മ മാത്രം” പക്ഷെ, ഫോര്‍മുലകളെ നിരാകരിച്ച് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്നതിലും ജനപ്രിയനായ ഒരു താരത്തെ കോമാളിത്തരത്തില്‍ നിന്ന് ജീവിതത്തിലെ യഥാര്‍ത്ഥ വേഷത്തിലേക്ക്ക് പറിച്ചു നട്ടു എന്നൊക്കെ പേരിലായിരിക്കാം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും നല്ലൊരു ചലചിത്രാനുഭവമാക്കുന്നതിലോ, ചലചിത്ര ആഖ്യാന രീതി ഇപ്പോഴും തുടര്‍ന്നു കൊണ്ടുപോരുന്ന ക്ലീഷേ സങ്കേതങ്ങളില്‍ നിന്നോ മുക്തമാകാത്ത ഈ ചിത്രം പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടുമെന്ന് പറയുക വയ്യ.

പ്ലോട്ട് : മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

കഥാസാരം : ചിത്രത്തിന്റെ കഥാസാരവും കൂടുതല്‍ വിവരങ്ങളും അറിയാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

അന്ധത പതിയെ കടന്നു വരുന്ന അജയന്റെ പെരുമാറ്റവും മിസ്സിങ്ങായ മകനെ അന്വേഷിച്ചിറങ്ങുന്ന അച്ഛന്റെ വേദനയുമൊക്കെ പ്രേക്ഷകനുമുന്നില്‍ അഭിനയിച്ചു പ്രതിഫലിപ്പികുന്നതില്‍ ജനപ്രിയ നായകന്‍ ദിലീപ് ഏറെ മുന്നേറിയിട്ടില്ലെങ്കിലും ദിലീപ് ഇതുവരെ അഭിനയിച്ചു(?) വന്ന കോമാളി വേഷങ്ങളില്‍ നിന്ന് ഭിന്നവും വളരെ ഭേദവുമാണ് ജീവിതത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന അജയന്‍ എന്ന കഥാപാത്രം. അഞ്ചു വയസ്സുകാരന്റെ അച്ഛനായി, സ്വാഭാവികത നിറഞ്ഞ, കടും വര്‍ണ്ണത്തിലുള്ള ചമയങ്ങളില്ലാത്ത ഈ നായക കഥാപാത്രത്തെ സ്വീകരിക്കാന്‍ ദിലീപ് കാട്ടിയ സന്മനസ്സിനു നന്ദി. ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഈ നടന്‍ ഇനിയും സ്വീകരിക്കുകയാണെങ്കില്‍ അഭിനയം തുടങ്ങി ഇത്രയും വര്‍ഷങ്ങളായിടും ദിലീപില്‍ നിന്ന് ഇതുവരേയും പുറത്തുവരാത്ത നടന്‍ എന്നൊരംശം പ്രേക്ഷകനു ഇനിയെങ്കിലും കാണാന്‍ സാധിക്കുമെന്ന് കരുതാം. ഫാന്‍സിന്റെ കയ്യടികള്‍ക്കും സൂപ്പര്‍ ഹിറ്റ് വിജയങ്ങള്‍ക്കുമൊക്കെ അപ്പുറം ഒരു നടനെ കാലങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം കഥാപാത്രങ്ങളാണെന്ന തിരിച്ചറിവ് ദിലീപിനുണ്ടാവട്ടെ. നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്കയുടെ സഫിയ എന്ന കഥാപാത്രം ശരീര പ്രകൃതികൊണ്ട് ഇടത്തരം വീട്ടമ്മയായെങ്കിലും അഭിനയം കൊണ്ട് ഒരു നല്ല കഥാപാത്രമാകാനോ പ്രേക്ഷകനിലേക്ക് വേദന പകരാനോ കഴിഞ്ഞില്ല. നെടുമുടി അവതരിപ്പിക്കുന്ന ഇസ്രായിലേക്ക് തിരിച്ചു പോകാതെ ഈ മണ്ണിനെ ഇഷ്ടപ്പെടുന്ന ജൂത വൃദ്ധനും ഭാര്യയായി അഭിനയിച്ച നടിയും (പേരറിയില്ല) ചിത്രത്തില്‍ ചേരാതെ നില്‍ക്കുന്നു എന്ന് മാത്രമല്ല അഭിനയത്തിലും വല്ലാതെ മുഴച്ചു നില്‍ക്കുന്നു. ഇടക്ക് ഈ കഥാപാത്രങ്ങള്‍ "ഡാര്‍ലിങ്ങ്, ഡിയര്‍, കം, ഒകെ" എന്ന് മുറി ഇംഗ്ലീഷ് പറയുമെങ്കിലും നെടുമുടിയുടേ നെടുങ്കന്‍ ഡയലോഗുകള്‍ക്ക് ഒറ്റപ്പാലത്തെ കാരണവരുടേ സ്ഥിരം ശൈലി! അഭിനയത്തില്‍ അല്പമെങ്കിലും നാടകീയത കൈവരാത്തത് ജഗതി ശ്രീകുമാറിന്റെ വക്കീല്‍ വാര്യര്‍ ആണ്. സലീം കുമാറും ഹരീശ്രീ അശോകനുമൊക്കെ നായകനും ചുറ്റും കറങ്ങുന്ന നന്മയുള്ള സ്ഥിരം കഥാപാത്രങ്ങളായി.

കൂടുതലും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്ന ക്യാമറാ ദൃശ്യങ്ങളില്‍ പ്രഭാത വെയിലിന്റെ മാജിക്ക് ലൈറ്റ് ഷോട്ടുകള്‍ കുറച്ചുണ്ട്. ഇത്തരത്തിലുള്ള (ഓഫ് ബീറ്റ് / ലോ ബജറ്റ് ‌) സിനിമകള്‍ക്ക് ക്യാമറാ സഹായമാകുന്ന എം ജെ രാധാകൃഷ്ണന്‍ തന്നെയാണ് ഇതിന്റെയും ക്യാമറ. ഒരു ചെറിയ സിനിമയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് രാധാകൃഷ്ണനു പരാമാവധി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു വരാന്‍ ക്യാമറക്ക് സാധിച്ചിട്ടില്ല (ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ വിജയത്തിനു മധുഅമ്പാട്ടിന്റെ ക്യാമറ ചെയ്ത വലിയ സംഭാവന ഈ സമയത്ത് ഓര്‍ത്തുപോകുന്നു) എടൂത്തുപറയേണ്ടത് ഇതിന്റെ മോശം പശ്ച്ചാത്തല സംഗീതമാണ്. നാം കണ്ടു ശീലമുള്ള ഓരോ ദൃശ്യങ്ങള്‍ക്കും എന്തായിരുന്നോ ഇത്രനാളും പശ്ചാത്തലമായി കേട്ടിരുന്നത് അതുതന്നെ ആവര്‍ത്തിക്കുന്ന ഒന്നായി ഇതിലെ പശ്ച്ചാത്തല സംഗീതം. (ക്രിസ്ത്യന്‍ പള്ളിയൂടേ അകത്തെ ഷോട്ടൂകള്‍ക്ക് പിയാനോയും, പുറം ഷോട്ടൂകള്‍ക്ക് ഇടക്ക് പള്ളിമണിയും, ദു:ഖ സീനുകള്‍ക്ക് പ്രസിദ്ധമായ വയലിന്‍ ബിറ്റും) ഒക്കെ ആവര്‍ത്തിച്ച, കേട്ടു പഴകിച്ച അതേ ശബ്ദങ്ങള്‍ തന്നെ. സിനിമയെ വലിയൊരളവില്‍ പിന്നോട്ട് തള്ളൂന്നത് ഈ പശ്ചാത്തല സംഗീതമാണ്.

റഹീം കടവത്തിന്റെ കഥക്ക് സി വി ബാലകൃഷ്ണന്‍ എഴുതിയ കഥയും തിരക്കഥയും ഭേദമെന്നേ പറയാന്‍ സാധിക്കു. ഒരു നല്ല കഥാകൃത്തെന്ന നിലയിലും പല സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ആളെന്ന നിലക്കും സി വി ബാലകൃഷ്ണനില്‍ നിന്ന് ഇതിനേക്കാളും നിലവാരവും വ്യത്യസ്ഥതയും നല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കഥയിലുടനീളം സി വി ബാലകൃഷ്ണന്റേത് എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു കയ്യടയാളവും ബാലകൃഷ്ണന്‍ ഒരുക്കുന്നില്ല. മാത്രമല്ല പല സന്ദര്‍ഭങ്ങളും (നെടുമുടി യും ഭാര്യയും & സലീം കുമാര്‍ തമ്മിലുള്ള സീനുകള്‍) ഏച്ചു കെട്ടിയതായും സിനിമകളില്‍ ആവര്‍ത്തനമാകുന്ന സംഭാഷണങ്ങളുമായി മാറി. കൂടാതെ ധന്യാമേരി വര്‍ഗ്ഗീസ്, ഹരിശീ അശോകന്‍ എന്നിവരുടേ കഥാപാത്രങ്ങള്‍ എവിടേ നിന്നോ വന്ന് എവിടേക്കൊ പോകുന്ന നൂലു പൊട്ടിയ പട്ടം കണക്കേ ആണ്. അവയെ മുഖ്യകഥാപാത്രങ്ങളുമായി ഇണക്കിച്ചേര്‍ക്കാനോ വിശ്വസനീയമായി അവതരിപ്പിക്കാനോ സാധിച്ചില്ല.

സിനിമ മൊത്തത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു സംവിധായകന്റെ പോരായ്മ നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ട്. മുന്‍പത്തെ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകന്റെ മൂന്നാം ചിത്രമാണിതെന്ന് വിശ്വസിക്കുക പ്രയാസം. എഴുപതുകളിലെ ബുദ്ധിജീവി സിനിമകളുടേയും 80 കളില്‍ സജ്ജീവമായിരുന്ന മദ്ധ്യവര്‍ത്തി സിനിമകളുടേയുമൊക്കെ ഹാങ്ങോവര്‍ ഈ സംവിധായകനില്‍ ധാരളമുണ്ട്. കഥ പറച്ചിലും ആഖ്യാന രീതികളുമൊക്കെ ഇപ്പോഴും ആ ശൈലിയില്‍ തന്നെയാണ്. അസാമാന്യ പ്രകടനം നടത്തുന്ന നല്ല അഭിനേതാക്കള്‍ ഉണ്ടായിട്ടൂം (പ്രിയങ്ക, നെടുമുടീ, സലീംകുമാര്‍ ജഗതി ) അവരെയൊക്കെ നല്ല രീതിയില്‍ ഉപയോഗിച്ചില്ല എന്നത് സംവിധായകന്റേയും കഴിവു കേടാണ്. തിരക്കഥാകൃത്തും സംവിധായകനും ഏറേ പരിശ്രമിച്ചിരുന്നെങ്കില്‍ ഈ പ്രമേയവും ഇതിലെ മുഖ്യുകഥാപാത്രങ്ങളായ അജയനും(ദിലീപ്) സഫിയയും(പ്രിയങ്ക) കുറച്ചു കാലമെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ നീറ്റലുണ്ടാക്കുന്ന ഓര്‍മ്മകളായേനെ. എന്തൊക്കെയാണ് പറയേണ്ടതെന്ന് സംവിധായകനു കൃത്യമായ കാഴ്ചപ്പാടില്ലാതെ വരികയും കൃത്യമായ നിലപാടില്ലതെ വരികയും ചെയ്യുമ്പോള്‍ സിനിമ ഒട്ടും തന്നെ പൂര്‍ണ്ണതയില്ലത്ത സൃഷ്ടിയാകുന്നു. മിശ്രവിവാഹിതരെന്നു കാണിക്കുന്ന, ഇപ്പോള്‍ മതപരമായി ജീവിക്കാത്ത നായക-നായികയുടെ വിവാഹ പൂര്‍വ്വ ജീവിതത്തെപ്പറ്റി പരാമര്‍ശമില്ല. ഒരു ആദര്‍ശത്തേയോ കാഴ്ചപ്പാടിനേയോ മുന്‍ നിര്‍ത്തിയാണോ ഇവര്‍ വിവാഹിതരായെന്ന് സൂചനയുമില്ല, പക്ഷെ നായകനെ ഒരു ആദര്‍ശവാദിയായ ഒരു കഥാപാത്രമാക്കാനുള്ള ശ്രമവും കാണാം. അതേ സമയം മകനെ കാണാതാകുമ്പോള്‍ സഫിയ എന്ന നായിക അറബി ജോതിഷിയുടെ അടുത്തും അജയന്‍ കവടി നിരത്തുന്ന ഹിന്ദു ജോതിഷിയുടെ അടുത്തു പോകുന്നതും കാണിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയല്ലാത്ത അജയന്‍, മകനെ കണ്ടു കിട്ടാതാകുമ്പോള്‍ താന്‍ ചെയ്ത ഭ്രൂണ ഹത്യക്ക് പകരം ഈശ്വരന്‍ ചെയ്തതാകും ഇതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ( മതപരമോ ഈശ്വര വിശ്വാസമോ ഇല്ലാതെ ജീവിക്കുന്ന ദമ്പതികളാണെന്നാണ്‍ ചിത്രം ആദ്യം മുതലേ തരുന്ന സൂചന) ബന്ധുക്കളെ വിട്ടൊഴിഞ്ഞ് മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് ജീവിത ദുരന്തം ഉണ്ടാകുമെന്നോ, ഒറ്റമകന്‍/ള്‍ മതിയെന്നു കരുതുന്നവരെ ഈശ്വരന്‍ പരീക്ഷിക്കുമെന്നോ, ഇത്തരം ദുരന്തങ്ങളില്‍ ജ്യോത്സര്‍ പറയുന്ന രീതിയില്‍ സഞ്ചരിക്കണമെന്നോ സമൂഹം കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടേന്നോ എന്തൊക്കെയാണ് സംവിധായകന്‍ പറഞ്ഞു വെക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തവുമല്ല പറഞ്ഞതൊക്കെയും പൂര്‍ണ്ണവുമല്ല. ആദര്‍ശവാദിയായ നായകനെ ചിത്രീകരിക്കാന്‍, കുറ്റിത്താടിയും കണ്ണടയും ചിത്രത്തിലുടനീളം (ബാത്ത് റൂമിലും ബെഡ് റുമിലും) ഖദര്‍ ജുബ്ബയുമണിച്ചതും, മകനെ കുറിച്ചുള്ള ദു:സ്വപ്ന സീനുകളുമൊക്കെ മലയാളത്തില്‍ ഇതേവരെ കാണിച്ചിരിക്കുന്ന/കാണിച്ചുകൊണ്ടിരിക്കുന്ന ക്ലീഷേ ദുരന്ത ദൃശ്യങ്ങള്‍ തന്നെയാണ്. സാമൂഹ്യപ്രസക്തിയുള്ള പ്രമേയം പറഞ്ഞിരിക്കുന്നുവെന്നതും ദിലീപ് എന്നൊരു കോമാളി നടന് മുക്തി കൊടുത്തിരിക്കുന്നു എന്നതുമൊഴിച്ചാല്‍ ഒരു ഭേദപ്പെട്ട ചലച്ചിത്രാനുഭവം തരുന്നതില്‍ നിന്ന് ഈ ചിത്രം താഴെപ്പോകുന്നു.

Tuesday, July 26, 2011

ബാംങ്കോക്ക് സമ്മര്‍ - റിവ്യൂ


വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ് ‘ലെന്‍ സ് മാന്‍‘ എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ‘ലെന്‍സ്മാന്‍‘ സഹോദരന്മാരായ പ്രമോദ് - പപ്പന്റെ രംഗപ്രവേശം. വജ്രം എന്ന സിനിമക്കു ശേഷം മമ്മൂട്ടി നയന്താര എന്നിവരഭിനയിച്ച ‘തസ്കര വീരന്‍’, റഹ്മാനും കലാഭവന്‍ മണിയും നായകന്മാരായ ‘എബ്രഹാം ലിങ്കന്‍’, ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റഹ്മാന്‍, മംത മോഹന്‍ ദാസ് എന്നിവരഭിനയിച്ച ‘മുസാഫിര്‍’, തമിഴ് മാദക സുന്ദരി നമിതയെ മലയാളത്തിലഭിനയിപ്പിച്ച ബാല, കലാഭവന്‍ മണി എന്നിവര്‍ മുഖ്യവേഷത്തില്‍ വന്ന ‘ബ്ല്ലാക് സ്റ്റാലിയന്‍’ എന്നിവക്കു ശേഷം പൂര്‍ണ്ണമായും ബാംങ്കോക്കില്‍ ചിത്രീകരിച്ച മലയാള ചിത്രവുമായാണ് പ്രമോദ് പപ്പന്മാരുടെ വരവ്. (മലയാളത്തില്‍ ആദ്യമായി എച്ച് ഡി ക്യാമറാ സിനിമാ നിര്‍മ്മാണം കൊണ്ടു വന്നത് ഇവര്‍ തന്നെയാണൊ എന്നുറപ്പില്ല, പക്ഷെ പ്രമോദ് പപ്പന്മാരുടെ മിക്ക സിനിമകളും എച്ച് ഡി ക്യാമറയില്‍ തന്നെയാണ്. ഈ സിനിമയും)

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത പുതുമുഖങ്ങളും പരസ്യ മോഡലുകളും അണിനിരന്ന ‘ബാങ്കോക്ക് സമ്മറി’ന്റെ സംവിധാനവും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ബാങ്കോക്ക് നഗരത്തിന്റെ വര്‍ണ്ണാഭമായ ദൃശ്യങ്ങള്‍ തലങ്ങും വിലങ്ങും ഒട്ടിച്ചു ചേര്‍ത്ത് കാണിക്കുക എന്നതില്‍ കവിഞ്ഞ് സിനിമ പൂര്‍ണ്ണമായും പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും മറ്റു സാങ്കേതികപ്രവര്‍ത്തകരും പുറകിലായി. അതുകൊണ്ടു തന്നെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകനു ബാങ്കോക്ക് സമ്മര്‍ ഒരു ദുരന്തം സമ്മാനിക്കും.

പ്ലോട്ട് : ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി മാധവന്‍ (ഉണ്ണി മുകുന്ദന്‍) തന്റെ സുഹൃത്തിന്റെ സഹോദരി ഗംഗയെ (റിച്ച) മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന്‍ ശ്രീഹരി (രാഹുല്‍) ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.

ബാങ്കോക്ക് സമ്മറിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക


ഒരു ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്ന്മെന്റിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ക്കാവുന്ന ഭേദപ്പെട്ടൊരു കഥാസാരം തന്നെയായിരുന്നു ഈ സിനിമയുടേത്. വര്‍ണ്ണാഭമായ ബാങ്കോക്ക് നഗരവും, ഡിസ്കോത്തെ തെരുവുകളും കഫെറ്റീരിയകളും സുന്ദരമായ വീഥികളും രാത്രി ദൃശ്യങ്ങളും മാഫിയാ സംഘങ്ങളും അവരുടെ ഏറ്റുമുട്ടലുകളുമൊക്കെ നല്ലൊരു ആക്ഷന്‍ ത്രില്ലറിന്റെ വിജയത്തിനു സഹായകമാകുന്ന പശ്ചാത്തലം തന്നെയാണ്. ഈ പശ്ച്ചാത്തലത്തിനു മീതെ യുക്തിസഹമായി കൂട്ടിയിണക്കിയ ഒരു കഥയും തിരനാടകവും അതിനെ ഭഭ്രമായി അണിയിച്ചൊരുക്കുവാന്‍ പോന്ന സംവിധായക പ്രതിഭയും ഉണ്ടായിരുന്നെങ്കില്‍ ഇതൊരു പുതുമയുള്ള എന്റര്‍ടെയ്നര്‍ ആകുമായിരുന്നു. പക്ഷെ ‘പാത്രമറിഞ്ഞേ വിളമ്പാവൂ” എന്ന് പഴമക്കാര്‍ പറയും പോലെ ജനപ്രിയ സിനിമകളുടെ ലാവണ്യരീതികളില്‍ പോലും വൈദഗ്ദ്യമില്ലാത്തവരുടെ കയ്യില്‍ ഈ സിനിമ മൃതാവസ്ഥയിലാകുന്നു.

വിശ്വസനീയ സന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും സൃഷ്ടിക്കുന്നതിലും അവക്ക് മികച്ച സംഭാഷണമൊരുക്കുന്നതിലും തിരക്കഥാകൃത്ത് (രാജേഷ് ജയരാമന്‍) അമ്പേ പരാജയപ്പെടുന്നു. എച്ച് ഡി ക്യാമറയില്‍ മോഹന്‍ പുതുശ്ശേരി പകര്‍ത്തിയ ബാങ്കോക്ക് ദൃശ്യങ്ങള്‍ പലതും ജീവനില്ലാത്ത ദൃശ്യഖണ്ഡങ്ങള്‍ മാത്രമാണ് അവയെ ഒട്ടിച്ചു ചേര്‍ക്കേണ്ട ജോലിമാത്രമേ എഡിറ്റര്‍ രഞ്ജിത്ത് ടച്ച് റിവറിനുമുള്ളു. ക്യാമറയില്‍ നഗര-കടല്‍ തീര ദൃശ്യങ്ങള്‍ സുന്ദരമെങ്കിലും പലപ്പോഴും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്നതെന്ന് തോന്നിക്കുന്ന മറ്റു പല ദൃശ്യങ്ങളും വെളിച്ച വിന്യാസത്താല്‍ വളരെ മോശമാണ്. പശ്ച്ചാത്തല ഭംഗി എന്നതിനപ്പുറം ഛായാഗ്രഹണത്തിന്റെ വൈദഗ്ദ്യം എങ്ങുമില്ല. സിനിമയുടെ സസ്പെന്‍സ് വെളിവാക്കപ്പെടുന്ന സീനില്‍ തിരക്കഥാകൃത്ത് ഒരുക്കിയ തിരക്കഥയും വിശദാംശങ്ങളും സീനിന്റെ ആവിഷ്കാരവും വളരെ ദുര്‍ബലവും മോശവുമാണ്.

അഭിനേതാക്കളില്‍ മാധവന്‍ എന്ന മുഖ്യവേഷത്തിലഭിനയിച്ച ഉണ്ണി മുകുന്ദന്‍ ആദ്യപകുതിയില്‍ തെറ്റില്ലാതെ അഭിനയിച്ചിരിക്കുന്നു (ഇനിയും പ്രകടനം ആവശ്യപ്പെടുന്നുവെങ്കിലും) ബാക്കി എല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശത്തെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ശ്രീഹരിയായി വരുന്ന രാഹുല്‍ (വാടാമല്ലി ഫെയിം) നിര്‍വ്വികാര മുഖം കൊണ്ട് ഏതു ഭാവമാണ് കാണിക്കാനുദ്ദേശികുന്നത് എന്ന് വ്യക്തമല്ല. ‘ചിത്രം‘ ‘ധ്രുവം’ എന്നീ പഴയ ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടേ മൂന്നു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട് അവക്ക് ഔസെപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ടൈറ്റില്‍ ഗാനം “കളിപറയും..” മികച്ചതായി അനുഭവപ്പെട്ടു.

സിനിമയെ കലാപരമായി കോര്‍ത്തിണക്കുക എന്നതിലുപരി സാമ്പത്തികമായി എങ്ങിനെ ലാഭകരമാക്കാം എന്നത് പ്രമോദ് പപ്പനെ ആരും പഠിപ്പിക്കേണ്ടതില്ല എന്നു തോന്നുന്നു. ബാങ്കോക്ക് സമ്മറിനു മുന്‍പെടുത്ത ബ്ലാക്ക് സ്റ്റാലിയര്‍ കേരളത്തിലെ തിയ്യറ്ററുകളില്‍ നിറഞ്ഞോടിയില്ലെങ്കിലും റിലീസിനു മുന്‍പേ ലാഭം കൊയ്ത ചിത്രമാണ്. മലയാളം കൂടാതെ മറ്റു മൂന്നു സൌത്തിന്ത്യന്‍ ഭാഷകളിലേക്ക് വിറ്റുപോയ സിനിമ ജനങ്ങള്‍ കണ്ടില്ലെങ്കിലെന്ത്? ആദ്യ ചിത്രമായ വജ്രം മുതല്‍ പ്രമോദ് പപ്പന്മാരുടെ സിനിമകളില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്ന വാണിജ്യ തന്ത്രം കാണാം. വജ്രത്തിലെ നായകന്‍ നില്‍ക്കുമ്പോഴും നടക്കുമ്പോഴും സംഘട്ടനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും നായകനു പിന്നില്‍ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടേ വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍ കാണാം, തസ്കരവീരനില്‍ ഒരു പ്രമുഖ ടോര്‍ച്ച് കമ്പനിയുടെ ബ്രാന്‍ഡ് നെയിം പോസ്റ്റര്‍ മുതലേ കാണാം. ഈ തന്ത്രം തന്റെ എല്ലാ ചിത്രങ്ങളിലും വിദഗ്ദമായി ചേര്‍ത്തിട്ടൂണ്ട്, ഈ സിനിമയിലും ഒരു പ്രമുഖ റിസ്റ്റ് വാച്ച കമ്പനിയുടേ പരസ്യങ്ങളും പലപ്പോഴായി ചേര്‍ത്തിട്ടൂണ്ട് (അത് പക്ഷെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഒട്ടിച്ചു ചേര്‍ത്തത് ആരും അറിയില്ലെന്നു കരുതിയോ പ്രമോദ് പപ്പാ?) മാത്രമല്ല ചിത്രത്തിന്റെ ചെറിയെ പോസ്റ്റര്‍ മുതല്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ വരെ ഈ വാണിജ്യ തന്ത്രം പയറ്റിയിട്ടുണ്ട്

പ്രമോദ് പപ്പന്‍, സംവിധായകര്‍ എന്നതിലുപരി നല്ലൊരു സിനിമാ ബിസിനസ്സുകാര്‍ എന്ന പേരിനോടായിരിക്കും കൂടുതല്‍ കടപ്പെട്ടിരിക്കുക. വാണിജ്യ സിനിമക്ക് അതും ആവശ്യമെങ്കിലും ക്രെഡിറ്റായി വെക്കുന്ന പേരിനോട് അല്പമെങ്കിലും നീതി പുലര്‍ത്തുന്നതു നന്നായിരിക്കില്ലേ?. അടുത്ത സിനിമക്ക് മുന്‍പെങ്കിലും പ്രമോദ് പപ്പന്മാര്‍ അത് ആലോചിക്കണം അല്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തില്‍ സംവിധായക സഹോദരര്‍ എന്നായിരിക്കില്ല, മറിച്ച് സിനിമ തൂക്കി വിറ്റു ജീവിച്ച രണ്ട് സഹോദരര്‍ എന്നായിരിക്കും സിനിമാ ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക.