മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, July 30, 2011

ഓര്‍മ്മ മാത്രം - റിവ്യൂ


മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. മനോജ് കെ ജയന്‍, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഈ ചിത്രത്തിലെ ശ്വേതാ മേനോന്റെ ‘സരോജിനി’ എന്ന കഥാപാത്രത്തിനു ഐ എഫ് എഫ് കെ 2009 ല്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. പുരസ്കാരങ്ങളും നിരൂപക ശ്രദ്ധയും ഏറെ നേടിയ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രം “ഓര്‍മ്മ മാത്രം” പക്ഷെ, ഫോര്‍മുലകളെ നിരാകരിച്ച് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്നതിലും ജനപ്രിയനായ ഒരു താരത്തെ കോമാളിത്തരത്തില്‍ നിന്ന് ജീവിതത്തിലെ യഥാര്‍ത്ഥ വേഷത്തിലേക്ക്ക് പറിച്ചു നട്ടു എന്നൊക്കെ പേരിലായിരിക്കാം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും നല്ലൊരു ചലചിത്രാനുഭവമാക്കുന്നതിലോ, ചലചിത്ര ആഖ്യാന രീതി ഇപ്പോഴും തുടര്‍ന്നു കൊണ്ടുപോരുന്ന ക്ലീഷേ സങ്കേതങ്ങളില്‍ നിന്നോ മുക്തമാകാത്ത ഈ ചിത്രം പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടുമെന്ന് പറയുക വയ്യ.

പ്ലോട്ട് : മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

കഥാസാരം : ചിത്രത്തിന്റെ കഥാസാരവും കൂടുതല്‍ വിവരങ്ങളും അറിയാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

അന്ധത പതിയെ കടന്നു വരുന്ന അജയന്റെ പെരുമാറ്റവും മിസ്സിങ്ങായ മകനെ അന്വേഷിച്ചിറങ്ങുന്ന അച്ഛന്റെ വേദനയുമൊക്കെ പ്രേക്ഷകനുമുന്നില്‍ അഭിനയിച്ചു പ്രതിഫലിപ്പികുന്നതില്‍ ജനപ്രിയ നായകന്‍ ദിലീപ് ഏറെ മുന്നേറിയിട്ടില്ലെങ്കിലും ദിലീപ് ഇതുവരെ അഭിനയിച്ചു(?) വന്ന കോമാളി വേഷങ്ങളില്‍ നിന്ന് ഭിന്നവും വളരെ ഭേദവുമാണ് ജീവിതത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന അജയന്‍ എന്ന കഥാപാത്രം. അഞ്ചു വയസ്സുകാരന്റെ അച്ഛനായി, സ്വാഭാവികത നിറഞ്ഞ, കടും വര്‍ണ്ണത്തിലുള്ള ചമയങ്ങളില്ലാത്ത ഈ നായക കഥാപാത്രത്തെ സ്വീകരിക്കാന്‍ ദിലീപ് കാട്ടിയ സന്മനസ്സിനു നന്ദി. ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഈ നടന്‍ ഇനിയും സ്വീകരിക്കുകയാണെങ്കില്‍ അഭിനയം തുടങ്ങി ഇത്രയും വര്‍ഷങ്ങളായിടും ദിലീപില്‍ നിന്ന് ഇതുവരേയും പുറത്തുവരാത്ത നടന്‍ എന്നൊരംശം പ്രേക്ഷകനു ഇനിയെങ്കിലും കാണാന്‍ സാധിക്കുമെന്ന് കരുതാം. ഫാന്‍സിന്റെ കയ്യടികള്‍ക്കും സൂപ്പര്‍ ഹിറ്റ് വിജയങ്ങള്‍ക്കുമൊക്കെ അപ്പുറം ഒരു നടനെ കാലങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം കഥാപാത്രങ്ങളാണെന്ന തിരിച്ചറിവ് ദിലീപിനുണ്ടാവട്ടെ. നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്കയുടെ സഫിയ എന്ന കഥാപാത്രം ശരീര പ്രകൃതികൊണ്ട് ഇടത്തരം വീട്ടമ്മയായെങ്കിലും അഭിനയം കൊണ്ട് ഒരു നല്ല കഥാപാത്രമാകാനോ പ്രേക്ഷകനിലേക്ക് വേദന പകരാനോ കഴിഞ്ഞില്ല. നെടുമുടി അവതരിപ്പിക്കുന്ന ഇസ്രായിലേക്ക് തിരിച്ചു പോകാതെ ഈ മണ്ണിനെ ഇഷ്ടപ്പെടുന്ന ജൂത വൃദ്ധനും ഭാര്യയായി അഭിനയിച്ച നടിയും (പേരറിയില്ല) ചിത്രത്തില്‍ ചേരാതെ നില്‍ക്കുന്നു എന്ന് മാത്രമല്ല അഭിനയത്തിലും വല്ലാതെ മുഴച്ചു നില്‍ക്കുന്നു. ഇടക്ക് ഈ കഥാപാത്രങ്ങള്‍ "ഡാര്‍ലിങ്ങ്, ഡിയര്‍, കം, ഒകെ" എന്ന് മുറി ഇംഗ്ലീഷ് പറയുമെങ്കിലും നെടുമുടിയുടേ നെടുങ്കന്‍ ഡയലോഗുകള്‍ക്ക് ഒറ്റപ്പാലത്തെ കാരണവരുടേ സ്ഥിരം ശൈലി! അഭിനയത്തില്‍ അല്പമെങ്കിലും നാടകീയത കൈവരാത്തത് ജഗതി ശ്രീകുമാറിന്റെ വക്കീല്‍ വാര്യര്‍ ആണ്. സലീം കുമാറും ഹരീശ്രീ അശോകനുമൊക്കെ നായകനും ചുറ്റും കറങ്ങുന്ന നന്മയുള്ള സ്ഥിരം കഥാപാത്രങ്ങളായി.

കൂടുതലും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്ന ക്യാമറാ ദൃശ്യങ്ങളില്‍ പ്രഭാത വെയിലിന്റെ മാജിക്ക് ലൈറ്റ് ഷോട്ടുകള്‍ കുറച്ചുണ്ട്. ഇത്തരത്തിലുള്ള (ഓഫ് ബീറ്റ് / ലോ ബജറ്റ് ‌) സിനിമകള്‍ക്ക് ക്യാമറാ സഹായമാകുന്ന എം ജെ രാധാകൃഷ്ണന്‍ തന്നെയാണ് ഇതിന്റെയും ക്യാമറ. ഒരു ചെറിയ സിനിമയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് രാധാകൃഷ്ണനു പരാമാവധി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു വരാന്‍ ക്യാമറക്ക് സാധിച്ചിട്ടില്ല (ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ വിജയത്തിനു മധുഅമ്പാട്ടിന്റെ ക്യാമറ ചെയ്ത വലിയ സംഭാവന ഈ സമയത്ത് ഓര്‍ത്തുപോകുന്നു) എടൂത്തുപറയേണ്ടത് ഇതിന്റെ മോശം പശ്ച്ചാത്തല സംഗീതമാണ്. നാം കണ്ടു ശീലമുള്ള ഓരോ ദൃശ്യങ്ങള്‍ക്കും എന്തായിരുന്നോ ഇത്രനാളും പശ്ചാത്തലമായി കേട്ടിരുന്നത് അതുതന്നെ ആവര്‍ത്തിക്കുന്ന ഒന്നായി ഇതിലെ പശ്ച്ചാത്തല സംഗീതം. (ക്രിസ്ത്യന്‍ പള്ളിയൂടേ അകത്തെ ഷോട്ടൂകള്‍ക്ക് പിയാനോയും, പുറം ഷോട്ടൂകള്‍ക്ക് ഇടക്ക് പള്ളിമണിയും, ദു:ഖ സീനുകള്‍ക്ക് പ്രസിദ്ധമായ വയലിന്‍ ബിറ്റും) ഒക്കെ ആവര്‍ത്തിച്ച, കേട്ടു പഴകിച്ച അതേ ശബ്ദങ്ങള്‍ തന്നെ. സിനിമയെ വലിയൊരളവില്‍ പിന്നോട്ട് തള്ളൂന്നത് ഈ പശ്ചാത്തല സംഗീതമാണ്.

റഹീം കടവത്തിന്റെ കഥക്ക് സി വി ബാലകൃഷ്ണന്‍ എഴുതിയ കഥയും തിരക്കഥയും ഭേദമെന്നേ പറയാന്‍ സാധിക്കു. ഒരു നല്ല കഥാകൃത്തെന്ന നിലയിലും പല സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ആളെന്ന നിലക്കും സി വി ബാലകൃഷ്ണനില്‍ നിന്ന് ഇതിനേക്കാളും നിലവാരവും വ്യത്യസ്ഥതയും നല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കഥയിലുടനീളം സി വി ബാലകൃഷ്ണന്റേത് എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു കയ്യടയാളവും ബാലകൃഷ്ണന്‍ ഒരുക്കുന്നില്ല. മാത്രമല്ല പല സന്ദര്‍ഭങ്ങളും (നെടുമുടി യും ഭാര്യയും & സലീം കുമാര്‍ തമ്മിലുള്ള സീനുകള്‍) ഏച്ചു കെട്ടിയതായും സിനിമകളില്‍ ആവര്‍ത്തനമാകുന്ന സംഭാഷണങ്ങളുമായി മാറി. കൂടാതെ ധന്യാമേരി വര്‍ഗ്ഗീസ്, ഹരിശീ അശോകന്‍ എന്നിവരുടേ കഥാപാത്രങ്ങള്‍ എവിടേ നിന്നോ വന്ന് എവിടേക്കൊ പോകുന്ന നൂലു പൊട്ടിയ പട്ടം കണക്കേ ആണ്. അവയെ മുഖ്യകഥാപാത്രങ്ങളുമായി ഇണക്കിച്ചേര്‍ക്കാനോ വിശ്വസനീയമായി അവതരിപ്പിക്കാനോ സാധിച്ചില്ല.

സിനിമ മൊത്തത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു സംവിധായകന്റെ പോരായ്മ നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ട്. മുന്‍പത്തെ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകന്റെ മൂന്നാം ചിത്രമാണിതെന്ന് വിശ്വസിക്കുക പ്രയാസം. എഴുപതുകളിലെ ബുദ്ധിജീവി സിനിമകളുടേയും 80 കളില്‍ സജ്ജീവമായിരുന്ന മദ്ധ്യവര്‍ത്തി സിനിമകളുടേയുമൊക്കെ ഹാങ്ങോവര്‍ ഈ സംവിധായകനില്‍ ധാരളമുണ്ട്. കഥ പറച്ചിലും ആഖ്യാന രീതികളുമൊക്കെ ഇപ്പോഴും ആ ശൈലിയില്‍ തന്നെയാണ്. അസാമാന്യ പ്രകടനം നടത്തുന്ന നല്ല അഭിനേതാക്കള്‍ ഉണ്ടായിട്ടൂം (പ്രിയങ്ക, നെടുമുടീ, സലീംകുമാര്‍ ജഗതി ) അവരെയൊക്കെ നല്ല രീതിയില്‍ ഉപയോഗിച്ചില്ല എന്നത് സംവിധായകന്റേയും കഴിവു കേടാണ്. തിരക്കഥാകൃത്തും സംവിധായകനും ഏറേ പരിശ്രമിച്ചിരുന്നെങ്കില്‍ ഈ പ്രമേയവും ഇതിലെ മുഖ്യുകഥാപാത്രങ്ങളായ അജയനും(ദിലീപ്) സഫിയയും(പ്രിയങ്ക) കുറച്ചു കാലമെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ നീറ്റലുണ്ടാക്കുന്ന ഓര്‍മ്മകളായേനെ. എന്തൊക്കെയാണ് പറയേണ്ടതെന്ന് സംവിധായകനു കൃത്യമായ കാഴ്ചപ്പാടില്ലാതെ വരികയും കൃത്യമായ നിലപാടില്ലതെ വരികയും ചെയ്യുമ്പോള്‍ സിനിമ ഒട്ടും തന്നെ പൂര്‍ണ്ണതയില്ലത്ത സൃഷ്ടിയാകുന്നു. മിശ്രവിവാഹിതരെന്നു കാണിക്കുന്ന, ഇപ്പോള്‍ മതപരമായി ജീവിക്കാത്ത നായക-നായികയുടെ വിവാഹ പൂര്‍വ്വ ജീവിതത്തെപ്പറ്റി പരാമര്‍ശമില്ല. ഒരു ആദര്‍ശത്തേയോ കാഴ്ചപ്പാടിനേയോ മുന്‍ നിര്‍ത്തിയാണോ ഇവര്‍ വിവാഹിതരായെന്ന് സൂചനയുമില്ല, പക്ഷെ നായകനെ ഒരു ആദര്‍ശവാദിയായ ഒരു കഥാപാത്രമാക്കാനുള്ള ശ്രമവും കാണാം. അതേ സമയം മകനെ കാണാതാകുമ്പോള്‍ സഫിയ എന്ന നായിക അറബി ജോതിഷിയുടെ അടുത്തും അജയന്‍ കവടി നിരത്തുന്ന ഹിന്ദു ജോതിഷിയുടെ അടുത്തു പോകുന്നതും കാണിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയല്ലാത്ത അജയന്‍, മകനെ കണ്ടു കിട്ടാതാകുമ്പോള്‍ താന്‍ ചെയ്ത ഭ്രൂണ ഹത്യക്ക് പകരം ഈശ്വരന്‍ ചെയ്തതാകും ഇതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ( മതപരമോ ഈശ്വര വിശ്വാസമോ ഇല്ലാതെ ജീവിക്കുന്ന ദമ്പതികളാണെന്നാണ്‍ ചിത്രം ആദ്യം മുതലേ തരുന്ന സൂചന) ബന്ധുക്കളെ വിട്ടൊഴിഞ്ഞ് മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് ജീവിത ദുരന്തം ഉണ്ടാകുമെന്നോ, ഒറ്റമകന്‍/ള്‍ മതിയെന്നു കരുതുന്നവരെ ഈശ്വരന്‍ പരീക്ഷിക്കുമെന്നോ, ഇത്തരം ദുരന്തങ്ങളില്‍ ജ്യോത്സര്‍ പറയുന്ന രീതിയില്‍ സഞ്ചരിക്കണമെന്നോ സമൂഹം കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടേന്നോ എന്തൊക്കെയാണ് സംവിധായകന്‍ പറഞ്ഞു വെക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തവുമല്ല പറഞ്ഞതൊക്കെയും പൂര്‍ണ്ണവുമല്ല. ആദര്‍ശവാദിയായ നായകനെ ചിത്രീകരിക്കാന്‍, കുറ്റിത്താടിയും കണ്ണടയും ചിത്രത്തിലുടനീളം (ബാത്ത് റൂമിലും ബെഡ് റുമിലും) ഖദര്‍ ജുബ്ബയുമണിച്ചതും, മകനെ കുറിച്ചുള്ള ദു:സ്വപ്ന സീനുകളുമൊക്കെ മലയാളത്തില്‍ ഇതേവരെ കാണിച്ചിരിക്കുന്ന/കാണിച്ചുകൊണ്ടിരിക്കുന്ന ക്ലീഷേ ദുരന്ത ദൃശ്യങ്ങള്‍ തന്നെയാണ്. സാമൂഹ്യപ്രസക്തിയുള്ള പ്രമേയം പറഞ്ഞിരിക്കുന്നുവെന്നതും ദിലീപ് എന്നൊരു കോമാളി നടന് മുക്തി കൊടുത്തിരിക്കുന്നു എന്നതുമൊഴിച്ചാല്‍ ഒരു ഭേദപ്പെട്ട ചലച്ചിത്രാനുഭവം തരുന്നതില്‍ നിന്ന് ഈ ചിത്രം താഴെപ്പോകുന്നു.

8 comments:

NANZ said...

മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രം “ഓര്‍മ്മ മാത്രം” പക്ഷെ, ഫോര്‍മുലകളെ നിരാകരിച്ച് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്നതിലും ജനപ്രിയനായ ഒരു താരത്തെ കോമാളിത്തരത്തില്‍ നിന്ന് ജീവിതത്തിലെ യഥാര്‍ത്ഥ വേഷത്തിലേക്ക്ക് പറിച്ചു നട്ടു എന്നൊക്കെ പേരിലായിരിക്കാം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും നല്ലൊരു ചലചിത്രാനുഭവമാക്കുന്നതിലോ, ചലചിത്ര ലാവണ്യ രീതി തുടര്‍ന്നു കൊണ്ടുപോരുന്ന ക്ലീഷേ സങ്കേതങ്ങളില്‍ നിന്നോ മുക്തമാകാത്ത ഈ ചിത്രം പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടുമെന്ന് പറയുക വയ്യ.

റിവ്യൂ വീണ്ടും. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

എതിരന്‍ കതിരവന്‍ said...

ജനപ്രിയനായ ഒരു താരത്തെ കോമാളിത്തത്തിൽ നിന്നു ജീവിതത്തിലെ യഥാർത്ഥ വേഷത്തിലേക്ക് പറിച്ചു നട്ടു എന്നത് ഒരു സിനിമയുടെ മേന്മയായിട്ട് അവകാശപ്പെടാമോ? കഴിവുള്ള ഒരു പുതിയ നടനെ കൊണ്ടുവന്നു എന്ന പോലുള്ള സംഭവം അല്ലെ ഇത്?
ദിലീപിനെ ‘രക്ഷപെടുത്തി’ എടുക്കുന്നത് ആരുടേയും ഉത്തരവാദിത്തമല്ല.

NANZ said...

@ എതിരന്‍ കതിരവന്‍
ദിലീപിന്റെ കഥാപാത്രം സിനിമയുടേ മേന്മ എന്നല്ല,അങ്ങിനെ അവകാശപ്പെടുന്നില്ല. ഈ സിനിമയില്‍ എടൂത്തു പറയാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍, അത് ദിലീപ് എന്ന നടന്റെ സ്ഥിരം വേഷം എന്നത് മാറി ഇതുപോലൊരു വേഷം ചെയ്തു എന്നതാണ്. (അത് പോലും സിനിമക്ക് ഗുണകരമായില്ല എന്നത് വേറെ കാര്യം) ദിലീപ് എന്ന നടന് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും കോമാളി വേഷങ്ങള്‍ത്തന്നെ (മിമിക്രി ആവേശിച്ച) കാട്ടിക്കുട്ടുന്നതിനിടയില്‍ ഈ സിനിമയില്‍ ഒരു റിയലിസ്റ്റായ കഥാപാത്രമായി കാണാന്‍ കഴിഞ്ഞു എന്നര്‍ത്ഥം.

Kiranz..!! said...

നെടുമുടി അവതരിപ്പിച്ച ആംഗ്ലോ ഇന്ത്യൻ കഥാപാത്രം ഇടക്ക് "ഡാര്‍ലിങ്ങ്, ഡിയര്‍, കം, ഒകെ" എന്ന് മുറി ഇംഗ്ലീഷ് പറയുമെങ്കിലും നെടുമുടിയുടേ നെടുങ്കന്‍ ഡയലോഗുകള്‍ക്ക് ഒറ്റപ്പാലത്തെ കാരണവരുടേ സ്ഥിരം ശൈലി!

ഹ.ഹ.ഹ..മർമ്മത്ത് കൊത്തിയ ഭീകരാ :)

വിഷ്ണു മണിദ്വീപം said...

ക്രിയാത്മകമായ വിലയിരുത്തല്‍. പിന്നെ ദിലീപിന്റെ കഥാവശേഷനൊക്കെ അത്രവേഗം ആരും മറക്കാനിടയില്ല. പക്ഷെ ദിലീപ് അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കതിലും അഭിനയത്തിന്റെ അനായാസത ദൃശ്യമാണ്. അത്തരം കഥാപാത്രങ്ങളിലൂടെയായിരിക്കും ഈ നടന് പ്രേക്ഷക മനസ്സില്‍ സ്ഥാനം കിട്ടുക എന്ന് തോന്നുന്നു.
ആശംസകള്‍

Jisha Jinesh said...

അഭിനയത്തിന്റെ അനായാസത ദൃശ്യമാണ്. അത്തരം കഥാപാത്രങ്ങളിലൂടെയായിരിക്കും ഈ നടന് പ്രേക്ഷക മനസ്സില്‍ സ്ഥാനം കിട്ടുക
ആശംസകള്‍

Unknown said...

കാണണം എന്ന് കരുതിയതാണ്...പക്ഷെ കേൾക്കുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ നല്ലതല്ല. സമയവും സൗകര്യവുമൊത്താൽ കാണാം എന്ന സ്ഥിതിയിലേക്ക് മാറ്റി തീരുമാനം. :-)

Aisibi said...

Cinema njan kandilla.. Enkilum review vaayichappol thonniyathaanu...Verey aarkkum ithu thoniyilla enna athbuthavum undaayi- Manirathnathintey "Bombay" enna cinema ithey story line alle? Mishra Vivaham, Riots, Missing son???