മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Thursday, July 14, 2011

ഫിലിം സ്റ്റാര്‍ - റിവ്യൂ


തിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

പ്ലോട്ട് : ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.

കഥാസാരം : വായിക്കുവാന്‍ എം 3 ഡിബിയുടെ ഈ പേജിലേക്ക് പോകുക.

സച്ചിദാനന്ദ പുഴങ്കര (എന്ന കവിയുടെ) ഗാനരചനക്ക് ബെന്നി ജോണ്‍സര്‍, വിജയന്‍ പൂഞ്ഞാര്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ നമ്മള്‍ പോലുമറീയാതെ യാതൊരു പ്രത്യേകതകളുമില്ലാതെ കടന്നു പോകുന്നുണ്ട്. കൂള്‍ ജയന്തിന്റെ നൃത്തച്ചുവടുകള്‍ ചെയ്യാന്‍ കലാഭവന്‍ മണിക്കും രംഭക്കും വലിയ ബുദ്ധിമുട്ട് വന്നിട്ടൂണ്ടാകില്ല. (നടക്കാനും വട്ടം തിരിയാനും, സാരി മാറ്റി വയര്‍ കാണിക്കനും എന്തു ബുദ്ധിമുട്ട്?) ബെന്നി ജോണ്‍സണ്‍ തന്നെ ഉണ്ടാക്കി വെച്ച കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം തിയ്യറ്ററുകളെ പിടീച്ചു കുലുക്കുന്നതായി തോന്നിച്ചു. നട്ടൂച്ച വെളിച്ചത്തിലെ കണ്ണു മഞ്ഞളിക്കുന്ന, ഇന്‍ഡീയറില്‍ സീനുകളില്‍ മുഖത്തേക്ക് പോലും കൃത്യമായ പ്രകാശം വരാത്ത ക്യാമറാ ദൃശ്യങ്ങളും. വാഹനങ്ങള്‍ പാഞ്ഞു വരുന്നതിന്റെ ക്രെയിന്‍ - ക്ലോസ് ദൃശ്യങ്ങളുമൊക്കെ ചിത്രീകരിച്ച സാലു ജോര്‍ജ്ജ് ഏറെ അദ്ധ്വാനിച്ചു കാണണം, അവയൊക്കെ ചേര്‍ത്തുവെക്കാന്‍ പക്ഷെ എഡിറ്റര്‍ പിസി മോഹനന്‍ തെല്ലും അദ്ധ്വാനിക്കാന്‍ വകയുണ്ടായിട്ടൂണ്ടാവില്ല. സുരേഷ് കൊല്ലത്തിന്റെ കലാ സംവിധാനം അതി ഗംഭീരമായിട്ടുണ്ട് കാരണം പുഴക്ക് സമീപം സദ്യക്ക് ഇലയിട്ടതുപോലെ ഓലക്കുടിലുകള്‍ ഒരുക്കാനും മറ്റും അദ്ദേഹത്തിന്റെ ശ്യഷഗണങ്ങളും അദ്ധ്വാനിച്ചു കാണണം. വസ്ത്രാലങ്കാരം ഒരുക്കിയ അസീസ് പാലക്കാട് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന യു ട്യൂബ് ഹിറ്റ് മേക്കര്‍ക്ക് ശേഷം ഫ്ലോറല്‍ ഡിസൈന്‍ കുര്‍ത്തകള്‍ വ്യാപകമായി ഉപയോഗിച്ച് കണ്ടത് ഈ സിനിമയില്‍ മണിയെയാണ്. മണിയുടെ കുടവയര്‍ വ്യക്തമായി കാണിക്കുന്ന കുര്‍ത്ത-ജുബ്ബകളും, ശ്വാസം കഴിക്കാന്‍ വിഷമിക്കുന്ന കഴുത്തുകുടുക്കി ഷര്‍ട്ടുമൊക്കെ ഇദ്ദേഹത്തിന്റെ വസ്ത്രാലങ്കാരത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. സ്റ്റണ്ട് മാസ്റ്റര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ തിയ്യേറ്ററില്‍ പൊട്ടിച്ചിരിയുടെ പൂത്തിരികത്തിക്കുന്നുണ്ട്. ഒറ്റക്കാലിലും, ചെവി അടഞ്ഞു പോയിട്ടും അഞ്ചു ആറും പേരെ ദിലീപ്പ് ഒറ്റക്ക് ഒറ്റക്കയ്യാല്‍ ഇടിച്ചു പറപ്പിക്കുന്നത് പ്രേക്ഷകനു സീറ്റില്‍ അള്ളിപ്പിടിച്ചു ഇരുന്നേ കാണാന്‍ സാധിക്കു. അത്രക്ക് വളരെ നല്ല ഗംഭീര പ്രകടനങ്ങളായിട്ടുണ്ട് സംഘട്ടന സീനുകള്‍, ഇനി കുറച്ചു ദിവസങ്ങളില്‍ ഉറക്കത്തില്‍ പോലും നമ്മളത് മറക്കില്ല. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ വായ തുറക്കുമ്പോല്‍ നമ്മള്‍ ചെവി അടക്കേണ്ടി വരും എന്ന രീതിയില്‍ നമ്മെ രസിപ്പിക്കുന്നുണ്ട്. സിനിമാ നടി രംഭയായിത്തന്നെ അഭിനയിച്ച രംഭക്ക് വയറും പൊക്കിളും കാണിക്കാന്‍ സംവിധായകന്‍ അധികം സമയം കൊടുത്തില്ല എന്നതും തമിഴര്‍ “തുടൈയഴകി” എന്ന സ്ഥാനപ്പേര്‍ കൊടുക്കാന്‍ കാരണമായ തന്റെ തുടകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാഞ്ഞതും ഒരു ന്യൂനതയാണ്.

എടുത്തു പറയേണ്ടത് എസ് സുരേഷ് കുമാര്‍ എഴുതിയ സ്ക്രിപ്റ്റാണ്. കല ഒട്ടും ചേരാതെ, കഥാ സന്ദര്‍ഭങ്ങള്‍ ജീവിതത്തോട് ഒട്ടും ചേര്‍ന്നു നില്‍ക്കാതെ തികച്ചും അതിഭാവുകത്വത്തോടേ ഈ തിരക്കഥ രചിക്കാന്‍ കഴിവു കുറവില്‍ പരിചയ സമ്പന്നന്നായ എസ് സുരേഷ് കുമാറിനു ഒട്ടും പ്രയാസപ്പെടേണ്ടിവന്നിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിലും പ്രതിഭകള്‍ എന്തെഴുതിയാലും അവരുടെ പ്രതിഭ അതില്‍ മുഴച്ചു നില്‍ക്കും. നിര്‍മ്മാണ പങ്കാളികൂടിയായ സംവിധായകന്‍ സജ്ജീവ് രാജിന്റെ സംവിധാന പ്രാവീണ്യം മലയാള സിനിമ ഇനി അനുഭവിക്കാന്‍ പോകുന്നേയുള്ളു. അദ്ദേഹം ഈ ചിത്രത്തോടെ ഈ പരിപാടി നിര്‍ത്തിയില്ല എങ്കില്‍ വടപളനിയൂടെ തെരുവില്‍ സോഡയോ പാന്‍പരാഗോ വിറ്റു ജീവിക്കാന്‍ സര്‍വ്വേശ്വരന്‍ അദ്ദേഹത്തിനു ഇടവരുത്തിയിലെങ്കില്‍ നമ്മള്‍ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ കരവിരുതുകള്‍ ഇനിയും ആസ്വദിക്കാം.

വ്യവസായങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കേണ്ടിവരുന്ന ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം പ്രതിരോധവും ജനമുന്നേറ്റവുമല്ല, മറീച്ച് സിനിമയാണെന്നും അതിനു നേതൃത്വം കൊടുക്കേണ്ടത് സൂപ്പര്‍ സ്റ്റാറാണെന്നുമൊകെ എഴുതി വെക്കണമെങ്കില്‍ അപാരമായ സാമൂഹ്യബോധവും പ്രതിബദ്ധതയും പ്രതിഭയും വേണം. നവ കമ്മ്യൂണിസ്റ്റുകാര്‍ വ്യവസായികള്‍ക്ക് കൂട്ടുനിന്ന് ജന വഞ്ചന ചെയ്യുന്നവരാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ നിസ്വാര്‍ത്ഥ സഹ സഖാക്കളേ ചതിക്കുന്നവരാണെന്നുമൊക്കെ പറഞ്ഞു വെക്കണമെങ്കില്‍ അപാരമായ രാഷ്ട്രീയ ബോധവും ചരിത്ര പഠനവും വേണം. സിനിമയില്‍ ജനങ്ങള്‍ക്കെതിരെ അണി നിരക്കുന്നത് ഭരണ പക്ഷത്തുള്ള കമ്മ്യൂണിസ്റ്റ് സഖാക്കളാണ്. ഒരു കാലത്ത് ചിറ്റാരം തൊടീയിലെ (28 വര്‍ഷം മുന്‍പേ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് മാത്രമേ ഉള്ളു, അവിടത്തെ ജനങ്ങള്‍ ഈ ഒരേയൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമാണ്!!) ജന ജീവിതത്തിനു താങ്ങും തണലുമായ സഖാവ് രാഘവന്റെ സഹപ്രവര്‍ത്തകര്‍ ജനങ്ങളെ മറന്ന് രാഘവനെ ചതിച്ച് പിന്നീട് ഇപ്പോള്‍ മന്ത്രിയും എം എല്‍ എ യുമാണ്. (അവരെ ആര് തിരഞ്ഞെടൂത്തു, ജയിപ്പിച്ചു എന്നൊന്നും ചോദിക്കരുത്) ഇതിലെ വില്ലന്മ്മാര്‍ പണ്ടേ കമ്മ്യൂണിസ്റ്റ്കാരും ഇപ്പോഴത്തെ ഇടതു ഭരണത്തിലെ മന്ത്രിമാരുമാണ് (ഈ സിനിമ പിടിച്ചു തുടങ്ങിയത് രണ്ടു കൊല്ലം മുന്‍പാണേ) പക്ഷെ, മറു പക്ഷത്തു വലതു രാഷ്ട്രീയക്കാരോ മറ്റു സംഘടനകളോ പ്രവര്‍ത്തകരോ ഇല്ല. വില്ലന്മാര്‍ക്കെതിരെ വരുന്ന നായകന്‍ സിനിമാ സൂപ്പര്‍ സ്റ്റാറിനു രാഷ്ട്രീയവുമില്ല. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ആത്യന്തിക പരിഹാരം സിനിമയാണെന്നുള്ള വികല കാഴ്ചപ്പാട് തമിഴ് മക്കള്‍ പോലും തിരസ്കരിക്കുന്ന കാലത്ത് മലയാള സിനിമയില്‍ ഇങ്ങിനെയൊരു സൃഷ്ടി സിനിമയാക്കാന്‍ പുറപ്പെട്ടവര്‍ക്ക് തലയില്‍ നെല്ലിക്കാത്തളം വെക്കേണ്ടതാണ്.

വികസനം എന്ന നാട്യത്തില്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ നിലകൊള്ളൂമ്പോള്‍ ഭൂമിയും വെള്ളവും വായുവും അന്യമാകുന്ന ഗ്രാമങ്ങളുടേയും നിര്‍ദ്ദന ജീവിതങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ജനമുന്നേറ്റം നടത്തുന്നതും പ്രതിരോധിക്കുന്നതിന്റേയും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലുമുണ്ട്. തികച്ചും സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ള ഈ വിഷയം മലയാള സിനിമയെ മുച്ചൂടും വ്യഭിചരിക്കാനിറങ്ങിപ്പുറപ്പെട്ടവരുടെ കയ്യിലകപ്പെട്ടാല്‍ എന്തു സംഭവിക്കും എന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണീ ചിത്രം. ജനങ്ങളുടെ ചെറുത്തുനില്‍പ്പും പ്രതിരോധ സമരവും കമ്മ്യൂണിസവും പോലും എന്താണെന്ന് മരുന്നിനുപോലും അറിയാത്തവര്‍ കലാ നാട്യത്തില്‍ പേനയെടുക്കാനും ക്യാമറ ചലിപ്പിക്കാനും തുനിഞ്ഞാല്‍ മലയാള സിനിമയെ പതീറ്റാണ്ടുകളുടെ ചരിത്രത്തിനു പുറകിലേക്ക് ആട്ടിയോടിക്കാന്‍ വലിയ നാളുകളൊന്നും എടുക്കേണ്ടി വരില്ല. ജനങ്ങളേ കുടിയൊഴിപ്പിച്ച് അവിടെ വികസനമെന്ന പുകമറയാല്‍ വ്യവസായശാലകള്‍ക്ക് അനുമതി കൊടുത്ത് കമ്മീഷന്‍ പറ്റുന്ന കപട രാഷ്ട്രീയക്കാരെപ്പോലെയും സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മണ്ണും വായുവും വെള്ളവും മലീമസമാക്കുന്ന കള്ള വ്യവസായികളെപ്പോലെയുമാണ് ഈ സിനിമയും; ഫിലിം സ്റ്റാര്‍ ഒരര്‍ത്ഥത്തില്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്ന അധികാര-വ്യവസായ-ഗുണ്ടാ ശത്രുഗണത്തെപ്പോലെത്തന്നെ സിനിമാ തിയ്യറ്ററുകളേയും പ്രേക്ഷകനേയും അവന്റെ ആസ്വാദനത്തേയും തദ്വാര മനസ്സിനേയും വരെ മലീമസമാക്കുന്നു.


കഥാസാരവും സിനിമയുടെ വിവരങ്ങളും ഇവിടെ : എം3ഡിബി

5 comments:

NANZ said...

അതിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

sangeeth said...

Thanks Nanz for your review.Another 200 Rs Saved.These guys never going to survive for a long run if they are choosing these type of cliche char-actors.

|santhosh|സന്തോഷ്| said...

കലാഭവന്‍ മണിയും ദിലീപുമാണെന്ന് അറിഞ്ഞപ്പോഴും പ്രൊമോഷന്‍ കണ്ടപ്പോഴും തീരുമാനിച്ചിരിന്നു പടം കാണില്ലെന്ന്. ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതൊടെയും ദാ ഈ റിവ്യൂ വായിച്ചപ്പോഴും ഉറപ്പിച്ചു ആ പരിസരത്തുകൂടി പോകില്ലെന്നു :)

റിവ്യൂ നന്നായിട്ടൂണ്ട്

വിനയന്‍ said...

ഇന്ന് നമ്മള്‍ പ്രതീക്ഷയോടെ പോയിക്കാണുന്ന പല സിനിമകളും നിരാശപ്പെടുത്തുകയാണ് പതിവ് . ഈ സിനിമ ആ പതിവ് തെറ്റിച്ചല്ലോ... സിനിമ തറയാവും എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. അത് അടിവരയിടുന്നു നാന്‍സിന്‍റെ എഴുത്ത് . നന്നായി എഴുതി നാന്‍സ് :)

സ്വപ്നാടകന്‍ said...

കൊള്ളാം നാൻസ്...
നല്ല എഴുത്ത്..