മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Friday, September 16, 2011

സെവനസ് (നോട്ട് സെവന്‍സ്) - റിവ്യൂ


പ്രേംനസീര്‍ യുഗം മുതലേ ഇപ്പോള്‍ പൃഥീരാജ് കാലം വരെ താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും മള്‍ട്ടിസ്റ്റാര്‍സിനേയും നായകനും നായകരുമാക്കി സിനിമയെടുത്ത സംവിധായകനാണ് ജോഷി (ഇപ്പോള്‍ ‘ജോഷിയി‘). അതേ ജോഷി ആദ്യമായി (?) യുവതാരങ്ങളേയും താരതമ്യേന പുതുമുഖങ്ങളേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പവിത്രം ക്രിയേഷന്‍സ് & സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സന്തോഷ് പവിത്രം & സാജൈ സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ഇക്ബാല്‍ കുറ്റിപ്പുറം കഥ, തിരക്കഥ, സംഭാഷണമെഴുതിയ ‘സെവനസ്‘ ( സെവന്‍സ്എന്ന ടൈറ്റില്‍ ഇംഗ്ലീഷിലാണെഴുതിയിരിക്കുന്നത് അതിന്റെ സ്പെല്ലിങ്ങ് S E V E N E S. സംവിധായകന്‍ ജോഷിയായതുകൊണ്ട് അതു ന്യൂമറോളജി നോക്കിയാണെന്നു സംശയിക്കാം. അല്ലെങ്കില്‍ ഏഴു നായകര്‍ക്കു സമമായി സ്പെല്ലിങ്ങ് തികക്കാന്‍ നോക്കിയതാവാം. രണ്ടായാലും അളിഞ്ഞ ബുദ്ധി തന്നെ. സിനിമക്കു ഭാഗഭാക്കായ നൂറു കണക്കിനു പേരുടെ ക്രിയേറ്റിവിറ്റിയേയും അദ്ധ്വാനത്തേയും പരിഹസിക്കുന്നതായിപ്പോയി ഇത്, ഒപ്പം പ്രേക്ഷകനേയും)

രാശി നോക്കി സിനിമ നിര്‍മ്മികുന്ന ജോഷിക്ക് എന്നും പറയാനുള്ളത് ഒരേ ഫോര്‍മാറ്റിലെ ചിത്രങ്ങള്‍ തന്നെയാണ്. അത് ചിലപ്പോള്‍ മുന്‍പ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും ചിത്രം ചെയ്യാനും വിജയം കൊയ്യാനും ജോഷിയെപ്പോലെ മിടുക്ക് മറ്റാര്‍ക്കുമില്ല (ജോഷിയുടെ വന്‍ വിജയമായിരുന്ന മോഹന്‍ലാല്‍ ചിത്രം “നാടുവാഴികള്‍” വര്‍ഷങ്ങള്‍ക്ക് ശേഷം കഥാപാത്രങ്ങളുടേ ജാതി തിരിച്ചിട്ടും കള്ളക്കടത്ത് കള്ളുകച്ചവടമാക്കി മാറ്റിയും “ലേലം” എന്ന പേരില്‍ വന്‍ വിജയ ചിത്രം തന്നെ ചെയ്തുകളഞ്ഞു ഈ ജോഷി). കാലങ്ങള്‍ മാറി, ആസ്വാദകര്‍ മാറിയെങ്കിലും ഏതു പുതിയ പ്ലോട്ട് / കഥ കിട്ടിയാലും ആദ്യത്തെ പതിനഞ്ചു മിനുട്ടു കഴിഞ്ഞാല്‍ ജോഷിയുടെ പഴയ ഫോര്‍മുല സംവിധായകന്‍ പൊടിതട്ടിയെഴുന്നേല്‍ക്കും പിന്നെ സിനിമ പഴയപോലെ ശതമാനക്കണക്ക് വെച്ച് ഫാമിലി ഡ്രാമ/കോമഡി/ആക്ഷന്‍/ത്രില്ലര്‍/ സെന്റിമെന്റ്സ് അങ്ങിനെ വീതിച്ചു വെച്ച് ഒടുക്കം എല്ലാ താരങ്ങളും ഒരുമിച്ച് ചേര്‍ന്ന് ഗോഡൌണിലോ, ആളൊഴിഞ്ഞ കെട്ടിടത്തിലോ, ഹാര്‍ബറീലോ വെച്ച് പരസ്പരം വെടി വെച്ച് തീരും, എല്ലാ പുകയും അടങ്ങുമ്പോള്‍ നായകനും നായികയും അവരുടെ സുഹൃത്തുക്കളും മാതാപിതാക്കളും കണ്ണിരു തുടച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ സിനിമ തീരും. ഏതു പ്രമേയം ചെയ്താലും ഈയൊരു ഫോര്‍മുലയില്‍ ജോഷിക്ക് മാറ്റമൊന്നുമില്ല. (‘റോബിന്‍ ഹുഡ് ‘എന്ന അത്യാധുനിക എ ടി എം റോബറിയുടേ കഥപറയുന്ന സിനിമയും നോക്കുക)

പുതിയ സിനിമ ‘സെവനസ്’ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലാണ്‍ കഥ തുടങ്ങുന്നത്. കോഴിക്കോട് നഗരവും അതിന്റെ ഫുട്ബോള്‍ ഹരവും ഫുട്ബോള്‍ പ്ലെയേഴ്സ് ആയ ഏഴു ചെറുപ്പക്കാരുടെ ജീവിതവുമൊക്കെയായി പുതിയൊരു ബാക്ക്ഡ്രോപ്പാണ്‍ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷെ ആ പശ്ചാത്തലത്തിനു മീതെ പറയാന്‍ പുതിയൊരു കഥയില്ലാതെ പോയതും പറഞ്ഞ കഥക്ക് പുതിയ ആഖ്യാനമില്ലാതെപോയതും സിനിമയെ എല്ലാ ഘടകത്തിലും സമ്പൂര്‍ണ്ണ പരാജയത്തിലേക്കെത്തിച്ചു. ട്വിസ്റ്റിനു വേണ്ടി മനപ്പൂര്‍വ്വം ഒരുക്കിയെടുത്ത ട്വിസ്റ്റുകളും പ്രധാനകഥാപാത്രങ്ങളേയും അവരുടേ പശ്ചാത്തലത്തേയും വേണ്ടത്ര വിശ്വസനീയമാക്കാന്‍ സാധിക്കാത്തതും സംഭവങ്ങളെ അതിഭാവുകത്വം കലര്‍ത്തി പറഞ്ഞതുമൊക്കെ സെവനസിനെ പ്രേക്ഷക പ്രീതിയില്‍ നിന്നും അകറ്റി എന്നതാണു പരമാര്‍ത്ഥം.

പ്ലോട്ട് : കോഴിക്കോട് നഗരത്തിലെ സെവന്‍സ് ഫുട്ബോള്‍ പ്ലെയേഴ്സ് ആയ് ഏഴു ചെറുപ്പക്കാര് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം ചില ക്വട്ടേഷന്‍ (ഗുണ്ടാ) പ്രവര്‍ത്തിനിറങ്ങേണ്ടി വരികയും അതിനിടയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ ചതിയില്‍പ്പെടുകയും ചെയ്യുന്നു. നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും ശത്രുക്കളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുമുള്ള ഏഴു ചെറുപ്പക്കാരുടെ ശ്രമങ്ങള്‍.

സെവനസിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


ഏറെ ജനപ്രിയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് ഇക്ബാല്‍ കുറ്റിപ്പുറം. ഫോര്‍ ദി പ്യൂപ്പിളും അറബിക്കഥയും ഏറെ ജനപ്രീതിയും സാമ്പത്തിക ലാഭവും നേടിയ ചിത്രങ്ങളാണ്. മാസ്സ് പ്രേക്ഷകന്റെ പള്‍സറിയാവുന്ന രസതന്ത്രക്കൂട്ട് ഇക്ബാലിന്റെ കഥകള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് വിഷയം പൈങ്കിളിയോ അരാഷ്ട്രീയതയോ ആയാലും ജനപ്രിയത ആ സിനിമകള്‍ക്ക് നേടിക്കൊടുത്തു. ആ കഥകള്‍ക്ക് തിയ്യറ്ററിന്റെ ഇരുളില്‍ വെളിച്ച വിന്യാസത്തില്‍ സിനിമയെ ദര്‍ശിക്കുന്ന സാധാരണ പ്രേക്ഷകനു മുന്നില്‍ കാണുന്ന ദൃശ്യജീവിതത്തെ കൃത്യമായി നിര്‍വ്വചിക്കാനും സംഭവങ്ങളെ വിശ്വാസപ്പെടുത്താനുമുള്ള കാരണങ്ങളും കഥാപാത്രങ്ങള്‍ക്ക് ജീവിതത്തിന്മേലുള്ള കൊളുത്തുകള്‍ ഒരുക്കിയാലും മതിയായിരുന്നു. പക്ഷെ, ഇക്ബാല്‍ കുറ്റിപ്പുറം ജോഷിയുടെ ‘സെവനസി’ലെത്തുമ്പോള്‍ കൈവിട്ട കളിയെന്നപോലെയായിരിക്കുന്നു. കൃത്യമായ ജീവിത പശ്ചാത്തലമൊരുക്കാന്‍ കഴിയാതെ പോയ ഏഴു നായക കഥാപാത്രങ്ങളും വ്യക്തിത്വമില്ലാത്ത നാദിയാമൊയ്തുവിന്റെ കമ്മീഷണറും പ്രേക്ഷകനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ട്വിസ്റ്റുകളും 80 തുടക്കത്തില്‍ മലയാള ആക്ഷന്‍ സിനിമകളിലേപ്പോലെ തോക്കു ചൂണ്ടി “ അനങ്ങരുത്. അനങ്ങിയാല്‍ കൊന്നു കളയും, ഹാന്‍ഡ്സ് അപ്പ്” തുടങ്ങിയ മലയാള സിനിമ ചവറ്റു കുട്ടയിലേക്ക്ക് വലിച്ചെറിഞ്ഞ ക്ലീഷേ ഡയലോഗുകളും കൊണ്ട് തിരനാടകത്തെ നിലവാരമില്ലാത്തതാക്കിക്കളഞ്ഞു. ഒരു സൂപ്പര്‍ ഹിറ്റാക്കാവുന്ന മിനിമം പ്ലോട്ടുണ്ടായിരുന്നു ഈ സിനിമക്ക് പക്ഷെ അതിനെ ജോഷിയിലെ വയസ്സന്‍ മനസ്സ് ഫോര്‍മുലകളുടെ സ്ഥിരം അച്ചിലേക്ക് കമഴ്ത്തി നശിപ്പിച്ചു കളഞ്ഞു. ജോഷി കൈവിട്ടു പോയ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ഒന്നിലേറെ നായകന്മാര്‍ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പോലീസ് തിരിച്ചറിയല്‍ പരേഡിനു നിര്‍ത്തുന്നതുപോലെ നിരത്തി നിര്‍ത്തണമെന്ന് വാശിയുള്ളതുപോലെ നിരവധി സീനുകള്‍. നാദിയാമൊയ്തുവിന്റെ കഥാപാത്രം സംവിധായകന്റെ കഴിവു കേടിനു മറ്റൊരു ഉദാഹരണം.

അഭിനയത്തില്‍ ഈ ഏഴുപേരില്‍ കുഞ്ചാക്കോബോബന്‍ നന്നായിട്ടുണ്ടെന്ന് പറയാം. തന്റെ രണ്ടാം വരവില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത് കുഞ്ചാകോ ബോബന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളു. ചാക്കോച്ചനു താഴേയെ ആസിഫ് അലിയും മറ്റു താരങ്ങളും വരുന്നുള്ളൂ. അതില്‍ നൂലുണ്ട് എന്ന് വിളിച്ചിരുന്ന വിജീഷ് ആണ് ഡയലോഗ് പ്രസന്റേഷനിലും സ്വാഭാവിക പെരുമാറ്റത്തിലും നന്നായി തോന്നിയത്. നിവിന്‍ പോളിയും അജുവുമൊക്കെ ഇനിയും ചിത്രങ്ങളേറെ കഴിയണം അഭിനയത്തിന്റെ വാതില്‍ക്കലെങ്കിലും എത്താന്‍. ഭാമയും മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യാസമായി തോന്നി. പക്ഷെ, അഭിനയിച്ചവരില്‍ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയത് ഇവരാരുമല്ല ബ്രോക്കര്‍ ഹബീബ് ആയി വേഷമിട്ട മണിയന്‍ പിള്ള രാജു തന്നെയാണ്. പഴയ ഈ നടന്റെ പെര്‍ഫോര്‍മന്‍സിനു മുന്നില്‍ പതറി നില്‍ക്കുന്ന ഏഴു യുവതാരങ്ങള പല സീനിലും കാണാം. കോഴിക്കോട് ഭാഷ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന രാജു പക്ഷെ വികാര തീവ്രമായ ഒരു സീനില്‍ വള്ളുവനാടന്‍ ഭാഷയിലേക്ക് അറിയാതെ പ്രവേശിച്ചുപോകുന്നുമുണ്ട്. (മലയാളത്തിലെ നടനും നടിയും ഏതു വേഷവും രൂപവും ചെയ്താലും എപ്പോഴെങ്കിലും അറിയാതെ വള്ളുവനാട്ടിലേക്ക് ചേക്കേറുന്നതിനു എത്രയോ ഉദാഹരണങ്ങള്‍, ‘വയലിന്‍എന്ന സിബി ചിത്രത്തിലെ നെടുമുടിയും, ‘ആദാമിന്റെ മകന്‍ അബുവിലെ സറീനാ വഹാബും ഈയടുത്ത കാലത്തെ ഉദാഹരണങ്ങള്‍)

അജയന്‍ വിന്‍സെന്റിന്റെ ക്യാമറ ചിത്രത്തിന്റെ ചടുലതക്ക് ചേരുന്ന വേഗം കൈവരിക്കുന്നുണ്ട്. എങ്കിലും ഭ്രമരം പോലെ അജയനെ അഭിനന്ദിക്കാനിടവരുത്തുന്നവണ്ണമൊന്നും അജയനു ഇതില്‍ ചെയ്യേണ്ടി വന്നിട്ടില്ല. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിബാലിന്റെ സംഗീതത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ മുഴുവനായും മുറിച്ചും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രേക്ഷകനു യാതൊരു പ്രത്യേകതയും അനുഭവിപ്പിക്കാതെ അത് കടന്നു പോകുന്നുമുണ്ട്. റണ്‍ രവി, രാജശേഖര്‍ എന്നിവരൊരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിന്റെ അത്രയും ആകര്‍ഷക ഘടകമാകുന്നില്ലെങ്കിലും യുവതാരങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിച്ചത് ആശ്വാസം. പാണ്ഡ്യനും എസ്. ബി. സതീശനും ഒരുക്കിയ ചമയവും വസ്ത്രാലങ്കാരവും പലയിടത്തും ചിത്രത്തിനു ഇണങ്ങിച്ചേരുന്നില്ല, ദരിദ്ര കുടുംബത്തിലെ, ജീവിതം പുലര്‍ത്താന്‍ സെയില്‍ ഗേളായി ജോലിക്കു പോകുന്ന നായിക വീട്ടിനകത്തും തിളങ്ങുന്ന ചുരിദാറണിഞ്ഞു മുഴുവന്‍ സമയവും പ്രത്യക്ഷപ്പെടൂന്നത് കല്ലുകടിയായി. (വീട്ടില്‍ നില്‍ക്കുമ്പോഴും ഫുള്‍ ചുരിദാര്‍ സെറ്റില്‍, ഷാള്‍ പോലും മാറ്റിയിട്ടില്ല) ചമയവും വസ്ത്രാലങ്കാരവും മലയാള സിനിമയില്‍, അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നതിനു പകരം കൂടുതല്‍ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനു വേണ്ടിയുള്ള ഘടകമായതിനാല്‍ ഈ സിനിമയിലെ ആ വിഭാഗത്തെപ്പറ്റി കൂടുതല്‍ പറയുന്നില്ല. സുജിത് രാഘവന്റെ കലാ സംവിധാനം ചിത്രത്തിനു ചേരുന്ന രീതിയില്‍ തന്നെ.

എടൂത്തുപറയേണ്ട മറ്റൊരു ക്രെഡിറ്റ് ടൈറ്റില്‍ ഗ്രാഫിക്സ് ഒരുക്കിയ ‘ബ്ലൂ മീഡിയ സൊലൂഷന്‍’ ടീമിനെപ്പറ്റിയാണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനു ഒരുതരത്തിലും വായിക്കാന്‍ സാധിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ചെയ്ത ടൈറ്റിത്സ് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകനു തലവേദന സൃഷ്ടിക്കുന്നുണ്ട്. വേള്‍ഡ് കപ്പ് ഫുട്ബോളിലെ വീഡിയോ ദൃശ്യങ്ങള്‍ സിനിമാസ്കോപ്പിലേക്ക് വലുതാക്കി സൃഷ്ടിച്ച് ഒന്നും മനസ്സിലാകാത്ത ദൃശ്യഖണ്ഠങ്ങളാക്കി, വായനാസുഖമില്ലാത്ത ഫോണ്ടുകളും കളറുകളും കൊണ്ട് നിമിഷങ്ങള്‍ക്കം മാഞ്ഞുപോകുന്ന ടൈറ്റില്‍ ദൃശ്യങ്ങളും ക്രെഡിറ്റുകാര്‍ഡും ആര്‍ക്ക് വേണ്ടി, എന്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

സംവിധാനത്തില്‍ ജോഷിയും പിന്നിലേക്കുള്ള തിരിച്ചു പോക്ക് തുടങ്ങിക്കഴിഞ്ഞുവെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഈയ്യിടെ കൈവരിച്ച (മലയാളത്തില്‍ ഇപ്പോഴേ അതൊക്കെ എത്തിയുള്ളു!!) വിവിധ ആഖ്യാന രീതികളൊക്കെ ശ്രമിച്ചു നോക്കാന്‍ ഒരു പക്ഷെ ജോഷിയിലെ പഴയ കാരണവര്‍ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണോ എന്തോ, ഇപ്പോഴും നേര്‍ രേഖയില്‍ തന്നെ കഥ പറയാന്‍ ശ്രമിക്കുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനെങ്കിലും ജോഷി ശ്രമിക്കുമെങ്കില്‍ കുറച്ചു കാലമെങ്കിലും ജോഷിക്ക് സംവിധായകനായി നിലനില്‍ക്കാം. (സെവനസ് ആഖ്യാന രീതി കൈവിട്ട് മറ്റൊന്നു സ്വീകരിക്കുമായിരുന്നെങ്കില്‍ നല്ലൊരു കാഴ്ചയായെങ്കിലും മാറിയേനെ)


വാല്‍ക്കഷണം : അസഹനീയമായ ടൈറ്റില്‍ ഗ്രാഫിക്സില്‍ ശ്രദ്ധിച്ച ഒരു കാര്യം, പബ്ലിസിറ്റി ഡിസൈന്‍ - കോളിന്‍സ് ലിയോഫിന്‍ (collins leophin) എന്നാണ് ക്രെഡിറ്റ്. എന്നു മുതല്‍ക്കാണ് ലിയോഫില്‍ ലിയോഫിന്‍ ആയത് എന്നറിഞ്ഞുകൂടാ. കോളിന്‍സിന്റെ പോസ്റ്ററുകളില്‍ പക്ഷെ collins leophil എന്നു തന്നെയാണ്. അല്ലെങ്കിലും സ്വന്തം പേരു കോളിന്‍സിനു തെറ്റില്ലല്ലോ,

'പ്രണയം' എന്ന ബ്ലസ്സി ചിത്രത്തിലും കണ്ടു ഇതുപോലൊരു മഹാ മണ്ടത്തരം.ടൈറ്റില്‍ ടൈപ്പോഗ്രഫിഎന്നതിനു ഇംഗ്ലീഷില്‍ 'Type of Graphy' എന്നാണ് കൊടൂത്തിരിക്കുന്നത്?!

സിനിമാ ടൈറ്റിത്സ് ഒരു ഇന്‍ഫൊര്‍മേഷന്‍ കൂടിയാണ്‍ എന്ന് വിഡ്ഡ്യാസുരന്മാര്‍ക്ക് ആരാണ് ഒന്നു പറഞ്ഞു കൊടുക്കുക?

5 comments:

NANZ said...

ഓണചിത്രങ്ങളിലെ ജോഷി ചിത്രം ‘സെവനസി’നെക്കുറീച്ചുള്ള വിശദാംശങ്ങളുമായി...

ദൃശ്യ- INTIMATE STRANGER said...

nice review..thank you

Haree said...

"എടൂത്തുപറയേണ്ട മറ്റൊരു ക്രെഡിറ്റ് ടൈറ്റില്‍ ഗ്രാഫിക്സ് ഒരുക്കിയ ‘ബ്ലൂ മീഡിയ സൊലൂഷന്‍’ ടീമിനെപ്പറ്റിയാണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനു ഒരുതരത്തിലും വായിക്കാന്‍ സാധിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ചെയ്ത ടൈറ്റിത്സ് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകനു തലവേദന സൃഷ്ടിക്കുന്നുണ്ട്. വേള്‍ഡ് കപ്പ് ഫുട്ബോളിലെ വീഡിയോ ദൃശ്യങ്ങള്‍ സിനിമാസ്കോപ്പിലേക്ക് വലുതാക്കി സൃഷ്ടിച്ച് ഒന്നും മനസ്സിലാകാത്ത ദൃശ്യഖണ്ഠങ്ങളാക്കി, വായനാസുഖമില്ലാത്ത ഫോണ്ടുകളും കളറുകളും കൊണ്ട് നിമിഷങ്ങള്‍ക്കം മാഞ്ഞുപോകുന്ന ടൈറ്റില്‍ ദൃശ്യങ്ങളും ക്രെഡിറ്റുകാര്‍ഡും ആര്‍ക്ക് വേണ്ടി, എന്തിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു." - ഇത് കണ്ടപ്പോള്‍ വിശേഷണത്തില്‍ പറയണം എന്ന് ഓര്‍ത്തു വെയ്‍ക്കുകയും പിന്നീട് മറന്നു പോവുകയും ചെയ്ത കാര്യമാണ്‌. എന്തിനായിരുന്നു ടൈറ്റിലുകള്‍ എന്ന ചോദ്യം പ്രസക്തം! :)

വിശ്വസ്തന്‍ (Viswasthan) said...

നല്ല റിവ്യൂ .
പടം മോശമാണെങ്കില്‍ റിവ്യൂ എഴുതാന്‍ വൈകരുത് .വൈകിയാല്‍ എല്ലാവരും പോയി പടം കണ്ടു നോക്കും .അങ്ങനെ പടത്തിന് നല്ല കളക്ഷന്‍ കിട്ടും .
സംവിധായകന്‍ വിചാരിക്കും, പടം കുഴപ്പമില്ല എന്ന് .വീണ്ടും ഇതുപോലെ ഒരു പടം ചെയ്യും.
അതാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌ .

SamraghA said...

ഇതിലും വലിയ അളിഞ്ഞ പടങ്ങള്‍ വന്‍ വിജയമാക്കിയ മലയാളിക്ക് ..സെവന്‍സ് കണ്ടിട്ട് ദഹിക്കുന്നില്ല?? വളര്‍ന്നു വരുന്ന മക്കള്‍ക്ക്‌ മനസിലാക്കാനായി ചില സന്ദേശങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ ..അടച്ചാക്ഷേപിക്കരുത് ഒന്നിനെയും..പിന്നെ നായികയുടെ തുറന്നു കാട്ടുന്ന സരീരെ പ്രദര്‍ശനമോ ഒരു ഐറ്റം സോണ്ഗോ ഇല്ല ...ഒരു കുടുംബത്തിനു പോയി ഒരുമിച്ചിരുന്നു കാണാന്‍ കഴിയുന്ന ഒരു സിനിമ തന്നെ ...