മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Friday, August 5, 2011

ഒരു നുണക്കഥ - റിവ്യൂ


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടീങ്ങ് തുടങ്ങി വൈകി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം കൂടി. തമിഴ് കോമഡി നടന്‍ വിവേക് അഭിനയിക്കുന്ന ഏറെയും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്‍പിലും പുറകിലുമായി അണിനിരക്കുന്ന “ഒരു നുണക്കഥ” എന്ന സിനിമ അഭിലാഷ് അബ്രഹാം നിര്‍മ്മിച്ച് ജോണ്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്നു.

പേരിലുള്ള നുണ പോലെത്തന്നെ നല്ല സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരോടും നുണ പറഞ്ഞിരിക്കുകയാണ് ഇതിന്റെ അണിയറക്കാര്‍. സിനിമക്കുള്ളിലെ സിനിമ എന്നും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെട്ടൊരു വിഷയമാണ്. അത് പക്ഷെ കെ. ജി ജോര്‍ജ്ജിനെപ്പോലൊരു പ്രതിഭയുടേ കയ്യിലാകുമ്പോള്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്” പോലൊരു നല്ല സിനിമയുണ്ടാകുന്നു. ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ചെയ്തപ്പോള്‍ നല്ലൊരു എന്റര്‍ടെയ്നറാകുന്നു. സജ്ജീവ് രാജും കലാഭവന്‍ മണിയും ദിലീപുമൊരുക്കുമ്പോള്‍ പ്രേക്ഷകന്‍ നിരാകരിക്കുന്ന നിര്‍ഗ്ഗുണ ചിത്രമാകുന്നു. അവസാനം പറഞ്ഞ കാറ്റഗറിയിലേക്ക് ഒന്നു കൂടി എഴുതി ചേര്‍ക്കാവുന്ന മറ്റൊരു സിനിമക്കുള്ളിലെ സിനിമയാണ് “ഒരു നുണക്കഥ”യും (സിനിമക്കുള്ളിലെ സിനിമയും അതിനുള്ളിലൊരു സീരിയലും!)

പ്ലോട്ട് : എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവസാനം ഒരുമിക്കുന്ന കോളേജ് കമിതാക്കളായ അരവിന്ദന്റേയും അശ്വതിയുടേയ്യും പ്രണയ കഥ.

ഒരു നുണക്കഥയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


പതിവുപോലെത്തന്നെ പ്രേക്ഷകന്‍ ഒരു കാരണവശാലും വായിച്ച് പോകരുത് എന്ന നിര്‍ബന്ധത്തോടേയാണ് ടൈറ്റിലുകള്‍ കാണിക്കുന്നത്. എഡിറ്റിങ്ങ് എഫക്റ്റ്സും ഗ്രാഫിക്സുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നത് സിനിമ ഭയങ്കര ടെക്നിക്കലാണെന്നും ലേറ്റസ്റ്റ് മോഡല്‍ ട്രീറ്റ്മെന്റാണെന്നുമൊക്കെ വിചാരിച്ചോട്ടെ എന്നും കരുതിയിട്ടാവണം. ഒരു ലോഡ് ആളുകള്‍ ഇതില്‍ ഗായകരായുണ്ട്, യേശുദാസ് മുതല്‍ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി പലരും. അവര്‍ക്ക് പാടാന്‍ വേണ്ടി നായികയെ കാണുമ്പോള്‍, പിരിയുമ്പോള്‍, അകലെയുള്ള നായികയെ കാണാന്‍ സുഹൃത്തുക്കളുമൊത്ത് ജീപ്പില്‍ പോകുമ്പോള്‍ , നായികയെ വീണ്ടും കാണുമ്പോള്‍, സിനിമാഷൂട്ടിങ്ങിലെ മാദക നടിയെകാണുമ്പോള്‍ ഇങ്ങിനെ പഴയ നൃത്തനാടകത്തെ അനുസ്മരിപ്പിക്കുമാറ് പാട്ടിന്റെ അയ്യരുകളിയായിട്ടുണ്ട്.

സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരില്‍ ഭൂരിഭാഗവും പുതിയ ആളുകളാണ്. ക്യാമറയും എഡിറ്റിങ്ങും കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം ചിത്രത്തിന്റെ ‘നിലവാര’ത്തിനു ഉതകുന്നതു തന്നെയാണ്. നായികയായി അഭിനയിച്ചിരിക്കുന്നത് ടി വി സീരിയല്‍ നായിക അശ്വതിയാണ്. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയില്‍ നായികയാവാനുള്ള സാദ്ധ്യത അഭിനയത്തിലും സൌന്ദര്യത്തിലുമില്ല. നായകന്‍ അരവിന്ദനായി വന്ന അഷറഫ് ഇനി മുഖ്യധാരയിലെ കാമ്പസ് പടങ്ങളില്‍ നായകന്റെ സംഘത്തിനോടൊപ്പമോ വില്ലന്‍ സംഘത്തിലോ ഉണ്ടാകാനാണു സാദ്ധ്യത. സിനിമയുടെ നായകനാവാന്‍ ജിമ്മില്‍ വികസിപ്പിച്ചെടുത്ത മസിത്സ് മാത്രം പോരല്ലോ. ആകെ എടുത്ത് പറയാവുന്നത് ജഗതി ശ്രീകുമാര്‍ ചെയ്ത വേഷമാണ്. അപാര റേഞ്ചിലേക്ക് പോകുന്നില്ലെങ്കിലും പ്രേക്ഷകരെക്കൊണ്ട് ‘അയ്യേ’ എന്ന് പറയിപ്പിക്കാതിരിക്കാന്‍ ജഗതിക്കായി. തമിഴ് സിനിമയിലെ പോപ്പുലര്‍ കൊമേഡിയന്‍ വിവേക് ഈ സിനിമയില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ ചെയ്തു പോരുന്ന പാരലല്‍ ട്രാക് ടിപ്പിക്കല്‍ വിവേക് കോമഡി. വിവേകിനു വേണ്ടി സീനുകള്‍ എഴുതിയ തിരക്കഥാകൃത്തിനോ ചിത്രീകരിച്ച സംവിധായകനോ അഭിനയിച്ച വിവേകിനു പോലുമോ ഇത് എന്തിനു വേണ്ടി ചെയ്തതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. സൌത്തിന്ത്യയില്‍ ഒരു പ്രമുഖ കോമഡി നടനെ കിട്ടിയിട്ടും പ്രയോചനപ്പെടുത്താന്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍.... ഹെന്തു പറയാന്‍!!

സംവിധായകന്റെ കഥക്ക് തിരക്കഥ സംഭാഷണമൊരുക്കിയിരിക്കുന്നത് അബ്രഹാം വി ബേബി & അബിലാഷ് രാമചന്ദ്രന്‍. സത്യമായും എനിക്ക് ഇവര്‍ ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന് സിനിമ കാണുമ്പോഴും കണ്ടു കഴിഞ്ഞിട്ടും മനസ്സിലായില്ല. ഫ്ലാഷ് ബാക്കും, ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്കുകളും, മുഖ്യകഥയുമായി പുലബന്ധമില്ലാത്ത കോമഡി സീനുകളും ഈ ആധുനിക കാലത്തും ഏതോ ഒരു ഫ്രോഡ് സ്വാമി പറയുന്നതനുസരിച്ച് ‘നരബലി’ നടത്താന്‍ തുനിഞ്ഞിറങ്ങുന്ന സിനിമക്കുള്ളിലെ സിനിമയുടെ സംവിധായകനും പ്രൊഡ. കണ്ട്രോളറും, ഇതൊക്കെ ഉളുപ്പില്ലാതെ എഴുതിവെക്കാനും ചിത്രീകരിക്കാനും അതു നാലുപേരെ കാണിക്കാനുമുള്ള ചങ്കൂറ്റം ഇവര്‍ക്കെങ്ങിനെയുണ്ടായി എന്ന് എത്രയാലോചിച്ചിട്ടൂം മനസ്സിലാകുന്നില്ല. ഇതുപൊലെയുള്ള വങ്കത്തരങ്ങളും പോഴത്തങ്ങളും എഴുതിയിട്ടും പറഞ്ഞിട്ടും ഇതൊക്കെ സിനിമയാക്കാന്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളും അത് വിതരണത്തിനെടുക്കാന്‍ വിതരണക്കാരനേയും കിട്ടൂന്നല്ലോ എന്നുള്ളതാണ് അത്ഭുതം. മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി വ്യാജ സീഡിയോ ചാനലുകളോ കഥയില്ലായ്മമോ അല്ല..ഇതുപോലുള്ള സിനിമകള്‍ പടച്ചു വിടുന്ന ഫ്രോഡ് സിനിമക്കാരാണ് യഥാര്‍ത്ഥപ്രതിസന്ധിഉണ്ടാക്കുന്നത്.

1) സിനിമയുടെ തുടക്കത്തില്‍ പഴയ നടന്‍ ജയന്റെ പടത്തോടൊപ്പം ‘മലയാളസിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനു പ്രണാമം’ എന്ന് കാണിക്കുന്നുണ്ട്. അതെന്തിനാണാവോ?

2) ജഗതി ശ്രീകുമാര്‍, വിവേക്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയര്‍ പ്രധാന വേഷത്തിലുള്ള ഒരു കോമഡി ചിത്രമായാണ് ഒരു നുണക്കഥയുടെ പ്രചാരണം. സിനിമ തീരും വരെ ഒരു കുഞ്ഞിന്റേയും ചിരി തിയ്യറ്ററില്‍ കേട്ടില്ല. (അതിനുള്ള ആളുകള്‍ തിയ്യറ്ററില്‍ ഉണ്ടായിരുന്നില്ല എന്നത് വേറെകാര്യം)

3) അന്ധവിശ്വാസിയായ ഒരു സംവിധായകന്റെ സിനിമാശ്രമമാണ് ഈ കഥയില്‍ ഉള്ളത്.സീനിമക്കുള്ളിലെ സിനിമയിലെ സംവിധായകന്‍ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ അനുസരിച്ച് നരബലി നടത്തുന്നതാണ് പ്രമേയം. പക്ഷേ, ഈ സിനിമയുടെ അവസാനം ഇങ്ങിനെ എഴുതിക്കാണിക്കുന്നു സിനിമയില്‍ അന്ധവിശ്വാസം കൂടുതലാണ്. അതൊരിക്കലും മാറാന്‍ പോകുന്നില്ല......ഞങ്ങളും അന്ധവിശ്വാസികള്‍ തന്നെ എന്ന്. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. അന്ധവിശ്വാസം സിനിമാ ഫീല്‍ഡില്‍ ഉണ്ടെന്ന് ഞങ്ങള്‍ കാണിച്ചെങ്കിലും ഞങ്ങള്‍ അതിനെ വിമര്‍ശിച്ചതല്ല, ഞങ്ങളും അങ്ങിനെയൊക്കെയാണ് സിനിമ ചെയ്യുന്നതെന്നോ? അതോ ഏതെങ്കിലും കപട സന്യാസിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നോ?

ആര്‍ക്കോ വേണ്ടി ചെയ്യുന്ന സിനിമകള്‍ (കടപ്പാട് സലീം കുമാര്‍ കല്യാണരാമനില്‍)

13 comments:

NANZ said...

പേരിലുള്ള നുണ പോലെത്തന്നെ നല്ല സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരോടും നുണ പറഞ്ഞിരിക്കുകയാണ് ഇതിന്റെ അണിയറക്കാര്‍.

ഒരു നുണക്കഥ എന്ന സിനിമയുടെ വിശേഷങ്ങളുമായി വീണ്ടും.

Anonymous said...

വിവേക് അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ കാണണം എന്നുടായിരുന്നു. പക്ഷെ റിവ്യു വായിച്ചപ്പോള്‍ സകല പ്രതീക്ഷകളും അസ്ഥാനത് ആണെന്ന് തോന്നുന്നു

Kiranz..!! said...

1) സിനിമയുടെ തുടക്കത്തില്‍ പഴയ നടന്‍ ജയന്റെ പടത്തോടൊപ്പം ‘മലയാളസിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനു പ്രണാമം’ എന്ന് കാണിക്കുന്നുണ്ട്. അതെന്തിനാണാവോ?

2) ജഗതി ശ്രീകുമാര്‍, വിവേക്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയര്‍ പ്രധാന വേഷത്തിലുള്ള ഒരു കോമഡി ചിത്രമായാണ് ഒരു നുണക്കഥയുടെ പ്രചാരണം. സിനിമ തീരും വരെ ഒരു കുഞ്ഞിന്റേയും ചിരി തിയ്യറ്ററില്‍ കേട്ടില്ല. (അതിനുള്ള ആളുകള്‍ തിയ്യറ്ററില്‍ ഉണ്ടായിരുന്നില്ല എന്നത് വേറെകാര്യം)


ഈ ചോദ്യങ്ങളോടൊപ്പം ഞാൻ ഒരു ചോദ്യവും കൂടി ആഡട്ടെ :)

അല്ല ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ :)?

Ashly said...

ഹ..ഹ..ഹ....കിരണാ..

ചെലക്കാണ്ട് പോടാ said...

സൌത്തിന്ത്യയിലെ മികച്ച കോമഡി സ്റ്റാര്‍ മലയാളത്തിലെ ജഗതിചേട്ടനാണ്. അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാത്ത എത്ര ചിത്രങ്ങള്‍ വര്‍ഷാവര്‍ഷം ഇറങ്ങുന്നു.

പിന്നീടാണോ വിവേകിനെ ഉപയോഗിച്ചില്ലെന്നോര്‍ത്ത് വിഷമിക്കുന്നത്..

അതിന്റെ ഒരു ആവശ്യവുമില്ല

nandakumar said...

Poster kandapozhe guess cheythirunnu ethu ethinappuram pokillennu.



[അല്ല ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ :)? ] kiran udhesichathu enthaanu?

Satheesh Haripad said...

വിവേക് 'കോമഡി' എന്ന് പറഞ്ഞ് തമിഴിൽ കാട്ടിക്കൂട്ടുന്ന ചളുവടി പോരാഞ്ഞിട്ടാണോ ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് മലയാളിപ്രേക്ഷകരെഇങ്ങനെ ദ്രോഹിക്കുന്നത്. ഇത്തരമൊരു സെറ്റപ്പിലാണെങ്കിൽ പോലും യഥാർത്ഥ കോമഡി എന്താണെന്ന് എന്തെങ്കിലുമൊരു ക്ളൂ ജഗതിയിൽ നിന്നും വിവേകിന്‌ കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

Unknown said...

ഓഫ്: ഒരു ചെറിയ സംശയം, 'ഒരു നുണക്കഥയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക' എന്ന് ഇവിടെയും
'ചിത്രത്തിന്റെ പൂർണ്ണമായ റിവ്യൂ ഇവിടെ വായിക്കാം' എന്ന് അവിടെയും കൊടുക്കുന്നത് എന്തിനാണ്? ഒന്നിച്ചു ഇട്ടാല്‍ വല്ല കുഴപ്പവും (ടെക്നിക്കല്‍) ഉണ്ടോ അതോ വേറെ വല്ല കാരണവും ഉണ്ടോ?

Aravind MI said...

@ഞാന്‍:ഗന്ധര്‍വന്‍ സുഹൃത്തേ കുഴപ്പമൊന്നുമില്ല,പക്ഷേ m3-യില്‍ ഉള്ള പ്ലോട്ട് അവിടെ ചെന്നു തന്നെ വായികട്ടെ എന്ന് കരുതി അത്രതന്നെ........

Unknown said...

അപ്പൊ രണ്ടും ഒന്നല്ലല്ലേ, മൈ ബാഡ് :)

m3db team said...

ഗന്ധർവ്വാ..വളരെ വാലിഡ് ആയ ഒരു ചോദ്യം ആയിരുന്നു അത്.അരവിന്ദിന്റെ മറുപടി ഒരു താൽക്കാലികമായ സാങ്കേതിക ഉത്തരമാണെങ്കിലും എത്തിക്കലായ ചില പ്രശ്നങ്ങൾ നിമിത്തമാണ് സൈറ്റിൽ റിവ്യൂ ഡയറക്റ്റായി കൊടുക്കാതിരുന്നത്.ഒരു ഡാറ്റാബേസ് എൻട്രിയെ സംബന്ധിച്ചിടത്തോളം ചലച്ചിത്രം മോശമാണോ നല്ലതാണോ എന്ന് റിവ്യൂ എഴുതുന്നതിന്റെ ഒരു ശരികേടുണ്ട്.അതിനാലാണ് ഒരു ബദൽ സംവിധാനം ഉണ്ടാവുന്നത് വരെ അത് ബ്ലോഗിൽത്തന്നെ എഴുതിയത്..ഒരേ കുടക്കീഴിലെ സംരംഭങ്ങളാണെങ്കിലും സൈറ്റിൽ നിന്ന് റിവ്യൂ താൽക്കാലികമായി മാറിനിൽക്കട്ടെ എന്നു കരുതി.പക്ഷേ ഉടൻ തന്നെ അതിലൊരു സൊലൂഷൻ കണ്ടെത്തുന്നുണ്ട്..നന്ദി ഒരിക്കൽക്കൂടി ആ ചോദ്യത്തിനും സജഷനും..

Unknown said...

വിശദമായ മറുപടിക്കു നന്ദി!!!
ആശംസകള്‍!!!

Kiranz..!! said...

വിവേക് 'കോമഡി' എന്ന് പറഞ്ഞ് തമിഴിൽ കാട്ടിക്കൂട്ടുന്ന ചളുവടി പോരാഞ്ഞിട്ടാണോ ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് മലയാളിപ്രേക്ഷകരെഇങ്ങനെ ദ്രോഹിക്കുന്നത്..

ശരിയാണ് സതീഷ്..ആ ചളുവനെ തമിഴിലെ ചില ചുരുക്കം ചിത്രങ്ങളിലെ ചുരുക്കം ചില സീനുകളിലൊഴികെ സഹിക്കുവാൻ ബുദ്ധിമുട്ടാണ്.ഹാസ്യസമ്രാട്ട് പോലും :)