മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Thursday, March 8, 2012

ശബ്ദം കേൾക്കൂ ആളെ കണ്ട് പിടിക്കൂ.

എം3ഡിബി സൈറ്റിൽ ക്രിയേറ്റ് ചെയ്ത രണ്ട് ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ പ്രൊഫൈലിൽ നിന്ന് ഓഡിയോ ക്ലിപ്പ് കേട്ട് അവർ ശബ്ദം കൊടുത്ത നായികമാർ / ആ കഥാപാത്രങ്ങളുടേ പേരുകൾ / സിനിമ എന്നിവയുടെ കൃത്യമായ വിവരം ആദ്യം അറിയിക്കുന്ന ഒരു വിജയിക്ക്.......സമ്മാനം. വിജയിയെ പ്രഖ്യാപിക്കുന്നത് നാളെ  വൈകുന്നേരം 5 മണി (ഇന്ത്യൻ സമയം )

വിജയിയുടെ ഒരു ഇല്ലസ്ട്രേഷൻ ചിത്രം വരച്ച് സമ്മാനമായി നൽകുന്നു. :)

ഭാഗ്യലക്ഷ്മി -
http://www.m3db.com/node/21589

വിമ്മി മറിയം ജോർജ്ജ്
http://www.m3db.com/node/25684

(ബ്ലോഗിലെ കമന്റ് വഴി മാത്രമേ ഉത്തരമെഴുതാവൂ )

സസ്നേഹം
നന്ദൻ

Monday, November 28, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ


സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

സമകാലിക മലയാളിയുടെ നേർചിത്രമാകേണ്ടിയിരുന്ന സിനിമ പക്ഷെ, പഴയ ആഖ്യാനത്താലും കഥപറച്ചിലുകളാലും മുഷിപ്പനാകുന്നു. മാത്രമല്ല മുൻപ് ഒരുപാട് മലയാള സിനിമകളിൽ കണ്ടു മടുത്ത കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി സിനിമ മുന്നേറുമ്പോൾ തെല്ലുമില്ല പുതുമ. നായക കഥാപാത്രവും കൂടെയുള്ള കഥാപാത്രങ്ങളും കഥാന്ത്യവും പ്രവചനീയമാകുകയും വിമർശനത്തിനു വേണ്ടി കെട്ടിയുയർത്തിയ കഥാപാത്രങ്ങളുമെല്ലാം സംവിധായകനും തിരക്കഥാകൃത്തിനും പറയാനുള്ള സാരോപദേശ പ്രാസംഗികരുമാകുന്നു.

ചിത്രത്തിലെ ഗാനരംഗങ്ങളിലൊന്ന് നായകന്റെ വളർച്ചയുടെ കാലഘട്ടത്തെ ആവിഷ്കരിക്കുന്ന ഗാനദൃശ്യമാണ് ("കിളികൾ പാടുമൊരു ഗാനം.." വിജയ് യേശുദാസ് & ശ്രേയ) റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രന്റെ ഈണങ്ങൾ ഇമ്പമാർന്നവയാണ്. പ്രത്യേകിച്ച് "വെള്ളാരം കുന്നിലേറി..." എന്ന ഗാനം. കെ രാജഗോപാലിന്റെ എഡിറ്റിങ്ങും നല്ലത്. അളഗപ്പന്റെ ക്യാമറയും സുന്ദര ദൃശ്യങ്ങൾ തരുന്നുണ്ട്. സിറിൾ കുരുവിളയുടെ ആർട്ടും അനിൽ ചെമ്പൂരിന്റെ കോസ്റ്റ്യൂമ്സും നന്നായിട്ടുണ്ടേങ്കിലും പാണ്ഡ്യന്റെ ചമയം ചിത്രത്തിന്റെ ആദ്യ - അന്ത്യ ഭാഗങ്ങളിൽ നിലവാരത്തകർച്ച നേരിടുന്നുണ്ട്. കുറച്ചു വർഷങ്ങളുടെ അലച്ചിലും പട്ടിണിയുമായ ദുരന്ത പൂർണ്ണ ജീവിതം നായകനിൽ ശാരീരികമായും കാഴ്ചയിലും യാതൊരു വലിയ വ്യത്യാസങ്ങളും വരുത്തുന്നില്ല, മാത്രമല്ല പ്രായവും അവശതയും പ്രതിഫലിപ്പിച്ചതാവട്ടെ നാടക മേക്കപ്പിന്റെ നിലവാരത്തിലേക്ക് വഴുതിപ്പോയി.

ജയറാം പതിവുപോലെ കോമാളിത്തരം കാണിക്കുന്നില്ല എന്നതാശ്വാസം. സംവൃതയുടെ വേഷവും കൊള്ളാം. സലീംകുമാറിന്റെ സുഗതനും ജയരാജ് വാര്യരുടെ ഷാരടിയും കലിംഗ ശശിയുടേ കഥാപാത്രവുമെല്ലാം നല്ല കാരിക്കേച്ചറുകളാണ്, അഭിനയവും മോശമായിട്ടില്ല. സലീംകുമാറീന്റെ ചില സംഭാഷണങ്ങളും കലാഭവൻ ഷാജോൺ അഭിനയിച്ച തൃശൂക്കാരനായ വെടിക്കെട്ടുകാരനും നർമ്മമുതിർക്കുന്നുണ്ട്. ജഗതി അവതരിപ്പിച്ച കപട ജ്യോതിഷിയുടെ അവസാന സീനിലെ പ്രേക്ഷകരോടുള്ള ഉപദേശവും ഇന്നസെന്റിന്റെ നാടകാഭിനയവും ജയറാമിന്റെ മകളായി വന്ന അനു ഇമ്മാനുവേലിന്റെ 'അഭിനയ'വും സ്ക്കൂൾ ടീച്ചറുടെ പെർഫോർമൻസും' ചിത്രത്തിലെ അഭിനേതാക്കളുടെ പോരായ്മയാണ്. സ്വന്തം കരിയറിയിൽ "വെറുതെ ഒരു ഭാര്യ" മാത്രം സൂപ്പർ ഹിറ്റ് വിജയമായുള്ള കെ ഗിരീഷ് കുമാറിന്റെ രചന ഇനിയും മറ്റു തലങ്ങളും നിലവാരവും എത്താൻ ദൂരമേറെയുണ്ട്. ഒപ്പം ഇതുവരെ ശീലിച്ചുപോന്ന രചനാ സങ്കേതങ്ങളും ആഖ്യാന രീതികളും മാറ്റാൻ കമലും തയ്യാറെടുക്കേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം.

Sunday, October 23, 2011

കൃഷ്ണനും രാധയും - റിവ്യൂ

ക്ഷമിക്കുക..കൃഷ്ണനും രാധയും റിവ്യൂ  എം3ഡിബി സൈറ്റിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇവിടെ വായിക്കാം.. http://www.m3db.com/node/26552

Wednesday, October 19, 2011

സാന്‍വിച്ച് - റിവ്യൂ


ലൈന്‍ ഓഫ് കളര്‍ & സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ സംയുക്ത ബാനറില്‍ എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന “സാന്‍വിച്ച്“ എം എസ് വിജയന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി കൈലാസ് എന്നീ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്ന “എം എസ് മനു“ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പക്ഷെ ഗുരുനാഥന്മാരുടേ ഗുണവും മണവുമൊന്നും മനുവിന്റെ ആദ്യ സൃഷ്ടിക്കില്ല എന്നത് ഖേദകരം ആണ്. ഒരു ചിത്രത്തെ എക്സിക്യൂട്ട് ചെയ്തെടുക്കാനുള്ള സാങ്കേതിക അറിവും പരിചയവും എം എസ് മനുവിനുണ്ട് എന്നത് ആദ്യചിത്രത്തില്‍ നിന്നു തന്നെയറിയാം പക്ഷെ, തന്റെ ആദ്യചിത്രത്തിനു പുതുമയുള്ളൊരു നല്ല കഥ തെരഞ്ഞെടൂക്കാനും കിട്ടിയതിനെ വിശ്വാസയോഗ്യമായി തിരക്കഥാരൂപത്തിലാക്കാനും എം എസ് മനു മനസ്സു വച്ചില്ല എന്നത് ചിത്രത്തിലുടനീളം വ്യക്തം.

പ്ലോട്ട് : വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര്‍ സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഒരു കൊമേഴ്സ്യല്‍ സിനിമക്കു വേണ്ട മിനിമം പ്ലോട്ടൊക്കെ ഈ സിനിമക്കുണ്ടെന്നു വെക്കാം. പക്ഷെ സിനിമ കോമഡിയാവണോ ആക്ഷനാവണോ സസ്പെന്‍സ് വേണോ അതോ മെലോഡ്രാമയാവണോ എന്നുള്ള ശങ്കയാല്‍ ഒന്നും തീര്‍ച്ചപ്പെടുത്താന്‍ പറ്റാതെ അവിയല്‍ പരുവത്തിലാക്കിയിരിക്കുന്നു തിരക്കഥാകൃത്ത്. സാമാന്യ ബുദ്ധിയും ചിന്തയുമൊക്കെ വീട്ടില്‍ വച്ച് വന്നാല്‍ ഈ സിനിമ കാണാം എന്നുള്ള അവസ്ഥയിലാണ്‍ പ്രേക്ഷകന്‍. (അതുപോലുമുണ്ടോ എന്ന് സംശയം) മലയാള കൊമേഴ്സ്യല്‍ സിനിമയുടെ സ്ഥിരം ഫോര്‍മുലയില്‍ തന്നെ വട്ടം ചുറ്റുകയാണ് ഈ സാന്‍ വിച്ചും. അതുകൊണ്ട് തന്നെ സിനിമ വിരസവും അരോചകവുമാകുന്നു. ലാപ്പ് ടോപ്പ്, പെന്‍ഡ്രൈവ്, സിം കാര്‍ഡ്, മോണിറ്ററിലെ ഡെസ്ക്ടോപ്പ് ചിത്രം, ഫോള്‍ഡറുകള്‍, ഫയല്‍ കോപ്പി ചെയ്യുന്നത് ഇതൊക്കെ കാണിച്ചാല്‍ അന്തം വിട്ടു കണ്ടിരുന്ന പ്രേക്ഷകനൊക്കെ വംശനാശം വന്നു എന്നൊരു മിനിമം ബോധമെങ്കിലും തിരക്കഥാകൃത്തിനും സംവിധായകനും ഉണ്ടാവേണ്ടിയിരുന്നു. കരണത്തടിയും ദ്വയാര്‍ത്ഥ തമാശയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകനു മനം പിരട്ടലുണ്ടാക്കുന്ന സംഗതികളാണെന്ന സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങിനെയൊരു സാഹസത്തിനു ഇതിന്റെ പിന്നണിക്കാര്‍ മുതിരില്ലായിരുന്നു.

നായകനായ സായ് രാമചന്ദ്രനെ കുഞ്ചാക്കോ ബോബന്‍ വലിയ തെറ്റില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ചാക്കോച്ചനെന്നല്ല ഏതു യുവതാരത്തിനും ഫലിപ്പിക്കാന്‍ കഴിയുന്നൊരു വേഷമാണിത്. അതിലപ്പുറം ഈ നായകനു യാതൊരു പ്രത്യേകതയുമില്ല. സുരാജിനെ മുന്‍ നിര്‍ത്തിയാവണം ഈ സിനിമയുടേ മാര്‍ക്കറ്റിങ്ങ് നടന്നിരിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ സുരാജിനെ കയറൂരി വിട്ടിട്ടുണ്ട്. നായികയായ റിച്ചാ പാനായിക്ക്, അഭിനയമെന്താണെന്നും എങ്ങിനെ ചെയ്യണമെന്നുമൊക്കെ ആഴ്ചകള്‍ നീളുന്ന ഒരു വര്‍ക്ക് ഷോപ്പ് ചെയ്തുകൊടുത്താല്‍ പ്രേക്ഷകര്‍ക്കെങ്കിലും ഒരു ആശ്വാസമാകും. തീക്കൊള്ളികൊണ്ടു കുത്തിയാലും ഭാവം വരാത്ത ആ മുഖവും കഥാപാത്രവും കൊള്ളാവുന്നൊരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ ബലത്തില്‍ മാത്രമാണ് നിലനിന്നത്. വ്യത്യസ്ഥ വേഷം എന്നു പറയാവുന്നത് വിജയകുമാര്‍ അവതരിപ്പിച്ച ഗുണ്ട മുരുകന്‍ എന്ന കഥാപാത്രമാണ്. വിജയകുമാര്‍ ഇതുവരെ അവതരിപ്പിച്ചതില്‍ തികച്ചും വ്യത്യസ്ഥമാര്‍ന്ന കഥാപാത്രം. നര്‍മ്മം വിരിയിക്കുന്ന ഈ കഥാപാത്രം തെറ്റില്ലാതെ വിജയകുമാര്‍ അവതരിപ്പിച്ചെങ്കിലും ഈ കഥാപാത്രത്തിനു ഒരു വ്യക്തിത്വം പകര്‍ന്നു കൊടുക്കാന്‍ തിരക്കഥാകൃത്തിനാവാഞ്ഞത് വിജയകുമാറിന്റെ കുഴപ്പമല്ല. വൃത്തിയായ അച്ചടി മലയാളം പറയുന്ന ‘തമിഴ് ഉപനായിക‘യായി അനന്യയുമുണ്ട്. ഇളയ ദളപതി വിജയ്-യുടേ ചിത്രത്തില്‍ കാണാറുള്ള ഡബ്ബാംകൂത്ത് ഡാന്‍സിനെ ഇതില്‍ അതേ പടി അനുകരിച്ചിട്ടുണ്ട് (സ്റ്റെപ്റ്റ്സും കോസ്റ്റ്യ്യുംസും ഉള്‍പ്പെടെ) കുഞ്ചാക്കോ ബോബനും അനന്യയും ചേര്‍ന്നുള്ള ‘ചെമ്പുള്ളിമാനേ...” എന്ന ഗാനരംഗത്തില്‍. (ഗാനം ഇവിടെ കാണാം : http://www.youtube.com/watch?v=xgSGjvPnYtw&feature=related ) ആ ഗാനത്തിന്റെ അനുപല്ലവി ഇങ്ങിനെ :- “പിടയൊന്നു കൂവിയാല്‍ പുലരിയാണോ - എലിയൊന്നു മുള്ളിയാല്‍ പ്രളയമാണോ - മീനൊന്നു തുള്ളിയാല്‍ മുട്ടിനോളം - പിന്നേയും തുള്ളിയാല്‍ ചട്ടിയോളം..“ ഇങ്ങിനെ പോകുന്നു വരികള്‍. മുരുകന്‍ കാട്ടാക്കടയുടേയും സ്മിതാ പിഷാരടിയുടേയും വരികള്‍ക്ക് ജയന്‍ പിഷാരടി സംഗീതം കൊടുത്തിരിക്കുന്നു. (പിഷാരടിമാരെ സമ്മതിച്ചിരിക്കുന്നു!)

ബോബന്റെ കലാസംവിധാനവും പ്രദീപ് നായരുടെ ക്യാമറയും ഡോണ്‍ മാക്സിന്റെ എഡിറ്റിങ്ങും ചിത്രത്തിനു പാകമുള്ളതു തന്നെ. (നായകനും നായികയും ടെക്നോ പാര്‍ക്കിലെ ഐ ടി ജോലിക്കാര്‍ ആയതുകൊണ്ടാകണം അവര്‍ ആടിപ്പാടുന്ന പബ്ബിലെ ചുമരുകളില്‍ “101010101” എന്ന കോഡ് കാണിച്ചുള്ള ഫ്ലെക്സ് ഡിസൈന്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത്. ബോബന്റെ ഒരു കലാസംവിധാനം.! ഗൊച്ചു കള്ളന്‍!! ഈ ഗാനത്തിന്റെ തുടക്കവും അവസാനവും ശ്രദ്ധിക്കുക : http://www.youtube.com/watch?v=0XGgp2QodjU )

2011 മലയാള സിനിമക്ക് ഏറെ പുതുമയും പ്രതീക്ഷയും സമ്മാനിച്ചിരുന്നു. ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് & പെപ്പര്‍, ചാപ്പാകുരിശ് എന്നിങ്ങനെ പൂര്‍ണ്ണമായല്ലെങ്കിലും പ്രതീക്ഷയുടേ ഇത്തിരിവെട്ടം കൊളുത്തിവെച്ചിരുന്നു. പക്ഷെ, തങ്ങളുടെ അവസാന ശ്വാസം തീരുംവരെ മലയാള സിനിമയെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തവര്‍ സിനിമയെടുക്കാന്‍ തുനിഞ്ഞാല്‍ ഏതൊരു ഇത്തിരിവെട്ടത്തെയും തല്ലികെടുത്തി കൂരിരുട്ടില്‍ ആക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സാന്‍ വിച്ച് അത്തരത്തിലുള്ളൊരു ശ്രമമാണ്.

Tuesday, October 18, 2011

വീരപുത്രന്‍ - റിവ്യൂ


അന്തരിച്ച ചലചിത്രകാരന്‍ പവിത്രന്‍ സംവിധാനം ചെയ്ത ‘ഉപ്പ്‘ എന്ന സിനിമയില്‍ അഭിനയിച്ചും അതിനു മുന്‍പും ശേഷവും കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത ‘ അശ്വത്വാമാവ്, സ്വരൂപം, പുരുഷാര്‍ത്ഥം’ എന്നീ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും പി ടി കുഞ്ഞുമുഹമ്മദ് എന്ന ചലചിത്രകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയിലെ പ്രവര്‍ത്തകനാണ്. 1993ലെ മഗ് രിബ്, 98ല്‍ ഗര്‍ഷോം, 2007ല്‍ പരദേശി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പലതും കരസ്ഥമാക്കുകയും ചെയ്തു.

സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വ്വോപരി രാജ്യസ്നേഹിയുമായിരുന്ന ശ്രീ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ക്ക് ചലചിത്രഭാഷ്യം ചമക്കുന്നതാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ ‘വീരപുത്രന്‍’ പക്ഷെ ഒരു ചരിത്ര പുരുഷന്റെ രാഷ്ട്രീയ - മത വിശ്വാസ ജീവിതവും സാമൂഹ്യ ജീവിതവുമൊക്കെ ചലചിത്രത്തിന്റെ ആഖ്യാന രൂപത്തിലേക്കെത്തിയപ്പോള്‍ വ്യക്തി ജീവിതത്തില്‍ സാഹിബ് അനുഭവിച്ച സഹനങ്ങളും വേദനകളും, രാജ്യസ്നേഹി എന്ന നിലയിലും സത്യവിശ്വാസി എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന കര്‍ക്കശ നിലപാടുകളും സത്യസന്ധതയും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകളും മറ്റും പുനരാവിഷ്കരിക്കുന്നതിലും പി ടി കുഞ്ഞുമുഹമ്മദ് വളരെയധികം പരാജയപ്പെട്ടു. സ്ക്കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗാവിഷ്കാരവും മറ്റും ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ നിന്നും വീരപുത്രനെ നിലവാരത്തകര്‍ച്ചയിലേക്കെത്തിച്ചു.

പ്ലോട്ട് : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പ്രധാനമായും പറയുന്നത്. വിവാഹ ജീവിതവും സ്വകാര്യ ദു:ഖങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് പൊതുവില്‍ ഈ സിനിമ പ്രതിപാദിക്കുന്നത്.

കഥാസാരവും മുഴുവന്‍ വിശദാംശങ്ങളും വായിക്കുന്നതിനു എം3ഡിബിയുടേ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക.


എന്‍ പി മുഹമ്മദിന്റെ കഥയാണ് ഈ സിനിമയുടേ തിരക്കഥക്ക് നിദാനം. ഒപ്പം സാഹിബിനെക്കുറിച്ചുള്ള കവികളുടേയും ചരിത്രകാരന്മാരുടേയും കുറിപ്പുകളും. സാഹിബിന്റെ ജീവചരിത്രം ഒന്നാകെ കാണിക്കുന്നതിനു പകരം 21 വയസ്സുമുതല്‍ അന്ത്യം വരെയുള്ള കാലഘട്ടത്തില്‍ സാഹിബിന്റെ രാഷ്ട്രീയ - സ്വകാര്യ അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. സാഹിബിന്റെ വിവാഹവും അനന്തര സംഭവങ്ങളുമെല്ലാം പക്ഷെ, ഒരു പൈങ്കിളി സിനിമയുടേ നിലവാരത്തിലുള്ളതായി എന്നതാണ് സങ്കടകരം. സാഹിബിന്റെ പത്നിയുമായുള്ള ശൃംഗാര രംഗങ്ങള്‍, അവരുടേ കുളി എന്നിവയൊക്കെ ഉത്തരേന്ത്യന്‍ നടി റിമാ സെന്നിന്റെ ശരീര പ്രദര്‍ശനം മാത്രമായി ചുരുങ്ങി. പല കാലഘട്ടങ്ങളില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ വ്യക്തമായും കൃത്യമായും കോര്‍ത്തിണക്കാത്തത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. (ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനുശേഷം കാണിക്കുന്ന പല സീനുകളിലും സാഹിബും മറ്റു പോരാളികളും ഒരല്പം പോലും ശാരീരിക ക്ഷീണമോ ക്ഷതമോ ഇല്ലാതെ പൂര്‍ണ്ണാരോഗ്യവന്മാരായി കാണുന്നുണ്ട്) സാഹിബിന്റെ ജീവിത ആഖ്യാനത്തിലേക്കെത്തുവാന്‍ ചിത്രാദ്യവും അന്ത്യവും കൂട്ടിച്ചേര്‍ത്ത സര്‍വ്വകലാശാലയും അതിന്റെ ചരിത്രാന്വേഷകനും പഠിതാക്കാളുമൊക്കെ ഏച്ചുകെട്ടലായി. സ്വാഭാവികമായും ഏച്ചുകെട്ടിയത് മുഴച്ചിരിക്കുമല്ലോ. ചിത്രാന്ത്യത്തെ ഒരു ആക്ഷന്‍ സിനിമയുടേ മട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചതും (സാഹിബിനെ കൊല്ലാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ വാദിയായ ഒടയത്തിലി (നിഷാന്ത് സാഗര്‍) ന്റെ ശ്രമങ്ങളും ചിത്രീകരണവും ഒരു കച്ചവട ഫോര്‍മുല സിനിമയുടെ ചതുരവടിവില്‍ ചേര്‍ത്തുമടക്കിയ രംഗങ്ങളായി എന്നത് ചരിത്രസിനിമ എന്ന് അവകാശപ്പെടുന്ന ‘വീരപുത്രന്റെ‘ തികഞ്ഞ പോരായ്മയാണ്.

പ്രധാന വേഷം ചെയ്ത നരേന്‍ സാഹിബാകുന്നതിനു പകരം പലപ്പോഴും നരേന്‍ ആയിത്തന്നെ നിലകൊള്ളൂന്നു എന്നത് സംവിധായകന്റെ മിസ് കാസ്റ്റിങ്ങിനു ഉദാഹരണമാണ് (ആദ്യം പൃഥീരാജിനു വേണ്ടി തയ്യാറാക്കിയ ഈ വേഷം പിന്നീട് എന്തോ കാരണങ്ങളാല്‍ നരേന്‍ കൈവന്നു എന്ന് കേട്ടിരുന്നു, അതുപോലെ ചിത്രത്തിന്റെ തുടക്കത്തിലും അവസാനത്തിലും മാത്രം പ്രത്യക്ഷപ്പെടുന്ന ശരത് കുമാറീന്റെ ചരിത്രാന്വേഷകന്‍ മോഹന്‍ലാലിനു നീക്കി വെച്ച കഥാപാത്രമാണെങ്കിലും അദ്ദേഹം നിരസിച്ചു എന്നും) മലയാള സിനിമയിലേയും ചാനല്‍ - മിമിക്രി രംഗത്തേയും പല താരങ്ങളും നടീ നടന്മാരും അണി നിരന്ന ഈ ചിത്രത്തില്‍ പക്ഷെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പക്വമായ അഭിനയം കാഴ്ചവെച്ചത് (പക്ഷെ വളരെ മോശം എന്നു വിളിക്കാവുന്ന നിലവാര തകര്‍ച്ച ഉണ്ടായിട്ടില്ല എന്നത് എടുത്ത് പറയണം) മൊയ്തു മൌലവിയായി വരുന്ന നടന്‍ സിദ്ദിഖ്, പലപ്പോഴും സ്വാഭവികവും ഉജ്ജ്വലവുമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. കലാഭവന്‍ നവാസിന്റെ മമ്മത്ത്, വത്സലാമേനോന്റെ വൃദ്ധ എന്നിവരൊക്കെ നന്നായിട്ടുണ്ട്.

ഇത്തരത്തിലുള്ള സദുദ്ദേശ-ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന എം ജെ രാധാകൃഷ്ണന്‍ തന്നെയാണ് വീരപുത്രന്റേയും ഛായാഗ്രാഹകന്‍. പരിമിതമായ നിര്‍മ്മാണ ചിലവുള്ള ഈ ചിത്രത്തിനു വേണ്ടി തെറ്റല്ലാത്തവിധം തന്റെ ക്യാമറ ചലിപ്പിക്കാന്‍ രാധാകൃഷ്ണനായിട്ടുണ്ട്. രാത്രി രംഗങ്ങളില്‍ (സാഹിബും സംഘവും കാളവണ്ടിയില്‍ സഞ്ചരിക്കുന്ന ഗാനരംഗം) ഭംഗിയായ വെളിച്ചവിന്യാസത്താല്‍ ഫ്രെയിമുകളെ ആകര്‍ഷകമാക്കാനും സാധിച്ചിട്ടുണ്ട്. ബോബന്റെ കലാസംവിധാനം പക്ഷെ പലപ്പോഴും സ്ക്കൂള്‍ നാടകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് സാഹിബ് താമസിക്കുന്നയിടത്തെ തെരുവ്. (ഓരോ സീനിലും ഒരേ ആംഗിളിലുള്ള ആ തെരുവു, സെറ്റിന്റെ പരിമിതിയെ കാണിക്കുന്നുണ്ട്) പഴയ കാലഘട്ടത്തെ പുനരാവിഷ്കരിക്കാനുള്ള ബോബന്റെ ശ്രമം അഭിനന്ദാര്‍ഹമാണ് പക്ഷെ തെരുവില്‍ കൊണ്ടുവെച്ച പോലെ തോന്നിപ്പിക്കുന്ന വിളക്കു കാലുകളും (വിളക്കുകാലുകള്‍ മണ്ണില്‍ കുഴിച്ചിടാതെ പുറത്ത് സ്ഥാപിച്ചിരിക്കുകയാണ്) അതുപോലെ വടക്കേ വീട്ടില്‍ മുഹമ്മദും (അശോകന്‍) സംഘവും ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കുന്ന അതേ പശ്ചാത്തലത്തില്‍ തന്നെ -മറ്റൊരു സമയത്ത്- ബെല്ലാരി ജയിലുമൊക്കെ സെറ്റിട്ടതും കലാസംവിധായകന്റെ പരാജയമോ സാമ്പത്തിക ഞരുക്കമോ?

റഫീക്ക് അഹമ്മദ്, മോയിൻ‌കുട്ടി വൈദ്യർ, ഇടശ്ശേരി, അംശി നാരായണപിള്ള എന്നിവരുടേ വരികള്‍ക്ക് രമേഷ് നാരയണന്റെ സംഗീതം മനോഹരമായിട്ടുണ്ട്. ശ്രേയാഘോഷാല്‍ പാടിയ “കണ്ണോട് കണ്ണോരം..” കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനമാണ്.

ചരിത്രത്തില്‍ അറിയപ്പെടാതെ പോയ ഒരു സ്വാതന്ത്ര്യ സമരസേനാനിയെ ഈ തലമുറക്ക് മുന്നില്‍ പുനരവതരിപ്പിക്കുന്ന എന്ന ഒരു നല്ലകാര്യത്തിലുപരി, ആ ചരിത്ര വസ്തുതകളെ(കഥയെ) പ്രേക്ഷകര്‍ക്ക് ആസ്വാദകരമായ രീതിയില്‍ ഒഴുക്കോടെ പറഞ്ഞുവെക്കാനും ചരിത്ര കഥാപാത്രങ്ങള്‍ക്ക് തികഞ്ഞ വ്യക്തിത്വം സമ്മാനിക്കുന്നതിലും പരിചയപ്പെടൂത്തുന്നതിലും തിരക്കഥാരചയിതാവ് എന്ന നിലയിലും സംവിധാകയന്‍ എന്ന നിലയിലും പി ടി കുഞ്ഞുമുഹമ്മദ് വീരപുത്രനില്‍ പരാജയപ്പെടുന്നു. ഒരുപക്ഷെ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ എന്ന സമര പോരാളിയുടെ രാഷ്ട്രീയ ജീവിതത്തെ ആദ്യമായി അടയാളപ്പെടുത്താനായി എന്നതുമാത്രമാകാം വീരപുത്രന്‍ എന്ന സിനിമയുടേ പ്രസക്തി, ഒരു സിനിമ എന്ന നിലയില്‍ പരാജയപ്പെടൂന്നുണ്ടെങ്കിലും.

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ


1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഏതു മണ്ണും വില്‍ക്കാനുള്ള മലയാളിയുടെ അത്യാഗ്രഹത്തിന്റെ നവരൂപമായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ ഉള്ളറകളിലേക്കാണ് രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പീ’ ഇത്തവണ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. എളുപ്പം പണക്കാരനാകുക എന്ന ഇന്നത്തെ ഏതൊരു ശരാശരി മലയാളി യുവാവിന്റെ പ്രതിനിധിയായി ജയപ്രകാശ് (പൃഥീരാജ്) എന്ന കഥാപാത്രം സഞ്ചരിക്കുന്ന ജീവിതത്തിന്റെ വിവിധഭാവങ്ങളും അതിന്റെ പ്രതികരണങ്ങളും അവ ജയപ്രകാശിനേയും ഒപ്പം അയാളെ ബന്ധപ്പെട്ടുള്ള ഒട്ടനവധി ജീവിതങ്ങളെയും എങ്ങിനെ ബാധിക്കുന്നുവെന്നൊക്കെ ഭംഗിയായി അവതരിപ്പിക്കാന്‍ എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്തിനായിട്ടുണ്ട്. ചില സാധാരണ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില സാമൂഹ്യ വിഷയങ്ങളിലേക്കും വിരല്‍ ചൂണ്ടുവാനും ചിത്രത്തിനായിട്ടൂണ്ട്. (കോഴിക്കോട് നഗരത്തെ ചുറ്റിപ്പറ്റിയുള്ള ചില ജീവിതങ്ങളുടെ ആഖ്യാനം പക്ഷെ, ഭാഷാപ്രയോഗത്തില്‍ പിന്നിട്ടു നില്‍ക്കുന്നതില്‍ പോരായ്മയായിട്ടുണ്ട്. )

നായകന്‍ ജയപ്രകാശ് പത്താം തരം പാസ്സാകാത്ത പ്രാരാബ്ദക്കാരനായ വെറൂം സാധാരാണക്കാരനാണ്, ഒപ്പമുള്ളവരും. കോടികള്‍ മറിയുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലൂടെ കിട്ടുന്ന കമ്മീഷനില്‍ നിന്നാവണം തന്റെ ഭാവിജീവിതം കരുപിടിപ്പിക്കുന്നതെന്ന് അയാള്‍ കരുതുന്നു. പണമുള്ളവന്റേയും ഇല്ലാത്തവന്റേയും പണമുണ്ടായിട്ടും അന്യനാക്കപ്പെടുന്നവന്റേയുമൊക്കെ മറയില്ലാത്ത ജീവിതവും ജയപ്രകാശിന്റെ ജീവിതത്തിനു ചുറ്റും കാണപ്പെടുകയും ചിലപ്പോഴൊക്കെ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. അച്യുതമേനോന്‍(തിലകന്‍) എന്ന അവധൂതനെന്നു തോന്നിപ്പിക്കുന്ന കഥാപാത്രം അത്തരത്തിലൊന്നാണ്. ആകസ്മികമായി ജെപിയുടേ ജീവിതത്തിലേക്ക് കടന്നുവരികയും ചില ഗതിമാറ്റങ്ങള്‍ക്ക് ഹേതുവാകുകയും ഒടുക്കം വിധിയുടേ മറ്റൊരു ഇടത്തിലേക്ക് തെറിച്ചു പോകുകയും ചെയ്യുന്ന കഥാപാത്രം. പ്രണയത്തിന്റെ സ്ഥിരം ക്ലീഷേ ‘ചേട്ടാ’ വിളിയില്‍ നിഴലായി മാറാതെ, മാറുന്ന യുവത്വത്തിന്റെ പ്രതിനിധിയാകാനും നായികക്ക് (കാമുകന്റെ അടുത്ത കൂട്ടുകാരന്റെ തോളില്‍ കൈവെച്ച് സംസാരിക്കാനും അവള്‍ക്ക് കഴിയുന്നുണ്ട്.) സാധിക്കുന്നുണ്ട്. ഇതൊക്കെയും നമ്മുടെ ജീവിതപരിസരങ്ങളില്‍ തന്നെ കണ്ടുമുട്ടുന്നവരാണല്ലോ എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കും വിധം സുഖ ശാന്തമായ ഒരു കഥാഖ്യാനത്തിലൂടെ പറഞ്ഞു വെക്കാന്‍ ഇതിന്റെ അണിയറപ്രേക്ഷകര്‍ക്കായിട്ടുണ്ട്.

പുതുമയുള്ളൊരു കഥാതന്തു അധികം ബഹളങ്ങളില്ലാതെ ശാന്തമായി പറയാന്‍ കഴിഞ്ഞത് തിരക്കഥയുടെ നല്ലൊരു ലക്ഷണമാണ്. ചിത്രത്തിലൊരിടത്തും കഥ അയഥാര്‍ത്ഥമോ അസംഭ്യമോ ആയ ഭാഗങ്ങളിലേക്ക് പോകുന്നില്ല എന്നതും. താരത്തെ പ്രധാന കഥാപാത്രമാക്കിയെങ്കിലും സംഘട്ടന രംഗങ്ങളിലേക്ക് പോകാതെ ലളിതവും സാധാരണവുമായ ഗതിമാറ്റങ്ങളും അവസാനവും. ജീവിതത്തില്‍ കണ്ടുമുട്ടുന്ന/പരിചയപ്പെട്ടിരിക്കാവുന്ന/അടുത്തു നില്‍ക്കുന്ന സഹ കഥാപാത്രങ്ങള്‍, നായകനെ മണ്ണിലേക്കിറക്കുക എന്നു പറഞ്ഞാല്‍ അന്യം നിന്നുപോയ പാടവരമ്പും കള്ളൂം കുടവും ക്ലബ്ബ് വാര്‍ഷികവുമല്ലാതെ ഇന്നത്തെ, ഇപ്പോഴത്തെ കഥ പറയുക എന്ന യാഥാര്‍ത്ഥ്യ ചിന്ത അതൊക്കെയും ഈ സിനിമക്ക് വളരെ ഗുണകരമായിട്ടുണ്ട്. എങ്കിലും എത്രയും വേഗം ഒരു ചിത്രമൊരുക്കുക എന്നൊരു അതി ബുദ്ധിയുടെ ഫലമാണോ എന്നറിയില്ല ചില കല്ലുകടികള്‍ ചിത്രത്തില്‍ അവിടവിടെ കാണം

നായകനൊഴിച്ച് മറ്റു സഹ നടീ നടന്മാര്‍ അധികം പോപ്പുലര്‍ അല്ലാത്തവരും / അല്ലെങ്കില്‍ എല്ലാ ചിത്രങ്ങളിലും കാണത്തവര്‍ അയതും കൊണ്ടും ചിത്രത്തിനു നല്ലൊരു ഫ്രെഷ്നസ് ഫീല്‍ കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്. രഞ്ജിത്ത്, പലേരി മാണിക്യത്തില്‍ അവതരിപ്പിച്ച നാടക നടന്മാരുടെ (നടിയും) സാന്നിദ്ധ്യം ഈ ചിത്രത്തിലുമുണ്ട്. അതൊരു നല്ല കാര്യമാണ്. മാമുക്കോയ, ബിജു പപ്പന്‍, ജഗതി, സീനത്ത്, കല്‍പ്പന എന്നിവര്‍ തങ്ങളാടുന്ന സ്ഥിരം വേഷത്തില്‍ നിന്നു മാറി വ്യത്യസ്ഥമായ വേഷത്തില്‍ വന്നു എന്നു മാത്രമല്ല നന്നായി തിളങ്ങുകയും ചെയ്തും (ഒരു സീനില്‍ മാത്രം വന്നു പോകുന്ന കല്പനയുടെ പെര്‍ഫോര്‍മന്‍സ് ഈ നടി അടുത്ത കാലത്തെങ്ങും (ബ്രിഡ്ജ് ഒഴിച്ച്) ചെയ്തിട്ടില്ല) പലപ്പോഴും ചെയ്യേണ്ടി വരുന്ന വേഷമാണെങ്കിലും വ്യത്യസ്ഥമായ മാനറിസങ്ങളാലും മെയ് വഴക്കത്താലും ജഗതി ഗോള്‍ഡന്‍ പാപ്പച്ചനെ വ്യത്യസ്ഥമാക്കി. പക്ഷെ സിനിമയില്‍ ആദ്യമത്യന്തം നിറഞ്ഞു നില്‍ക്കുന്നത് തിലകന്റെ അച്യുതമേനോനും പൃഥീരാജിന്റെ ജയപ്രകാശുമാണ്. ഇരുവരും നിറഞ്ഞാടിയ നിരവധി മുഹൂര്‍ത്തങ്ങളുണ്ട് ചിത്രത്തില്‍. കോമഡിയില്‍ പക്ഷെ പൃഥീ പിന്നിലേക്ക് പോകുമ്പോള്‍ ഡയലോഗ് ഡെലിവറിയിലും എക്സ്പ്രഷനിലും ഈ യുവനടന്‍ മുന്നിട്ട് നില്‍ക്കുന്നു. തിലകന്റെ പ്രതിഭക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല എന്നത് ഈ വയസ്സിലും ഈ നടന്‍ വിളിച്ചോതുന്നുണ്ട്.ഇത്രകാലം ഈ പ്രതിഭയെ മാറ്റി നിര്‍ത്തിയതിനു കാലം മലയാള സിനിമയോട് കണക്കു ചോദിക്കും, നിശ്ചയം.

എസ് കുമാറിന്റെ വെളിച്ച വിന്യാസം വിതറിയുള്ള ഫ്രെയിമുകളൊന്നും ഈ ചിത്രത്തിലില്ല. ഒരു പക്ഷെ, കഥാഖ്യാനത്തിന്റെ രീതിക്കു ചേര്‍ന്നു നിന്നുകൊണ്ടാവാം, സ്ഥിരം ശൈലിയില്‍ നിന്ന് കുമാര്‍ മറ്റൊരു രീതി അവലംബിച്ചത്. അത് പക്ഷെ ചിത്രത്തിനു ചേര്‍ച്ചക്കുറവൊന്നും സമ്മാനിക്കുന്നില്ല എന്നു മാത്രമല്ല, ആഖ്യാനത്തിനു മീതെ മുഴച്ചു നില്‍ക്കുന്നുമില്ല. പല ചിത്രങ്ങളിലും പ്രസ്ന്റ് യഥാതഥ നിറങ്ങളിലും ഫ്ലാഷ്ബാക്ക് ബ്ലാക് & വൈറ്റ് / ഡ്യൂ ടോണ്‍ നിറങ്ങളിലൊക്കെയോ ആണ് ദൃശ്യവല്‍ക്കരിക്കാറ്, പക്ഷെ ഇന്ത്യന്‍ റുപ്പിയില്‍ നേരെ തിരിച്ചാണ്, ബ്ലാക്ക് & വൈറ്റിനും കളറിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന്‍‘ നിറമാണ് ഈ കാലത്തിനു ഉപയോഗിച്ചത്. കഥപറയുന്ന പിന്‍ കാലത്തിനാവട്ടെ യഥാര്‍ത്ഥ നിറവും. സന്തോഷ് രാമന്റെ കലാ സംവിധാനവും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ചിത്രത്തിനു ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഷഹബാസ് അമന്‍ ഒരുക്കിയ മൂന്നു ഗാനങ്ങളും പശ്ച്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് പശ്ച്ചാത്തല സംഗീതം. സ്ഥിരം ചേരുവകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഷഹബാസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പാട്ടുകള്‍ പക്ഷെ ശ്രവണസുഖമെങ്കിലും ചിത്രത്തിന്റെ ഒഴുക്കില്‍ അനാവശ്യഘടകങ്ങളായി എന്നു മാത്രമല്ല അതിന്റെ ദൃശ്യവല്‍ക്കരണവും വളരെ നിലവാരം കുറഞ്ഞതായി. ‘ഉറുമി’ എന്ന ആദ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈനിങ്ങില്‍ ആഗസ്റ്റ് സിനിമയുടെ പിന്നണിക്കാര്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു എന്നു തോന്നുന്നു. മലയാളത്തില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും നല്ല പ്രൊമോ ഡിസൈനിങ്ങ് ആയിരുന്നു ഉറുമിയുടേത് (ഡീസൈന്‍ : ഓള്‍ഡ് മങ്ക്) പക്ഷെ രണ്ടാമത്തെ ചിത്രമായ ഇന്ത്യന്‍ റുപ്പീ‍യിലെത്തിയപ്പോള്‍ അത് ഒട്ടും നിലവാരമില്ലാത്തതായിപ്പോയി എന്നത് ഒട്ടും നല്ല കാര്യമല്ല. പ്രൊമോ ഡിസൈനിങ്ങിലും മാര്‍ക്കറ്റിങ്ങിലും തീരെ ശ്രദ്ധിക്കാത്തൊരു സംവിധായകനാണ് രഞ്ജിത്ത്, പക്ഷെ പുതിയ കാലത്തില്‍ ഒരു വാണിജ്യ സിനിമയുടേ വാണിജ്യ വിജയത്തിനു നല്ല സിനിമ മാത്രം ഉണ്ടായാല്‍ പോരാ, വിവിധ അഭിരുചികളുള്ള വ്യത്യസ്ഥപ്രേക്ഷകരിലേക്ക് അത്യാകര്‍ഷപൂര്‍വ്വം എത്തിക്കാന്‍ തക്കവണ്ണമുള്ള പ്രൊമോ ഡിസൈന്‍സും മാര്‍ക്കറ്റിങ്ങും വേണം എന്ന് രഞ്ജിത്തടക്കമുള്ള സിനിമാക്കാര്‍ ഓര്‍ത്തിരിക്കുന്നത് ഇനിയുള്ള വിജയത്തിനെങ്കിലും ഉപകരിക്കാനാവും.

പഴയ കൊമേഴ്സ്യല്‍ ഹിറ്റ് റൈറ്ററായ രഞ്ജിത്ത് ഇന്ന് വ്യത്യസ്ഥസിനിമകളുടേ പാതയിലാണെന്ന് മുന്‍പേ പറഞ്ഞുവല്ലോ, ഒരു പക്ഷേ, മലയാളത്തില്‍ ഇന്ന് മുന്‍ നിരയില്‍ നില്‍ക്കാന്‍ കെല്പുള്ള വളരെ കുറച്ച് സിനിമാ എഴുത്തുകാരില്‍ പ്രഥമന്‍. പക്ഷെ തന്റെ ക്രിയേറ്റീവ് പ്രൊഡക്റ്റിനു വേണ്ടത്ര സമയം കൊടുത്ത് ചിന്തേരിട്ടു മിനുക്കിയെടുക്കാന്‍ രഞ്ജിത്തിന്റെ അക്ഷമയോ അതൊ പ്രൊഡക്ഷന്റെ സമ്മര്‍ദ്ദമോ എന്തായാലും സമ്മതിച്ചിട്ടില്ല. മുന്‍പ് പ്രാഞ്ചിയേട്ടനിലും ഇപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും ഈ ‘പോളീഷ് കുറവ്’ പലയിടത്തും കാണാം. ഇനിയും ഒരാഴ്ചകൂടിയോ കുറേ ദിവസങ്ങള്‍ കൂടിയോ ഇക്കാണുന്ന സ്ക്രിപ്റ്റില്‍ രഞ്ജിത്ത് സമര്‍പ്പണം ചെയ്തിരുന്നെങ്കില്‍ ഇതൊരു വളരെ നല്ല സിനിമയായേനെ (പ്രാഞ്ചിയേട്ടനും)

സിനിമയില്‍ വന്ന / ശ്രദ്ധിക്കപ്പെട്ട ന്യൂനതകള്‍
# സിനിമയുടേ ആദ്യ ഭാഗങ്ങളില്‍ ജയപ്രകാശിന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ട കുടുംബം (അമ്മ - അനിയത്തി) ഒരു ഘട്ടം കഴിയുമ്പോള്‍ സിനിമയില്‍ നിന്ന് അകാരണമായി അപ്രത്യക്ഷമാകുന്നു.
# അനിയത്തിയുടേ വിവാഹ നിശ്ചയത്തിന്റെ അന്ന് കാരണങ്ങളേതുമില്ലാതെ നായകന്‍ ജയപ്രകാശ് ഉത്തരവാദിത്വത്തില്‍ നിന്ന് മതില്‍ ചാടി ഓടുന്നു. ( ഈ കോമഡി സീന്‍ പൃഥീരാജിന്റെ അനായാസതക്ക് അപവാദമാണ്)
# സിനിമയുടെ തുടക്കത്തില്‍ നായകന്‍ കോഴിക്കോട് ഭാഷ തുടങ്ങുന്നുവെങ്കിലും കഥാഗതിയില്‍ ആ ഭാഷ കൈമോശം വരുന്നു. തുടര്‍ച്ച ഇല്ല. സഹ കഥാപാത്രങ്ങള്‍ കോഴിക്കോട് ഭാഷ കൈകാര്യം ചെയ്യുന്നുമില്ല.
# സിനിമയിലെ ക്ലൈമാക്സ് സീനില്‍ ജയപ്രകാശ് ഗോള്‍ഡന്‍ പാപ്പച്ചനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും പാപ്പച്ചന്‍ അതില്‍ ഭയക്കുന്നതും. അതിനു യാതൊരു യുക്തിയും തോന്നിയില്ല.(അതിനെത്തുടര്‍ന്നാണ് കഥാഗതി)
# അനാവശ്യമായി കടന്നു വന്ന ഗാനരംഗം (നായകന്‍ കൂട്ടുക്കാര്‍ക്കൊപ്പം നാലു വരി പാടുന്ന ആദ്യ സീനില്‍ അവസാനിപ്പിച്ചെങ്കില്‍ നന്നായിരുന്നേനെ) ഗാന രംഗത്തിനുവേണ്ടി ഉണ്ടാകിയ സീനും അതില്‍ പങ്കെടുത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പരിതാപകരമായ പ്രകടനവും
# ചിത്രത്തിന്റെ അവസാനത്തോട് കൂട്ടിചേര്‍ത്ത സീന്‍. അച്യുതമേനോന്റെ അവധൂത ജീവിതത്തെപ്പറ്റി സംസാരിച്ച് ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ജയപ്രകാശും കൂട്ടരിലും സിനിമ തീര്‍ന്നെങ്കില്‍ നന്നായിരുന്നെന്ന് തോന്നി. സിനിമ തീര്‍ന്നതിനുശേഷം കൂട്ടിത്തുന്നിയ പാട്ടു രംഗം അനാവശ്യവും അനാകര്‍ഷവുമായി.

പഴയവരും പുതിയവരുമായി നിരവധിയാളുകളാല്‍ അപമാനിക്കപ്പെടുന്ന മലയാള സിനിമയില്‍ ‘ഇന്ത്യന്‍ റുപ്പീ’ തെളിമയുള്ളൊരു ചിത്രമാണ്. വാണിജ്യ സിനിമയുടെ വേഗവും ടെക്നിക്കല്‍ ഗിമ്മിക്സുമൊന്നുമില്ലാതെ തിരക്കഥയിലൂന്നിയ വൃത്തിയുള്ള സിനിമ. സദാചാരത്തിന്റെ അദൃശ്യമതിലുകള്‍ തകര്‍ക്കാന്‍ മടിക്കുന്നവരുടെ ‘പ്രണയ‘ ലീലകളും ഗുരുവായൂരപ്പ ഭക്തയായ അമ്മയറിയാതെ അന്യം നിന്ന പാടവരമ്പില്‍ നിന്ന് പഴയ കള്ളുകുടം മോന്തുന്ന അമ്പതു കഴിഞ്ഞ അവിവാഹിത നായകരും ക്വട്ടേഷന്‍ ജോലികള്‍ക്കുമാത്രമായി സംവരണം ചെയ്യപ്പെട്ട യുവതാരങ്ങളുമൊക്കെയുള്ള ഈ മലയാള സിനിമയില്‍ സമൂഹത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കാലത്തിന്റെ വിഷയങ്ങളുമായി വന്ന ഒരു സിനിമയെ മുന്‍ വിധികളേതുമില്ലാതെ സ്വീകരിക്കാം.

വാല്‍ക്കഷണം : ചിത്രത്തിലൊരിടത്ത് തിലകന്റെ അച്യുതമേനോന്‍ ഉപദേശിക്കുന്ന ബുദ്ധിയുപയോഗിച്ച് ജയപ്രകാശ് 25 ലക്ഷം രൂപ നേടുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന വലിയൊരു ലാഭത്തുക. അതിനുശേഷം പൃഥീരാജിന്റെ ജയപ്രകാശ് തിലകനോട് വൈകാരികമായി ചോദിക്കുന്നു “ ഇത്രയും നാള്‍ എവിടെയായിരുന്നു താങ്കള്‍?” എന്ന്. സര്‍വ്വവും പിന്നിലാക്കുന്ന ഒരു പൊട്ടിച്ചിരിയാണ് തിലകന്റെ അച്യുതമേനോന്‍ നല്‍കുന്ന മറുപടി. സിനിമയെ നശിപ്പിക്കാന്‍ കച്ചകെട്ടിയൊരുങ്ങിയിറങ്ങിയിരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്ന മാടമ്പിമാരോടും പ്രേക്ഷകന്‍ ചോദിക്കുന്ന ചോദ്യവും അതു തന്നെ. ഇത്രകാലം തിലകനെന്ന പ്രതിഭയെ ജീവിത നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മാടമ്പിമാരെ ഈ നഷ്ടം തിലകനല്ല, മറിച്ച മലയാള സിനിമക്കാണെന്ന് തിരിച്ചറിയുക. കാലവും നല്ല പ്രേക്ഷകനും നിങ്ങളുടെ ധാര്‍ഷ്ട്യത്തിനുനേരെ വിരല്‍ ചൂണ്ടി ഒരിക്കല്‍ ചോദിക്കും ഞങ്ങളുടെ നല്ല നടനെ മാടമ്പിത്തരത്തിന്റെ പേരില്‍ തളച്ചിട്ട ആ കാലത്തെപ്പറ്റി, മറുപടിക്കായി തയ്യാറായിക്കൊള്ളുക.

Saturday, October 1, 2011

സ്നേഹവീട് - റിവ്യൂ


എന്നും ഒരേ റൂട്ടിലോടുന്ന വണ്ടിയാണ് സത്യനന്തിക്കാട് ചിത്രങ്ങള്‍” എന്ന് പറഞ്ഞത് നടന്‍ സലീം കുമാറാണ്. അതുകൊണ്ടാണോ
എന്നറിയില്ല. ‘ഒടുവിലാനും ശങ്കരാടിയും കൃഷ്ണന്‍ കുട്ടിയും ഫിലോമിനയുമൊക്കെ ഫ്രെയിമില്‍ വരുമ്പോള്‍ തന്നെ എന്റെ സിനിമാക്കഥയിലെ ഗ്രാമത്തിന്റെ കഥാപാത്രങ്ങളാകുന്നു‘ എന്ന് പറഞ്ഞ സത്യന്‍ അന്തിക്കാട് സലീംകുമാറിനു ദേശീയവും സംസ്ഥാനവുമായ പുരസ്കാരങ്ങള്‍ കിട്ടിയപ്പോള്‍ അഭിനന്ദിച്ചതായോ ഒന്നും പറഞ്ഞതായോ എവിടേയും കണ്ടില്ല.(ഞാന്‍ കാണാത്തതാവാം) എന്തായാലും വലിയൊരു ആസ്വാദകരുടെ മനസ്സിലെ അഭിപ്രായത്തെയാണ് സത്യനു പിന്‍പേ വന്ന സലീം കുമാര്‍ തുറന്നടിച്ചത്. സലീം കുമാറിന്റെ അഭിപ്രായത്തെ കണുകിടെ തെറ്റിക്കാതെ സത്യന്‍ തന്റെ ബസ്സ് അതേ റൂട്ടില്‍ തന്നെ ഓടിക്കുന്നുണ്ട്, ഇപ്പോഴും.

1982ലെ കുറുക്കന്റെ കല്യാണം മുതല്‍ 2011 ലെ സ്നേഹ വീട് വരെയുള്ള തന്റെ 29 വര്‍ഷത്തെ സംവിധാന ജീവിതത്തിനിടയില്‍ തന്റെ അമ്പത്തൊന്നാമത്തെ(51) പടവും പൂര്‍ത്തിയാക്കിയപ്പോള്‍ സത്യന്‍ ചെയ്തത് ഒരേ അച്ചിലിട്ടു വാര്‍ത്ത ചിത്രങ്ങള്‍ . പക്ഷെ കരിയറിന്റെ ആദ്യ പകുതി വരെ അതില്‍ വ്യത്യസ്ഥജീവിതങ്ങളുടെ അടയാളങ്ങളും കേരളീയ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പുകളും ഉണ്ടായിരുന്നപ്പോള്‍ പിന്നീടുള്ളവ അതിന്റെ ആവര്‍ത്തനങ്ങളായി മാറി. എങ്കിലും ഇക്കാലമത്രയുമുള്ള സിനിമാ ജീവിതം കൊണ്ട് തന്റേതുമാത്രമായ ഒരു ആസ്വാദക സമൂഹം ഉണ്ടാക്കാനും അവരെ തൃപ്തിപ്പെടുത്താനും സത്യനു സാധിച്ചു. അതുകൊണ്ടാണ് പഴകിയ കഞ്ഞി തുടരെത്തുടരെ വിളമ്പിയിട്ടും ആ പ്രേക്ഷക സമൂഹം അവസാനകാല ചിത്രങ്ങളെ സൂപ്പര്‍ ഹിറ്റാക്കിയത്. തന്റെ പ്രേക്ഷകന്റെ പള്‍സറിയാവുന്ന ഒരു മാജിക് സംവിധായകന്‍ തന്നെയാണ് സത്യന്‍ അന്തിക്കാട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സിനിമയിലെ സേഫ് കളിയുടേ ഉസ്താദ്. അല്ലെങ്കില്‍ ഇക്കാലയളവില്‍ യുവതാരങ്ങളെ പരീക്ഷിക്കാനോ, പുതിയ പ്രമേയങ്ങളെ പരീക്ഷിക്കാനോ ഒരു പരീക്ഷണ സിനിമയെടുക്കാനോ സത്യന്‍ ശ്രമിച്ചിട്ടില്ല. അന്തിക്കാട്ടുകാരന്റെ ഗ്രാമ നന്മ, വിശുദ്ധി, പച്ചപ്പ്, ഗൃഹാതുരത എന്നിവയ്ക്കു ചുറ്റും വട്ടമിട്ട് ‘സുരക്ഷിതമായി’ തന്റെ സ്ഥാനം നിലനിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. അതുകൊണ്ടാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ‘എനിക്ക് സിനിമയില്‍ നിന്നു കിട്ടിയത് ഞാന്‍ സിനിമയില്‍ തന്നെ നിക്ഷേപിക്കുന്നു, അല്ലെങ്കില്‍ സത്യേട്ടനെപ്പോലെ സിനിമയില്‍ നിന്നു സമ്പാദിച്ച് ഞാനുമൊരു പണക്കാരനായേനെ, അത്യാവശ്യം പണമുണ്ടെങ്കിലും സത്യേട്ടന്റെ അത്രക്കില്ല” എന്ന് ചെറൂചിരിയോടെ പറഞ്ഞത്.

എന്തായാലും സത്യന്‍ അന്തിക്കാട് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. തന്റെ ബസ്സ് കഴുകി വെടിപ്പാക്കി സ്ഥിരം റൂട്ടിലേക്ക് തന്നെ ഇറക്കി. (കൌതുകകരമായ ഒരു കാര്യം ‘സ്നേഹവീടി‘ന്റെ തുടക്കത്തില്‍ നായകന്റെ ഗ്രാമത്തിലെ അവസാന സ്റ്റോപ്പിലേക്ക് വരുന്ന ഒരു ബസ്സിന്റെ ദൃശ്യത്തില്‍ നിന്നാണ് തുടക്കം. ആ ബസ്സാകട്ടെ, ‘വടവന്നൂര്‍’ മുതല്‍ ‘ഗുരുവായൂര്‍’ വരെ എന്നും ഒരേ റൂട്ടിലോടുന്ന സ്ഥിരം ബസ്സ്. അതിലെ യാത്രക്കാരായ നായകന്റെ അമ്മയും ഗ്രാമ വാസികളുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. എത്ര യാദൃശ്ചികത!) ഇത്തവണ പക്ഷെ, മുന്‍പ് പറഞ്ഞ ഗ്രാമ വിശുദ്ധി, പച്ചപ്പ്, പാടം, നാട്ടുമ്പുറത്തുകാര്‍, തിരുവാതിര, ലാളിത്യം, അങ്ങിനെ ഗൃഹാതുരതയുടെ കടും വര്‍ണ്ണങ്ങളെ കനത്തില്‍ പൂശിക്കൊണ്ടാണ്‍ വരവ്. സിനിമയുടേ ടൈറ്റിത്സ് കണ്ടാലറിയാം സംവിധായകന്റെ മനസ്സിലിരുപ്പ്. സ്ഥാനത്തും അസ്ഥാനത്തും നൊസ്റ്റാള്‍ജിയ പേറുന്ന മലയാളിക്ക് (പ്രവാസികളേയും) നൊസ്റ്റാള്‍ജിയയുടെ കടും പായസക്കൂട്ടൊരൊക്കി കൊടുക്കുക എന്നതാണ് ദൈത്യമെന്ന്. ടൈറ്റിത്സില്‍ വിരിയുന്ന ഇല്ലസ്ട്രേഷനുകള്‍ നോക്കുക. ഗ്രാമം, തോടുകള്‍, പാലം, കാക്ക, ചക്ക, മാങ്ങ, മാവ്, ആട്ടുകല്ല്, മുറം, ചെത്തുകാരന്‍, കള്ളുകുടം, ഇങ്ങിനെ കേരളത്തില്‍ അന്യം നിന്നുപോയതും മലയാളി ഇടക്കൊക്കെ ഓര്‍ത്തുപോകുന്നതും വളരെ അപൂര്‍വ്വമായതുമായ പഴയ നാട്ടു-ദൃശ്യ-ജീവിത-ഉപകരണങ്ങളുടെ കോറിവരച്ച ചിത്രങ്ങള്‍ കൊണ്ടാണ് ടൈറ്റിത്സ് പൂര്‍ണ്ണമാകുന്നത്. ശേഷം സിനിമ തുടങ്ങുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ വിഷ്വലുകള്‍ തന്നെ. വര്‍ഷങ്ങളായി മലയാള സിനിമ കാണുന്ന ഒരു പ്രേക്ഷകനു ഇതെല്ലാം മനപൂര്‍വ്വം ഓരോ ഫ്രെയിമിലും കരുതി വെച്ചതാണെന്നു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അത്രക്കും വ്യക്തമാണു അതിന്റെ ധാരാളിത്തം. നായകന്‍ അമ്മയുമൊത്തുള്ള ഒരു ഗാനരംഗത്തിലെ (അനുപല്ലവിയിലേയോ ചരണത്തിലേയോ) ‘നാട്ടുവഴിയോര..’ എന്നുള്ള വരികളിലെ വിഷ്വല്‍ ശ്രദ്ധിക്കൂ. അമ്മയും മകനും പുണര്‍ന്ന് ഒരു നാട്ടുവഴിയിലൂടെ നടന്നു വരുന്നു. അവരുടെ പിന്നില്‍ പ്രേക്ഷകനു വ്യക്തമായും കാണത്തക്ക വിധത്തില്‍ ഒരു വേലിക്കപ്പുറം ‘കൃഷ്ണ കിരീടത്തിന്റെ ചെടി ‘ചാരിവെച്ചിരിക്കുന്നത് കാണാം. ഇങ്ങിനെ ഓരോ ഫ്രെയിമിലും ‘മലയാളിത്വം’ കുത്തി നിറച്ച് മലയാളിയെ ‘പുളകം കൊള്ളിക്കാനുള്ള’ സത്യനന്തിക്കാട് മാജിക്ക് ആണ് സ്നേഹ വീട്. അതിനിടയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട് വിട്ടുപോയത് പുതുമയുള്ളൊരു കഥയും പശ്ച്ചാത്തലവും വ്യത്യസ്ഥമായൊരു സിനിമയും.

പ്ലോട്ട് : നീണ്ട പ്രവാസ ജീവിതമൊക്കെ മതിയാക്കി തന്റെ ഗ്രാമത്തില്‍ അമ്മക്കൊപ്പം കൃഷിയും വീടുമായി ജീവിതം തുടരുന്ന അവിവാഹിതനായ അജയന്റെ (മോഹന്‍ലാല്‍) വീട്ടിലേക്ക് ചെന്നെയില്‍ നിന്നും ഒരു കൌമാരക്കാരന്‍ കാര്‍ത്തിക് (രാഹുല്‍ പിള്ള) എന്ന പയ്യന്‍ വരുന്നു. ‘അജയന്റെ മകന്‍ ആണ് താന്‍‘ എന്നായിരുന്നു അവന്റെ അവകാശവാദം. ചില സംഭവങ്ങളെത്തുടര്‍ന്ന് പയ്യന്‍ അജയന്റെ അമ്മയുടേയും നാട്ടുകാരുടേയും പ്രീതിക്ക് പാത്രമാകുകയും അജയന്റെ നിരപരാധിത്വം സംശയിക്കുകയും ചെയ്യുന്നു. അതോടേ ജീവിതത്തിന്റെ താളം തെറ്റുന്ന അജയന്‍ തന്റെ നിരപരാധിത്വം തെളിയിക്കാനും ശ്രമിക്കുന്നു.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നല്ലതെങ്കിലും വളരെ ചെറിയ ഒരു കഥാതന്തു മാത്രമേ ഈ സിനിമയില്‍ ഉള്ളു. അത് തന്നെ വിശ്വനീയമായ രീതിയില്‍ ഒരുക്കുവുവാന്‍ തിരക്കഥാകൃത്ത്കൂടിയായ സംവിധായകനായിട്ടില്ല. ശാന്തമായി ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് അയാളുടേ ആരെങ്കിലുമാണെന്ന അവകാശവാദവുമായി മറ്റൊരാള്‍ കടന്നു വരുന്നത് മലയാള സിനിമയില്‍ ഒട്ടും പുതുമയില്ലാത്ത വിഷയമാണ്. ഇതേ ജനുസ്സില്‍പ്പെട്ട ഒരുപാട് കഥകള്‍ മാറിയും മറിഞ്ഞും നിരവധിയുണ്ട്. (1989ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ ‘ലാല്‍ അമേരിക്കയില്‍’ എന്ന ചിത്രത്തില്‍ മരിച്ചുപോയ സമ്പന്നനായൊരു പിതാവിന്റെ മകനെന്ന് അവകാശവാദവുമായി മൂന്ന് പേര്‍ വരുന്നതാണ് കഥാ തന്തു) 2006ലെ സത്യന്റെ തന്നെ ‘രസതന്ത്ര’വും ഇതിനോട് സാമ്യമായ കഥയും പശ്ചാത്തലവും കൂടിയാണ് (രണ്ടിലും മോഹന്‍ലാല്‍) 90കളില്‍ സജ്ജീവമായിരുന്ന രണ്ടാം നിര നട്ന്മാരുടേയും സംവിധായകരുടേയും നിരവധി ചിത്രങ്ങള്‍ ഈ ജനുസ്സിലുണ്ട് (ഭാര്യയായും ഭര്‍ത്താവായും വരുന്നവര്‍) കഥാതന്തു മുന്‍പ് പറഞ്ഞതാണെങ്കില്‍ കൂടിയും അതിനെ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലോ കഥാപാത്രങ്ങളിലോ പറഞ്ഞൊരുക്കുവാന്‍ സാധിച്ചില്ല എന്നത് സിനിമയുടേ ബലഹീനതയാണ്. എവിടെയൊക്കെയോ കണ്ടു മറന്ന സിനിമാ ദൃശ്യങ്ങള്‍ പലപ്പോഴും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇതിലെ പല സീനുകളും. തമാശക്ക് വേണ്ടി ഒരുക്കിയ ഇന്നസെന്റിന്റെ കരിങ്കണ്ണന്‍ മത്തായിയെ അവതരിപ്പിക്കുന്ന സീനാവട്ടെ ‘ഹിറ്റ്ലര്‍’ (സിദ്ദിക്ക് ലാല്‍) എന്ന മമ്മൂട്ടി ചിത്രത്തില്‍ കണ്ടതും. ഈ സിനിമയിലും നായകന്റെ നിഴലാവുന്ന നായികയെ പക്ഷെ എന്നും കാണിക്കുന്ന സത്യന്‍ മാജിക്കിലൂടെ ഒരു വ്യക്തിത്വമുള്ളവള്‍ എന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ദയനീയ ശ്രമവുമുണ്ട്. നായിക കുടുംബശ്രീ വക ഒരു സോപ്പു കമ്പനി നടത്തുന്നു, വിവാഹത്തെപ്പറ്റി സ്വന്തം വീക്ഷണം പങ്കുവെക്കുന്നു (പക്ഷെ ജാതകദോഷം തീര്‍ക്കാന്‍ ‘പൂജ’ നടത്തുന്നതിനു സന്തോഷപൂര്‍വ്വം പങ്കെടുക്കാന്‍ നായികക്കു മടിയില്ല. രക്ഷിതാക്കളെ അനുസരിക്കുന്ന നല്ല കുട്ടികളാവണമല്ലോ നായികമാര്‍!) പ്രധാന പ്രേമേയത്തിലേക്കെത്തുന്നതുവരെയുള്ള സീനുകളൊക്കെയും പഴയ സത്യന്‍ സിനിമകളുടെ പ്രേക്ഷകനു ഊഹിക്കാനാവുന്നതുമാണ്. അതൊക്കെ സിനിമയ്ക്ക് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നുമില്ല. ഒരു കൌമാരക്കാരന്‍ അജയന്റെ ജീവിതത്തില്‍ മകനെന്ന അവകാശവാദവുമായി കടന്നു വരുന്നുവെങ്കിലും അജയന്റെ അമ്മക്കോ കാമുകിയെന്ന് പറയാവുന്ന (നായിക എന്താണെന്നോ എന്തിനുവേണ്ടിയാണേന്നോ സംവിധായകനും നിശ്ചയമില്ല) നാട്ടുകാര്‍ക്കോ ഒന്നും ഒരു പ്രശ്നമല്ല എന്നു മാത്രമല്ല പലരും അവനെ സ്നേഹിക്കുന്നുമുണ്ട്. അജയന്റെ യൌവ്വന കാലത്തെ കൈപ്പിഴയാണെങ്കില്‍ പോലും അതൊരു തെറ്റല്ല എന്നും നായികയും പറയുന്നുമുണ്ട്. ഈ പയ്യന്‍ വീട്ടിലോ ഗ്രാമത്തിലോ അജയന്റെ ജീവിതത്തിലോ ഒരു പ്രശ്നവും സൃഷ്ടിക്കുന്നുമില്ല അതിനപ്പുറം അജയനെ വല്ലാതെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുമുണ്ട്. പേരക്കുട്ടിയായി അവനെ അജയന്റെ അമ്മയും കരുതുന്നുമുണ്ട്. പിന്നെയെന്തിനാണ് അവന്റെ പൂര്‍വ്വജീവിതം തിരഞ്ഞ് അജയന്‍ ചെന്നെയിലേക്ക് പോകുന്നത് എന്ന് പ്രേക്ഷകന്‍ ചോദിച്ചാല്‍ അതിനുത്തരമില്ല. ( അജയന്റെ പ്രശ്നങ്ങളെ - അങ്ങിനെ ഉണ്ടേങ്കില്‍ - പ്രേക്ഷകനു കിട്ടത്തക്കവണ്ണം തിരനാടകമെഴുതി ദൃശ്യവല്‍ക്കരിക്കാന്‍ സംവിധായകനു സാധിച്ചിട്ടില്ല എന്നതാണു സത്യം) ഒടുവില്‍ സത്യമറിയുമ്പോഴുള്ള ക്ലൈമാക്സ് സീനാകട്ടെ മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയാവുന്നത്രയും ദുര്‍ബലവും.

വേണുവിന്റെ ക്യാമറ സംവിധായകന്റെ മനസ്സറിഞ്ഞെന്നവണ്ണം പാലക്കാടന്‍ ഭംഗി നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ രചനകള്‍ക്ക് ഇളയരാജയുടേ സംഗീതം മുന്‍പത്തേക്കാളും മോശമായി എന്നേ പറയുവാനുള്ളു. ഓര്‍ത്തുവെക്കാവുന്ന, മൂളി നടക്കാവുന്ന രണ്ടുവരിയെങ്കിലും ഒരുക്കാന്‍ ഇളയരാജക്കായിട്ടില്ല. അദ്ദേഹം തന്നെയൊരുക്കിയ പശ്ച്ചാത്തല സംഗീതം പലയിടത്തും ചിത്രത്തിനൊത്തു പോകുന്നുവെങ്കിലും മറ്റു സ്ഥലങ്ങളില്‍ അരോചകമാണ് (ഉദാ:- ആനയിടഞ്ഞു എന്നറിഞ്ഞ് മോഹന്‍ലാല്‍ കാട്ടിലൂടെ കാര്‍ത്തികിനെ അന്വേഷിക്കുന്ന സീന്‍) ജോസഫ് നെല്ലികലിന്റെ കലാസംവിധാനവും കെ.രാജഗോപാലിന്റെ എഡിറ്റിങ്ങും സിനിമക്കിണങ്ങുന്നവതന്നെ. പാണ്ഡ്യനൊരുക്കിയ ചമയവും എസ്.ബി സതീശന്റെ വസ്ത്രാലങ്കാരവും എടുത്തുപറയാന്‍ തക്കതൊന്നുമില്ല. (എല്ലാ മാസവും ഒന്നാം തിയ്യതി മുടങ്ങാതെ ഗുരുവായൂരപ്പനെ തൊഴാന്‍ പോകുന്ന മേനോത്തിയായതുകൊണ്ടാവും അമ്മുക്കുട്ടിയമ്മ പശുവിനുള്ള പരുത്തിക്കുരുവരക്കുമ്പോഴും പശുവിനെ കുളിപ്പിക്കുമ്പോഴും ഉലയാത്ത സെറ്റുമുണ്ടുടുത്തിരിക്കുന്നത്. )

അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെ മികച്ചത് എന്ന് പറയേണ്ടിവരും. പഴയ മോഹന്‍ലാലിന്റെ സ്വാഭിവികാഭിനയത്തിന്റെ ഏഴയലത്ത് വരുന്നില്ലെങ്കിലും അഭിനയ സമ്പന്നനായ ഒരു നടനെന്ന നിലയില്‍ കഥാപാത്രത്തിന്റെ പെരുമാറ്റ രീതികള്‍ ലാല്‍ അനായാസം ആടിത്തീര്‍ത്തിട്ടുണ്ട് പലയിടങ്ങളിലും; അതിനപ്പുറം ആടാന്‍ രംഗവേദി ഒരുക്കാത്തത് സംവിധായകന്റെ കുഴപ്പം. എങ്കിലും മോഹന്‍ലാലും അമ്മയായ ഷീലയും തമ്മിലുള്ള രംഗങ്ങളെല്ലാം അരോചകമാക്കുവാനും സംവിധായകന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. (അമ്മയും മകനും തമ്മില്‍ വലിയ പ്രായ വിത്യാസമില്ലല്ലോ എന്ന് പ്രേക്ഷക്ന്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല) ഈ പ്രകടനങ്ങളെല്ലാം കൃത്രിമമായി പ്രേക്ഷകനു അനുഭവപ്പെടുന്നുമുണ്ട്. പുതുമുഖമായ രാഹുല്‍ പിള്ളയുടേ കാര്‍ത്തിക് ചിലയിടങ്ങളില്‍ ഇത്തിരി കല്ലുകടിപ്പിച്ചെങ്കിലും ആ വേഷം ശരിക്കും ഇണങ്ങുന്നതായി തോന്നിപ്പിച്ചു. ഇന്നസെന്റിനും ലളിതക്കും എന്നും ആടുന്ന വേഷം തന്നെ. ബിജുമേനോന്റെ എസ് ഐ ബാലചന്ദ്രന്‍ രസാവഹമായിട്ടുണ്ട് . ബാലന്റെ ഭാര്യയായി എത്തുന്ന ലെനയും. കലിംഗ ശശിയും മറ്റു താരങ്ങളും കുഴപ്പമില്ലാതെ പെര്‍ഫോം നടത്തിയിട്ടൂണ്ട്. സംവിധായകന്‍ രഞ്ജിത്ത് ‘പാലേരി മാണിക്യ‘ത്തില്‍ കൊണ്ടുവന്ന നാടക നടന്മാരെ ഈ ചിത്രത്തില്‍ സംവിധായകന്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടൂണ്ട്. ഇന്നസെന്റും ലളിതയും കലിംഗ ശശിയുമൊഴിച്ചാല്‍ ചിത്രത്തിനു ഒരേയൊരു ഫ്രെഷ്നെസ്സ് നല്‍കുന്നത് ഈ നാടക അഭിനേതാക്കളുടേ സാന്നിദ്ധ്യമാണ്. എങ്കിലും വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരിക്കലും മാറാത്ത അഭിനയ ശൈലിയുമായി ഷീലയുടേ അമ്മുക്കുട്ടിയമ്മ ചിത്രത്തില്‍ ഉടനീളമുണ്ടല്ലോ!

മുന്‍പ് കാണാത്തതായി ഇതിലൊന്നുമില്ല എന്ന് തോന്നിപ്പിക്കുമെങ്കിലും സത്യന്‍ അന്തിക്കാടീന്റെ ഈ പഴങ്കഞ്ഞിയും സൂപ്പര്‍ ഹിറ്റാവുമെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സീരിയല്‍ കാണാന്‍ മറ്റെന്തും മാറ്റി വെക്കുന്നവരും റിയാലിറ്റി ഷോക്ക് എസ് എം എസ് അയക്കുന്നവരും ധനാകര്‍ഷണ ഭൈരവ യന്ത്രത്തിനും, ഏലസ്സിനും കുബേരകുഞ്ചിക്കും വേണ്ടിയുമൊക്കെ ക്യൂ നില്‍ക്കുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്...ഈ മലയാളി ഇടങ്ങളില്‍ നൊസ്റ്റാള്‍ജിയ അരച്ചു കലക്കിയ ഈ പഴംകഞ്ഞി കുടിക്കാനും ഇഷ്ടം പോലെ ആളുണ്ടാവും, സ്നേഹ വീട് അതുകൊണ്ട് തന്നെ മിനിമം അമ്പത് ദിവസമെങ്കിലും ഓടും. കാരണം ആ ജന്മങ്ങള്‍ക്ക് വേണ്ടിയുള്ള അരപ്പുകളൊക്കെ ഈ പഴങ്കഞ്ഞിയില്‍ കലക്കിയിട്ടുണ്ട്. ചെന്നെടുത്ത് ആവോളം മോന്തിയാല്‍ മാത്രം മതി!


വാല്‍ക്കഷണം : ഈ സംവിധായകന്‍ എന്തിനാണാവോ ഈ സിനിമക്ക് ‘സ്നേഹ വീട്’ എന്ന അറപ്പിക്കുന്ന പൈങ്കിളി പേരിട്ടത് എന്ന് ആലോചിച്ചിരുന്നു. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോള്‍ സംവിധായകന്റെ തീരുമാനം വളരെ ശരിയാണെന്ന് മനസ്സിലായി. ;)