മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, August 30, 2011

തേജാ ഭായ് & ഫാമിലി - റിവ്യൂ


തുറന്ന പെരുമാറ്റ രീതികൊണ്ടും പരാമര്‍ശങ്ങള്‍ കൊണ്ടും ഏറെ മാധ്യമ ശ്രദ്ധ നേടിയ മലയാള സിനിമാ നടനാണ് പൃഥീരാജ്. കുറഞ്ഞ വര്‍ഷങ്ങളുടെ ചുരുങ്ങിയ കരിയറില്‍ പൃഥീരാജിനു സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും വിരലിലെണ്ണാവുന്നതേയുള്ളു. (അതില്‍ ഒറ്റക്ക് വിജയിപ്പിച്ചത് ഏറെയുമില്ല) എങ്കിലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മറ്റൊരു സൂപ്പര്‍ താരമായും മലയാളത്തിന്റെ യൂത്ത് ഐക്കണുമായി വിശേഷിക്കപ്പെടാന്‍ അന്തരിച്ച സിനിമാ നടന്‍ സുകുമാരന്റെ രണ്ടാമത്തെ മകനു കഴിഞ്ഞു. ആരേയും വേദനിപ്പിക്കാതെ തൃപ്തിപ്പെടുത്തുന്ന ഡിപ്ലോമാറ്റിക്ക് ഡയലോഗുകള്‍കൊണ്ട് കാണുന്നവനു നാണം തോന്നിപ്പിക്കുവയായിരുന്നു മലയാളത്തിലിന്നുവരെ ഒരോ സിനിമാ സെലിബ്രിറ്റിയുടേയും അഭിമുഖങ്ങള്‍. അതില്‍ നിന്നും വ്യത്യസ്ഥമായി സത്യസന്ധവും തനിക്ക് ശരിയെന്നു തോന്നുന്നതും തുറന്നു പറയാനുമുള്ള ചങ്കൂറ്റം കാണിച്ചത് പൃഥീരാജായിരുന്നു എന്ന് നിസംശയം പറയാം. മാത്രമല്ല തനിക്ക് ഒരു കാഴ്ചപ്പാടുണ്ടെന്നും തന്റെ വീക്ഷണങ്ങള്‍ തുറന്നു പറയുമെന്നു പ്രേക്ഷകനെ ബോധ്യപ്പെടുത്താനും പൃഥിക്കു കഴിഞ്ഞു. പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി പറഞ്ഞതു പലതും വിഴുങ്ങേണ്ട അവസ്ഥയിലേക്ക് പൃഥീ എത്തിയോ എന്നു പ്രേക്ഷകന്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച പൃഥിയും കുറച്ചു കാലമായി ചെയ്തു പോരുന്നതും അതേ വഴി തന്നെ. നല്ല സിനിമയുടെ വീട്ടിലേക്കല്ല..മറിച്ച് താരപൊലിമയുടെ, താര പദവിയുടെ മിന്നും കൊട്ടാരത്തിലേക്കുള്ള എളുപ്പ വഴിയിലാണ്‍ പൃഥിയും. പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ എളുപ്പ വഴികളുടെ ഉദാഹരണങ്ങളായിരുന്നു. അതിന്റെ അവസാന ഉദാഹരണമാണ് 2011 ലെ ഓണത്തിനു വേണ്ടി ഒരുക്കിയെടുത്ത ആഗസ്റ്റ് 30 നു റിലീസായ “തേജാഭായ് & ഫാമിലി”

അനന്താവിഷനു വേണ്ടി പി. കെ മുരളീധരനും ശാന്താമുരളിയും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് “ക്രേസി ഗോപാലന്‍“ എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത ദീപു കരുണാകരനാണ്. ക്യാമറ ചലിപ്പിച്ചത് ഷാംദത്ത് എസ് എസ്. മുഖ്യതാരങ്ങളായി പൃഥീരാജിനു പുറമേ, മുന്‍ ടിവി അവതാരികയും കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലെ നായിക അഖിലയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, തമിഴ് നടന്‍ സുമന്‍, എന്നിങ്ങനെ പോകുന്നു താര നിര.

തന്റെ വിവാഹത്തിനു ശേഷം റിലീസ് ചെയ്യുന്ന കൊമേഴ്സ്യല്‍ സിനിമ എന്നൊരു പ്രത്യേകതയും പൃഥീക്കുണ്ട് (ഇതിനിടയില്‍ വീട്ടിലേക്കുള്ള വഴി എന്ന ഡോ. ബിജു ചിത്രവും റിലീസായി, പക്ഷേ, വിരലിലെണ്ണാവുന്ന തിയ്യറ്ററുകളില്‍.) വിവാദങ്ങളുടേ തോഴനായ പൃഥിയുടേ ഈ ചിത്രം ഏറെ പ്രതീക്ഷയോടേയാണ്‍ റിലീസ് ചെയ്തത്. പക്ഷെ പൃഥിയുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പും തെറ്റായിരുന്നു എന്ന് അണുവിടക്ക് വ്യത്യാസമില്ലാതെ തെളിയിക്കുന്നതായി ഈ പുതിയ ചിത്രം.

2011 ലെ ഓണചിത്രങ്ങളിലെ ആദ്യ ചിത്രമായ പൃഥീരാജ് നായകനായ “തേജാഭായി & ഫാമിലി” ഒരു ഫാമിലി കോമഡി ആക്ഷന്‍ ചിത്രമായിരിക്കും എന്നായിരുന്നു പ്രീ പ്രൊമോഷന്‍ വാര്‍ത്തകള്‍. പക്ഷെ ഇതുപോലൊരു “സമ്പൂര്‍ണ്ണ കോമഡി“യായിരിക്കും എന്ന് ഒരു പ്രേക്ഷകനും കരുതിക്കാണില്ല.


പ്ലോട്ട് : മലേഷ്യാ നഗരത്തെ അടക്കി വാഴുന്ന അധോലോക നേതാവ് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, മകളുടെ ഭര്‍ത്താവായി വരുന്ന വ്യക്തിയെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറീച്ചുമൊക്കെ ചില നിര്‍ബന്ധങ്ങളുള്ള പെണ്‍കുട്ടിയുടേ അച്ഛന്റെ മുന്നില്‍ തന്റെ അധോലോക ബന്ധങ്ങളെ മറച്ച് വെച്ച് വലിയൊരു കുടുംബമുള്ള നല്ല വ്യക്തിയാണെന്ന് കാണിക്കാന്‍ അധോലോക നേതാവ് നടത്തുന്ന ശ്രമങ്ങള്‍.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിവരങ്ങളും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


സംവിധായകന്‍ കൂടിയായ ദീപു കരുണാകരനാണ് ഇതിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ലോജിക്കിന്റെ ഏഴയലത്തുപോയിട്ടില്ല ഈ ‘സൃഷ്ടി’ എന്നതു പോട്ടെ. കോമഡിക്കു വേണ്ടി ഒരുക്കിയ രംഗങ്ങള്‍ പലതും കണ്ട് പ്രേക്ഷകന്‍ തിയ്യറ്ററിലിരുന്നു കൂവുന്ന അവസ്ഥ വരെയുണ്ടായി എന്നു പറയുമ്പോള്‍ ഈസിനിമയുടെ രചനാ ഗുണം വായനക്കാരനു ഊഹിക്കാം. സുരാജ് വെഞ്ഞാറമൂട് കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കണ്ട് പേടിച്ച് നിലവിളിക്കുന്നതും, കോമഡി താരങ്ങള്‍ പരസ്പരം അടുക്കള പാത്രം (കലം) തലയിലിടുന്നതും വടിയെടുത്ത് അടിക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന മറ്റൊരുത്തന്റെ ദേഹത്ത് കൊള്ളുന്നതും, ഒരാളുടെ കരണത്തടിക്കുമ്പൊള്‍ തൊട്ടടുത്ത് നില്‍ക്കുന്നവന്റെ കരണത്ത് കൊള്ളുന്നതും അയാള്‍ തിരിച്ചടിക്കുന്നതുമൊക്കെ ഇതിലും ഒന്നല്ല ഒമ്പതുവട്ടമെങ്കിലൂം ആവര്‍ത്തിച്ചിട്ടുണ്ട്. മലേഷ്യയിലെ ബിസിനെസ്സ് മാഗ്നറ്റായ കഥാപാത്രം തിരോന്തരം ഭാഷ സംസാരിക്കുന്ന ഒരു ഫ്രോഡ് യോഗ സ്വാമിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതും, സാമൂഹ്യപ്രവര്‍ത്തകയായ നായിക മരമണ്ടത്തരങ്ങള്‍ ചെയ്യുന്നതുമൊക്കെ നമ്മള്‍ കാണുകയല്ല, തിയ്യറ്ററിലിരുന്ന സഹിക്കാന്‍ വിധിക്കപ്പെടുകയാണ്. ഈ സിനിമയില്‍ കഥയോ കഥാ സന്ദര്‍ഭങ്ങളോ ഫ്ലാറ്റ് ഫോമില്‍ ഉറച്ച് നില്‍ക്കുന്ന കഥാപാത്രങ്ങളോ ഇല്ല. സംവിധാനമികവ് എന്ന് പറയാന്‍ ഒന്നും ഇതില്‍ ദീപു കരുണാകരന്‍ അവശേഷിപ്പിച്ചിട്ടില്ല. ദീപുവിന്റെ ആദ്യചിത്രം ക്രേസി ഗോപാലന്‍ ഇതിലുമെത്രയോ ഭേദമായിരുന്നു.

ക്യാമറാമാന്‍ ഷാംദത്ത് ഒരുക്കിയ ദൃശ്യങ്ങള്‍ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് മലേഷ്യയിലെ തേജായുടെ അധോലോക ബന്ധങ്ങളുടെ ദൃശ്യവല്‍ക്കരണം. സിനിമയുടെ തുടക്കത്തില്‍ വരുന്ന ഈ ചിത്രീകരണം ഇതിനെ മികച്ചൊരു ദൃശ്യവിസ്മയമാകും എന്നൊരു പ്രതീതിയുളവാക്കുമെങ്കിലും അതിനുശേഷം സിനിമ മൂന്നാംകിട കോമഡീ ചിത്രത്തേക്കാളും നിലവാരത്തകര്‍ച്ചയിലായി. അടുത്തുകാലത്ത് ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ വന്ന, നായകന്റെ ഫാന്‍സിനേയും സാധാരണ പ്രേക്ഷകനേയും ത്രില്‍ ചെയ്യിക്കുന്ന മികച്ചൊരു ഹീറോ ഇന്‍ഡ്രൊക്ഷനാണ് തേജാഭായിയില്‍ പൃഥീരാജിന്റേത്. ക്യാമറമാന്‍ ഷാംദത്തും എഡിറ്റര്‍ മനോജും ആ ഒരു സ്വീക്കന്‍സില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മുന്‍പ് സംസ്ഥാന അവാര്‍ഡു നേടിയ കലാസംവിധായകന്‍ ഗോകുല്‍ദാസാണ് ഇതിന്റെ കലാ സംവിധാനം. മികവു കാണിക്കാന്‍ മാത്രം കലാസംവിധാനമൊരുക്കാന്‍ തക്കതൊന്നും ഗോകുലിനു ഈ ചിത്രത്തിലില്ല. മലേഷ്യ നഗരത്തിലെ അധോലോകത്തിന്റെ ചടുല ദൃശ്യങ്ങളും നാട്ടിലെ ഫാസ്റ്റ് കോമഡീ സീനുകളുമൊക്കെ വേണ്ടവിധത്തില്‍ എഡിറ്റ് ചെയ്ത എഡിറ്റര്‍ മനോജും പശ്ച്ചാത്തലസംഗീതമൊരുക്കിയ ദീപക് ദേവുമൊന്നും ഒരു കമേഴ്സ്യല്‍ സിനിമക്കു വേണ്ട ചേരുവകളൊരുക്കുന്നതില്‍ മോശമായിട്ടില്ല പക്ഷെ, നൂല് പൊട്ടിയ പട്ടം കണക്കേ നിലയില്ലാതലയുന്ന ഒരു സിനിമക്ക് ഇവരുടേ സംഭാവനകളൊന്നും ഫലവത്താകുന്നില്ല എന്നതാണ് ശരി.

മലേഷ്യയിലെ അധോലോക നേതാവ് തേജയും നാട്ടിലെ റോഷന്‍ വര്‍മ്മയായും പ്രഥീരാജിനു തുടക്കം മുതലേ കോമഡി ക്യാരക്ടര്‍ തന്നെയാണ്. നടന്‍ ജയറാം മുതല്‍ പലരേയും ഓര്‍മ്മിപ്പിക്കുന്നുണ്ട് പൃഥിയുടെ പ്രകടനം.മസില്‍ പെരുപ്പിക്കലല്ല അഭിനയം എന്നു തിരിച്ചറിഞ്ഞതിനു പൃഥിയോട് നന്ദിയുണ്ട് പക്ഷെ, കോമഡി ചെയ്തു ഫലിപ്പിക്കാന്‍ വേണ്ടിയെങ്കിലും അച്ഛന്‍ സുകുമാരന്‍ പണ്ട് ചെയ്ത ചില ഹാസ്യ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഒരു റെഫറന്‍സായെങ്കിലും കാണുന്നത് പൃഥിക്ക് ഇനിയും ഗുണമേ ചെയ്യു. നായിക വേദികയായിവരുന്ന അഖില വളരെ മോശം പ്രകടനമാണ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു ഹീറോ ഓറിയന്റ് ഫാന്‍സ് പടത്തില്‍ നായികക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കില്‍ പോലും ഡയലോഗ് പ്രസന്റേഷനിലും എക്സ്പ്രെഷന്‍സിലും അഖില വളരെ മോശമായിപ്പോയി ( അവസാന രംഗങ്ങളിലെ അഖിലയുടെ പ്രകടനത്തിനു തിയ്യറ്റര്‍ ഒന്നടങ്കം കൂവിയെന്നു പറഞ്ഞാല്‍ ബാക്കി ഊഹിക്കാം) കോമഡികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട സലിം കുമാര്‍ - കൃഷ്ണപ്രഭ, ജഗതി-ബിന്ദുപണിക്കര്‍, കൊച്ചു പ്രേമന്‍ - കുളപ്പുള്ളി ലീല, എന്നീ ജോഡികളും ഇന്ദ്രന്‍സുമെല്ലാം പതിവു പ്രകടനങ്ങളോടെ ചിത്രത്തിന്റെ ‘നിലവാരം’ കാത്തു സൂക്ഷിക്കുന്നു. സിനിമയില്‍ പൃഥിരാജിന്റെ തേജയോളം തന്നെ സീനുകളില്‍ വരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ യോഗസ്വാമി നടത്തുന്ന കോമഡികളാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. സിനിമയെ മൊത്തത്തിലും മറ്റു കോമഡിതാരങ്ങളുടെ പ്രകടനങ്ങളും താരതമ്യം ചെയ്തു നോക്കിയാല്‍ ഭേദം സുരാജ് തന്നെയാണെന്നേ തോന്നു. (അതോ സുരാജിനെ ഇങ്ങിനെ കണ്ട് കണ്ട് നമ്മളൊക്കെ അങ്ങിനെയായതാണോ?)

# സിനിമയുടെ ആദ്യത്തില്‍ തേജാ വേദികയുടെ പുറകേ നടന്ന് പ്രണയം അറിയിക്കുന്നൊരു ഗാന രംഗമുണ്ട്. പൃഥിരാജ് തന്നെ മുന്‍പ് അഭിനയിച്ച ‘മൊഴി’ എന്ന തമിഴ് സിനിമയിലെ (പ്രകാശ് രാജ് & ജ്യോതിക) ഒരു ഗാനരംഗത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഗാനരംഗം.

# ഫുള്‍ മേക്കപ്പിലും ലേറ്റസ്റ്റ് മോഡല്‍ കോസ്റ്റ്യൂംസിലും തെരുവിലേക്കിറങ്ങി ചാരിറ്റി ഓര്‍ഗനൈസേഷന്റെ ലീഫ്ലെറ്റുകള്‍ വിതരണം ചെയ്യുന്നതാന് സാമൂഹ്യപ്രവര്‍ത്തനമെങ്കില്‍ ഇതിലെ നായിക വലിയൊരു സാമൂഹ്യപ്രവര്‍ത്തകയാണ്‍.

# മലയാള സിനിമയില്‍ നായികയോ നായകന്റെ അനുജത്തിയോ (ഇനി അമ്മയുമാകട്ടെ) അവര്‍ എത്ര വിദ്യാഭ്യാസമുള്ളവരായാലും, ഉന്നത പദവിയിലായാലും എന്തൊക്കെ യോഗ്യതയുണ്ടായാലും ജീനിയസ്സായാലും (നായകനു വേണ്ടി) “മഹാ മന്ദബുദ്ധി“കളായിരിക്കും. തേജാഭായിയിലെ ബിസിനസ്സ് മാഗ്നെറ്റിന്റെ മകള്‍ സാമൂഹ്യപ്രവര്‍ത്തകയായ വേദികയും തഥൈവ!

# പഴയ നടി ഷക്കീല അഭിനയപ്രാധാന്യമുള്ളൊരു വേഷത്തില്‍ ഈ ചിത്രത്തിലഭിനയിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു ഷൂട്ടിങ്ങ് റിപ്പോര്‍ട്ടുകളില്‍. ഒരൊറ്റ സീനില്‍ ഷക്കീല വന്നു പോകുന്നുമുണ്ട്. അതെന്തിനായിരുന്നു എന്നത് ഇനി എന്നെങ്കിലും ദീപു കരുണാകരനെ കാണാന്‍ സാധിച്ചാല്‍ ചോദിക്കണം !

അവസാനമായി ഇതിന്റെ നിര്‍മ്മാതക്കളോടും സംവിധായകനോടും നായക സഹ താരങ്ങളോടൂം താരമാതാവിനോടും ഒരു അഭ്യര്‍ത്ഥന. എന്തു സഹിച്ചാട്ടായാലും നിങ്ങള്‍ ഈ ചിത്രം തിയ്യറ്ററില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഒന്നു കാണണം. കോടികള്‍ മുടക്കി നിങ്ങള്‍ ചെയ്തു വെച്ചിരിക്കുന്നത് എന്തിനെന്നറിയാന്‍, അഭിമുഖങ്ങളില്‍ തുറന്നടിക്കുന്ന യൂത്ത് ഐക്കന്‍ എന്ന വിശേഷമുള്ള നായകന്‍ എന്ത് വേഷമാണ് ചെയ്തു വെച്ചിരിക്കുനന്ത് എന്ന് മനസ്സിലാക്കാന്‍, എന്തൊക്കെ പൊട്ടത്തരങ്ങളാണ് എഴുതി വെച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതും എന്ന് മനസ്സിലാക്കാന്‍. അതിനൊക്കെപ്പുറമേ ഈ ‘ജങ്ക് സിനിമ‘യോട് ജനം എങ്ങിനെ തിയ്യറ്ററില്‍ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍. അതു മനസ്സിലാക്കാനെങ്കിലും നിങ്ങള്‍ ഈ സിനിമ തിയ്യറ്ററില്‍ കാണുകായാണേങ്കില്‍ മറ്റൊരു താരത്തിന്റെ ഡേറ്റിനു വേണ്ടി കോടികള്‍ മുടക്കുന്നതിനു മുന്‍പും അടുത്ത നായകനുവേണ്ടി കാള്‍ഷീറ്റ് കൊടുക്കുന്നതിനു മുന്‍പും, പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നതിനു മുന്‍പും മകനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരെയെങ്കിലും സൈബര്‍ സെല്ലിനെക്കൊണ്ടു അറസ്റ്റുചെയ്യിക്കുന്നതിനു മുന്‍പും നിങ്ങള്‍ക്കൊക്കെ ഒരു വീണ്ടു വിചാരമുണ്ടാക്കും. ആ വീണ്ടുവിചാരം നിങ്ങളെക്കൊണ്ട് എന്തെങ്കിലും നല്ല തീരുമാനമുണ്ടാക്കുമെങ്കില്‍ മലയാള്‍ സിനിമയും പ്രേക്ഷകനും രക്ഷപ്പെടും.

വാല്‍ക്കഷണം : പണ്ട് കോളേജ് പഠനകാലത്ത് സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റാവാന്‍ മോഹിച്ചു നടന്ന പയ്യനായിരുന്നു ഈ ദീപു കരുണാകരന്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രിയദര്‍ശന്റെ പഴയ സിനിമകള്‍ കണ്ട് തോന്നിയ മോഹമായിരിക്കണം ചിലപ്പോളത്. എന്തായാലും ‘പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, മഴ പെയ്യുന്നു..., തുടങ്ങി പ്രിയന്റെ ആദ്യകാല ചിത്രങ്ങളുടെ ഹാങ്ങോവര്‍ തീരെ വിട്ടുമാറാത്തത് കൊണ്ടാവും ദീപു അത്തരം സിനിമകളുടെ അതേ ഫോര്‍മാറ്റില്‍ തന്നെ ഈ തേജാഭായിയെ ഒരുക്കിയത്. പ്രിയദര്‍ശനെങ്കിലും അതില്‍ നിന്നൊക്കെ മാറി ദേശീയ അവാര്‍ഡ് വാങ്ങാന്‍ തക്ക നിലവാരമുള്ള പടങ്ങള്‍ ചെയ്തു തുടങ്ങിയത് അറിഞ്ഞില്ലേ ദീപു മോനെ?

19 comments:

NANZ said...

നല്ല സിനിമയുടെ വീട്ടിലേക്കല്ല..മറിച്ച് താരപൊലിമയുടെ, താര പദവിയുടെ മിന്നും കൊട്ടാരത്തിലേക്കുള്ള എളുപ്പ വഴിയിലാണ്‍ പൃഥിയും. പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ എളുപ്പ വഴികളുടെ ഉദാഹരണങ്ങളായിരുന്നു. അതിന്റെ അവസാന ഉദാഹരണമാണ് 2011 ലെ ഓണത്തിനു വേണ്ടി ഒരുക്കിയെടുത്ത ആഗസ്റ്റ് 30 നു റിലീസായ “തേജാഭായ് & ഫാമിലി”

ഓണച്ചിത്രമായ തേജാഭായിയുടെ വിശേഷങ്ങളുമായി....

Haree said...

പ്രിഥ്വിരാജാണോ പൃഥ്വിരാജാണോ എന്നേ ഇന്നലെ വരെ സംശയമുണ്ടായിരുന്നുള്ളൂ, ഇതു വായിച്ചപ്പോള്‍ അതിലേക്ക് പൃഥിരാജും കൂടിയായി! (വേണമെങ്കില്‍ പ്രിഥിരാജെന്നൊരു ഓപ്ഷനും കൂടിയുണ്ട്.) ശരിക്കും എങ്ങിനെയാണ്‌ അദ്ദേഹത്തിന്റെ പേര്‌ എഴുതേണ്ടത്?

സത്യം പറയാവല്ലോ; അഖിലയും തലൈവാസല്‍ വിജയും സുമനുമൊക്കെ സഹിക്കാമെന്നാണ്‌ തോന്നിയത്; ഇത്രയും നാള്‍ അഭിനയിച്ചുകൊണ്ടിരുന്ന അശോകനൊക്കെ കാണിച്ചത് വെച്ച് നോക്കുമ്പോള്‍ പ്രത്യേകിച്ചും. :)

NANZ said...

തലൈവാസല്‍ വിജയും സുമനും ബോറഡിപ്പിച്ചില്ല എന്നു വേണമെങ്കില്‍ പറയാം. പക്ഷെ അഖില ആദ്യം മുതലേ ബിലോ ആവറേജാണ്. എവിടെയെങ്കിലും ഒരു പ്രതീക്ഷ തരുന്നില്ല. ക്ലൈമാക്സ് സീനില്‍ ഈ മൂന്നു പേരും വളരെ മോശമാകുകയും ചെയ്തു. സുമനെ നോക്കി ‘യൂ ബാസ്റ്റാര്‍ഡ്’ എന്നു വിളിക്കുമ്പോള്‍ സുമന്റെ പ്രതികരണത്തിനു (നിര്‍വ്വികാരമുഖത്തിന്റെ ക്ലോസപ്പ്) തിയ്യറ്ററില്‍ കൂവലായിരുന്നു.

പൃഥ്വീ(?)രാജിന്റെ മലയാളം മാത്രമല്ല ഇംഗ്ലീഷും എനിക്ക് സംശയമാണ്. (ഇനി ഓണ്‍ലൈന്‍ സ്പേസില്‍ പേര് തെറ്റിച്ചെഴുതിയതിനു സൈബര്‍ സെല്ലില്‍ കേസു കൊടുക്കുമോ ആവോ?) ;)

പഞ്ചാരകുട്ടന്‍ -malarvadiclub said...

അപ്പോള്‍ എല്ലാം മനസ്സിലായി..........അതുകൊണ്ട് തീയറ്ററില്‍ പോയി കാണുന്നില്ല.Remix ഗാനം കലക്കി.ഈ പടവും പൊട്ടി അല്ലേ

Kiranz..!! said...

എന്തൊരു ദുർവ്വിധിയാണിത് :) അല്ല ഓണം എന്നാൽ ഇങ്ങനെയൊക്കെത്തന്നെ വേണമെന്ന് സിനിമാക്കാരും തീരുമാനിച്ചാൽ പിന്നെ പ്രത്യേകിച്ച് കാര്യമില്ല..ദീപു ഒരു പഴയ സഹപ്രവർത്തകനായിരുന്നു.പൊങ്ങിവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു :(

karimeen/കരിമീന്‍ said...

പൃഥ്വിരാജ്- എന്നതാണ് ശരിയായ മലയാള പദം. പൃഥ്വി എന്നാല്‍ ഭൂമി, ഭൂമിയുടെ അധിപന്‍ എന്ന് അര്‍ത്ഥം. പൃഥ്വി എന്നവാക്കിന് പെരുംങ്കായം എന്നും അര്‍ത്ഥമുണ്ട്. പെരുംങ്കായത്തിന്റെ രാജാവ് എന്നും വിളിക്കാം.

Anonymous said...

ഇവനെ നായകനാക്കി ചിത്രമെടുക്കാന്‍ സുബോധമുള്ള ആരെങ്കിലും തുനിയുമോ.
ഇന്ദ്രജിത് എത്രയോ നല്ല നടന്‍,ആ പാവത്തിനു അവസരവും കുറവ്.കഷ്ടം.

Arjun Bhaskaran said...

മം ഭാവിയില്‍ എങ്കിലും നല്ലബുദ്ധി ഉദിക്കും എന്ന് കരുതാം

എതിരന്‍ കതിരവന്‍ said...

പൃഥിരാജ് അത്ര മോശം നടനൊന്നുമല്ല. പക്ഷേ തല ഉള്ളിലായ കലത്തിന്മ്മേൽ അടിയ്ക്കുന്നതൊക്കെയാണ് കോമെഡി എന്ന് ഇപ്പോഴും വിശ്വസിക്കുന്ന സംവിധായകന്റെ കയ്യിൽ അകപ്പെട്ടാൽ ഇങ്ങനെ ഇരിക്കും. (ആ കലത്തിൽ തല ആയിപ്പോയത് പൃഥിരാജിന്റെ അല്ലെ? He deserves that beating)

പാച്ചു said...

എതിരവൻ‌ജിയുടെ കമന്റിനു ലൈക്ക്.

ഒരാൾ ഒന്നു വീണാലും എഴുന്നേല്‍പ്പിക്കാൻ മറ്റുള്ളോരുടെ സഹായം വേണ്ട ഒരു ഫീൽഡാണു സിനിമ. അവിടെ ചുറ്റുമുള്ളവരേയും നാട്ടാരേയും തരം കിട്ടുമ്പോൾ ഒക്കെ വെറുപ്പിക്കുന്ന പൃഥ്വിരാജ് എന്ന നടൻ ഇനിയും ധാരാളം പഠിക്കേണ്ടിയിരിക്കുന്നു - അഭിനയം മാത്രമല്ല ഒരാളെ താരമാക്കുന്നതെന്നു. ഫിലിം/ടെക്ക്നിക്കൽ ക്രൂ സെലക്ഷനും, പൊതു വേദികളിലെ പെരുമാറ്റവും ഒക്കെ ഒരു താരത്തിനു താങ്ങ് ആണെന്നു. അഭിനയിച്ച പടങ്ങൾക്കായി ചാനലുകൾ തോറും നടന്നു അഭിമുഖം കൊടുത്താൽ എല്ലാമാവുമോ, പടങ്ങൾ എല്ലാം വിജയിക്കുമോ?

Rakesh KN / Vandipranthan said...

ha ha ha.. cash poyalle :P

വിബിച്ചായന്‍ said...

പൃഥിരാജ് നല്ലയിട്ടു അഭിനയിക്കുന്ന പടവും കോഴിക്ക് മുലയും ഒരേ ദിവസം വരും.... (ഇങ്ങനെ പറഞ്ഞോണ്ട് ഒരു മുന്‍‌കൂര്‍ ജാമ്യം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്..)

Anonymous said...

മലയാള ചലച്ചിത്ര പ്രേക്ഷകര്‍ വെറും മന്ദബുദ്ധികളാണെന്ന് കരുതുന്ന നടനും സംവിധായകനും തേജാബായ് എന്ന ചിത്രംകൊണ്ട് നമ്മുടെ ഓണം കുളമാക്കനുള്ള പുറപ്പാടാണു. ഈ സിനിമ കാണുന്ന കാശ് വല്ല നേര്‍ച്ചപ്പെട്ടിയിലും ഇട്ടാല്‍ ആ മാനസിക സംതൃപ്തിയെങ്കിലും കിട്ടും!!!

ചെലക്കാണ്ട് പോടാ said...

അത് സമ്മതിച്ചേ പറ്റുള്ളു, മറ്റുള്ളവരെപ്പോലെയല്ല തുറന്ന് കാര്യങ്ങള്‍ പറയുന്നൊരാളാണ് പൃഥ്വി(വനിതയിലെ ഇന്റര്‍വ്യൂ മാത്രം പക്ഷേ തിരിഞ്ഞ് പോയി)

ചെലക്കാണ്ട് പോടാ said...

മോഹന്‍ലാലൊക്കെ കഥാപാത്രങ്ങളില്‍ നിന്ന് താരമാകാന്‍ കാലം കുറേയെടുത്ത് പക്ഷേ പൃഥ്വി ആദ്യമെ താരം കളിക്കുകയാണോ എന്നതാണ് സംശയം

Anonymous said...

സുകുമാരനും കോമഡി അത്ര പോര കുറുക്കന്റെ കല്യാണം മാത്രമാണ് സുകുമാരന്‍ കോമഡി ചെയ്തത് പ്രിദ്വി രാജിന് ചേരുന്നത് റിബല്‍ ടൈപ് വേഷം ആണ് അടിയോഴുക്കുകളിലെ കരുണന്‍ പോലെ ഒക്കെ ഉള്ളവ അതിപ്പോള്‍ എഴുതാന്‍ ആരും ഇല്ല സെറ്റില്‍ പുള്ളി ആവശ്യത്തിനും അനാവശ്യ ത്തിനും തലയിടുന്നു ക്യാമര എവിടെ വെക്കണം അങ്ങിനെ ചുമ്മാ ഒരു ജാഡ യ്ക്ക് ജാഡ യാണ് പുള്ളിയുടെ മുഖമുദ്ര പേരും തച്ചന്‍ സിനിമയില്‍ തച്ചന്‍ പറയുന്നപോലെ മുഖം അങ്ങിനെയാണ് സൃഷ്ടിച്ചത് സാക്ഷാല്‍ പെരും തച്ചന്‍ സ്ഥായീ ഭാവം ജാഡ തന്നെ ആള്‍ക്കാരെ വെറുപ്പിക്കാതെ സൈലന്റ് ആയി മമൂടിയെയും മോഹന്‍ ലാലിനെയും ഔട്ട്‌ ആക്കാന്‍ ശ്രമിക്കുന്നതിനു പകരം ചാനലില്‍ ഇരുന്നു അവര്‍ ഇങ്ങിനെ അഭിനയിക്കണം ഈ കഥാപാത്രം എടുക്കണം എന്നൊക്കെ അടിച്ചു വിട്ടാല്‍ ജനവും വെറുക്കും സീനിയര്‍ താരങ്ങളും വെറുക്കും പണിയും കിട്ടും

joseph Clerison said...

yesterday i watched the movie at Sreepadbhanama..though we reached 9.30 pm it was half empty..the story is crap and Prithvi failed in first comedy role..Suraj comedy was superb and Salim Kumar's Mahabharath story was good one

ഗണേഷ് പള്ളിയിൽ said...

മഹാബലി എത്ര ഭാഗ്യവാൻ... വാമനൻ ചവിട്ടി താഴ്ത്തിയതല്ലേ ഉള്ളൂ... നല്ലൊരു ഓണമായിട്ടു നമ്മളീ പ്രജകളെ ഇവരിങ്ങനെ കഴുത്തറുത്ത് കൊല്ലുകയല്ലെ.!!! കലികാല വൈഭവം.. അല്ലാതെന്തു പറയാൻ !

Anonymous said...

POST TAGGED WITH: "TEJA BHAI AND FAMILY COLLECTION REPORT"
“Theja Bhai and Family” 2.6 crores in 10 days.

SEPTEMBER 12, 2011 10:55 AM NEWS 0 COMMENTS
After two weeks, Theja Bhai and Family collected 2.6 crores in 10 days with 1.6 share. The film was released on August 30 in 89 theaters. Now the film is running in 75 theaters. The film is directed by Deepu Karunakaran (Crazy Gopalan fame) and produced by P K Muralidharan and Shantha Murali