മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, August 13, 2011

കഥയിലെ നായിക - റിവ്യൂ


മലയാള സിനിമ ഇപ്പോള്‍ സാറ്റലൈറ്റ് റേറ്റുകളുടെ അടിസ്ത്ഹാനത്തിലാന്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ഒരുക്കപ്പെടുന്നത് ചാനലുകാര്‍ വച്ചു നീട്ടുന്ന ഈ സാറ്റലൈറ്റ് റേറ്റിന്റെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ഡിമാന്റും പോപ്പുലാരിറ്റിയും ഉള്ള നായകന്മാരും എഴുത്തുകാരും സംവിധായകരും പുതിയ പുതിയ ചിത്രങ്ങള്‍ ദോശ ചുടുന്ന പോലെ ചുട്ടെടുക്കുന്നു. അതിന്റെ നിലവാരമോ ഗുണമോ മണമോ അവര്‍ക്ക് പ്രശ്നമല്ല കാരണം ഈ സിനിമകള്‍ പ്രേക്ഷകരെന്ന വിഭാഗത്തിനു വേണ്ടിയല്ല മറിച്ച് മേശപ്പുറത്ത് വില്പന നടക്കുന്ന സിനിമാ ബിസിനസ്സിനു വേണ്ടിയുള്ളതാണ് ചാനല്‍ വിലപേശലിനുവേണ്ടിയുള്ളതാണ്‍.

ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചോക്ലേറ്റ് ബോയിക്കു വരെയുണ്ട് മിനിമം സാറ്റലൈറ്റ് റേറ്റ്. സാധാരണ നായികമാരൊന്നും ഇതിന്റെ ഏറ്റിറക്കങ്ങളില്‍ വരാറില്ല പലപ്പോഴും. പക്ഷെ മലയാളത്തില്‍ മിനിമം സാറ്റലൈറ്റ് റേറ്റുള്ള ഒരേയൊരു നടിയേയുള്ളു - ഉര്‍വ്വശി -

ഉര്‍വ്വശിക്ക് നായികാപ്രാധാന്യമുള്ള സിനിമയാണെങ്കില്‍ അധികം താരപ്രഭയില്ലാത്ത നടന്റെ ചിത്രത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ചാനല്‍ റേറ്റ് ഉര്‍വ്വശി ചിത്രത്തിനു ഇന്നു ലഭിക്കുന്നുണ്ടെന്നാണ് പിന്‍ ശ്രുതി. ഉര്‍വ്വശിയുടേ തിരിച്ചുവരവിനു കാരണമായ അച്ചുവിന്റെ അമ്മയുടെ വന്‍ ജനപ്രീതിതന്നെയായിരുന്നു കാരണം. ശേഷം, മമ്മി & മി, സകുടുംബം ശ്യാമള എന്നിവക്കൊക്കെ തരക്കേടില്ലാത്ത സാറ്റലൈറ്റ് റേറ്റ് മാത്രമല്ല, ഭേദപ്പെട്ട ജനപ്രീതിയും ഉര്‍വ്വശി എന്നൊരു ഘടകം കൊണ്ടുണ്ടായിട്ടുണ്ട്. ആ ശ്രേണിയില്‍ വാര്‍ത്ത പുതിയ നായികാ ചിത്രമാണ് വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നോബി - ശ്യാം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ദിലീപ് സംവിധാനം ചെയ്ത ‘കഥയിലെ നായിക’

ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, വെറുതെ ഒരു ഭാര്യ മുതല്‍ മലയാളി കണ്ടിട്ടുള്ള ഏതാണ്ടെല്ലാ (വീട്ടമ്മ)നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടേയും മറ്റു ഉര്‍വ്വശി ചിത്രങ്ങളുടേയും പൊട്ടും പൊടിയുമെടുത്ത് തട്ടിക്കൂട്ടിയൊരുക്കിയ ‘സിനിമ’യാണ് ‘കഥയിലെ നായിക‘യും. മേമ്പോടിക്ക് സുരാജ് വെഞ്ഞാറമൂടും ക്വൊട്ടേഷന്‍ ടീമും. വിലകുറഞ്ഞതെങ്കിലും കുറച്ച് തമാശകളും ഉര്‍വ്വശിയുടെ പെര്‍ഫോമന്‍സുമായി ആദ്യപകുതി ഒരുകണക്കിനു ഭേദമായി ഒപ്പിച്ചെടുത്തെങ്കില്‍ രണ്ടാം പകുതിമുതല്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ തിരക്കഥാകൃത്തും സംവിധായകനും ആ‍ശയക്കുഴപ്പത്തിലേക്ക് വീണു. അസഹ്യമാക്കിയ ക്ലൈമാക്സോടെ ചിത്രത്തെ ഒരുവിധത്തില്‍ ബോറഡിപ്പിച്ചു തീര്‍ത്തു.

പ്ലോട്ട് : സാമ്പത്തിക പരാധീനതകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് ഒരു വലിയ കുടുംബത്തെ നയിക്കുന്നതും സമൂഹത്തിലെ മറ്റും പലര്‍ക്കും സഹായം ചെയ്യുന്നതുമായ വിധവയായ ഒരു ഇടത്തരക്കാരി വീട്ടമ്മയുടെ ജീവിത ചിത്രം

കഥാസാരം വായിക്കുവാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.



വിലകയറ്റത്തിലും സ്വര്‍ണ്ണവിലയിലും ആശങ്കപ്പെടുന്ന സാധാരണ വീട്ടമ്മ 50 പൈസയുടെ കണക്ക് പറഞ്ഞ് പിശുക്കു കാണിക്കുന്നതും വലിയ സങ്കടക്കടല്‍ ഉള്ളിലൊതുക്കി പൊട്ടിക്കരയാന്‍ പോലും നിസ്സഹായായി സഹജീവികള്‍ക്ക് കൈത്താങ്ങായി നിസ്വാര്‍ത്ഥസേവനം നടത്തുന്നതുമൊക്കെ പല പ്രേക്ഷകനും ബോറഡിക്കുമെങ്കിലും ഇപ്പോഴും ചില മലയാളികള്‍ക്ക് (പ്രത്യേകിച്ചും ‘വെറുതെ ഒരു ഭാര്യ’ സൂപ്പര്‍ഹിറ്റാക്കിയ കുടുംബ -സ്ത്രീ - പ്രേക്ഷകര്‍ക്ക്) പ്രിയങ്കരമായ വിഷയം തന്നെയാണ്. പക്ഷെ, അതിനെ ജനപ്രിയതയുടെ രസതന്ത്രം അറിയാത്ത തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകന്റെ രണ്ടു മണിക്കൂറിനു ഒരു വിലയും കൊടുക്കാതെ പാഴാക്കിക്കളഞ്ഞു.

മലയാളത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച വേഷമാണ് ഉര്‍വ്വശിയുടേതെങ്കിലും പാകപ്പിഴകളില്ലാതെയും പ്രേക്ഷകനു രസം പകര്‍ന്നും ഉര്‍വ്വശി കഥയിലെ നായികയായി ഉയര്‍ന്നു നിന്നു. മലയാള സിനിമയിലെ രണ്ടാം വരവില്‍ ഉര്‍വ്വശിയില്‍ പ്രകടമായ അമിതാഭിനയം അത്രകണ്ടൊന്നും (സകുടുംബം ശ്യാമളയിലെപ്പോലെയല്ല) ഇതില്‍ പുറത്തു വന്നില്ല. സിനിമയുടെ കോമഡിക്കു വേണ്ടിയാവണം സുരാജ് വെഞ്ഞാറമൂടിനേയും മിമിക്രി താരം സുബി സുരേഷിനേയും ഉര്‍വ്വശിയുടേ അയല്പക്ക കുടുംബമായി അവതരിപ്പിച്ചിട്ടുണ്ട്. ‘സിനിമാലയിലെ പതിവു ദൃശ്യപ്രകടനം പോലെ‘ സുരാജും സുബിയും അത് അവതരിപ്പിക്കുന്നുമുണ്ട്. സുരാജിന്റെ സമീമകാല സിനിമകളില്‍ നിന്നുള്ള പ്രകടനം കണ്ടാവും സുരാജിനു ഇതിലൊരു സെന്റിമെന്റല്‍ സീനും കൊടുത്തിട്ടുണ്ട്. അത്രക്ക് ഭാരമൊന്നും തന്റെ തോളില്‍ ചുമക്കാറായിട്ടില്ല എന്നു സുരാജ് തെളിയിച്ചിട്ടുമുണ്ട്. ഉര്‍വ്വശിയുടേ അനുജന്‍ ശിവ - സിനിമയിലെ നായകന്‍ എന്നും പറയാം - എന്ന ചാനല്‍ അവതാരകനായി കലാഭവന്‍ പ്രജോദ് ചാനലിലെ സ്ഥിരം അവതാരക വേഷം തന്നെ കെട്ടിയാടുന്നു. ഓരോ സീനിലും ഏറ്റവും പുതിയ മോഡലിലുള്ള ബഹുവര്‍ണ്ണ കുപ്പായമണിയുന്ന പ്രജോദിന്റെ ശിവക്ക് അഭിനയത്തിന്റെ കൊടുമുടി കയറാനുള്ള വേഷമൊന്നുമല്ലെങ്കിലും കോമാളിത്തത്തിലേക്ക് വഴുതിപ്പോകാതെ പിടിച്ചുനില്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രജോദിന്റെ ആദ്യചിത്രമായ ‘കാതര’എന്ന ഷക്കീല ചിത്രത്തിനു ശേഷം ഒരു നായക വേഷം ലഭിച്ചത് ഇതാദ്യമാണെന്നു തോന്നുന്നു. കെ സി എപി ലളിതയും സുകുമാരിയും സായ് കുമാറുമൊക്കെ പതിവു വേഷങ്ങളില്‍ തന്നെ. ഉര്‍വ്വശിയുടേ മക്കളായി രണ്ടു പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ട്, ബിന്ദുപ്പണിക്കരുടേയും കവിയൂര്‍പൊന്നമ്മയുടേയുമൊക്കെ വായില്‍ തിരുകേണ്ട ഡയലോഗുകള്‍ കുട്ടീകളുടേ വായില്‍ തിരുകി വേഷം കെട്ടിക്കുന്ന പതിവു കോലം കെട്ട കാഴ്ച തന്നെ ഇതിലും.

കഥ തിരക്കഥ സംഭാഷണമെഴുതിയ സിനോജ് നെടുമംഗലത്തിനു ജനപ്രിയ സിനിമയുടെ തിരക്കഥാരീതിയിലെ ഗതിവിഗതികളും പിരിമുറുക്കങ്ങളും നാടകീയതയുമൊക്കെ തിരിച്ചറിയാന്‍ ഇനിയും ഒരുപാട് തിരക്കഥകള്‍ എഴുതേണ്ടിവരും. തിരക്കഥ മാത്രമല്ല ആവര്‍ത്തന വിരസമല്ലാത്തതും അര്‍ത്ഥം മാറാത്താതുമായ വാക്കുകളുപയോഗിച്ച് സംഭാഷണമെഴുതാനും സമയമിനിയുമെടുക്കും. (ഒരു ഉദാ : തന്റെ കൂട്ടുകാരിയുടേ കൊലപാതകം നേരില്‍ കണ്ട ഒരു സ്ത്രീ കഥാപാത്രം കൊലപാതകികളെ കണ്ടുപിടിക്കാന്‍ വേണ്ടി നായകനോട് സഹായമഭ്യര്‍ത്ഥിക്കുന്നു, നായകനു അവളോട് പ്രണയം മാത്രം. പ്രേമം വലിയൊരു പ്രശ്നത്തിലേക്ക് വരുമ്പോള്‍ നായിക നായകനോട് മനസ്സു തുറന്നു പറയുന്നു : “ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയേയും കുടുംബത്തേയും കൊന്നു കളഞ്ഞ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എന്റെ ഒരു മോഹം... ഒരു മോഹത്തിനു വേണ്ടിയാണ് ഞാന്‍ ശിവയുടെ സഹായം അഭ്യര്‍ത്ഥിച്ചത്എന്ന്!!!!. നൃത്തക്കാരിയാവാന്‍ മോഹം, ഗായികയാവാന്‍ മോഹം, സിനിമാ നടിയാവാന്‍ മോഹം എന്നൊക്കെ ഒരുപാട്മോഹങ്ങള്‍ കേട്ടിട്ടുണ്ട്. കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ളമോഹംജീവിതത്തിലും സിനിമയിലും ആദ്യമായിട്ടു കേള്‍ക്കുകയാണ്‍)

‘തന്ത്ര’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിലെ അവസാന റൌണ്ട് വരെ എത്തിയ ക്യാമറമാന്‍ സാദത്ത് എസ് ആണ് ഈ സിനിമയുടേ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. നഗരം, കയം തുടങ്ങി കുറച്ച് നല്ല ചിത്രങ്ങള്‍ ഈ ഛായാഗ്രാഹകന്റെ ക്രെഡിറ്റിലുണ്ട്. പക്ഷെ, കഥയിലെ നായികയുടേ ഛായാഗ്രഹണം ഒരിക്കലും സാദത്തിന്റെ പ്രൊഫൈലില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഒരു വര്‍ക്കല്ലാതായിപ്പോയി. ഗാന ചിത്രീകരണത്തില്‍ ചില സുന്ദര ഫ്രെയിമുകള്‍ ഒരുക്കുന്നുണ്ടെങ്കിലും സിനിമയുടെ മൊത്തം ആവിഷ്കരണത്തില്‍ ക്യാമറ ഒരു പങ്കും വഹിക്കുന്നതായി തോന്നിയില്ല. ശങ്കര്‍ മഹാദേവന്‍ മുതല്‍ ഐഡിയ സ്റ്റാര്‍ സിങ്ങള്‍ താരം ദുര്‍ഗ്ഗാ വിശ്വനാഥ് വരെ ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍ പാടീയ ‘എന്‍ കണ്ണേ..’ എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുണ്ട്. ( ഗാന ചിത്രീകരണത്തിലൊരിടത്ത് - ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ പുറകില്‍ - പാട്ട് സീനിനു സെറ്റൊരുക്കുന്ന ആളുകളെ കാണാം ) ;) ഇത്തരത്തിലൊരു ചിത്രത്തിന്റെ നിലവാരത്തിനു ചേരുന്ന കലാസംവിധാനവും എഡിറ്റിങ്ങും മാത്രമേ യഥാക്രമം സജിത്ത് മുണ്ടനാടും പി ടി ശ്രീജിത്തും ചെയ്തിട്ടുള്ളു.

സിനിമയുടെ പോരായ്മകള്‍ പറയണമെങ്കില്‍ ടൈറ്റില്‍സ് മുതല്‍ പറയേണ്ടിവരും. വിസ്താരഭയം കാരണം അതിനു മുതിരുന്നില്ല.

കണ്ടു മടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും വിരസമായ ദൃശ്യങ്ങളാലും തിരുകികയറ്റിയ ഗാനങ്ങളാലും എവിടേയും പുതുമയുടെ ലാഞ്ചന ഏഴയല്‍പ്പക്കത്തിനപ്പുറം പോലും കാണാനില്ലാതെ ഇടക്കൊക്കെ പ്രേക്ഷകന്റെ സമാന്യ ബുദ്ധിയെ കൊഞ്ഞനം കാണിക്കുമ്പോള്‍ കണക്കുകള്‍ നിരത്തിയും സാറ്റലൈറ്റ് റേറ്റിന്റെ അഡ്വാന്‍സ് ചെക്കു കാണിച്ചും ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രേക്ഷകനു നേരെ നോക്കി പല്ലിളിക്കുന്നുവെങ്കില്‍ ഒന്നോര്‍ക്കണം, ട്രാഫിക്കും, സോള്‍ട്ട് & പെപ്പറും, ചാപ്പാകുരിശുമൊക്കെ പ്രമേയ - ആഖ്യാന പുതുമകൊണ്ട് ആസ്വാദനത്തിന്റെ വ്യത്യസ്ഥതലം കാണിച്ചു തരികയും അവയെ ഏറ്റെടുക്കുകയും ചെയ്ത വലിയ ജനസഞ്ചയത്തോടാണീ നിങ്ങളീ ചതി ചെയ്യുന്നതെന്ന്. നാളെ നിങ്ങളുടെ പേരുകള്‍ വഴിയോരങ്ങളിലെ പോസ്റ്ററില്‍ കാണുമ്പോള്‍ പോലും ചാണകവെള്ളം കലക്കിയൊഴിക്കാന്‍ പുതു പ്രേക്ഷകന്‍ മടികാണിക്കില്ലെന്ന്.


വാല്‍ക്കഷ്ണം : ഇപ്പോഴും മലയാളത്തില്‍ മാത്രമെന്തേ ഇമ്മാതിരി ചിത്രങ്ങള്‍ എന്നായിരുന്നു സിനിമയുടെ തുടക്കം മുതലേ വീടെത്തുന്നവരെ ആലോചിച്ചത്. പിന്നീടാണ്, പകുതിയോളം മാത്രം നിറഞ്ഞ ഒരുമിനി തിയ്യറ്ററില്‍അവിടവിടെ നിന്നും കേട്ട ചില സ്ത്രീകളുടേയും കുട്ടികളുടേയും ചിരികള്‍ മനസ്സിലേക്കോര്‍മ്മ വന്നത്. ദുര്‍ഗ്ഗന്ധം പേറുന്ന ഇത്തരം സിനിമകളെ പുറം കാലു കൊണ്ട് തൊഴിക്കാന്‍ പ്രേക്ഷകന്‍ എന്ന് തയ്യാറാവുന്നോ അന്നേ ഇത്തരം ആവര്‍ത്തന വിരസമായ സിനിമകള്‍ ഇറങ്ങാതിരിക്കൂ.

8 comments:

NANZ said...

ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചോക്ലേറ്റ് ബോയിക്കു വരെയുണ്ട് മിനിമം സാറ്റലൈറ്റ് റേറ്റ്. സാധാരണ നായികമാരൊന്നും ഇതിന്റെ ഏറ്റിറക്കങ്ങളില്‍ വരാറില്ല പലപ്പോഴും. പക്ഷെ മലയാളത്തില്‍ മിനിമം സാറ്റലൈറ്റ് റേറ്റുള്ള ഒരേയൊരു നടിയേയുള്ളു - ഉര്‍വ്വശി.

ഉര്‍വ്വശി നായികയായ ഏറ്റവും പുതിയ ചിത്രം ‘കഥയിലെ നായിക’യുടെ വിശേഷങ്ങളും വിവരങ്ങളുമായി വീണ്ടും

അഭിപ്രായം അറിയിക്കുമല്ലോ

പാക്കരൻ said...

ദുര്‍ഗ്ഗന്ധം പേറുന്ന ഇത്തരം സിനിമകളെ പുറം കാലു കൊണ്ട് തൊഴിക്കാന്‍ പ്രേക്ഷകന്‍ എന്ന് തയ്യാറാവുന്നോ അന്നേ ഇത്തരം ആവര്‍ത്തന വിരസമായ സിനിമകള്‍ ഇറങ്ങാതിരിക്കൂ.

സത്യം ...

Anonymous said...

good. nice review. kure perkk enkilum kashu pokathe rakshapedan pattum.

Kiranz..!! said...

ഇത്തരം സിനിമകൾ ഈയിടെ തുടർച്ചയായി ഇറങ്ങാനുള്ള കാരണങ്ങൾ ഞാനും ചിന്തിച്ചിട്ടുണ്ട്.. വളരെ വ്യക്തമായി തുടക്കത്തിലും വാൽക്കഷ്ണത്തിലുമൊക്കെ നാൻസ് അത് മനോഹരമായി പറഞ്ഞിട്ടുണ്ട്..ഒരു സമൂഹം ജനങ്ങൾ ഇപ്പോഴും ഇത്തരം സിനിമകൾ ആസ്വദിക്കുന്നവരാണ്..രണ്ട്..സാറ്റലൈറ്റ് റൈറ്റും മറ്റും..വ്യവസായം കൂടിയാണല്ലോ ഇത്..

ചെലക്കാണ്ട് പോടാ said...

പ്രജോദിന്റെ ഫസ്റ്റ് പടം കാതരയായിരുന്നോ....
ജികെ അപ്ഡേറ്റ് ചെയ്യട്ടേ.... :D

NANZ said...

@ ചെലക്കാണ്ട് പോടാ
‘കാതര’യാണ് പ്രജോദിന്റെ ആദ്യ നായക ചിത്രം. (ആ ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ട് കലാഭവനില്‍ നിന്നും പുറത്താക്കി എന്നു പറഞ്ഞു കേട്ടിട്ടൂണ്ട്. നേരാണോ എന്നറിയില്ല)
മറ്റൊരു മിമിക്രി താരം ‘ജയചന്ദ്രന്‍ കുട്ടിക്കലി’ (ചാനല്‍ അവതാരകന്‍) ന്റെ ആദ്യ ചിത്രം ‘ചിരിക്കുടൂക്ക’ എന്നാണ് അറിയപ്പെടുന്നത് (ജയചന്ദ്രനും ജഗദീഷും പ്രധാന വേഷങ്ങളില്‍) പക്ഷേ, ജയചന്ദ്രന്‍ നായകനായ ആദ്യ ചിത്രം രാസലീല എന്ന ഷക്കീല ചിത്രമായിരുന്നു. സംവിധായകന്‍ കെ. ആര്‍. ജോഷി.

പാച്ചു said...

ഈ അലമ്പ് സിനിമ ഓടിക്കാൻ ആയിട്ടാണു മൂന്നു ദിവസം കൊടുക്കാൻ പോലും മെനക്കെടുത്താതെ സിറ്റി ഓഫ് ഗോഡ് എന്ന പടം മാറ്റിക്കളഞ്ഞത് കൊട്ടകക്കാർ. ഒരു വീക്കെൻഡ് പോലും കൊടുത്തില്ല സിറ്റി ഓഫ് ഗോഡ് എന്ന പടത്തിനു ചേർത്തലയിലെ സിനിമാ തീയറ്ററുകാർ. :(

ഇഡീയറ്റ്സ് :(

Kiranz..!! said...

കഷ്ടം പാച്ചു.എന്തെങ്കിലും പരീക്ഷണവുമായിങ്ങുന്ന ചെറുപ്പക്കാരെ ഈ തീയറ്റർ കൊഞ്ജാണന്മാർ തന്നെ വാരി ജനപ്രിയ കൊട്ടക്കകത്ത് ഇടും.ജന്മം ചെയ്താൽ അവൻ വ്യത്യസ്തത ചെയ്യുകയില്ല.